‘നിർമിത ബുദ്ധി’ വികസനത്തിന് ദേശീയ സെന്റര്‍; ഇന്ത്യ മൂന്നാം സ്ഥാനത്ത്
Mail This Article
രാജ്യാന്തര തലത്തിൽ ഇന്നു ഏറ്റവും കൂടുതൽ കേൾക്കുന്ന വിഷയമാണ് നിർമിതി ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്). ചൈനയും അമേരിക്കയും ‘നിർമിത ബുദ്ധി’ മേഖലയിൽ വൻ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. നാളത്തെ ലോകം നിയന്ത്രിക്കുന്നത് ‘നിർമിത ബുദ്ധി’ ആയിരിക്കുമെന്ന് മുൻകൂട്ടി കണ്ട് കേന്ദ്ര ബജറ്റിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉൾപ്പെടുത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിന് വേണ്ടി ദേശീയ സെന്റര്‍ തന്നെ തുടങ്ങാനാണ് പദ്ധതി.
ദേശീയ പ്രോഗ്രാമായാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും അനുബന്ധ സാങ്കേതിക സംവിധാനങ്ങളുടെയും നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടാണ് എഐ പദ്ധതി. ഒരു ഹബ്ബിനു കീഴിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസന പ്രവർത്തനങ്ങൾ നടക്കുക.
എഐ പദ്ധതി ഉപയോഗപ്പെടുത്തേണ്ട ഒൻപത് മുൻഗണനാ മേഖലകൾ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലയിൽ എഐ പരീക്ഷണങ്ങൾ നടക്കും. 2035 ൽ എഐ മേഖലയിൽ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നത് 95,700 കോടി ഡോളറാണ്. എഐ പദ്ധതി നടപ്പിലാക്കാനുള്ള ബജറ്റ് പ്രഖ്യാപനം രാജ്യത്തിനു ഏറെ ഉപകാരപ്പെടുമെന്ന് നാസ്കോം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷത്തെ ലിങ്ക്ഡ് ഇൻ റിപ്പോർട്ട് പ്രകാരം എഐ രംഗത്ത് ഇന്ത്യ മൂന്നാം സ്ഥാനത്താണ്. യുഎസ്എ, ചൈന എന്നിവരാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇസ്രയേൽ, ജർമ്മനി, ജപ്പാൻ, റഷ്യ എന്നിവരെല്ലാം ഇന്ത്യയ്ക്ക് പിന്നിലാണ്. 2017 ലെ കണക്കുകൾ പ്രകാരം ലോകത്തെ മൊത്തം എഐ വിപണി 16.06 ബില്ല്യൻ ഡോളറാണ്. 2025ൽ ഇത് 190.61 ബില്ല്യനായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.