ലോകത്തിനു മുന്നിൽ അദ്ഭുതമായി ഖത്തർ 5ജി; സെക്കൻഡിൽ 10 ജിബി ഡൗൺലോഡ് വേഗം
Mail This Article
ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യ ഉപയോക്താക്കൾക്കു ലഭ്യമാക്കി ചരിത്രം സൃഷ്ടിച്ച രാജ്യമാണ് ഖത്തർ. ലോകം കാത്തുകാത്തിരിക്കുന്ന സാങ്കേതികവിദ്യ വ്യാപിക്കാൻ അധികകാലം വേണ്ടെന്ന സൂചന നൽകുമ്പോൾ തന്നെ ഖത്തറിലെ 5ജി നെറ്റ്‌വർക്കുകൾ ഏറെ മുന്നിലെത്തി കഴിഞ്ഞു.
5ജി സാങ്കേതിക വിദ്യയിൽ മുൻപന്തിയിൽ നിൽക്കുന്ന 5 രാജ്യങ്ങളിൽ ഖത്തറും മുന്നിലുണ്ട്. സാങ്കേതിക, കണ്ടുപിടുത്ത (ടെക്‌നോളജി, ഇന്നവേഷൻ) മേഖലകളിലെ പ്രമുഖ കൺസൽട്ടിങ് സ്‌ഥാപനമായ ആർതർ ഡി ലിറ്റിലി (എഡിഎൽ)ന്റെ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. സ്‌പെയിനിലെ ബാർസിലോനയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ഇക്കാര്യം പുറത്തു വന്നത്. രാജ്യാന്തര മൊബൈൽ ഇന്റർനെറ്റ് സേവന ദാതാക്കളായ ഉറീഡുവിന്റെ സഹകരണത്തോടെയാണ് എഡിഎൽ റിപ്പോർട്ട് തയാറാക്കിയത്.
5ജി സംബന്ധിച്ച പ്രാഥമിക ഗവേഷണങ്ങളിൽ ഖത്തർ ഏറെ മുൻപിലായിരുന്നു. സെക്കൻഡിൽ 10 ജിബി ഡൗൺലോഡ്-അപ്‌ലോഡ് എന്ന 5ജി വേഗം രാജ്യാന്തര തലത്തിൽ പരീക്ഷണാടിസ്‌ഥാനത്തിൽ ആദ്യമായി കൈവരിക്കാനായത് ഖത്തർ പൊതുമേഖലാ മൊബൈൽ സേവന ദാതാക്കളായ ഉറീഡുവിനാണ്. 5ജി സാങ്കേതിക വിദ്യയിൽ ഏരിയൽ ടാക്‌സി പരീക്ഷണം വിജയകരമായി നടത്തിയ ഉറീഡു 5 ജി സിമ്മുകൾ വാണിജ്യാടിസ്‌ഥാനത്തിൽ നൽകുന്നതിനുള്ള ശ്രമങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്. ഇവയെല്ലാമാണ് ആദ്യ 5 രാജ്യങ്ങളിൽ സ്‌ഥാനം പിടിക്കാൻ ഖത്തറിനെ സഹായിച്ചതെന്ന് റിപ്പോർട്ട് വ്യക്‌തമാക്കുന്നു.
ഇന്റർനെറ്റ്, മൊബൈൽ സാങ്കേതിക വിദ്യയിൽ മുന്നിൽ നിൽക്കുന്ന 40 രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് എഡിഎൽ 5ജി മികവ് സൂചിക തയാറാക്കിയത്. കഴിഞ്ഞ വർഷം മേയിൽ തന്നെ ഖത്തർ 5 ജിയുടെ വാണിജ്യ സാധ്യത ഉപയോഗപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. 5ജി സാർവത്രികമാക്കാൻ ലോ പവർ ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (ലാൻ) വേണം. നൂറിലേറെ മൊബൈൽ സൈറ്റുകൾ ലാനിലേക്ക് ഖത്തർ അപ്‌ഗ്രേഡ് ചെയ്‌തു കഴിഞ്ഞതായും റിപ്പോർട്ട് വ്യക്‌തമാക്കുന്നു.
രാജ്യത്തെല്ലായിടത്തും 5ജി സ്‌പെക്‌ട്രം ലഭ്യമാക്കുന്നലും 5ജിയിലേക്ക് സമ്പൂർണമായി മാറുന്നതിനും ആവശ്യമായ കാര്യങ്ങളെല്ലാം പൂർത്തിയാക്കിക്കഴിഞ്ഞതായി ഉറീഡൂ ഖത്തർ സിഇഒ വലീദ് അൽ സയീദ് പറഞ്ഞു. 2018 അവസാനത്തോടെ ഖത്തറിലെ 25% സ്‌ഥാപനങ്ങളെ 5ജിയുടെ പരിധിയിലാക്കാനായി. ഈ വർഷം അവസാനത്തോടെ 50% സ്‌ഥാപനങ്ങളെയും പകുതി ജനങ്ങളെയും 5ജി പരിധിയിലാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിന്റെ സവിശേഷ ഭൂപ്രകൃതിയും കോർപറേറ്റ് സ്‌ഥാപനങ്ങളുടെ ബാഹുല്യവും 5 ജി സാങ്കേതികതയുടെ വാണിജ്യവൽക്കരണം എളുപ്പമാക്കുമെന്ന് എഡിഎൽ മാനേജിങ് പാർട്‌ണർ കരീം താഗ പറഞ്ഞു. എല്ലാത്തരം ഉപഭോക്‌താക്കൾക്കും പറ്റിയ പുതുതലമുറ ഡിജിറ്റൽ സാങ്കേതികതയാണ് 5 ജി എന്നും അദ്ദേഹം വിശദീകരിച്ചു.
ഖത്തറിലെ 5ജി സേവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ 2016 മുതൽ ആരംഭിച്ചതാണ്. 5ജി സാങ്കേതികവിദ്യ സ്ഥാപിക്കാനും, പരിശോധനകൾ നടത്താനുമായി വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. ഖത്തർ ദേശീയ വീക്ഷണം 2030നെ അടിസ്ഥാനമാക്കിയുള്ള സ്മാർട് ആപ്ലിക്കേഷനുകൾ ലഭ്യമാക്കുന്നതിൽ 5ജി സൂപ്പർനെറ്റ് വലിയ പങ്കുവഹിക്കും.
സ്മാർട്ട് റോഡുകൾ, ഡ്രൈവറില്ലാത്ത കാറുകൾ, വിർച്വൽ– ഓഗ്‌മെന്റഡ് റിയാലിറ്റി, ഡ്രോണുകളുടെ സേവനം തുടങ്ങി ഒട്ടേറെ നൂതന ആശയങ്ങൾ നടപ്പാക്കാൻ ഇതു സഹായിക്കും. 3.5 ജിഗാഹെട്സ് സ്പെക്ട്രം ഉപയോഗിച്ചാണ് ഉറീഡൂ 5ജി സേവനം ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്. 2016ലെ ഖത്തർ ദേശീയ ദിനത്തിലാണ് ഉറീഡൂ 5ജി പരീക്ഷണം ആരംഭിച്ചത്. 2017 മേയ് മാസത്തിൽ 5ജി സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ 10 ബേസ് സ്റ്റേഷനുകൾ ഉറീഡൂ പൂർത്തിയാക്കിയിരുന്നു.
നവംബറിൽ ഖത്തർ എയർവേയ്സുമായി സഹകരിച്ചു 5ജി ബിസിനസ് സേവനങ്ങൾ നൽകാൻ ആരംഭിക്കുകയും ചെയ്തു. 5ജി സൂപ്പർനെറ്റ് ലഭ്യമാകാൻ 5ജി സാങ്കേതികവിദ്യ അധിഷ്ഠിതമായ ഹാൻഡ്സെറ്റുകൾ ആവശ്യമാണ്. ഇത് ഉറീഡൂ ഖത്തറിലെ ഉപഭോക്താക്കൾക്കു ലഭ്യമാക്കും. ഇത് ഒരു തുടക്കം മാത്രമാണെന്നും ഏറെ വൈകാതെ ഖത്തറിലെ കൂടുതൽ മേഖലകളിലേക്കു 5ജി സേവനം വ്യാപിപ്പിക്കുമെന്നാണ് ഉറീഡൂ റിപ്പോർട്ടിൽ പറയുന്നത്.
5 ജി: 10 സവിശേഷതകൾ
∙ 4ജിയേക്കാൾ 10 മുതൽ 100 മടങ്ങുവരെ മികവ്.
∙ 10 ജിബി ഡൗൺലോഡ്, അപ്‌ലോഡ് വേഗം.
∙ 100 ശതമാനം കവറേജ്.
∙ യൂണിറ്റ് ഏരിയയിൽ 1000 മടങ് ബാൻഡ്‌വിഡ്‌ത്.
∙ ഓരോ യൂണിറ്റ് ഏരിയയിലും മൊബൈൽ-വാച്ച്, മോഡം, വാഹനങ്ങൾ തുടങ്ങിയവയിൽ 100 ഇരട്ടി കണക്‌ഷൻ.
∙ നെറ്റ്‌വർക്ക് പ്രവർത്തന്തിന് കുറഞ്ഞ അളവിൽ വൈദ്യുതി മതി.
∙ മൊബൈലുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ബാറ്ററി ശേഷി 10 വർഷം വർധിക്കും.
∙ തടസ്സങ്ങൾ തിരിച്ചറിഞ്ഞു സ്വയം പ്രവർത്തിക്കാൻ വേണ്ട സമയം ഗണ്യമായി കുറയുന്നതിനാൽ സ്വയം നിയന്ത്രിത കാറുകൾ, ഏരിയൽ ടാക്‌സികൾ എന്നിവയുടെ പ്രവർത്തനം കൂടുതൽ മികവുറ്റതാകും.
∙ 5 ജി താഴ്‌ന്ന സ്‌ഥലങ്ങളിലും കെട്ടിടങ്ങളുടെ താഴത്തെ നിലകളിലും വ്യക്‌തമായി കിട്ടുന്നു.
∙ സ്‌മാർട് വെഹിക്കിൾ ട്രാൻസ്‌പോർട്ട് കമ്യൂണിക്കേഷൻ സേവനങ്ങളും ടിവി, എഫ്‌എം റേഡിയോ തുടങ്ങിയ മീഡിയ സേവനങ്ങളും സാർവത്രികമാക്കുന്നു.