1000 പെൺകുട്ടികളെ പീഡിപ്പിച്ച് പകർത്തിയത് 2,900 വിഡിയോ, 47,000 ചിത്രങ്ങൾ; ഇത് ഡാർക്ക് വെബ് ലോകം
Mail This Article
ഗൂഗിൾ, ഫെയ്‌സ്ബുക്ക്, ഏതാനും വാർത്തകൾ, ഷോപ്പിങ് വെബ്‌സൈറ്റുകൾ ഇത്രയുമായാൽ സാധാരണക്കാരന് ഇന്റർനെറ്റായി. എന്നാൽ, യഥാർഥ ഇന്റർനെറ്റിലെ ഉള്ളടക്കം പുറമേ കാണുന്നതിന്റെ അനേകം മടങ്ങാണ്. ഡാർക്ക് വെബ് അല്ലെങ്കിൽ ഡാർക്ക് നെറ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്നത് ഇന്റർനെറ്റിലെ അധോലോകമാണ്. ഇന്റർനെറ്റ് ലോകത്തെ അദൃശ്യ നരകമാണ് ഡാർക്ക് വെബ്. ഇവിടെ നടക്കാത്ത കുറ്റകൃത്യങ്ങളില്ല. കൊലപാതകം, ഭീകരവാദം, മാനഭംഗം മുതൽ പെൺകുട്ടികളെ വിൽപനയ്ക്ക് വരെ വച്ചിരിക്കുന്നു.
ഡാർക്ക് വെബിൽ നടക്കുന്നത് മനുഷ്യക്കടത്ത്, ഉപയോക്താക്കളെ വഞ്ചിക്കൽ, പെൺകുട്ടികളെ ദുരുപയോഗം ചെയ്യൽ, ആയുധവിൽപന, മനുഷ്യരാശിയുടെ ദുർബല വിഭാഗങ്ങളെ ഏറ്റവും വഞ്ചനാപരമായ രീതിയിൽ ഒറ്റിക്കൊടുക്കൽ എന്നിങ്ങനെ പോകുന്നു. ഇതിൽ ഏറ്റവും വലിയ കുറ്റകൃത്യങ്ങളിൽ ഒന്നാണ് കുഞ്ഞുകുട്ടികൾക്കെതിരായ ഉപദ്രവം. ഡാർക്ക് വെബിൽ വിൽക്കാൻ വച്ചിരിക്കുന്നത് നിരവധി പെൺകുട്ടികളെയാണ്. ഇതൊന്നും പുറം ലോകം അത്ര പെട്ടെന്ന് അറിയില്ല എന്ന ധൈര്യമാണ് കുറ്റവാളികളെ ഡാർക്ക് വെബിലേക്ക് നയിക്കുന്നത്. ഇവിടെ സാക്ഷ്യം വഹിക്കാൻ കഴിയുന്നത് ധിക്കാരവും അധാർമികതയും തികച്ചും വെറുപ്പുളവാക്കുന്നതുമായ കാഴ്ചകളാണ്.
കനേഡിയനായ ബെഞ്ചമിൻ ഫോക്ക്നർ, ‘ചൈൽഡ്സ് പ്ലേ’ എന്ന പേരിലുള്ള ഡാർക്ക്-നെറ്റ് ചൈൽഡ് അശ്ലീല വെബ്‌സൈറ്റിന്റെ ഉടമയായിരുന്നു. വെബ്സൈറ്റിന്റെ ഏറ്റവും സജീവമായ സമയത്ത് 10 ലക്ഷത്തിലധികം പ്രൊഫൈലുകൾ ഉണ്ടായിരുന്നു. കുട്ടികളെ മാനഭംഗം ചെയ്യുക, ക്രൂരമായി പീഡിപ്പിക്കുക, വിഡിയോ പകർത്തി നൂറുകണക്കിന് അശ്ലീല ചിത്ര നിർമാതാക്കൾക്ക് വിൽക്കുക, വെബ്‌സൈറ്റ് വഴി പ്രദർശിപ്പിക്കുക, ലോകമെമ്പാടുമുള്ള പീഡോഫിലുകളുടെ ആനന്ദത്തിനായി അവരുടെ സാഡിസത്തിന്റെ വിഡിയോകൾ ചിത്രീകരിക്കുക എന്നതാണ് ബെഞ്ചമിന്റെ പതിവ് ജോലി.
ആദ്യത്തെ ആറുമാസക്കാലം സൈറ്റ് പ്രവർത്തിപ്പിച്ചതിന് ശേഷം, 2016 ഒക്ടോബറിൽ വിർജീനിയയിൽ പുറത്തിറങ്ങിയപ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ബെഞ്ചമിൻ ഫോക്ക്നറിനെയും കൂട്ടാളിയായ പാട്രിക് ഫാൾട്ടിനെയും പിടികൂടി. അറസ്റ്റു ചെയ്യുമ്പോൾ ഫോക്ക്നറിന്റെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ആയിരത്തോളം പെൺകുട്ടികളുടെ പോൺ ശേഖരത്തിൽ 47,000 ചിത്രങ്ങളും 2,900 വിഡിയോകളും ഉണ്ടായിരുന്നു. 2016 നവംബറിൽ അധികൃതർ അടച്ചുപൂട്ടിയ മറ്റൊരു ഡാർക്ക്നെറ്റ് ചൈൽഡ് അശ്ലീല സൈറ്റായ ‘ദി ഗിഫ്റ്റ് ബോക്സ് എക്സ്ചേഞ്ചിൽ’ അഡ്മിനിസ്ട്രേറ്ററായിരുന്നു അദ്ദേഹത്തിന്റെ സഹകാരി ഫാൽറ്റ്. ഈ കേസിൽ ഇരുവർക്കും ജീവപര്യന്തം തടവാണ് ലഭിച്ചത്.
സ്ഥാപകരെ അറസ്റ്റുചെയ്തതിനു ശേഷം, ശേഷിച്ച പതിനൊന്ന് മാസത്തേക്ക് ഓസ്ട്രേലിയൻ ക്വീൻസ്‌ലാന്റ് പൊലീസ് സർവീസിന്റെ ടാസ്‌ക് ഫോഴ്‌സ് ആർഗോസ് ‘ചൈൽഡ്സ് പ്ലേ’ ഏറ്റെടുക്കുകയും ‘ഓപ്പറേഷൻ ആർടെമിസിന്റെ’ ഭാഗമായി സൈറ്റ് രഹസ്യമായി നിയന്ത്രിക്കുകയും ചെയ്തു. ഓസ്‌ട്രേലിയൻ, അമേരിക്കൻ, യൂറോപ്യൻ സംയുക്ത അന്വേഷണ ശ്രമങ്ങളായ 'ഓപ്പറേഷൻ ആർടെമിസിന്റെ' ഭാഗമായി കുറ്റവാളികളെ പിടികൂടുകയെന്ന ലക്ഷ്യത്തോടെ പൊലീസ് ഉദ്യോഗസ്ഥരായ ജോൺ റൂസും ക്വീൻസ്‌ലാന്റ് പൊലീസിലെ പോൾ ഗ്രിഫിത്തും 11 മാസം വെബ്‌സൈറ്റ് സ്ഥാപകരായി ആൾമാറാട്ടം നടത്തി പ്രവർത്തിച്ചു.
രഹസ്യാന്വേഷണ പ്രവർത്തനത്തിന്റെ ഫലമായി 90 ശതമാനം ഉപയോക്താക്കളെയും കണ്ടെത്തി 1,000 പേരെ അറസ്റ്റ് ചെയ്തു. ഈ കുറ്റകൃത്യങ്ങൾ മനുഷ്യാവകാശ നിയമപ്രകാരം സ്വീകാര്യമല്ലെന്ന് ആംനസ്റ്റി ഇന്റർനാഷണലും അപലപിച്ചു. നോർവേയിലെ യുണിസെഫിന്റെ നിയമ ഉപദേഷ്ടാവ് ഐവർ സ്റ്റോക്കറിറ്റ് ഇങ്ങനെ പ്രസ്താവിച്ചു: ‘യുഎൻ കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കൺവെൻഷന്റെ വ്യക്തമായ ലംഘനമാണ്, ദീർഘകാലാടിസ്ഥാനത്തിൽ പുതിയ കുറ്റകൃത്യങ്ങൾ തടയുകയെന്നതാണ് പൊലീസിന്റെ ലക്ഷ്യം.’
നാളെ: ഡാർക്ക് വെബ് ഗ്രൂപ്പിൽ കന്യകയായ പെൺകുട്ടികളുടെ ലേലം