ADVERTISEMENT

സന്തോഷം എന്നാലെന്ത്? കാശുകാരന്റെ സന്തോഷം കാശില്ലാത്തവന്റെ സന്തോഷത്തേക്കാൾ വ്യത്യാസമുള്ളതായിരിക്കുമോ? പലര്‍ക്കും സംശയമുള്ള കാര്യങ്ങളാണിവ. പ്രായമാകല്‍ സന്തുഷ്ടി കുറയ്ക്കുമോ തുടങ്ങിയ ചോദ്യവും പ്രാധാന്യമര്‍ഹിക്കുന്നു. എന്തായാലും, ലോകത്തെ രണ്ടാമത്തെ സമ്പന്നന്‍ എന്ന പേരുള്ളയാളും മൈക്രോസോഫ്റ്റ്‌ കമ്പനിയുടെ സ്ഥാപകനും മികച്ച വായനക്കാരനുമായ ബില്‍ ഗെയ്റ്റ്‌സിന് ഇതെക്കുറിച്ചെല്ലാം പറയാനുള്ള കാര്യങ്ങള്‍ രസകരമാണ്.

ബില്‍ ഗെയ്റ്റ്‌സിനോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനായി ഒരുക്കിയിരിക്കുന്ന ഇടമാണ് റെഡിറ്റിലുള്ള (Reditt) എന്നോടെന്തും ചോദിക്കൂ (Ask Me Anything) എന്ന ഫോറം. അതില്‍, സവിശേഷ പ്രാധാന്യമര്‍ഹിക്കുന്ന രണ്ടു ചോദ്യങ്ങള്‍ക്ക് 63-കാരനായ അദ്ദേഹം നല്‍കിയിരിക്കുന്ന മറുപടി ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ചോദ്യങ്ങള്‍ ഇങ്ങനെ: താങ്കള്‍ സന്തുഷ്ടനാണോ? എന്താണ് താങ്കളെ സന്തുഷ്ടനാക്കുന്നത്?. സന്തുഷ്ടനായിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളായി അദ്ദേഹം പറയുന്ന കാര്യങ്ങള്‍ക്ക് അധികം ചിലവില്ല എന്നതും അവയെ ആകര്‍ഷകമാക്കുന്നു.

താന്‍ സന്തുഷ്ടനാണോ എന്ന ചോദ്യത്തിന് 'അതെ' എന്ന ഉത്തരമാണ് അദ്ദേഹം നല്‍കുന്നത്. തന്റെ 30കളില്‍ അറുപത് വയസുള്ളവർക്ക് സ്മാര്‍ട്ട് ആകാമെന്നോ വിനോദങ്ങള്‍ ആസ്വദിക്കാനാകുമെന്നോ കരുതിയിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ആ ചിന്തകള്‍ക്ക് വിരുദ്ധമായ അനുഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഒരു 20 വര്‍ഷം കഴിഞ്ഞു ചോദിച്ചാല്‍ 80കാര്‍ക്ക് എന്തുമാത്രം സന്തോഷമാകാം എന്ന കാര്യത്തെക്കുറിച്ച് താന്‍ പറയാമെന്നും ഗെയ്റ്റ്‌സ് പറയുന്നു.

എന്താണ് സന്തോഷമുണ്ടാക്കുന്നത് എന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ ഉത്തരം, നിങ്ങളുടെ കുട്ടികള്‍ നന്നായി എന്നു കേള്‍ക്കുന്നത് വളരെ സവിശേഷമായ കാര്യമാണെന്ന്. ഒരു രക്ഷിതാവെന്ന നിലയില്‍ ആ അഭിപ്രായത്തോട് ഞാന്‍ പരിപൂര്‍ണ്ണമായും യോജിക്കുന്നു. (ഗെയ്റ്റ്‌സിന്റെ ഈ അഭിപ്രായം പുറത്തുവന്ന ശേഷം തങ്ങള്‍ തങ്ങളുടെ മാതാപിതാക്കളെ നിരാശരാക്കിയെന്നും, അതിലിപ്പോള്‍ ഖേദിക്കുന്നു എന്നു പറഞ്ഞ് ചില കുട്ടികള്‍ ഓണ്‍ലൈനില്‍ കമന്റ് ഇടുകയും ചെയ്തു.)

കൂടുതല്‍ വ്യായാമം ചെയ്യുന്നത് തുടങ്ങി, നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാനാകുന്നതും സന്തോഷം തരുന്നതായി അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ ഗെയ്റ്റ്‌സ് മുമ്പു പറഞ്ഞിട്ടുള്ള വാദങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അവയ്ക്കു നല്‍കിയിരിക്കുന്ന വിശദീകരണങ്ങൾ ഇതാ:

1. 20 കാരനുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കുക; പകരം ഭാവിയോട് സംവാദിക്കുക

ആളുകള്‍ മുതിര്‍ന്ന്, 40, 60, 80 വയസാകുമ്പോഴും പല കാര്യത്തിലും അവരില്‍ തന്നെയുള്ള 20കാരനോട്/ 20 കാരിയോട് അഭിപ്രായം ചോദിക്കുന്ന രീതിയുണ്ട്. ഉദാഹരണത്തിന് 50 വയസായ ഒരു വ്യക്തി, തന്നിലെ 20 കാരനോട് അഭിപ്രായം ചോദിച്ചാല്‍, എല്ലാം കഴിഞ്ഞു എന്ന ഉത്തരമായിരിക്കും ലഭിക്കുക. പഴയതു പോലെ ശക്തിയോ യുവത്വമോ ഒന്നും ലഭിക്കില്ല. നിങ്ങള്‍ക്ക് 15 മിനിറ്റെങ്കിലും സ്വയം പരിശോധന നടത്താന്‍ കിട്ടുന്നുണ്ടെങ്കില്‍, നിങ്ങളുടെ തന്നെ ഭാവിയെക്കുറിച്ചു ചിന്തിക്കുക. ഇരുപതുകാരന്‍/ഇരുപതുകാരി ഇനി ഇല്ല.

2. നിങ്ങളോടു നടത്തുന്ന വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുക

ഏതു പ്രായത്തിലുള്ള ആളാണെങ്കിലും, നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ച എന്തെങ്കിലും വിജയകരമായി ചെയ്തു തീര്‍ക്കാനായാല്‍ അതു നങ്ങളുടെ പ്രാപ്തിയെക്കുറിച്ചുള്ള ബോധം ജനിപ്പിക്കും. അതിനേക്കാള്‍ സ്വയം ശാക്തീകരിക്കുന്ന മറ്റു കാര്യങ്ങള്‍ കുറവാണ്. 'ബോധപൂര്‍വ്വം ഒരു കാര്യം നടത്താനാകുക' എന്നതാണ് ഗെയ്റ്റ്‌സ് ഇതിനെക്കുറിച്ചു പറയുന്നത്. ചെയ്യുന്ന എല്ലാത്തിന്റെയും വിധി നിർണയിക്കാന്‍ മനുഷ്യര്‍ക്കാവില്ല. എന്നാല്‍, ചെറിയ കാര്യങ്ങള്‍ ചെയ്തു ഫലിപ്പിച്ചു മുന്നേറുക എന്നത് ആത്മവിശ്വാസം നല്‍കുന്ന ഒന്നാണ്. ഇത് നാം ശക്തിയോടെ ജീവിച്ചിരിക്കുന്നു എന്ന തോന്നലുണ്ടാക്കാന്‍ പര്യാപ്തമാണ്. നിങ്ങളുടെ ലക്ഷ്യത്തിനായുള്ള അര്‍പ്പണം, അതില്‍ എത്തിച്ചേരല്‍ എന്നിവ മറ്റുള്ളവര്‍ക്ക് നിങ്ങളില്‍ മതിപ്പുളവാക്കും. എന്നാല്‍, നേരെ തിരിച്ചാണെങ്കില്‍ മറ്റുള്ളവര്‍ക്ക് നിങ്ങളിലുള്ള വിശ്വാസം കുറയും.

3. ദാനം ചെയ്യുക

തന്റെ പുതിയ ഉത്തരത്തില്‍ ഗെയ്റ്റ്‌സ് ഇത് ഉള്‍ക്കൊള്ളിച്ചിട്ടില്ല. എന്നാല്‍, 2017 അവസാനിക്കുമ്പോള്‍ ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗെയ്റ്റ്‌സ് ഫൗണ്ടേഷന്‍ 50.7 ബില്ല്യന്‍ ഡോളര്‍ ദാനം ചെയ്തു കഴിഞ്ഞു. മനസറിഞ്ഞുള്ള ദാനധര്‍മ്മങ്ങള്‍ ആരോഗ്യപരമായ മാറ്റങ്ങള്‍ സമ്മാനിക്കുന്നുവെന്ന്പറയുന്നു.

4. കൂടുതല്‍ വ്യായാമം ചെയ്യുക

തന്റെ മനസ്ഥിതിയില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ വ്യായാമം വഹിക്കുന്ന പങ്കിനെക്കുറിച്ച് ടെന്നിസ് കളിയില്‍ താത്പര്യമെടുക്കുന്ന ഗെയ്റ്റ്‌സിന് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. വിഷാദത്തെപോലും അകറ്റിനിർത്താന്‍ വ്യായാമത്തിനു സാധിക്കുമത്രെ. സെററ്റോമിന്‍ (serotonin) കൂട്ടുക വഴി, ഒരാളുടെ മനോഭാവം, ഉറക്കം, വിശപ്പ് എന്നിവയില്‍ ഗുണകരമായ മാറ്റം വരുത്താന്‍ വ്യായാമത്തിനാകും. എന്തോ നേട്ടം കൈവരിച്ചതായ തോന്നലുണ്ടാക്കാനും വ്യായാമത്തിനു കഴിയുമെന്നതിനാല്‍ അത് ഒരിക്കലും ഒഴിവാക്കരുതെന്നാണ് പൊതുവെയുള്ള അഭിപ്രായം.

5. സ്‌നേഹത്തിന് പ്രഥമ സ്ഥാനം

തങ്ങളുടെ കുട്ടികളെക്കുറിച്ചുള്ള ഗെയ്റ്റ്‌സിന്റെ വാദം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നാണ് വാദം. ജീവിതത്തില്‍ ഏറ്റവും നഷ്ടബോധമുണ്ടാക്കിയത് എന്താണെന്ന ചോദ്യത്തിന് മരണക്കിടക്കയിലുള്ളവര്‍ പറയുന്ന അഞ്ച് കാര്യങ്ങളില്‍ ഒന്ന് തങ്ങള്‍ക്കിഷ്ടമുള്ളവരുമായി ആവശ്യത്തിനുസമയം ചിലവഴിക്കാന്‍ ശ്രദ്ധിച്ചിട്ടില്ല എന്നതാണത്രെ.

സന്തുഷ്ടി കണ്ടെത്താനുള്ള ഗെയ്റ്റ്‌സിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ നിങ്ങള്‍ കാശുള്ളയാളാകേണ്ട കാര്യമില്ല എന്നതാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com