ADVERTISEMENT

ജോലി കിട്ടുന്നെങ്കില്‍ ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ കമ്പനികളലെ മുതിർന്ന പോസ്റ്റുകളില്‍ ലഭിക്കണം എന്നാണ് ലോകമെമ്പാടുമുള്ള തൊഴിലന്വേഷകരുടെ സ്വപ്നം. ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളും ഈ കമ്പനികളുടെ ജോലിക്കാരെന്ന പേരും തങ്ങളുടെ ജീവിതത്തിനു പുതിയ മാനം നല്‍കുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, ഇത്തരം കമ്പനികളിലെ ജോലിക്കാര്‍ക്ക് ചില വിലക്കുകളുണ്ട്. തങ്ങളുടെ എതിരാളികളുടെ പ്രൊഡക്ടുകള്‍ ഉപയോഗിക്കരുതെന്നത് അവയിലൊന്നാണ്. ജോലിയുമായി ബന്ധപ്പെട്ട് ഗൂഗിള്‍, ഫെയ്‌സ്ബുക്, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ നിരോധിച്ചിരിക്കുന്ന ചില കാര്യങ്ങള്‍ അറിയാം.

 

∙ ഫെയ്‌സ്ബുക് ഐഫോണുകള്‍ അനുവദിക്കുന്നില്ല

 

ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളില്‍ ഒന്നായ ഫെയ്‌സ്ബുക്കിന്റെ ജോലിക്കാരോട് 'അനൗദ്യോഗികമായി' പറഞ്ഞിരിക്കുന്ന കാര്യമാണ് ഐഫോണ്‍ ഉപയോഗിക്കരുതെന്ന്. കമ്പനിയുടെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും ഐഫോണ്‍ ഇറക്കുന്ന ആപ്പിള്‍ കമ്പനിയുടെ തലവന്‍ ടിം കുക്കുമായുള്ള വാഗ്വാദങ്ങളാണ് ഇതിനു പിന്നിലെന്നാണ് അനുമാനം. ഫെയ്‌സ്ബുക്കിന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റങ്ങളെ കുക്കും മുന്‍ മേധാവി സ്റ്റീവ് ജോബ്‌സും തുറന്ന് എതിര്‍ത്തിട്ടുണ്ട്. എന്തായാലും ഫെയ്‌സ്ബുക് ഇറക്കിയിരിക്കുന്ന കുറിപ്പില്‍ പറയുന്നത് അവരുടെ ജോലിക്കാരും എക്‌സിക്യൂട്ടീവുമാരും ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നതാണ് താത്പര്യമെന്നാണ്. ലോകത്തെ ഏറ്റവു ജനസമ്മതിയുള്ള ഒഎസ് അതാണെന്നതാണ് കമ്പനി ഔദ്യോഗികമായി പറയുന്ന കാരണം.

 

∙ മൈക്രോസോഫ്റ്റില്‍ ഗൂഗിള്‍ ഡോക്‌സിനു വിലക്ക്

 

മൈക്രോസോഫ്റ്റിന്റെ ഓഫിസുകളില്‍ തങ്ങളുടെ ചിരവൈരിയായ ഗൂഗിളിന്റെ ജനപ്രിയ സേവനമായ ഗൂഗിള്‍ ഡോക്‌സ് സേവനം പ്രയോജനപ്പെടുത്തുന്നതിനു വിലക്കുണ്ട്. ഈ ആപ് ഉപയോഗിക്കാന്‍ ഒരു ജോലിക്കാരന്‍ തീരുമാനിച്ചാല്‍ അത് ബിസിനസ് തലത്തില്‍ എന്തു ഗുണമാണ് ചെയ്യുന്നത് എന്നതിന് വിശദീകരണം നല്‍കണം.

 

∙ ഗ്രാമര്‍ലിയും വേണ്ട

 

ഗ്രാമര്‍ലി എന്ന ഗ്രാമര്‍ തിരുത്തുന്ന ആപ്പും മൈക്രോസോഫ്റ്റിന്റെ ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് ഉപയോഗിച്ചു കൂടാ. തങ്ങളുടെ സുപ്രശസ്തമായ വേഡിന്റെ സുശക്തനായ എതിരാളിയാണ് ഗ്രാമര്‍ലി എന്നതായിരിക്കാം ഈ നിരോധനത്തിനു പിന്നില്‍.

Amazon-campus

 

∙ സ്ലാക് ആപ്പും വേണ്ട

 

മൈക്രോസോഫ്റ്റ് ജോലിക്കാര്‍ സ്ലാക് ആപ്പിന്റെ ഫ്രീ വേര്‍ഷന്‍ ഉപയോഗിക്കേണ്ടെന്നും കമ്പനിക്കുള്ളല്‍ നിബന്ധന കൊണ്ടുവന്നിട്ടുണ്ട്.

 

∙ ഗൂഗിളില്‍ രാഷ്ട്രീയ വിലക്ക്

 

കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ പുറപ്പെടുവിച്ച ഒരു ആജ്ഞ പറയുന്നത്, നമ്മളെയെല്ലാം ജോലിക്കെടുത്തിരിക്കുന്നത് ഓരോ ജോലി ചെയ്യാനാണ്. ജോലി സമയത്ത് ജോലി സംബന്ധമല്ലാത്ത ചര്‍ച്ചകള്‍ നടത്തി സമയം കളയാന്‍ പാടില്ല എന്നാണ്. ഗൂഗിളില്‍ യൂണിയനുകള്‍ 'കൊടി നാട്ടിയതായി' ചില വാര്‍ത്തകളുണ്ടായിരുന്നു.

 

∙ ആമസോണില്‍ പവര്‍പോയിന്റ് പ്രസന്റേഷന്‍ വേണ്ടേ വേണ്ട

 

ലോകത്തെ ഏറ്റവും വലിയ കാശുകാരനും ആമസോണ്‍ വ്യാപാര സ്ഥാപനത്തിന്റെ മേധാവിയുമായ ജെഫ് ബെസോസ് പറയുന്നത് ആരും പവര്‍പോയിന്റ് പ്രസന്റേഷനുമായി വരേണ്ട എന്നാണ്. പകരം ആറു പേജിലായി വേണ്ട കാര്യങ്ങള്‍ എഴുതിക്കൊണ്ടു വന്നാല്‍ മതിയെന്നാണ്.

 

∙ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും വേവലാതിപ്പെടേണ്ട

 

അടുത്തിടെ ആമസോണ്‍ കൊണ്ടുവന്ന പുതിയൊരു വിലക്കാണ് ജോലി സമയത്ത് ആരും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചോ, തങ്ങളുടെ കമ്പനി പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതത്തെക്കുറിച്ചോ ചര്‍ച്ച ചെയ്യരുതെന്നത്.

 

∙ ഐബിഎമ്മില്‍ പെന്‍ഡ്രൈവുകളും മൈക്രോഎസ്ഡി കാര്‍ഡും ഉപയോഗിച്ചു കൂടാ

 

ഓഫിസ് കംപ്യൂട്ടറുകളില്‍ പെന്‍ഡ്രൈവുകളും മറ്റും ഉപയോഗിക്കരുതെന്നത് പല കമ്പനികളും ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കാണ്. പല വിവരങ്ങളും ചോര്‍ത്താമെന്നതു കൂടാതെ പെന്‍ഡ്രൈവുകളിലും മറ്റും സുഖവാസം നടത്തുന്ന വൈറസുകളും മറ്റും ഓഫിസ് പ്രവര്‍ത്തനം താറുമാറാക്കുകയും ചെയ്യാമെന്നതാണ് കാരണം. എന്തായാലും, ഐബിഎം ഈ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത കമ്പനിയായാണ് അറിയപ്പെടുന്നത്.

 

∙ ഊബറില്‍ ടെലിഗ്രാം വേണ്ട

 

ഊബറിന്റെ ജോലിക്കാര്‍ ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഏതാനം വര്‍ഷം മുൻപ് ചുമതലയേറ്റ മേധാവി ഡാറാ കോസ്രോവഷാഹിയുടെ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ടെലിഗ്രാം വിലക്ക് ഊബറിലെത്തിയത്.

 

∙ ടെസ്‌ല കമ്പനിയില്‍ ബ്ലൈന്‍ഡ് ആപ്പിനു നിരോധനം

 

ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ ടെസ്‌ലയില്‍ 'ബ്ലൈന്‍ഡ്' ആപ്പ് ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ഈ ആപ്പിലൂടെ ആളറിയാതെ കമ്പനിക്കെതിരെ വിമര്‍ശനങ്ങളുതിര്‍ക്കാം എന്നതാണ് ഇതു നിരോധിക്കാന്‍ കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com