1 ജിബി ഡേറ്റയ്ക്ക് 1 രൂപ! റിലയൻസ് ജിയോയേക്കാൾ കുറഞ്ഞ നിരക്കുമായി മറ്റൊരു കമ്പനി
Mail This Article
അപ്രതീക്ഷിതമായി ഇന്ത്യക്കാരുടെ ഡേറ്റാ ദാഹം പരിഹരിച്ച കമ്പനിയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. മറ്റു കമ്പനികള്‍ 1 ജിബി ഡേറ്റയ്ക്ക് 269 രൂപയും മറ്റും വാങ്ങിക്കൊണ്ടിരുന്ന കാലത്താണ് ആദ്യകാലത്ത് ഡേറ്റ ഫ്രീ ആയി നല്‍കി ജിയോ രംഗത്തെത്തുന്നത്. ജിയോയുടെ എതിരാളികളില്‍ പലതും 2ജിയുടെ ഒച്ചിഴയുന്ന വേഗത്തിലുളള ഡേറ്റയ്ക്കാണ് ഈ 269 രൂപ ചാര്‍ജ് ചെയ്തിരുന്നത്. എന്നാൽ, ജിയോ എത്തിയതോടെ ചെറിയ കമ്പനികള്‍ പലതും പൂട്ടി. എതിരാളികളില്‍ 2ജി സ്പീഡുമായി നടന്നിരുന്നവര്‍ തുറന്നു കാണിക്കപ്പെട്ടു. ഇന്ത്യന്‍ മൊബൈല്‍ സേവനദാതാക്കളിലെ പ്രമുഖര്‍ക്കു പോലും അടിതെറ്റി. ഡേറ്റയ്ക്ക് ഒച്ചിഴയല്‍ സ്പീഡ് നല്‍കി പൈസ ഈടാക്കിയിരുന്നവരുടെ പതനം ശരാശരി ഉപയോക്താവ് 4ജി ഡേറ്റാ സ്പീഡില്‍ കണ്ടാസ്വദിച്ചു. എന്നാല്‍, പുറത്തു വരുന്ന വാര്‍ത്തകള്‍ പറയുന്നത് ജിയോയേക്കാള്‍ 360 ശതമാനം കുറവു വിലയ്ക്ക് ഡേറ്റാ നല്‍കാൻ മറ്റൊരു കമ്പനി ബെംഗളൂരുവില്‍ നിന്നു വരുന്നു എന്നാണ്.
വൈഫൈ ഡബ്ബ പണി തുടങ്ങി
ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന 'വൈഫൈ ഡബ്ബ' (Wifi Dabba) കമ്പനിയാണ് ജിയോയ്ക്കും മറ്റ് ഡേറ്റാ സേവനദാതാക്കള്‍ക്കും വന്‍ വെല്ലുവിളി ഉയര്‍ത്താനുള്ള സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവര്‍ 1 ജിബി ഡേറ്റയ്ക്ക് 1 രൂപയാണ് വാങ്ങുന്നത്. ഒരു സബ്‌സ്‌ക്രിപ്ഷനും ആവശ്യമില്ല. സൈന്‍-അപ് വേണ്ട, ഇന്‍സ്റ്റാലേഷന്‍ ഫീയുമില്ല. മൊത്തം ചെലവ് കണക്കാക്കിയാല്‍ ബ്രോഡ്ബാന്‍ഡ് അടക്കം എല്ലാ ഡേറ്റാ സേവനദാതാക്കളുടെയും നിരക്കുകളെക്കാള്‍ പലമടങ്ങ് കുറവാണ് വൈ-ഫൈ ഡബ്ബയുടേത്. ഇത് ധാരാളം ഡേറ്റ വേണ്ട പലര്‍ക്കും ആകര്‍ഷകമാകും.
ഗിഗാബിറ്റ് വൈഫൈ (Gigabit WiFi) സേവനമാണ് വൈ-ഫൈ ഡബ്ബ എല്ലാവര്‍ക്കും ലഭ്യമാക്കുന്നത്. ധാരാളം ഡേറ്റാ ഉപയോഗിക്കേണ്ടി വരുന്നവര്‍ക്ക് ഉപകാരപ്രദമായ രീതിയിലാണ് കമ്പനി ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നത്. മികച്ച സേവനമാണ് കമ്പനി നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പ്രവര്‍ത്തന രീതി എങ്ങനെ?
കടകളില്‍ വൈ-ഫൈ റൂട്ടറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യക എന്നതാണ് അവരുടെ ഒരു പ്രവര്‍ത്തന രീതി. ഉപയോക്താവ് വെറുതെ വൈഫൈ ഡബ്ബാ നെറ്റ്‌വര്‍ക്കിലേക്ക് സ്വന്തം വിശദാംശങ്ങള്‍ എന്റര്‍ ചെയ്താല്‍ കണക്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിങ്ങള്‍ അവരുടെ പ്ലാനുകളൊന്നുംസബ്‌സ്‌ക്രൈബ് ചെയ്തിട്ടില്ലെങ്കില്‍ മുകളില്‍ പറഞ്ഞ 1 രൂപയ്ക്ക് 1 ജിബി പ്ലാന്‍ എടുത്ത് പ്രവര്‍ത്തനം വിലയിരുത്താം. വൈഫൈ ഡബ്ബാ ടോക്കണുകളും എടുക്കാം. കൂടുതല്‍ ഡേറ്റ വേണ്ടപ്പോള്‍ ആവശ്യാനുസരണം വീണ്ടും ചാര്‍ജ് ചെയ്യാം.
തങ്ങള്‍ക്ക് 100 ശതമാനം കവറേജ് ലഭിക്കാന്‍ വൈ-ഫൈ ഡബ്ബ തുടങ്ങിയ പരിപാടിയാണ് സൂപ്പര്‍നോഡ്‌സ് (supernodes). സൂപ്പര്‍നോഡുകളുടെ ഗ്രിഡുകള്‍ ഫ്‌ളാറ്റുകള്‍ക്കും ടവറുകള്‍ക്കും ഉയരക്കൂടുതലുള്ള മറ്റു കെട്ടിടങ്ങള്‍ക്കും മുകളില്‍ പിടിപ്പിക്കുന്നു. ഇതിലൂടെ തങ്ങളുടെ സേവനം നഗരത്തിലുള്ള ആര്‍ക്കും പ്രയോജനപ്പെടുത്താമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
വിലക്കുറവിന്റെ രഹസ്യമെന്ത്?
ഡേറ്റയുടെ വിലക്കുറവിനേക്കാളേറെ വൈഫൈ ഡബ്ബാ പോലെയുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള വലിയൊരു കാരണവുമുണ്ട്. അവര്‍ റോഡുകളെല്ലാം വെട്ടിപ്പൊളിച്ച് ഫൈബര്‍ ഓപ്ടിക്‌സ് കേബിൾ ഇടുന്നില്ല എന്നതാണത്. കൂടാതെ ആവര്‍ക്ക് സർക്കാരില്‍ നിന്ന് സ്‌പെക്ട്രം ലേലത്തില്‍ പിടിക്കേണ്ട. ഇത്തരം ചില കാര്യങ്ങളാണ് ഡേറ്റ വിലകുറച്ച് വില്‍ക്കാന്‍ അവരെ പ്രാപ്തരാക്കുന്നത്. അതിലൂടെ വൈ-ഫൈ ഇന്റര്‍നെറ്റ്, കുടിവെള്ളത്തെക്കാള്‍ വിലകുറച്ച് നല്‍കാന്‍ ആവര്‍ക്കാകുന്നു.
പക്ഷേ, ഇത് ആസ്വദിക്കാന്‍ ബെംഗളൂരുവില്‍ പോകണ്ടേ?
ഇപ്പോള്‍ അതു വേണം. എന്നാല്‍, വൈഫൈ ഡബ്ബ തങ്ങളുടെ സേവനം മറ്റു പട്ടണങ്ങളിലേക്കും എത്തിക്കാന്‍ ശ്രമിക്കുകയാണ്. അവരുടെ വെബ്‌സൈറ്റില്‍ (https://bit.ly/2viqI0c) നിങ്ങള്‍ക്കു താത്പര്യമുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ ആവശ്യക്കാരുള്ള നഗരങ്ങളായിക്കും ഇനി തിരഞ്ഞെടുക്കുക എന്ന് കമ്പനി പറയുന്നു. ഇതു കൂടാതെ, പുതിയതായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കും കൂടുതൽ ഡേറ്റ വേണ്ടവർക്കും മുമ്പില്‍ ഇപ്പോള്‍ അവതരിപ്പിക്കാവുന്ന ബിസിനസുകളിലൊന്നാണിത്.
കുറവുകള്‍
ഒരു പക്ഷേ, ഇതിന്റെ പ്രധാന പരിമിതി ഇത് നഗരങ്ങളിലേ പ്രായോഗികമാകൂ എന്നതായിരിക്കാം.