എല്ലാം അപ്രതീക്ഷിതം! ആർഭാടങ്ങളില്ലാതെ ഡോക്ടര്‍മാര്‍ക്ക് സൂമിലൂടെ വിവാഹം
Mail This Article
കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് വിവാഹം മാറ്റിവെക്കേണ്ടി വന്ന ആയിരക്കണക്കിന് പേരില്‍ രണ്ടു പേരാണ് ഡോക്ടര്‍മാരായ സോ. ഡേവിസും ടോം ജാക്സണും. വിവാഹം മാറ്റിവെക്കേണ്ടി വന്നെങ്കിലും ഇരുവരും മറക്കാത്ത ഗംഭീരമായൊരു അപ്രതീക്ഷിത വെര്‍ച്വല്‍ വിവാഹ ചടങ്ങ് ഒരുക്കിയാണ് ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ ഞെട്ടിച്ചത്. നിലവില്‍ കൊറോണ വൈറസിനെതിരെ പോരാടുന്ന ലണ്ടനിലെ എന്‍എച്ച്എസിന് കീഴിലുള്ള ഡോക്ടര്‍മാരാണ് ഇരുവരും.
കൊവിഡിനെ തുടര്‍ന്ന് ബ്രിട്ടനില്‍ കഴിഞ്ഞ മാസം ലോക്ഡൗണ്‍ നിലവില്‍ വന്നതോടെയായിരുന്നു ഇവരുടെ വിവാഹം മാറ്റിവെക്കേണ്ടി വന്നത്. ടോമിന്റെ സഹോദരനാണ് ഇരുവരുടേയും സുഹൃത്തുക്കളേയും ബന്ധുക്കളേയും അവരവരുടെ വീടുകളില്‍ നിന്നും തല്‍സമയം പങ്കെടുപ്പിച്ച് വെര്‍ച്വല്‍ വിവാഹ പാര്‍ട്ടി ആസൂത്രണം ചെയ്തത്.
സൂമിന്റെ സഹായത്തില്‍ അമ്പതോളം പേരാണ് ഒരേസമയം ടോമിന്റേയും സോയുടേയും വെര്‍ച്വല്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ഇതില്‍ പലരും പുതുവസ്ത്രങ്ങളും ധരിച്ച് വിവാഹ സല്ക്കാരത്തിനെന്ന രീതിയില്‍ ഒരുങ്ങിയാണ് പ്രത്യക്ഷപ്പെട്ടത്. കൈക്കുഞ്ഞുങ്ങള്‍ തൊട്ട് വയോധികര്‍വരെ ഇതിലുണ്ടായിരുന്നു.
അപ്രതീക്ഷിതമായി ബന്ധുമിത്രാദികളെ കണ്ടതിന്റെ സന്തോഷം സോ മറച്ചുവെച്ചില്ല. 'കൊറോണ വൈറസിന്റെ പ്രതിസന്ധി അവസാനിച്ചശേഷം നേരത്തെ പദ്ധതിയിട്ടതുപോലെ വലിയൊരു പാര്‍ട്ടി നടത്താന്‍ തന്നെയാകുമെന്നാണ് പ്രതീക്ഷ' എന്നാണ് സോ പറഞ്ഞത്. വെര്‍ച്വല്‍ വിവാഹ സല്കാരത്തില് പങ്കെടുത്തവര്‍ പ്രതിശ്രുത വധൂവരന്മാര്ക്ക് മംഗളാശംസകള്‍ നേരുകയും പാട്ടുകള്‍ പാടുകയും ചെയ്തു.
വൈകാരികമായിട്ടായിരുന്നു വരനായ ടോം സംസാരിച്ചത്. 'നിങ്ങളോടൊപ്പം ചേരാന്‍ ഇനിയും കാത്തിരിക്കാനാവില്ല, നിങ്ങളോടൊപ്പം ആഘോഷിക്കാന്‍ ഇനിയും കാത്തിരിക്കാനാവില്ല, ഇനിയുള്ള ജീവിതം എന്റെ മനോഹരിയായ ഭാര്യക്കൊപ്പം കഴിയാന്‍ ഇനിയും കാത്തിരിക്കാനാവില്ല' എന്ന് ടോം പറഞ്ഞപ്പോള്‍ കയ്യടികളോടെയാണ് സുഹൃത്തുക്കളും ബന്ധുക്കളും അത് സ്വീകരിച്ചത്.
പലരും ഷാംപെയിന് പൊട്ടിച്ചും വീഞ്ഞ് നുണഞ്ഞുമാണ് ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്. ചിലര്‍ ഇരുവര്‍ക്കുമായി തയ്യാറാക്കിയ പ്രത്യേകം കുറിപ്പുകളാണ് പങ്കുവെച്ചത്. ഇരുവരും ഡോക്ടര്മാരായതുകൊണ്ടു തന്നെ സുരക്ഷിതമായി ഈ കൊറോണ പ്രതിസന്ധിയെ തരണം ചെയ്യാനും സുരക്ഷിതമായിരിക്കാനുമായി പ്രാര്‍ഥിക്കുന്നുവെന്നാണ് ബന്ധുക്കളിലൊരാള്‍ പറഞ്ഞത്. ടോമും സോയും സ്വപ്നം കണ്ട വിവാഹം ഇങ്ങനെയല്ലെന്നുറപ്പ്. പക്ഷേ അവരുടേയും ബന്ധുമിത്രാദികളുടേയും ജീവിതത്തില്‍ മറക്കാനാവാത്ത ഒരു വിവാഹ ചടങ്ങായി ആ വെര്‍ച്വല്‍ വിവാഹം മാറി.