ചിരിപ്പിച്ചു കൊല്ലും... റഫറിയുടെ മൊട്ടത്തല എഐ ക്യാമറയ്ക്ക് ഫുട്ബോൾ; സമൂഹ മാധ്യമ വെബ്‌സൈറ്റുകള്‍ക്ക് പിഴയിട്ട് ടര്‍ക്കി
Mail This Article
സ്‌കോട്ട്‌ലൻഡിലെ അയര്‍ യുണൈറ്റഡും ഐവര്‍ യുണൈറ്റഡും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം ലൈവായി കാണാന്‍ 13 ഡോളര്‍ മുടക്കി ടിവിക്കു മുന്നില്‍ ചടഞ്ഞിരുന്ന കാണികള്‍ കട്ടക്കലിപ്പിലാണ്. മത്സരത്തിനു പകരം ക്യാമറ കൂടുതല്‍ സമയം മൊട്ടത്തലയന്‍ റഫറിയെ കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് അവര്‍ ഉന്നയിക്കുന്ന പരാതി. കളികള്‍ കാണാന്‍ ആളുകള്‍ സ്റ്റേഡിയത്തിലെത്താന്‍ താത്പര്യം കാണിക്കാത്തതാണ് മത്സരം ലൈവ് സ്ട്രീം ചെയ്യാന്‍ തീരുമാനിച്ചതിനു പിന്നില്‍. ഇതിന്റെ ഭാഗമായി ഒരു റോബോട്ട് ക്യാമറ ഉപയോഗിക്കാനും തീരുമാനിച്ചു. തിളക്കമുള്ള ഫുട്‌ബോള്‍ ട്രാക്കു ചെയ്യാന്‍ കഴിവുള്ള ക്യാമറയായിരുന്നു അത്. എന്നാല്‍ മത്സരം നിയന്ത്രിക്കാന്‍ എത്തിയ റഫറി മൊട്ടത്തലയനായതാണ് പ്രശ്‌നം സൃഷ്ടിച്ചത്.
ഫുട്‌ബോളിനു പകരം റഫറിയുടെ മൊട്ടത്തലയാണ് കൂടുതല്‍ സമയവും റോബോട്ട് ക്യാമറ ട്രാക്കു ചെയ്തത് എന്നാണ് ഫാന്‍സ് പറയുന്നത്. ക്യാമറ കളിനടക്കുന്നിടത്തുനിന്ന് പട്ടെന്ന് മൊട്ടത്തലയില്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങും ഇത് തങ്ങളെ അലോസരപ്പെടുത്തിയെന്നാണ് കാണികളുടെ പരാതി. ക്യാമറ ചാടിക്കളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അവര്‍ പറയുന്നു. പന്തില്‍ നിന്ന് റഫറിയുടെ തലയിലേക്ക് ഒറ്റ ചാട്ടമാണ് ക്യാമറ. പല ഫാന്‍സും സമൂഹ മാധ്യമങ്ങളില്‍ തങ്ങളുടെ കോപം പങ്കുവയ്ക്കാനും അവര്‍ മറന്നില്ല. ഇനി മൊട്ടത്തലയുമായി റഫറി വരരുത്. വേണമെങ്കിൽ വിഗ് വച്ചോളണം എന്നു പറയുന്നവരും ഉണ്ട്! എഐ ആണ് ഭാവി എന്ന് മിക്ക കമ്പനികളും വിചാരിക്കുന്നു. എന്നാല്‍ അത്തരം ഒരു കാലത്തിലെത്താന്‍ ഇനിയും സമയമെടുക്കുമെന്നതിന്റെ ഉത്തരമോദാഹരണമാണിതെന്ന് ചൂണ്ടിക്കാണിക്കുന്നവരും ഉണ്ട്. എന്തായാലും എഐ പരാജയപ്പെടുമ്പോള്‍ അത് പരിഹാസ്യമായിരിക്കുമെന്ന പാഠം ഉള്‍ക്കൊള്ളണമെന്നും പറയുന്നു.
∙ ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷനിലുള്ളവര്‍ എങ്ങനെയാണ് വോട്ടു ചെയ്തത്?
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷനിലുള്ളവരും വോട്ടു ചെയ്തു. ബഹിരാകാശ സഞ്ചാരിയായ കെയ്റ്റ് റൂബിന്‍സാണ് തങ്ങള്‍ എങ്ങനെയാണ് സമ്മതിദാനാവകാശം നിര്‍വഹിച്ചതെന്നു വിവരിച്ചത്. നാട്ടിലുള്ളവര്‍ ചെയ്യുന്നതിനു സമാനമായാണ് തങ്ങളും വോട്ടു ചെയ്തതെന്ന് അവര്‍ അറിയിച്ചു. തങ്ങള്‍ ഒരു ഫെഡറല്‍ പോസ്റ്റ് കാര്‍ഡ് ആപ്ലിക്കേഷന്‍ ഫില്ലു ചെയ്യുകയാണ് ഉണ്ടായതെന്ന് അവര്‍ പറയുന്നു. ആവശ്യമില്ലായിരുന്നെങ്കില്‍ പോലും സ്വകാര്യതയ്ക്കായി തങ്ങള്‍ ഉറങ്ങുന്ന സ്ഥലം മറച്ചുകെട്ടി. 'ഐഎസ്എസ് വോട്ടിങ് ബൂത്ത്' എന്ന ബോര്‍ഡും വച്ചു. നാട്ടിലെ വോട്ടിങ് ബൂത്തുകള്‍ക്ക് സമാനമായ സ്ഥലമാണ് തങ്ങള്‍ സൃഷ്ടിച്ചത്. ഇലക്ഷന്‍ ദിവസം വൈകീട്ട് 7 മണിക്കുമുൻപ് വോട്ടു ചെയ്തിരിക്കണമെന്നത് എല്ലാ അമേരിക്കക്കാരെയും പോലെ ബഹിരാകാശ വാസികള്‍ക്കും നിര്‍ബന്ധമാണ്. താന്‍ 2016ലും ഇപ്രകാരം വോട്ടു ചെയ്തിരുന്നതായും കെയ്റ്റ് അറിയിച്ചു. കഴിഞ്ഞ 23 വര്‍ഷത്തിനിടയ്ക്ക് അമേരിക്കന്‍ പൗരന്മാര്‍ ബഹിരാകാശത്തു നിന്നു വോട്ടു ചെയ്യുന്നു. ഇങ്ങനെ ആദ്യം സമ്മതിദാനാവാകാശം നിറവേറ്റിയതിന്റെ റെക്കോഡ് നാസയുടെ ഡെയ്‌വിഡ് വൂള്‍ഫിനാണ്.
∙ അടുത്തയാഴ്ച ആപ്പിള്‍ അവതരിപ്പിക്കുന്നത് മാക്ബുക്കുകളെന്ന്
അടുത്തയാഴ്ച ആപ്പിള്‍ അവതരിപ്പിക്കുന്നത് 13, 16-ഇഞ്ച് സ്‌ക്രീന്‍ വലുപ്പങ്ങളിലുള്ള രണ്ട് മാക്ബുക്ക് പ്രോമോഡലുകളും 13-ഇഞ്ച് വലിപ്പത്തിലുള്ള ഒരു മാക്ബുക്ക് എയറുമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
∙ ഐഫോണ്‍ 12 മിനിക്ക് 12w വരെയെ മാഗ്‌സെയിഫ് ചാര്‍ജറിലൂടെ ചാര്‍ജ് ചെയ്യാനാകൂ
ഐഫോണ്‍ 12 സീരിസിനായി ആപ്പിള്‍ ഇറക്കിയ കാന്തിക ചാര്‍ജര്‍ ആയ മാഗ്‌സെയിഫ് ഉപയോഗച്ച് ഈ വര്‍ഷത്തെ എല്ലാ ഐഫോണുകളും ചാര്‍ജ് ചെയ്യാം. എന്നാല്‍ ഐഫോണ്‍ 12 മിനിക്ക് 12w ചാര്‍ജിങ് ആണ് പരമാവധി സാധ്യമാകുക. മറ്റു മോഡലുകള്‍ക്ക് 15w വരെ ലഭിക്കുമെന്ന് ആപ്പിള്‍ തന്നെ സപ്പോര്‍ട്ട് പേജിലൂടെ അറിയിക്കുന്നു.
∙ മൂന്നു മാസം യുട്യൂബ് പ്രീമിയം സര്‍വീസ് ഫ്രീയായി നല്‍കി എയര്‍ടെല്‍
സാധാരണഗതിയില്‍ പ്രതിമാസം 129 രൂപ നല്‍കേണ്ട യുട്യൂബ് പ്രീമിയം സേവനം എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് മൂന്നു മാസത്തേക്ക് ഫ്രീയായി ഉപയോഗിക്കാം. നിലവല്‍ യുട്യൂബ് പ്രീമിയം ഉപയോഗിക്കാത്തവര്‍ക്കാണ് ഇത് നല്‍കുക. ഇതിനായി എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെ റജിസ്റ്റര്‍ ചെയ്യണം. ഈ സേവനം അടുത്തവർഷം വരെ ലഭ്യമായിരിക്കും. ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കിയിട്ടില്ലെന്നു പറയുന്നു. എന്നാല്‍ ഇതു വേണമെന്നുള്ളവര്‍ക്കായി ഒരു ഫോറം അവതരിപ്പിച്ചിട്ടുണ്ട്. അതിലെത്തി അപേക്ഷിക്കാവുന്നതാണ്. ഇതാ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSd2mwPH_VAm_geNuIl_cj0emBE21jiuYlZBCQEJYPhubnr6MA/viewform
∙ 4500 എംഎഎച് ബാറ്ററി 15 മിനിറ്റല്‍ ചാര്‍ജ് ചെയ്യാനാകുന്ന 200w ചാര്‍ജറുമായി ഷഓമി
ഫാസ്റ്റ് ചാര്‍ജിങ്ങില്‍ പുതിയ റെക്കോഡിടാന്‍ ഒരുങ്ങുകയാണ് ഷഓമി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവര്‍ 4500 എംഎഎച് ബാറ്ററി 15 മിനിറ്റല്‍ 100 ശതമാനം ചാര്‍ജ് ചെയ്യാനാകുന്ന 200w ചാര്‍ജര്‍ അടുത്ത വര്‍ഷം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കമ്പനിയുടെ നിലിവിലുള്ള അതിവേഗ ചാര്‍ജിങ് മികവ്, മി 10 അള്‍ട്രാ ഫോണിലാണ് കാണാനാകുക. അതിന്റെ 4500 എംഎഎച് ബാറ്ററി കേവലം 23 മിനിറ്റിനുള്ളില്‍ മുഴുവന്‍ ചാര്‍ജ് ചെയ്‌തെടുക്കാം. ആന്‍ഡ്രോയിഡ് സെന്‍ട്രല്‍ വെബ്‌സൈറ്റാണ് പുതിയ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഷഓമിയുടെ സബ് ബ്രാന്‍ഡ് ആയ റെഡ്മി താമസിയാതെ 108 എംപി സെന്‍സര്‍ ക്യാമറയുള്ള സ്മാര്‍ട് ഫോണ്‍ പുറത്തിറക്കിയേക്കുമെന്നും പറയുന്നു.
∙ സമൂഹ മാധ്യമ വെബ്‌സൈറ്റുകള്‍ക്ക് പിഴയിട്ട് ടര്‍ക്കി
ഫെയ്‌സ്ബുക്, യുബ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ടിക്‌ടോക് എന്നി കമ്പനികള്‍ക്ക് പിഴയിട്ടിരിക്കുകയാണ് ടര്‍ക്കി. കമ്പനികള്‍ പ്രാദേശിക പ്രതിനിധികളെ നിയമിക്കണമെന്ന രാജ്യത്തിന്റെ നിയമം പാലിച്ചിട്ടില്ല എന്ന കാരണമാണ് ഔദ്യോഗികമായി പറയുന്നതെങ്കിലും, സർക്കാരിനെതിരെ രാജ്യത്ത് സമൂഹ മാധ്യമങ്ങളിലൂടെ പടരുന്ന പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിത് എന്നു വിശ്വസിക്കുന്നവരും ഉണ്ട്.
∙ ഓണര്‍ ബാന്‍ഡ് 6 അവതരിപ്പിച്ചു; 14 ദിവസം ബാറ്ററിലൈഫ്, എന്‍എഫ്‌സി
ഫിറ്റ്‌നസ് ബാന്‍ഡുകളും സ്മാര്‍ട് വാച്ചുകളും രണ്ട് പ്രൊഡക്ടുകളായി നിലനിര്‍ത്തുകയാണ് പല കമ്പനികളും. എന്നാല്‍, ഇവ തമ്മിലുള്ള അതിരുകള്‍ മായിച്ചുകളായാനുള്ള ശ്രമത്തിന്റെ ഭാഗമായി വാവെയ് കമ്പനിയുടെ സബ് ബ്രാന്‍ഡ് ആയ ഓണര്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ പ്രൊഡക്ടാണ് ഓണര്‍ ബാന്‍ഡ് 6. ഇതിന് ഏകദേശം 249 യുവാനാണ് (ഏകദേശം 2,800 രൂപ) വിലയിട്ടിരിക്കുന്നത്. എന്‍എഫ്‌സിയുള്ള വേര്‍ഷന് 3,300 രൂപയോളം വില വന്നേക്കും. 1.47-ഇഞ്ച് അമോലെഡ് സ്‌ക്രീനാണ് ഇതിന്റെ പ്രധാന ആകര്‍ഷണീയതകളിലൊന്ന്. 180എംഎഎച് ബാറ്ററിയുമുണ്ട്. 14 ദിവസം ഒറ്റ ഫുള്‍ ചാര്‍ജില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാണ് തങ്ങളുടെ ബാന്‍ഡ് എന്നാണ് കമ്പനി അവകാശപ്പെട്ടിരിക്കുന്നത്. എന്‍എഫ്‌സി വേരിയന്റ് ഉപയോഗിച്ച് പണമടയ്ക്കുകയും ചെയ്യാം.
English Summary: AI camera mistakes referee's bald head for football, ruins math coverage in Scotland