പുതിയ മേധാവി ഓഫിസിൽ വന്നിട്ടില്ലെങ്കിലും വിപ്രോ ഓഹരികൾ 70% കുതിച്ചുയർന്നു, കോടികളുടെ നേട്ടം
Mail This Article
അഞ്ച് മാസങ്ങള്‍ക്ക് മുൻപാണ് വിപ്രോ സിഇഒയായി തിയറി ഡെലപോര്‍ട്ടെ ചുമതലയേല്‍ക്കുന്നത്. ഇന്നുവരെ ബെംഗളൂരുവിലെ വിപ്രോ ആസ്ഥാനം അദ്ദേഹം സന്ദര്‍ശിച്ചിട്ടില്ല. എന്നാല്‍ 53കാരനായ തിയറി ഡെലപോര്‍ട്ടെയുടെ വരവ് വിപ്രോക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയിരിക്കുകയാണ്. പാരീസില്‍ സ്വന്തം വീട്ടിലിരുന്ന് വിപ്രോയെ നിയന്ത്രിക്കുന്ന തിയറി ഡെലപോര്‍ട്ടെയുടെ വരവിന് ശേഷം വിപ്രോ ഓഹരികള്‍ 70 ശതമാനം വരെയാണ് കുതിച്ചുയര്‍ന്നത്.
കോവിഡിന്റെ പ്രത്യേക സാഹചര്യം ഉള്‍ക്കൊണ്ടുകൊണ്ട്, എന്നാല്‍ അത് വിപ്രോയുടെ ബിസിനസിനെ ബാധിക്കാത്ത വിധത്തിലുള്ള തീരുമാനങ്ങളുമായാണ് തിയറി ഡെലപോര്‍ട്ട മുന്നോട്ടുപോവുന്നത്. വിപ്രോയുടെ ഉന്നതാധികാര സംഘത്തിന്റെ വലുപ്പം 25ല്‍ നിന്നും നാലാക്കി വെട്ടിച്ചുരുക്കുകയാണ് ഡെലപോര്‍ട്ട നടത്തിയ പരിഷ്കാരങ്ങളിലൊന്ന്. ഔട്ട്സോഴ്സിങ് കമ്പനിയായ വിപ്രോയുടെ ഉപഭോക്താക്കളായ കമ്പനികളുമായുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ച്ചകളിലാണ് അദ്ദേഹം ശ്രദ്ധിച്ച മറ്റൊരു പ്രധാന മേഖല. അമേരിക്കയിലേയും യൂറോപിലേയും പല കമ്പനികളുമായും ഒന്നിലേറെ വര്‍ഷങ്ങള്‍ നീണ്ട കരാറുകള്‍ ഒപ്പിടാനായതും ഡെലപോര്ട്ടക്കും വിപ്രോക്കും ഗുണമായി.
ജൂണില്‍ വിപ്രോ സിഇഒ സ്ഥാനത്തേക്ക് തിയറി ഡെലപോര്‍ട്ട എത്തിയ ശേഷം കമ്പനിയുടെ ഓഹരിയില്‍ 70 ശതമാനത്തിന്റെ കുതിച്ചുകയറ്റമാണുണ്ടായത്. ഇത് സമീപകാലത്ത് തപ്പിതടഞ്ഞ് നീങ്ങിയിരുന്ന വിപ്രോയെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഇന്ത്യയിലെ ആദ്യ നാല് ഔട്ട്സോഴ്സിങ് കമ്പനികളില്‍ വെച്ച് ഏറ്റവും വലിയ ഓഹരി വിപണിയിലെ നേട്ടമാണ് ഇതുവഴി വിപ്രോ സ്വന്തമാക്കിയത്.
അസിം പ്രേംജിയുടെ ഉടമസ്ഥതയിലുള്ള വിപ്രോ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 3.9 ശതമാനത്തിന്റെ വരുമാന വര്‍ധനവാണ് നേടിയത്. ഇന്‍ഫോസിസ് 9.8 ശതമാനവും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് 7.1 ശതമാനവും വരുമാനവര്‍ധനവ് കുറിച്ച സ്ഥാനത്താണിത്. ഇതേ കാലയളവില്‍ എച്ച്സിഎല്‍ ടെക്നോളജീസ് 17 ശതമാനം വരുമാനം വര്‍ധിപ്പിച്ച് വിപ്രോയെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കയറി വരികയും ചെയ്തു.
ഡെലപോര്‍ട്ടെയുടെ മുന്‍ഗാമിയായി 2016ലാണ് അബിദലി നീമുചവാല നിയമിതനാവുന്നത്. പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹം വിപ്രോ സിഇഒ സ്ഥാനത്തു നിന്നും മാറുകയായിരുന്നു. 2020ആകുമ്പോഴേക്കും 15 ബില്യണ്‍ ഡോളര്‍ വരുമാനമുള്ള കമ്പനിയാക്കി ഉയര്‍ത്തുകയായിരുന്നു അബിദലിയുടെ ലക്ഷ്യം. എന്നാല്‍, വിപ്രോക്ക് കഴിഞ്ഞ വര്‍ഷം 8.1 ബില്യണ്‍ വരുമാനം ഉണ്ടാക്കാനേ സാധിച്ചുള്ളൂ.
ദീര്‍ഘദൂര ഓട്ടം വിനോദമായിട്ടുള്ള ഡെലപോര്‍ട്ടെ വലിയ മാറ്റങ്ങള്‍ക്ക് സമയമെടുക്കുമെന്ന പക്ഷക്കാരനാണ്. തങ്ങളുടെ ഉപഭോക്താക്കളായ കമ്പനികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്തുകൊടുക്കുക ബാക്കിയെല്ലാം തനിയേ വന്നുകൊള്ളുമെന്നാണ് ഡെലപോര്‍ട്ടെ കരുതുന്നത്. ആദ്യ മൂന്ന് വര്‍ഷത്തേക്കുള്ള പദ്ധതി ഡെലപോര്‍ട്ടെ മുന്നോട്ടുവെച്ചുകഴിഞ്ഞു. 'ആദ്യ വര്‍ഷം വളര്‍ച്ചക്ക് പ്രാധാന്യം നല്‍കും. രണ്ടാം വര്‍ഷം എതിരാളികളായ കമ്പനികള്ക്കൊപ്പമെത്തും മൂന്നാം വര്‍ഷം നമ്മള് അവരേക്കാള്‍ മുന്നേറും' ഇതാണ് ഡെലപോര്‍ട്ടെ വിപ്രോയിലെ സഹപ്രവര്‍ത്തകര്‍ മുൻപാകെ വെച്ചിരിക്കുന്ന പദ്ധതി.
അമേരിക്ക തന്നെയാണ് ഇപ്പോഴും വിപ്രോയുടെ പ്രധാന വിപണി. എന്നിരിക്കെ തന്നെ യൂറോപിലേക്കും ഏഷ്യയിലേക്കും കൂടി വിപ്രോയുടെ ബിസിനസ് വ്യാപിപ്പിക്കാനുള്ള പദ്ധതിയും ഡെലപോര്ട്ടെക്കുണ്ട്. പുതിയ സിഇഒക്ക് കീഴില്‍ വിപ്രോ കൂടുതല്‍ ഏറ്റെടുക്കലുകള്‍ നടത്തുന്നുമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഒപ്പുവെച്ച കരാറുകളേക്കാള്‍ അഞ്ച് മാസം കൊണ്ട് ഒപ്പുവെച്ചു. 'കൂടുതല്‍ ലക്ഷ്യബോധമുള്ള സധൈര്യം മുന്നേറുന്ന വിപ്രോയെ നിങ്ങള്‍ക്ക് ഇനി കാണാം' എന്നാണ് ഡെലപോര്‍ട്ടെയുടെ വരവിന് ശേഷം വിപ്രോ ചെയര്മാന് റിഷാദ് പ്രേംജി പറഞ്ഞത്.
എല്ലാ ആഴ്ച്ചയും 40 കിലോമീറ്റര്‍ ശരാശരി ഓടുന്നയാളാണ് ഡെലപോര്‍ട്ട്. 'കൂടുതല്‍ ഓടുമ്പോള്‍ എന്റെ ചിന്തകളും മനസും കൂടുതല്‍ തെളിയുന്നു' എന്നായിരുന്നു അദ്ദേഹം തന്റെ വിനോദത്തിന് പിന്നിലെ രഹസ്യത്തെക്കുറിച്ച് പറഞ്ഞത്. അഞ്ച് വര്‍ഷത്തേക്കാണ് തിയറി ഡെലപോര്‍ട്ടെ വിപ്രോ സിഇഒ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. പ്രതീക്ഷിച്ചപോലെ വിപ്രോ വളരുന്നില്ലെങ്കില്‍ ആദ്യം പുറത്തു പോവുന്നത് താനായിരിക്കുമെന്നു കൂടി ഡെലപോര്‍ട്ടെ പറഞ്ഞുവെക്കുന്നുണ്ട്.
English Summary: New CEO Drives Wipro Up 70% Without Stepping Into Office