ബൾബ് തെളിഞ്ഞില്ല, വിമാനം ഇടിച്ചു തകർന്നത് അദ്ധരാത്രി, മരിച്ചത് 101 പേര്, പിന്നാലെ പ്രേത കഥകളും
Mail This Article
1973 ന്റെ തുടക്കത്തിലാണ് ചില വിമാനങ്ങളിൽ പ്രേതങ്ങളെ കണ്ടുവെന്ന റിപ്പോർട്ടുകൾ വരാൻ തുടങ്ങിയത്. ന്യൂജേഴ്‌സിയിലെ നെവാർക്കിൽ നിന്ന് മിയാമിയിലേക്കുള്ള ഈസ്റ്റേൺ എയർലൈൻസ് വിമാനത്തിലാണ് ആദ്യമായി പ്രേതത്തെ കണ്ടത്. ഒരു വർഷം മുൻപ് വിമാനപകടത്തിൽ മരിച്ച പൈലറ്റിനെ വീണ്ടും കണ്ടുവെന്നാണ് ചിലർ അനുഭവം പങ്കുവെച്ചത്. നേരത്തെ മരിച്ച ബോബ് ലോഫ്റ്റ് ആയിരുന്നു അന്നവിടെ കണ്ടത്.
∙ അർദ്ധരാത്രിയിലെ വിമാന ദുരന്തം!
1972 ഡിസംബർ 29 ന് ന്യൂയോർക്കിൽ നിന്ന് മിയാമിയിലേക്കുള്ള ഈസ്റ്റേൺ ഫ്ലൈറ്റ് 401 ജെഎഫ്‌കെ വിമാനത്താവളത്തിൽ നിന്ന് രാത്രി 9.20 ന് പുറപ്പെട്ടു. വിമാനത്തിൽ 176 പേർ ഉണ്ടായിരുന്നു. രാത്രി 11.30 ന് വിമാനം മിയാമി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇറങ്ങുമ്പോൾ ക്യാപ്റ്റൻ എല്ലാവരേയും നഗരത്തിലേക്ക് സ്വാഗതം ചെയ്തു. എന്നാൽ നിമിഷങ്ങൾക്കകം 11.42 ന്, ഫ്ലൈറ്റ് 401 മണിക്കൂറിൽ 225 മൈൽ വേഗത്തിൽ എവർഗ്ലേഡിലേക്ക് ഇടിച്ചിറങ്ങി.
ഫ്ലൈറ്റ് 401 ലെ ക്യാപ്റ്റൻ ബോബ് ലോഫ്റ്റായിരുന്നു. അപകടം സംഭവിച്ച് അധികം താമസിയാതെ അദ്ദേഹം കോക്ക്പിറ്റിൽ വച്ച് തന്നെ മരിച്ചു. രണ്ടാമത്തെ ഓഫിസർ ഡോൺ റെപ്പോ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും കുറച്ച് ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ വച്ചും മരിച്ചു. 101 യാത്രക്കാരും ജോലിക്കാരും അപകടത്തിൽ മരിച്ചു. എങ്ങനെയോ 75 പേർ രക്ഷപ്പെട്ടു. അക്കാലത്ത്, ഒരു വിമാനാപകടത്തിൽ ഏറ്റവും കൂടുതൽ പേർ മരണമടഞ്ഞ സംഭവം കൂടിയായിരുന്നു ഇത്.
എന്നാൽ, വിമാനം തകർന്നിട്ടും പിന്നീടുള്ള സംഭവങ്ങൾ അവസാനിച്ചില്ല. അടുത്ത ഒന്നര വർഷത്തിനിടയിൽ നിരവധി വിമാന ജീവനക്കാർ വിവിധ വിമാനങ്ങളിലായി റെപ്പോയുടെയും ലോഫ്റ്റിന്റെയും പ്രേതങ്ങൾ കണ്ടതായി റിപ്പോർട്ട് ചെയ്തു. പല സ്ഥലങ്ങളിലും ഇവരെ കണ്ടതായി ജീവനക്കാർ അവകാശപ്പെട്ടു. മറ്റൊരു ന്യൂയോർക്ക്-മിയാമി വിമാനത്തിലെ ജീവനക്കാരിയും ലോഫ്റ്റിന്റെ മുഖം കണ്ടു. മറ്റൊരു വിമാനത്തിന്റെ കോക്ക്പിറ്റിൽ റെപ്പോ പൈലറ്റുമാരുടെ ഇടയിൽ ഇരിക്കുന്നത് കണ്ടു. മരിച്ചയാൾ തകരാറുള്ള ഒരു ഇലക്ട്രിക്കൽ സർക്യൂട്ടിനെക്കുറിച്ച് തങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും അവർ പറഞ്ഞു. പ്രശ്നം പെട്ടെന്ന് തന്നെ കണ്ടെത്തി നന്നാക്കുകയും ചെയ്തു. ഒരു രാഷ്ട്ര മേധാവി പോലും ജെഎഫ്‌കെയിൽ നിന്ന് പുറപ്പെടാൻ ഒരുങ്ങുന്ന വിമാനത്തിൽ ലോഫ്റ്റിനെ കണ്ടതായി പറഞ്ഞിട്ടുണ്ട്.
∙ അന്ന് രാത്രി എന്താണ് സംഭവിച്ചത്?
ന്യൂയോർക്ക് ജെഎഫ്‌കെയിൽ നിന്ന് മിയാമിയിലേക്കുള്ള ഷെഡ്യൂൾ ചെയ്ത വിമാനമായിരുന്നു ഈസ്റ്റേൺ എയർ ലൈൻസ് ഫ്ലൈറ്റ് 401. 1972 ഡിസംബർ 29 അർദ്ധരാത്രിക്ക് തൊട്ടുമുൻപ്, ലോക്ക്ഹീഡ് എൽ -1011-1 ട്രൈസ്റ്റാർ വിമാനം ഫ്ലോറിഡ എവർഗ്ലേഡിലേക്ക് ഇടിച്ചിറങ്ങി. 101 പേർ മരിച്ചു. പൈലറ്റുമാരും ഫ്ലൈറ്റ് എൻജിനീയറും, 10 ഫ്ലൈറ്റ് അറ്റൻഡന്റുമാരിൽ രണ്ട് പേരും, 163 യാത്രക്കാരിൽ 96 പേരും മരിച്ചു; 75 യാത്രക്കാരും ജോലിക്കാരും രക്ഷപ്പെട്ടു.
ലാൻഡിംഗ് ഗിയർ ഇൻഡിക്കേറ്റർ ലൈറ്റിന്റെ പ്രശ്നമാണ് അപകടത്തിലേക്ക് നയിച്ചത്. കോക്ക്പിറ്റിലുള്ളവർക്ക് സമയത്തിന് ഈ പ്രശ്നം കണ്ടുപിടിച്ച് പരിഹരിക്കാൻ സാധിച്ചില്ല. ലാൻഡിങ് ഗിയർ താഴ്ത്തിയ ശേഷം, ‘ഡൗൺ’ സ്ഥാനത്ത് നോസ് ഗിയർ കൃത്യമായി സുരക്ഷിതമാണെന്ന് തിരിച്ചറിയുന്ന പച്ച ലൈറ്റ് സൂചകം ഓണായിട്ടില്ലെന്ന് ഫസ്റ്റ് ഓഫിസർ തിരിച്ചറിഞ്ഞു. ഇതോടെ കോക്പിറ്റിലുള്ളവർ പരിഭ്രാന്തരാകാൻ തുടങ്ങി. പ്രശ്നം പരിഹരിക്കാൻ പൈലറ്റുമാർ വീണ്ടും ശ്രമിച്ചു. അവർ ലാൻഡിങ് ഗിയറിൽ വീണ്ടും ശ്രമം നടത്തി, പക്ഷേ സ്ഥിരീകരണ ലൈറ്റ് ഓഫായിരുന്നു. ലാൻഡിങ് ഗിയർ ശരിയാണോ എന്ന് കണ്ടെത്താൻ മറ്റു ചില ശ്രമങ്ങൾ നടത്തിയെങ്കിലും ദുരന്തം ഒഴിവാക്കാൻ സാധിച്ചില്ല. അപ്പോഴേക്കും വിമാനം ഏറെ താഴെ എത്തിയിരുന്നു. പിന്നെ പെട്ടെന്നൊരു രക്ഷാപ്രവർത്തനം പൈലറ്റുമാർക്കും സാധ്യമല്ലായിരുന്നു.
ഈ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് നിരവധി സിനിമകളും ഡോക്യുമെന്ററികളും പുസ്തകങ്ങളും ഇറങ്ങിയിട്ടുണ്ട്. വ്യോമയാന മേഖലയിൽ മറ്റുചില വലിയ മാറ്റങ്ങൾക്കും ഈ ദുരന്തം കാരണമായി.
English Summary: Ghosts of Flight 401