ADVERTISEMENT

നീണ്ട 16 വര്‍ഷത്തെ ഗൂഗിള്‍ ജീവിതത്തിനിടയിലാണ് ശ്രീധര്‍ രാമസ്വാമിക്ക് അക്കാര്യം വെളിപ്പെടുന്നത്, ടെക്‌നോളജി കമ്പനികള്‍ക്ക് ലോകത്തിനു മേല്‍ ഇത്രമാത്രം നിയന്ത്രണം കിട്ടാന്‍ പാടില്ല. അത് അനാരോഗ്യകരമാണ്. ടെക്‌നോളജി മേഖലയിലും നല്ല ആള്‍ക്കാരുണ്ട്. പക്ഷേ അതല്ല പ്രശ്‌നം. നിങ്ങളുടെ ഉദ്ദേശം പണമുണ്ടാക്കുക എന്നതാണെങ്കില്‍ ഒരു പരസ്യം കൂടെ അധികമായി കാണിക്കാനുള്ള പ്രലോഭനം എപ്പോഴും ശക്തമായി ഉണ്ടായിരിക്കും. ഇതിനൊരു ബദലാണ് പുതിയ സേര്‍ച്ച് എൻജിന്‍ നല്‍കുക. അതുവഴി ഇന്റര്‍നെറ്റിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുമെന്നും രാമസ്വാമി വിശ്വസിക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍, അത്തരത്തിലുളള ഒരു ഉല്‍പ്പന്നം ഉണ്ടാക്കിയെടുക്കുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹത്തിനറിയാം. സേര്‍ച്ച് മേഖലയില്‍ എതിരാളികള്‍ ഉണ്ടാകണം, സേര്‍ച്ച് എൻജിന്‍ എന്ന ആശയം പുനര്‍നിര്‍വചിക്കപ്പെടണം എന്ന ആഗ്രഹമാണ് നീവ എന്ന ആശയത്തലേക്ക് എത്തിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.

 

ഗൂഗിള്‍ കമ്പനി സേര്‍ച്ച് മാത്രമല്ല കൈയ്യടക്കിവച്ചിരിക്കുന്നത്. പരസ്യരംഗത്തു നിന്നുള്ള വരുമാനത്തിന്റെ സിംഹഭാഗവും അവര്‍ കാല്‍ക്കീഴിലാക്കിയിരിക്കുകയാണ്. ലോകം ആകാംക്ഷയോടെ ആരായുന്ന കാര്യങ്ങള്‍ അറിഞ്ഞുവയ്ക്കുന്നതു കൂടാതെ സേവനം ഉപയോഗിക്കുന്നവരെക്കുറിച്ചുള്ള ഡേറ്റയും കമ്പനി പടിച്ചെടുക്കുന്നു എന്നാണ് ആരോപണം. അവരുടെ കുത്തക തകര്‍ക്കാനുള്ള ശ്രമമൊന്നും വിജയിച്ചിട്ടില്ല. എന്നാല്‍ അത്തരമൊരു നീക്കം നടത്താന്‍ ഒരുങ്ങുകയാണ് ഐഐടിയില്‍ നിന്നു പഠിച്ചിറങ്ങിയ ശേഷം ഗൂഗിളില്‍ ജോലി ചെയ്തുവന്ന രണ്ട് ഇന്ത്യന്‍ വംശജര്‍. രാമസ്വാമിയും വിവേക് രഘുനന്തനനുമാണ് പുതിയ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. നീവ (Neeva) എന്ന പേരില്‍ അവര്‍ പുറത്തിറക്കാനൊരുങ്ങുന്ന പരസ്യ രഹിത, സ്വകാര്യ സേര്‍ച്ച് എൻജിന്‍ ഈ വര്‍ഷം മധ്യത്തോടെ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് ഇപ്പോള്‍ കരുതുന്നത്. നീവ ഉപഭോക്താക്കള്‍ക്ക് ആദ്യ പരിഗണന നല്‍കുന്ന ഒന്നായിരിക്കുമെന്നാണ് പറയുന്നത്. ഇന്റര്‍നെറ്റിന്റെ നിയന്ത്രണം മുഴുവന്‍ ഗൂഗിള്‍, ഫെയ്‌സ്ബുക് എന്നീ രണ്ടു കമ്പനികളുടെ കൈയ്യിലേക്കാണ് പോകുന്നതെന്ന കാര്യം ഭീതിയോടെയാണ് ലോകം കാണുന്നത്.

 

ഫ്രീയായി സേര്‍ച്ച് ചെയ്യാം. പകരം ഡേറ്റ പിടിച്ചെടുക്കും. അതുവഴി പരസ്യം കാണിക്കുമെന്ന ആശയം പ്രവര്‍ത്തിക്കമാക്കുന്ന കാര്യത്തില്‍ ഗൂഗിള്‍ വിജയിക്കുകയും അത് ലോകത്തിന് വളരെയധികം ഗുണം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ പരസ്യം കാണിക്കാനായി കൂടുതല്‍ ഡേറ്റയും പിടിച്ചെടുക്കുന്നു. ഇതു രണ്ടും ഉപയോക്താവിന് വേണ്ട കാര്യങ്ങളല്ല. കസ്റ്റമര്‍ക്കു വേണ്ടതു മാത്രം നല്‍കുന്ന, ഗൂഗിളിനെക്കാള്‍ മെച്ചപ്പെട്ട ഒരു സേര്‍ച്ച് എൻജിന്‍ പുറത്തിറക്കാനാണ് തങ്ങളൊരുങ്ങുന്നതെന്നാണ് നീവയുടെ മേധാവി കൂടിയായ, ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ താമസമാക്കിയ രാമസ്വാമി പറയുന്നത്. അദ്ദേഹം ചെന്നൈ ഐഐടിയുടെ ഉല്‍പ്പന്നമാണ്. ഗൂഗിളിന്റെ പരസ്യ വിഭാഗത്തില്‍ സീനിയര്‍ വൈസ്-പ്രസിഡന്റ് പദവി വരെ എത്തിയ ആളാണ് അദ്ദേഹം. രഘുനാഥന്‍ ഐഐടി മുംബൈയില്‍ നിന്നു പഠിച്ചിറങ്ങിയ ആളാണ്. അദ്ദേഹമാകട്ടെ ഗൂഗിളിന്റെ കീഴിലുള്ള യുട്യൂബിന്റെ മോണിട്ടൈസേഷന്‍ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു.

 

ഇരുവരും ഒത്തു ചേരുമ്പോള്‍ വൈവിധ്യമേറിയ അനുഭവസമ്പത്ത് പുതിയ സേര്‍ച്ച എൻജിനു വേണ്ടി പ്രയോജനപ്പെടുത്താമെന്നാണ് കരുതുന്നത്. ഗൂഗിള്‍ അസിസ്റ്റന്റ് എന്നറിയപ്പെടുന്ന സേവനത്തിന്റെ ആദ്യകാല ലീഡര്‍മാരില്‍ ഒരാളുമായിരനനു രഘുനാഥന്‍. തങ്ങള്‍ക്ക് സോഫ്റ്റ്‌വെയറിന്റെ അപ്പുറവും ഇപ്പുറവുമുള്ള പ്രവൃത്തിപരിചയമുണ്ടെന്നാണ് അവര്‍ പറയുന്നത്. അധികം ചെലവില്ലാതെ മികച്ച ഒരു സേര്‍ച്ച് എൻജിന്‍ അവതരിപ്പിക്കാനാകുമെന്നാണ് അവരുടെ ആത്മവിശ്വാസം. തങ്ങള്‍ക്കൊപ്പം അമേരിക്കയില്‍ ഒരു 45-അംഗ ടീമും ഉണ്ടായിരിക്കും.

 

അടുത്ത നാലഞ്ചു മാസത്തിനുള്ളില്‍ നീവ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. ആദ്യം അമേരിക്കയിലും പിന്നെ യൂറോപ്പിന്റെ ഇംഗ്ലിഷ് സംസാരിക്കുന്ന ഭാഗങ്ങളിലും ഓസ്‌ട്രേലിയയിലും ഇന്ത്യയിലും മറ്റും സേര്‍ച്ച് എൻജിന്റെ സാന്നിധ്യം കൊണ്ടുവരാനാണ് അവര്‍ പരിശ്രമിക്കുന്നത്. തങ്ങള്‍ക്കൊപ്പം മികച്ച എൻിജനീയര്‍മാരുടെയും ഡിസൈനര്‍മാരുടെയും പ്രൊഡക്ട് മാനേജര്‍മാരുടെയും ഉത്സാഹത്തോടെ പിന്തുണ നല്‍കുന്നവരുടെയും ഒരു ടീമാണ് ഇരുവര്‍ക്കുമൊപ്പം പുതിയ ഉദ്യമത്തില്‍ പങ്കാളികളാകുന്നത്. നീവയ്ക്ക് ഇതുവരെ 37.5 ദശലക്ഷം ഡോളറാണ് കിട്ടിയിരിക്കുന്നത്.

 

∙ പുത്തന്‍ സേര്‍ച്ച് അനുഭവം

 

ഗൂഗിളിന്റേതു പോലെയുള്ള സേര്‍ച്ച് ആയിരിക്കില്ല നീവ ലഭ്യമാക്കുക. ഒരു വ്യക്തി എന്തെങ്കിലും സേര്‍ച്ച് ചെയ്യുമ്പോള്‍ അത് അയാളുടെ ഇമെയില്‍ അക്കൗണ്ടുകളിലും, ക്ലൗഡ് അക്കൗണ്ടുകളിലും അടക്കമുള്ള സ്വകാര്യ ഡേറ്റയില്‍ കൂടി പരിശോധന നടത്താവുന്ന രീതിയിലായിരിക്കും നീവ പ്രവര്‍ത്തിക്കുക. അപ്പോള്‍ അത് ഗൂഗിളിനെക്കാള്‍ കൂടുതല്‍ കടന്നുകയറ്റമായിരിക്കില്ലെ നടത്തുന്നത് എന്ന ചോദ്യവുമുയരാം. എന്നാല്‍ രാമസ്വാമി പറയുന്നത് തങ്ങളുടെ കമ്പനി സ്വകാര്യ ഡേറ്റ ഇന്‍ഡെക്‌സ് ചെയ്യുന്നത് സേര്‍ച്ച് റിസള്‍ട്ട് നല്‍കാന്‍ മാത്രമായിരിക്കുമെന്നാണ്. തങ്ങളുടെ കമ്പനിയില്‍ ഉപഭോക്താവിനാണ് പ്രാധാന്യം. ഉപഭോക്താവിനു മാത്രമാണ്. തങ്ങളുടെ വരുമാനം പരസ്യത്തില്‍ നിന്നായിരിക്കില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങും പ്രയോജനപ്പെടുത്തി ഗൂഗിളിനെപ്പോലെ തന്നെ സേര്‍ച്ച് റാങ്കിങും കൊണ്ടുവരും. വിജയത്തിലേക്കുള്ള ഒരു രഹസ്യ തുരങ്കമാകാമിതെന്നും അദ്ദേഹം പറയുന്നു. നീവ എടുക്കുന്ന മറ്റൊരു പ്രതിജ്ഞ ഉപയോക്താവിന്റെ സേര്‍ച്ച് ഡേറ്റ 90 ദിവസം കഴിയുമ്പോള്‍ ഡിലീറ്റു ചെയ്യുമെന്നതാണ്. ഗൂഗിള്‍ ഇത് 180 ദിവസം വരെ സൂക്ഷിക്കുമെന്നു പറയുന്നു.

 

നീവ വിജയിക്കുകയാണെങ്കില്‍ പരസ്യത്തിനു വാങ്ങിക്കുന്ന പണം കുറയ്ക്കാന്‍ അവരുടെ എതിരാളികള്‍ തയാറാകേണ്ടി വന്നേക്കാം. ഉപയോക്താക്കളുടെ പണം സ്വീകരിച്ചായിരിക്കും നീവ പ്രവര്‍ത്തിക്കുക. തങ്ങളുടെ സ്വകാര്യ ഡേറ്റ കമ്പനികള്‍ പിടിച്ചെടുക്കുന്നതിനേക്കാള്‍ നല്ലത് തങ്ങള്‍ പണംമുടക്കി പ്രവര്‍ത്തിപ്പിക്കുന്ന ഒരു സേര്‍ച്ച് എൻജിനാണ് എന്ന ആശയം ചില വിഭാഗങ്ങള്‍ക്കെങ്കിലും താത്പര്യജനകമായിരിക്കും. അനുദിനം തങ്ങളുടെ സ്വാധീനം വര്‍ധിപ്പിച്ചു പടരുന്ന ടെക്‌നോളജി കമ്പനികളോടുള്ള ഇഷ്ടക്കുറവ് പലരിലും കാണാമെന്നതിനാല്‍ നീവയ്ക്ക് ധാരാളം ഇഷ്ടക്കാരെ കിട്ടിയേക്കാമെന്നാണ് വിലയിരുത്തല്‍. എനിക്ക് വിശ്വസിച്ച് ഉപയോഗിക്കാവുന്ന, എന്റെ ഡേറ്റ എന്തു ചെയ്യുന്നു എന്നു പേടിക്കാതെ ഉപയോഗിക്കാവുന്ന ഒരു സേര്‍ച്ച് എൻജിൻ കിട്ടിയെങ്കില്‍ അതിന് ചെറിയൊരു തുക നല്‍കി ഉപയോഗിക്കാന്‍ താത്പര്യമുണ്ടെന്ന് പറയുന്നവര്‍ക്കായിരിക്കും നീവ ആകര്‍ഷകം.

 

English Summary: Neeva the new search engine by NRIs to challenge Google

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com