ആമസോണിനെതിരെ റിലയൻസ് അനായാസ ജയത്തിലേക്ക്?; ഐഫോണ്‍ 12 മിനിയുടെ നിര്‍മാണം നിർത്തിയേക്കും
Mail This Article
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയ്ക്കായി ആമസോണും മുകേഷ് അംബാനിയുടെ റിലയന്‍സും തമ്മില്‍ നടക്കുന്ന വടംവലി പരിസമാപ്തിയിലേക്കു നീങ്ങുന്ന പ്രതീതിയാണ് ഡല്‍ഹി ഹൈക്കോടതിയുടെ പുതിയ വിധി നല്‍കുന്നത്. റിലയന്‍സ് റീട്ടെയില്‍ 24,713 കോടി രൂപയ്ക്കാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്വന്തമാക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ഈ കച്ചവടം തങ്ങളുമായി നേരത്തെ ഉറപ്പിച്ച കരാറിനു വിരുദ്ധമാണെന്നു പറഞ്ഞ് ആമസോണ്‍ രംഗത്തെത്തുകയായിരുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ആസ്തികളും കൂടി സ്വന്തമാക്കുന്നതോടെ റിലയന്‍സുമായി പലചരക്കു വില്‍പ്പനാ മേഖലയില്‍ തങ്ങള്‍ക്ക് ഏറ്റുമുട്ടാനാവില്ലെന്ന തിരിച്ചറിവു മൂലമാണ് ആമസോണ്‍ കോടതിയെ സമീപിച്ചത്.
കേസില്‍ തത്സ്ഥിതി തുടരാനായിരുന്നു സിംഗിൾ ബെഞ്ച് ജഡ്ജിയുടെ നേരത്തെ വന്ന വിധി. എന്നാല്‍, ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലിന്റെ നേതൃത്വത്തില്‍ കേസ് കേട്ട പുതിയ ബെഞ്ച് പറഞ്ഞിരിക്കുന്നത് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍, കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ, സെബി തുടങ്ങിയ അധികാരികള്‍ നല്‍കിയ വിധി തടയാനാകില്ലെന്നാണ്. ഈ മൂന്ന് അധികാരസ്ഥാപനങ്ങളും റിലയന്‍സ്-ഫ്യൂച്ചര്‍ ഇടപാടില്‍ പ്രശ്‌നമില്ലെന്ന് നേരത്തെ വിധിയെഴുതിയിരുന്നു. വിധി ഒരാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നും, ആ സമയത്തിനുള്ളില്‍ പുതിയ ഒത്തുതീര്‍പ്പുകളില്‍ എത്താന്‍ സാധിച്ചേക്കുമെന്ന ആമസോണിന്റെ വാദവും കോടതി തള്ളി. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ കിഴിലുളള ഫ്യൂച്ചര്‍ കൂപ്പണ്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം തങ്ങളുടെ അനുമതിയോടെ മാത്രമെ കമ്പനി വില്‍ക്കാവൂ എന്നായിരുന്നു ആമസോണിന്റെ വാദം. എന്നാല്‍, അതുമായി ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡ് കമ്പനി റിലയന്‍സിനു വില്‍ക്കാനുള്ള ശ്രമത്തെ ബന്ധിപ്പിക്കാനാവില്ലെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി.
ആമസോണും ഫ്യൂച്ചര്‍ കൂപ്പണ്‍സ് പ്രൈവറ്റ് ലിമിറ്റഡുമായും, റിലയന്‍സ് റീട്ടെയിലും ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡുമായും ഉള്ള ഇടപാടുകള്‍ ഒരേ സ്വഭാവമുള്ളവയല്ലെന്നും പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്നും കോടതി പറഞ്ഞു. എന്നാല്‍, കേസില്‍ നിരവധി വിവാദ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍ അവയില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ ഈ ഘട്ടത്തില്‍ മുതിരുന്നില്ലെന്നും കോടതി പറഞ്ഞു. കിഷോര്‍ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിനായി മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വേ ഹാജരായി. ഫ്യൂച്ചറിനെ രക്ഷിക്കാനാണ് തങ്ങളുടെ ശ്രമമെന്ന ആമസോണിന്റെ വാദം വെറും തട്ടിപ്പാണെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു. രക്ഷിക്കാന്‍ വേണ്ട 25,000 കോടി രൂപ അമേരിക്കന്‍ കച്ചവട ഭീമന്‍ ആമസോണിനെ സംബന്ധിച്ച് ഒരു പൊതി കടല വാങ്ങുന്ന അത്രയേയുള്ളുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഫ്യൂച്ചര്‍ ഗ്രൂപ്പും റിലയന്‍സുമായി വില്‍പ്പനാ കരാറില്‍ ഒപ്പുവച്ചത്. പുതിയ വിധിയെക്കുറിച്ച് കമ്പനികളൊന്നും പ്രതികരിച്ചിട്ടില്ല.
∙ ഐഫോണ്‍ 12 മിനിയുടെ ഭാവി അവതാളത്തില്‍
ആപ്പിളിന്റെ 12 സീരീസിലെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട് ഫോണ്‍ മോഡലായ ഐഫോണ്‍ 12 മിനി ഇനി നിര്‍മിച്ചേക്കില്ലെന്ന് വാര്‍ത്തകള്‍. വാങ്ങാന്‍ ആളില്ലെന്നതാണ് ഇതിന്റെ നിര്‍മാണം നിർത്താന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ മുതല്‍ പുതിയ ഐഫോണ്‍ 12 മിനി ഫോണുകള്‍ കമ്പനി ഇറക്കിയേക്കില്ലെന്നു ജെപി മോര്‍ഗന്‍ സപ്ലൈ ചെയിന്‍ വിശകലനവിദഗ്ധന്‍ വില്യം യാങ് പറയുന്നു. അതേസമയം, ഐഫോണ്‍ 12 മോഡലിന് ധാരാളം ആവശ്യക്കാരുണ്ട്. അതില്‍ നിന്ന് മനസ്സിലാകുന്നത് ഐഫോണ്‍ 12 മിനിയുടെ സൈസ് കൂടുതല്‍ പേര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ലെന്നതാണ്. മറ്റൊരു പ്രശ്‌നം ബാറ്ററിയാകാം. ചെറിയ ഫോണായതിനാല്‍ ചെറിയ ബാറ്ററിയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ബാറ്ററി അധികം നേരം നില്‍ക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.
അതേസമയം, ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ എന്നിവ യഥാക്രമം 56 ദശലക്ഷവും, 41 ദശലക്ഷവും എണ്ണം 2021ല്‍ വില്‍ക്കുമെന്നും യാങ് പ്രവചിക്കുന്നു. പ്രോ മാക്‌സ് ഈ വര്‍ഷം 11 ദശലക്ഷം എണ്ണം നിര്‍മിക്കുമെന്നും യാങ് കരുതുന്നു. എന്നാല്‍, 12 മിനിക്കേറ്റ ക്ഷീണം തീര്‍ക്കാനായി ഐഫോണ്‍ 11 കൂടുതല്‍ എണ്ണം ഉണ്ടാക്കിയേക്കും. 2019 മോഡലായ ഐഫോണ്‍ 11 ഒരു പക്ഷേ 8 ദശലക്ഷം എണ്ണം വരെ ഈ വര്‍ഷം ഉണ്ടാക്കിയേക്കാമെന്നും പ്രവചിക്കുന്നു.
∙ 20,000 രൂപയില്‍ കൂടുതല്‍ വിലയുള്ള എല്ലാ റിയല്‍മി ഫോണുകള്‍ക്കും 5ജി
ഇന്ത്യയില്‍ 5ജി സാങ്കേതികവിദ്യ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി 2021ല്‍ പുറത്തിറക്കാന്‍ പോകുന്ന എല്ലാ റിയല്‍മി ഫോണുകളിലും 5ജി ഉള്‍പ്പെടുത്തുമെന്ന് കമ്പനി മേധാവി മാധവ് സേത്ത് പറഞ്ഞു. റിലയന്‍സ് ജിയോയും, എയര്‍ടെല്ലും എത്രയും വേഗം രാജ്യത്ത് 5ജി സേവനം തുടങ്ങാന്‍ ഒരുങ്ങുകയാണ്.
∙ ലോണ്‍ നല്‍കാമെന്നു പറഞ്ഞു ഇന്ത്യക്കാരെ കബളിപ്പിക്കാന്‍ ശ്രമിച്ച 100 ആപ്പുകൾ ഗൂഗിള്‍ നീക്കംചെയ്തു
ഇന്ത്യയിലെ ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറല്‍ നിന്ന് ഗൂഗിള്‍ 100 ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകളെ പുറത്താക്കി. ഇവ വ്യക്തിവിവരങ്ങള്‍ ചോര്‍ത്താനായി ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തി. ഇക്കാര്യം ടെക്‌നോളജി മന്ത്രാലയം ലോക്‌സഭയെ അറിയിച്ചിരുന്നു.
∙ ആന്‍ഡ്രോയിഡില്‍ സ്‌കൈപ് ഉപയോഗിക്കുന്നവര്‍ക്ക് പശ്ചാത്തലം മാറ്റാം
വിഡിയോ കോളുകള്‍ നടത്തുമ്പോള്‍ ഒരാള്‍ ഇരിക്കുന്നിടത്തെ പശ്ചാത്തലം മോശമാണെങ്കില്‍ അത് ഒരഭംഗി സൃഷ്ടിക്കും. ഇക്കാര്യത്തില്‍ ആദ്യം തന്നെ പശ്ചാത്തലം കൃത്രിമമായി സൃഷ്ടിക്കാവുന്ന ഫീച്ചര്‍ അവതരിപ്പിച്ചത് സൂം ആയിരുന്നു. പിന്നീട് വിവിധ ആപ്പുകള്‍ അത് ഏറ്റുപിടിച്ചു. ഏറ്റവും ഒടുവിലായി ആ ഫീച്ചര്‍ സ്‌കൈപ്പിലേക്കും എത്തിയിരിക്കുകയാണ്. സ്‌കൈപ്പിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്. ഐഒഎസ് ഉപയോക്താക്കള്‍ക്കും പല പുതിയ ഫീച്ചറുകളും പുതിയ അപ്‌ഡേറ്റില്‍ നല്‍കുന്നുണ്ട്. പുതിയ ഫീച്ചര്‍ സ്‌കൈപ്പിന്റെ 8.68 വേര്‍ഷനില്‍ ആന്‍ഡ്രോയിഡില്‍ ലഭിക്കും.
English Summary: Delhi High Court stays single-judge status quo order on Future- Reliance deal