ADVERTISEMENT

ഓരോ രാജ്യത്തെയും ആളുകള്‍ എവിടെയെല്ലാം പോകുന്നുവെന്നു വരെ വിദേശ സ്വകാര്യ കമ്പനികള്‍ അറിഞ്ഞിരിക്കാനുള്ള സാധ്യതയുണ്ട്. ഇതിനുള്ള പ്രതിവിധികള്‍ പല രാജ്യങ്ങളും ആരാഞ്ഞു തുടങ്ങിയിരിക്കുന്ന കാലമാണിത്. മാപ്പുകളുടെ കാര്യത്തിലും ഇത് നടക്കുന്നുണ്ട്. ഇന്ത്യയിൽ ആത്മനിര്‍ഭര്‍ ഭാരത് എന്ന പദ്ധതിയുടെ ഭാഗമായി മാപ്പിന്റെ കാര്യത്തിലും പുതിയ സംവിധാനം പരീക്ഷിക്കാനൊരുങ്ങുകയാണ് രാജ്യം. ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷനും (ഇസ്രോ) നാവിഗേഷന്‍ സാങ്കേതികവിദ്യാ സേവനദാതാവ് മാപ്‌മൈഇന്ത്യയും (MapmyIndia) ചേര്‍ന്നാണ് സ്വദേശി മാപ് പുറത്തിറക്കുന്നത്. 

 

ഏറ്റവും മികച്ചതും, രാജ്യത്തിനകത്തു തന്നെ വികസിപ്പിച്ചെടുത്തതുമായ മാപ്പിങ് പോര്‍ട്ടല്‍ ഒരുക്കി രാജ്യത്തെ ജിയോസ്‌പേഷ്യല്‍ സേവനങ്ങളുടെ കുത്തക ഗൂഗിള്‍ മാപ്‌സ് തുടങ്ങിയ സേവനങ്ങളില്‍ നിന്ന് പിടിച്ചെടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. മാപ്‌മൈഇന്ത്യയുടെ ഡിജിറ്റല്‍ മാപ്പുകളും സാങ്കേതികവിദ്യയും ഇസ്രോയുടെ കയ്യിലുള്ള സാറ്റലൈറ്റ് ചിത്രങ്ങളുടെ ശേഖരവും, ഭൂനിരീക്ഷണ ഡേറ്റയും ഒരുമിപ്പിച്ചായിരിക്കും പുതിയ മാപ്പിങ് സേവനം എത്തുകയെന്ന് മാപ്‌മൈഇന്ത്യയുടെ മേധാവി റോഹന്‍ വര്‍മ്മ പറഞ്ഞു.

 

ഇതോടെ വിദേശ മാപ്പുകളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തെ തരണംചെയ്യാനാകുമെന്നും റോഹന്‍ പറഞ്ഞു. ഇനി ഗൂഗിള്‍ മാപ്‌സിനെയോ എര്‍ത്തിനെയോ ആശ്രയിക്കേണ്ടി വരില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. രാജ്യത്തെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌പേസ് അഥവാ ഡോസിന്റെ കീഴിലാണ് ഇസ്രോ പ്രവര്‍ത്തിക്കുന്നത്. മാപ്‌മൈഇന്ത്യയുമായി തങ്ങളുടെ ജിയോസ്‌പേഷ്യല്‍ വൈദഗ്ധ്യം പങ്കുവയ്ക്കാനൊരുങ്ങുകയാണ് ഇസ്രോ. ഇതിനായി ഡോസും മാപ്‌മൈഇന്ത്യയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സിഇ ഇന്‍ഫോ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവച്ചു. ഇരു കൂട്ടരുടെയും കയ്യിലുള്ള ഡേറ്റ വിനിയോഗം ചെയ്ത് അത്യന്തം മികവുറ്റ മാപ്പിങ് സംവിധാനമൊരുക്കാനാണ് ശ്രമം. ഭൂനിരീക്ഷണ ഡേറ്റാ സെറ്റുകളെ മുഴുവന്‍ പ്രയോജനപ്പെടുത്തിയായിരിക്കും പുതിയ നീക്കം നടത്തുക.

 

പുതിയ സംരംഭത്തിന് പല മികവുകളുമുണ്ടായിരിക്കുമെന്ന് റോഹന്‍ പറഞ്ഞു. പല രീതിയിലും ഇതായിരിക്കും ഇന്ത്യയ്ക്ക് ഉചിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വമുള്ള ഒരു പ്രാദേശിക കമ്പനി എന്ന നിലയില്‍ ഇന്ത്യയുടെ സ്വയംഭരണാധികാരം ഉയര്‍ത്തിപ്പിടിക്കുകയും, ഇന്ത്യയെ കേന്ദ്ര സർക്കാർ പറയുന്ന അതിരുകള്‍ പ്രകാരം കാണിക്കുകയും ചെയ്യും. മാപ്പുകളുടെ ഡേറ്റ രാജ്യത്തു തന്നെ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രോയുമായുള്ള സഹകരണത്തോടെ ലഭ്യമായ ഡേറ്റ വന്‍ തോതില്‍ വളരും. ഇതോടെ സമഗ്രവും, സ്വകാര്യതയ്ക്കു പ്രാധാന്യം നല്‍കുന്നതുമായി മാപ്പിങ് സംവിധാനം ഇന്ത്യയ്ക്കാര്‍ക്കായി ഒരുക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. വിദേശ മാപ്പിങ് സംവിധാനങ്ങള്‍ക്ക് ചില ഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഫ്രീയായി മാപ് നല്‍കുന്നു എന്നാണ് വിദേശ മാപ്‌സ് സേവനദാതാക്കളുടെ അവകാശവാദമെങ്കിലും അവര്‍ തങ്ങളുടെ സേവനം ഉപയോഗിക്കുന്നവര്‍ക്ക് പരസ്യം കാണിക്കാനായി അവരെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കും. അവരുടെ സേവനം ഉപയോഗിക്കുന്നവര്‍ എവിടെയെല്ലാം പോകുന്നുവെന്നത് അടക്കമുള്ള ഡേറ്റ ലേലം ചെയ്തു വില്‍ക്കുന്നുവെന്നും റോഹന്‍ അവകാശപ്പെടുന്നു. ഇത് ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുന്നവരെ പേടിപ്പിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

 

അതേസമയം, മാപ്‌സ്‌മൈഇന്ത്യയ്ക്ക് ധാര്‍മികമായ ചില കടമകള്‍ കൂടി നിറവേറ്റാനുണ്ടെന്നും, അതിനാല്‍ പരസ്യങ്ങള്‍ വാങ്ങി, വിദേശ കമ്പനികളെപ്പോലെ കാശുകാരാകാനുള്ള ലക്ഷ്യമില്ലെന്നും റോഹന്‍ പറയുന്നു. വിദേശ കമ്പനികളുടെ മാപ്പുകള്‍ക്കു പകരം മാപ്‌മൈഇന്ത്യയുടെ മാപ് ഉപയോഗിച്ചാല്‍ തങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ സാധിക്കുമെന്നും റോഹന്‍ അവകാശപ്പെട്ടു. മാപ്‌സ്‌മൈഇന്ത്യാ മാപ്പുകള്‍ രാജ്യത്തെ ഏഴര ലക്ഷം ഗ്രാമങ്ങളും, 7500 നഗരങ്ങളും സ്ട്രീറ്റ്, ബില്‍ഡിങ് ലെവലില്‍ കാണാനാകും. ഇതില്‍ അഖിലേന്ത്യാ തലത്തില്‍ 63 ലക്ഷം കിലോമീറ്റര്‍ റോഡ് നെറ്റ്‌വര്‍ക്കും പുതിയ സംരംഭത്തിന്റെ പരിധിയിലുണ്ടായിരിക്കും. മറ്റാര്‍ക്കും ഇല്ലാത്ത രീതിയില്‍ മൂന്നു കോടി സ്ഥലങ്ങളുടെ മാപാണ് ലഭ്യമാക്കുക എന്ന് കമ്പനി ഒരു പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, ചൈന പോലെയുളള രാജ്യങ്ങള്‍ ഇത്തരം സേവനങ്ങള്‍ നടപ്പിലാക്കിയെങ്കില്‍ അത് സർക്കാരിന് പൗരന്മാരെ നിരീക്ഷിക്കാന്‍ അവസരമൊരുക്കുകയാണ് ചെയ്തതെന്നും, ഇക്കാലത്ത് ഡേറ്റ എന്നത് ആരും ശേഖരിക്കാതിരിക്കുമെന്നു കരുതുന്നതു വിഡ്ഢിത്തമായിരിക്കുമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

 

∙ റിലയന്‍സ് ഡേറ്റാ വില കുറച്ചതിനെ പുകഴ്ത്തി നെറ്റ്ഫ്‌ളിക്‌സ് മേധാവി

amazon-echo-alexa

 

ഇന്ത്യയിലെ ഡേറ്റയുടെ വില നാടകീയമായി താഴ്ത്തിയതിന് മുകേഷ് അംബാനിയുടെ അധീനതയിലുള്ള റിലയന്‍സ് ജിയോയെ പുകഴ്ത്തി നെറ്റ്ഫ്‌ളിക്‌സ് മേധാവി റീഡ് ഹെയ്സ്റ്റിങ്‌സ്. ഡേറ്റയ്ക്ക് ലോകത്തൊരു രാജ്യത്തും ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്ന് ഏറ്റവും താഴ്ന്ന വിലയിലേക്ക് ഇങ്ങനെ താഴ്ന്നിട്ടില്ലെന്നാണ് നെറ്റ്ഫ്‌ളിക്‌സ് മേധാവി പറഞ്ഞത്. ജിയൊ കൊണ്ടുവന്ന മാറ്റമില്ലായിരുന്നെങ്കില്‍ നെറ്റ്ഫ്‌ളിക്‌സ് എന്ന ആശയം ഇന്ത്യയില്‍ പ്രവാര്‍ത്തികമാക്കാന്‍ സാധിക്കുമായിരുന്നില്ലെന്ന് ഹെയ്സ്റ്റിങ്‌സ് പറഞ്ഞു. തങ്ങള്‍ കണ്ടെന്റിനായി പണം മുടക്കുന്നതുപോലെ, മറ്റുള്ളവര്‍ ഇന്റര്‍നെറ്റ് മെച്ചപ്പെടുത്താന്‍ പണം മുടക്കുന്നതു കൊണ്ടാണ് ഇതെല്ലാം സാധ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

∙ ജോലിക്കാര്‍ക്ക് എവിടെ നിന്നു വേണമെങ്കിലും ജോലിയെടുക്കാമെന്ന് സ്‌പോട്ടിഫൈ

 

ലോകത്തെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈ തങ്ങളുടെ ജോലിക്കാര്‍ക്ക് എവിടെയിരുന്നും ജോലിചെയ്യാനുള്ള അനുവാദം നല്‍കുകയാണ്. സ്വീഡന്‍ കേന്ദ്രീകൃതമായാണ് ഈ മ്യൂസിക് സ്ട്രീം ചെയ്യുന്ന സേവനം പ്രവര്‍ത്തിക്കുന്നത്. സമീപ ഭാവിയിലെ കാലത്തെ തൊഴിലിടങ്ങളെക്കുറിച്ചുള്ള വ്യക്തമായ ചില സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

 

∙ ആമസോണ്‍ എക്കോ ഉപകരണങ്ങള്‍ക്ക് 24 മണിക്കൂര്‍ നേരത്തേക്ക് വന്‍ കിഴിവ്

 

ഫെബ്രുവരി 15 ന് രാത്രി 12 മണിമുതല്‍ 24 മണിക്കൂര്‍ നേരത്തേക്ക് ആമസോണ്‍ എക്കോ ഉപകരണങ്ങള്‍ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. എക്കോ നാലാം തലമുറയ്ക്ക് 35 ശതമാനം കിഴിവുണ്ട്. അത് 6,499 രൂപയ്ക്കു വാങ്ങാം. എക്കോ ഷോയ്ക്ക് 50 ശതമാനം കിഴിവായിരിക്കും ലഭിക്കുക. അത്  4,499 രൂപയ്ക്കു ലഭിക്കും. കിഴിവ് ഫയര്‍ ടിവി വരെയുള്ള ഉപകരണങ്ങള്‍ക്കെല്ലാം ബാധകമാണ് എന്നതിനാല്‍ ആമസോണ്‍ എക്കോയുടെ സേവനങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താം. ആമസോണ്‍ എക്കൊ ഉള്‍ക്കൊള്ളിച്ചിറക്കിയിരിക്കുന്ന എല്‍ജിയുടെ 4കെ ടിവിക്കും 40 ശതമാനം കിഴിവു 24 മണിക്കൂര്‍ നേരത്തേക്ക് ലഭ്യമായിരിക്കും.

 

∙ ലെനോവോയുടെ 'ഏറ്റവും ശക്തമായ' ടാബ് അവതരിപ്പിച്ചു- വില 44,999 രൂപ

 

ഏറ്റവും ശക്തമയാ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് ഇന്ത്യയില്‍ അവതരിപ്പിക്കുകയാണെന്ന് ലെനോവോ കമ്പനി അറിയിച്ചു. ലെനോവോ ടാബ് പി11 പ്രോ എന്നാണ്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 730ജി ആയിരിക്കും പ്രോസസര്‍. തുടക്ക ഓഫറെന്ന നിലയില്‍ ടാബ് 30 ദിവസത്തിനുള്ളില്‍ വാങ്ങുന്നവര്‍ക്ക് 10,000 രൂപ വിലയുള്ള കവര്‍ ഫ്രീയായി നല്‍കും.

 

English Summary: ISRO and MapmyIndia collaborate to bring India made rival to Google Maps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com