ബിറ്റ്കോയിൻ വില പരിധിവിട്ടു, വിപണിക്കിത് അദ്ഭുതം; 1 കോയിൻ വില 43.61 ലക്ഷത്തിനു മുകളിൽ
Mail This Article
രാജ്യാന്തര വിപണിയിൽ ഇപ്പോൾ കാര്യമായ മുന്നേറ്റം നടത്തുന്നത് ബിറ്റ്‌കോയിനാണ്. ക്രിപ്റ്റോകറൻസി റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. പല രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ നൽകുന്ന മുന്നറിയിപ്പുകൾ വകവയ്ക്കാതെ കുതിച്ചുയരുന്ന ഡിജിറ്റൽ കറൻസി ബിറ്റ്കോയിനിന്റെ വില ശനിയാഴ്ച 60,000 ഡോളറിനു മുകളിലെത്തി. ഇന്ത്യൻ രൂപയിൽ 43.61 ലക്ഷത്തിനു മുകളിലായിരുന്നു ശനിയാഴ്ച ഇടപാടുകൾ നടന്നത്. ബിറ്റ്‌കോയിനിന്റെ വിലയിൽ പെട്ടെന്നുണ്ടാകുന്ന അനിയന്ത്രിതമായ ചാഞ്ചാട്ടത്തെത്തുടർന്ന് ബിറ്റ്കോയിൻ സ്വീകരിക്കുന്ന പല കമ്പനികളും നേരത്തെ തന്നെ നിർത്തിവച്ചിരുന്നു.
ഒരു ബിറ്റ്കോയിന് 2017 തുടക്കത്തിൽ 60,000 രൂപയോളമായിരുന്നു വില. ദിവസങ്ങൾക്കു ശേഷം അത് ഏഴു ലക്ഷത്തിലെത്തി. പിന്നീട് 10 ലക്ഷത്തോളം എത്തിയെങ്കിലും വീണ്ടും താഴോട്ട് പോയിരുന്നു. ഇപ്പോൾ കുറച്ച് ദിവസങ്ങളായി വീണ്ടും കുതിച്ചുയരുന്ന കാഴ്ചയാണ് കാണുന്നത്. ലോകത്തൊരു കേന്ദ്ര ബാങ്കിന്റെയും അംഗീകാരം ലഭിച്ചിട്ടില്ലാത്ത ബിറ്റ്കോയിനിന്റെ വിലയിൽ വൻ ചാഞ്ചാട്ടങ്ങൾ പ്രകടമായതോടെ ഇടപാടുകളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്.
ഇരുപതോളം സ്റ്റോക്ക് എക്സ്ചേഞ്ചുകൾ നിരീക്ഷിക്കുന്ന പോർട്ടലായ കോയിൻ മാർക്കറ്റ്കാപ്പ് റിപ്പോർട്ട് പ്രകാരം ബിറ്റ്കോയിൻ 60,000 ഡോളറിലെത്തി എന്നാണ്. ഇത് 70,000 ഡോളറിനു മുകളിൽ വരെ പോകാമെന്നാണ് നിരീക്ഷകർ പറയുന്നത്. ഒരു നിക്ഷേപമെന്ന നിലയിൽ ഇപ്പോൾ സ്വർണത്തേക്കാൾ നല്ലത് ബിറ്റ്കോയിൻ വാങ്ങുന്നതാണെന്ന് വരെ പ്രവചിക്കുന്നവരുണ്ട്.
രണ്ടു മാസം മുൻപ് ക്രിപ്‌റ്റോകറൻസിയിൽ 1.5 ബില്യൺ ഡോളർ നിക്ഷേപിച്ചതായി ടെസ്‌ല സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ബിറ്റ്‌കോയിന്റെ മൂല്യത്തിൽ വൻ കുതിപ്പുണ്ടായത്. ഫെബ്രുവരി തുടക്കത്തിൽ ഏകദേശം 33,000 ഡോളറിൽ വ്യാപാരം നടന്നിരുന്ന ബിറ്റ്കോയിൻ ആണ് ഇന്ന് 60,000 ഡോളറിലെത്തിയിരിക്കുന്നത്.
English Summary: Bitcoin's Price Reaches New Record High of Over $60,000