ADVERTISEMENT

കോഴിക്കോട്∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻഐടി) ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ് കമ്പനിക്ക് ഖത്തറിന്റെ ക്ഷണം. സ്റ്റോറിമാർട്ട് എന്ന ഇ കൊമേഴ്സ് സ്റ്റാർട്ടപ്പിനാണ് തങ്ങളുടെ രാജ്യത്തു പ്രവർത്തിക്കാനായി ഖത്തർ സർക്കാരിന്റെ ക്ഷണം ലഭിച്ചത്. ഖത്തർ ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിജിറ്റൽ ഇൻക്യുബേഷൻ സെന്റർ സംഘടിപ്പിച്ച ഐഡിയ ക്യാംപിൽ പങ്കെടുത്താണ് സ്റ്റോറിമാർട്ട് നേട്ടം സ്വന്തമാക്കിയത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ ക്യാംപിൽ പങ്കെടുത്തു. പല ഘട്ടങ്ങളായി നടന്ന സ്ക്രീനിങ്ങിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട 25 സ്റ്റാർട്ടപ്പുകളിലൊന്നാണ് സ്റ്റോറിമാർട്ട്. കോവിഡ് പശ്ചാത്തലത്തിൽ വെർച്വലായി നടത്തിയ ഐഡിയ ക്യാംപ് 3 മാസത്തോളം നീണ്ടു. നൂതന ആശയങ്ങളും അതു നടപ്പാക്കാനുള്ള പദ്ധതിയും അവതരിപ്പിക്കുക എന്നതായിരുന്നു മത്സരം. ഒടുവിൽ സ്റ്റോറിമാർട്ടിന്റെ ബിസിനസ് മോഡലും തിരഞ്ഞെടുക്കപ്പെട്ടു. കമ്പനിയുടെ പ്രവർത്തനങ്ങൾ ഖത്തറിലേക്ക് വ്യാപിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കും. ഓഫിസിനുള്ള സ്ഥലവും ആദ്യ ഒരു വർഷത്തേക്കു വേണ്ട മറ്റു സംവിധാനങ്ങളും ഖത്തർ സർക്കാർ നൽകും. ഒരു വർഷത്തിനുള്ളിൽ പ്രവർത്തനമികവ് തെളിയിച്ചാൽ കമ്പനിയെ ഗ്രാജ്വേറ്റഡായി പ്രഖ്യാപിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കും. ഉടൻ തന്നെ ഖത്തറിൽ പ്രവർത്തനമാരംഭിക്കാനിരിക്കുകയാണ് സ്റ്റോറിമാർട്ട്. ഖത്തറിൽ നിന്നുകൊണ്ട് ആഗോളതലത്തിൽ വികസിക്കുക എന്നതാണ് സ്റ്റോറിമാർട്ട് ലക്ഷ്യമിടുന്നത്.

വൻകിട ഐടി കമ്പനികളിലെ ജോലി ഉപേക്ഷിച്ച് കോഴിക്കോട് സ്വദേശിയായ സുബൈർ പൊറോരയും മലപ്പുറം സ്വദേശിയായ നബീൽ ഹമദും ചേർന്ന് 3 വർഷം മുൻപാണ് സ്റ്റോറിമാർട്ട് ആരംഭിച്ചത്. തുടക്കം മുതൽ കോഴിക്കോട് എൻഐടി ബിസിനസ് ഇൻക്യുബേറ്ററിലാണ് പ്രവർത്തിക്കുന്നത്. കേരള സ്റ്റാർട്ടപ് മിഷന്റെ പിന്തുണയുമുണ്ട്. പ്രോഡക്ട് മാനേജർ മുഹമ്മദ് ആസിഫലി, സെയിൽസ് കോഓർഡിനേറ്റർ റിഷബ് ജോൺസൺ എന്നിവർ കമ്പനിയുടെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നു. നിലവിൽ 30ഓളം ജീവനക്കാർ കമ്പനിയിൽ ജോലി ചെയ്യുന്നു.

ബിസിനസ് ടു ബിസിനസ് പ്ലാറ്റ്ഫോമാണ് സ്റ്റോറിമാർട്ടിന്റെ സേവനം. വ്യാപാരികളെ ഓൺലൈനിലേക്ക് ചുവടുമാറാൻ സഹായിക്കുന്നതോടൊപ്പം കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനും സ്റ്റോറിമാർട്ട് വഴിയൊരുക്കും. വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുമിപ്പിച്ചുള്ള ആപ്ലിക്കേഷനാണ് ഇതിനായി വികസിപ്പിക്കുക. കേരളത്തിനു പുറമേ ലോക്ഡൗണിൽ സൗത്ത് ആഫ്രിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഉപഭോക്താക്കളെ കണ്ടെത്താൻ സ്റ്റോറിമാർട്ടിനു സാധിച്ചു.

English Summary: NIT to Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com