ഇന്റര്‍നെറ്റ് വേഗം: ഇന്ത്യ അയല്‍ രാജ്യങ്ങളേക്കാൾ പിന്നിൽ, താരതമ്യപ്പെടുത്താം; ആമസോണിന്റെ പിന്നാലെ ഇഡി
Mail This Article
ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റില്‍ അയല്‍ രാജ്യങ്ങളേക്കാൾ ഭേദമാണ് ഇന്ത്യയെങ്കില്‍ മൊബൈല്‍ ഇന്റര്‍നെറ്റില്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണ് ഊക്‌ല ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ് സേവനം പുറത്തുവിട്ട പുതിയ കണക്കുകള്‍ പറയുന്നത്. മൊബൈല്‍ ഇന്റര്‍നെറ്റില്‍ ആഗോള തലത്തില്‍ ഇന്ത്യയുടെ സ്ഥാനം 131 ആണ്. രാജ്യത്തെ ശരാശരി ഡൗണ്‍ലോഡ് സ്പീഡ് 12.41 എംബിപിഎസ് (മെഗാബിറ്റ്‌സ്) ആണ്. ശരാശരി അപ്‌ലോഡ് 4.76 എംബിപിഎസ് മാത്രമാണ്. ആഗോള ഡൗണ്‍ലോഡ് ശരാശരി 46.74 ആണ്. അപ്‌ലോഡ് 12.49 ആണ്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് സ്പീഡ് പരിശോധിക്കാം:
∙ മാലദ്വീപ്
ഈ കൊച്ചു രാജ്യത്തെ ശരാശരി ഡൗണ്‍ലോഡ് വേഗം 44.30 എംബിപിഎസ് ആണ്. അതായത് ഇന്ത്യയുടെ മൂന്നിരട്ടി! അപ്‌ലോഡ് വേഗം 13.83 എംബിപിഎസും ആണ്.
∙ പാക്കിസ്ഥാന്‍
സാര്‍ക്ക് രാജ്യങ്ങളില്‍ ഏറ്റവുമധികം മൊബൈല്‍ ഇന്റര്‍നെറ്റ് വേഗമുള്ള രാജ്യങ്ങളിലൊന്ന്. രണ്ടാം സ്ഥാനമാണ് അവര്‍ക്ക്. അവിടെ ശരാശരി 17.95 എംബിപിഎസ് ഡൗണ്‍ലോഡും, 11.16 എംബിപിഎസ് അപ്‌ലോഡ് വേഗവും ഉണ്ട്.
∙ നേപ്പാള്‍
നേപ്പാളിലെ ഡൗണ്‍ലോഡ് വേഗം 18.44 എംബിപിഎസ് ആണെങ്കില്‍ അപ്‌ലോഡ് വേഗം 11.73 എംബിപിഎസ് ആണ്.
∙ ശ്രീലങ്ക
ഊക്‌ലയുടെ റിപ്പോര്‍ട്ട് പ്രകാരം ശ്രീലങ്കയിലെ ഡൗണ്‍ലോഡ് വേഗം 17.36 എംബിപിഎസ് ആണെങ്കില്‍ അപ്‌ലോഡ് വേഗം 8.40 എംബിപിഎസ് ആണ്.
∙ ഭൂട്ടാന്‍
ഊക്‌ലയുടെ റിപ്പോര്‍ട്ട് പ്രകാരം ഭൂട്ടാനും ഇന്ത്യയേക്കാള്‍ മികച്ച ഡൗണ്‍ലോഡ് വേഗമാണുള്ളത് - 15എംബിപിഎസ്. ഈ സ്ഥിതിവിവരക്കണക്കുകളെല്ലാം 2021 ലെ ഡേറ്റ അടിസ്ഥാനമാക്കിയാണ്.
∙ ബംഗ്ലാദേശ്
എന്തായാലും എല്ലാ അയല്‍ രാജ്യക്കാര്‍ക്കും ഇന്ത്യയ്ക്കു ലഭിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട വേഗമല്ല ലഭിക്കുന്നത് എന്നത് ചിലര്‍ക്കെങ്കിലും ആശ്വാസമായേക്കും! ബംഗ്ലാദേശില്‍ ഡൗണ്‍ലോഡ് സ്പീഡ് ഇന്ത്യയിലേതിനേക്കാള്‍ അല്‍പം കുറവാണ്- 10.57 എംബിപിഎസ്. എന്നാല്‍, അപ്‌ലോഡ് വേഗം കൂടുതലുമാണ്- 7.19 എംബിപിഎസ്.
∙ അഫ്ഗാനിസ്ഥാന്‍
സാര്‍ക്ക് രാജ്യങ്ങളിലെ ഏറ്റവും പരിതാപകരമായ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗമുള്ള രാജ്യം അഫ്ഗാനസ്ഥാനാണ് എന്നാണ് ഊക്‌ല സാക്ഷ്യപ്പെടുത്തുന്നത്- 6.63 എംബിപിഎസ്. അപ്‌ലോഡ് വേഗവും കുറവാണ്- 3.33 എംബിപിഎസ്.
∙ ആമസോണിന്റെ പ്രവര്‍ത്തന വിശദാംശങ്ങള്‍ ആരാഞ്ഞ് ഇഡി
രാജ്യത്തെ മുൻനിര ഇകൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ പ്രവര്‍ത്തന വിശദാംശങ്ങള്‍ ആരാഞ്ഞ് എത്തിയിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഥവാ ഇഡി. ആമസോണില്‍ ചുരുക്കം ചില സെല്ലര്‍മാര്‍ക്ക് അമിത പ്രാധാന്യം നല്‍കിയിരുന്നു എന്ന റോയിട്ടേഴ്‌സ് വാര്‍ത്ത കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതുവഴി കമ്പനി ഇന്ത്യയുടെ എഫ്ഡിഐ നിയമങ്ങള്‍ പാലിക്കാതെ വളഞ്ഞവഴിയില്‍ തന്നിഷ്ടപ്രകാരം പ്രവർത്തിച്ചു എന്നായിരുന്നു വാര്‍ത്ത. വര്‍ഷങ്ങളായി ഇഡി ആമസോണിന്റെ പിന്നാലെയുണ്ട്. എന്നാല്‍, ഇഡിയുടെ അന്വേഷണങ്ങളെല്ലാം തന്നെ ഇങ്ങനെ വര്‍ഷങ്ങളെടുത്തു പൂര്‍ത്തിയാക്കുന്നവയാണെന്നും അവരുടെ കണ്ടെത്തലുകള്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിനു മുൻപ് പുറത്തുവിടാറില്ലെന്നും പറയുന്നു.
2012-2019 കാലഘട്ടത്തില്‍ ആമസോണില്‍ നിന്ന് ലഭിച്ച രേഖകളുടെ വെളിച്ചത്തിലായിരുന്നു റോയിട്ടേഴ്‌സ് വാര്‍ത്ത വന്നത്. തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് കൂടുതല്‍ വിശദാംശങ്ങള്‍ ആരാഞ്ഞെന്നും ഇഡി സമ്മതിച്ചു. തങ്ങള്‍ മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്നു തന്നെയാണ് പ്രവര്‍ത്തിച്ചുവരുന്നതെന്ന് ആമസോണ്‍ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സംഘടിത വിഭാഗങ്ങളിലൊന്നായ റീട്ടെയില്‍ വ്യാപാരികള്‍ വര്‍ഷങ്ങളായി ഉന്നയിച്ചു വരുന്ന ആവശ്യങ്ങളിലൊന്നാണ് ആമസോണിന്റെയും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ടിന്റെയും ഇന്ത്യയിലെ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്നത്.
∙ ബിഗ്ബാസ്‌കറ്റ് വാങ്ങാന്‍ ടാറ്റാ ഡിജിറ്റല്‍
ഇന്ത്യയിലെ പ്രധാന ഓണ്‍ലൈല്‍ പലചരക്കു വ്യാപാരസ്ഥാപനങ്ങളിലൊന്നായ ബിഗ്ബാസ്‌കറ്റ് വാങ്ങാനുള്ള അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് ടാറ്റാ ഡിജിറ്റല്‍. കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയ്ക്കു മുന്നിലാണ് അപേക്ഷ വച്ചിരിക്കുന്നത്. നിലവില്‍ ബിഗ്ബാസ്‌കറ്റിലെ ഒരു പ്രധാന ഓഹരിയുടമ ചൈനീസ് കമ്പനിയായ ആലിബാബയാണ്. അംഗീകാരം ലഭിച്ചാല്‍ ടാറ്റ ഡിജിറ്റല്‍, ആമസോണ്‍ ഇന്ത്യ, ഫ്‌ളിപ്കാര്‍ട്ട്, ജിയോമാര്‍ട്ട് തുടങ്ങിയ കമ്പനികളോട് നേരിട്ട് ഏറ്റുമുട്ടാന്‍ ടാറ്റാ ഡിജിറ്റലും എത്തും.
∙ ആപ്പിള്‍ ഹോംപോഡിന്റെ നിര്‍മാണം നിർത്തി
ആപ്പിളിന്റെ ആദ്യ സ്മാര്‍ട് സ്പീക്കറായ ഹോംപോഡിന്റെ നിര്‍മാണം ഔദ്യോഗികമായി നർത്തി. ഇപ്പോള്‍ വില്‍പനയ്ക്കു വച്ചിരിക്കുന്ന ഹോംപോഡുകള്‍ സ്‌റ്റോക്കുള്ളപ്പോള്‍ വാങ്ങാം. ഈ മോഡല്‍ 2018ല്‍ അവതരിപ്പിച്ചതാണ്. ആമസോണിന്റെയും ഗൂഗിളിന്റെയും സ്മാര്‍ട് സ്പീക്കറുകളോട് മത്സരിക്കാനാണ് ഇവ ഇറക്കിയത്. മികച്ച ശബ്ദമാണ് ഇവയ്ക്കെന്നാണ് പൊതുവെ വിലയിരുത്തുന്നതെങ്കിലും, ഇവയ്ക്ക് അദ്യമിട്ടിരുന്ന എംആര്‍പി 349 ഡോളര്‍ കൂടുതലാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഹോംപോഡ് 19,900 രൂപയ്ക്ക് ഇന്ത്യയില്‍ വാങ്ങാം. അതേസമയം, പിന്നീട് ഇറക്കിയ ഹോംപോഡ് മിനി നിര്‍മിക്കുന്നതും വില്‍ക്കുന്നതും ആപ്പിള്‍ തുടരും. ഹോംപോഡ് മിനിക്ക് 9,900 രൂപയാണ് വില.
∙ മൈക്രോസോഫ്റ്റ് എജിനും ഗൂഗിള്‍ ക്രോമിന്റേതു പോലെയുള്ള അപ്‌ഡേറ്റ്‌സ്
ഗൂഗിള്‍ ക്രോം നല്‍കുന്ന ഫീച്ചറുകളില്‍ പലതും മൈക്രോസോഫ്റ്റിന്റെ ബ്രൗസറായ എജില്‍ ഉള്‍ക്കൊള്ളിച്ചുകഴിഞ്ഞു. മിക്കവാറും എല്ലാ ആഡ്-ഓണുകളും ഇതില്‍ പ്രവര്‍ത്തിക്കും. വിന്‍ഡോസ് പിസികളില്‍ ക്രോമിനേക്കാള്‍ മികച്ച പ്രകടനം നടത്തുമെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. ഇനി അടുത്തതായി ക്രോമിനേപ്പോലെ നാല് ആഴ്ചയില്‍ ഒരു പുതിയ അപ്‌ഡേറ്റ് നല്‍കാന്‍ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. നാലാഴ്ചയില്‍ ഒരു പുതിയ അപ്‌ഡേറ്റ് എന്ന രീതി ആദ്യമായി കൊണ്ടുവന്നത് സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന മോസില ഫയര്‍ഫോക്‌സാണ്. ഫയര്‍ഫോക്‌സിനെ അനുകരിക്കുകയാണ് എജും ക്രോമും ചെയ്യുന്നതെന്ന് പറയുന്നു.
English Summary: 7 neighbouring countries that have ‘better or worse’ mobile internet speeds than India