സമൂഹ മാധ്യമ നിയമം: ഇന്ത്യയെ സമ്മര്‍ദ്ദത്തലാക്കി അമേരിക്ക; തിരിച്ചടിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ സഹായം തേടി കേന്ദ്രം
Mail This Article
ഇന്ത്യയിൽ സമൂഹ മാധ്യമങ്ങളെയും ഒടിടി പ്ലാറ്റ്‌ഫോമുകളെയും നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള നീക്കങ്ങൾക്കെതിരെ അമേരിക്ക രംഗത്ത്. പുതിയ നിയമങ്ങളെക്കുറിച്ചുള്ള നോട്ടിഫിക്കേഷന്‍ കേന്ദ്ര സർക്കാർ പുറത്തുവിട്ടതു മുതല്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് അമേരിക്ക. ഇതിനെതിരെ ഇന്ത്യ യൂറോപ്യന്‍ യൂണിയന്റെ സഹായം തേടിയിരിക്കുകയാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ് 2021ല്‍ അമേരിക്കന്‍ ടെക്‌നോളജി ഭീമന്മാരായ ഗൂഗിള്‍, ട്വിറ്റര്‍, ഫെയ്‌സ്ബുക് തുടങ്ങിയവയുടെ പ്രവര്‍ത്തനം നിയന്ത്രണത്തിലാക്കാനുള്ള ശ്രമമവും ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യയേക്കാള്‍ മുൻപെ അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ക്കെതിരെ അങ്കത്തിനിറങ്ങിയ യൂറോപ്യന്‍ യൂണിയന്റെ സഹായം തേടിയിരിക്കുകയാണിപ്പോള്‍ ഇന്ത്യ. കേന്ദ്രം ഇപ്പോള്‍ സാക്ഷാല്‍ മാർഗ്രത് വെസ്റ്റഗറിന്റെ (https://bit.ly/3sdUZpi) സഹായമാണ് തേടിയിരിക്കുന്നത്.
ഇന്ത്യയുടെ പുതിയ നിയമങ്ങള്‍ക്കെതിരെ ചില കമ്പനികൾ വാഷിങ്ടണില്‍ പരാതി നല്‍കുകയായിരുന്നു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഒഴിവാക്കണമെന്ന് തുടങ്ങിയ ആവശ്യങ്ങള്‍ പിൻവലിക്കണമെന്ന കാര്യത്തില്‍ ഇന്ത്യയെ അമേരിക്ക സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് കേള്‍ക്കുന്നത്. പ്രാദേശികമായി ഡേറ്റ സ്‌റ്റോർ ചെയ്യുന്നതിനെക്കുറിച്ചും, ഡേറ്റ പങ്കുവയ്ക്കുന്നതിനെക്കുറിച്ചുമെല്ലാം ഉള്ള നിയമങ്ങളും അമേരിക്കയ്ക്ക് ഇഷ്ടപ്പെട്ടിരിക്കാന്‍ ഇടയില്ലെന്നു പറയുന്നു. ഇതൊക്കെ നടപ്പാക്കാതിരുന്നാല്‍ ഇന്ത്യയെ ഇലക്ട്രോണിക് നിര്‍മാണത്തിന്റെ കേന്ദ്രമാക്കി മാറ്റാന്‍ സഹായിക്കാമെന്ന വാഗ്ദാനമാണ് അമേരിക്ക മുന്നോട്ടുവയ്ക്കുന്നത് എന്നാണ് ലഭ്യമായ വിവരം. ഏതെല്ലാം അമേരിക്കന്‍ കമ്പനികളാണ് പുതിയ നിയമങ്ങള്‍ക്കെതിരെ ഐടി മന്ത്രാലയത്തെ സമീപിച്ചതെന്ന കാര്യത്തെക്കുറിച്ച് മറുപടി നല്‍കിയില്ലെന്നും പറയുന്നു.
∙ പുലിയിറങ്ങുമോ?
എന്നാല്‍, അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് മൂക്കുകയറിടാന്‍ സഹകരണത്തോടെയുള്ള നീക്കമാണ് നല്ലതെന്ന തോന്നലുണ്ടായതിനാലാണ് വെസ്റ്റഗറെ ഇക്കാര്യത്തില്‍ ഇടപെടാന്‍ ക്ഷണിച്ചിരിക്കുന്നത്. 'യൂറോപ്യന്‍ കമ്മിഷന്‍ ഫോര്‍ എ യൂറോപ് ഫിറ്റ് ഫോര്‍ ദി ഡിജിറ്റല്‍ എയ്ജ്' എന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് വെസ്റ്റഗര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഏപ്രില്‍ 13-15 വരെ നടക്കുന്ന റയ്‌സിനാ ഡയലോഗ് (Raisina Dialogue 2021) എന്ന പരിപാടിയില്‍ സംസാരിക്കാനാണ് വെസ്റ്റഗറെ ക്ഷണിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി വമ്പന്‍ ടെക്‌നോളജി കമ്പനികളുടെ അധിനിവേശത്തിനെതിരെ പോരാടി വരുന്ന വെസ്റ്റഗര്‍ കഴിഞ്ഞ വര്‍ഷം കമ്പനികളുടെ പ്രവര്‍ത്തനത്തിനെതിരെ രണ്ടു കരടു നിയമങ്ങള്‍ പുറത്തിറക്കിയിരുന്നു. വെസ്റ്റഗറെ കൂടാതെ, ടെക്‌നോളജി കമ്പനികള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന നെതര്‍ലൻഡ്സിലെ സ്റ്റാന്‍ഫെഡ് യൂണിവേഴ്‌സിറ്റിയിലെ മാരിറ്റ്‌ജെ സാക്കെയും (Marietje Schaake) റയ്‌സിനാ ഡയലോഗില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. മാരിറ്റ്‌ജെ കഴിഞ്ഞ വര്‍ഷത്തെ സമ്മേളനത്തില്‍ പങ്കെടുത്തയാളുമാണ്. ടെക്‌നോളജി കമ്പനികള്‍ എന്താണ് ചെയ്യുന്നത് എന്നുള്ളതില്‍ ഒരു സുതാര്യതയും ഇല്ലെന്ന് തുറന്നു വിമര്‍ശിക്കാനുള്ള ധൈര്യം കാണിച്ചിട്ടുള്ളയാളാണ് മാരിറ്റ്‌ജെ. ടെക്‌നോളജി കമ്പനികള്‍ ജനാധിപത്യത്തിനോ, മനുഷ്യാവകാശത്തിനോ വേണ്ടി നിലകൊള്ളുന്നവയല്ലെന്നു തുറന്നടിച്ചയാളുമാണ് മാരിറ്റ്‌ജെ. അവ പണത്തിന് മാത്രം ഉണ്ടാക്കിവിട്ടിരിക്കുന്നവയാണെന്നും മാരിറ്റ്‌ജെ വിമര്‍ശിക്കുന്നു.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ പുതിയ നിയമങ്ങള്‍ അനുസരിക്കണമെന്ന സന്ദേശം നല്‍കാനാണ് കേന്ദ്രം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, ലോകമെമ്പാടും വേരാഴ്ത്തിയ ടെക് കമ്പനികളെ പിഴുതുകളയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന തിരിച്ചറിവിലാണ് കേന്ദ്രമിപ്പോള്‍. അതേസമയം, കേന്ദ്ര സർക്കാർ കൊണ്ടുവരാനിരിക്കുന്ന നിയമം സംസാര സ്വാതന്ത്ര്യത്തിനെതിരെയാണോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. എന്തായാലും, കേന്ദ്രം അതിന്റെ നിലപാടില്‍ നിന്ന് അല്‍പം പിന്നോട്ടു പോയി എന്ന തോന്നലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
∙ പുതിയ സ്വകാര്യതാ നയം പുനരവലോകനം ചെയ്യാന്‍ വാട്‌സാപ്പിനോട് ആവശ്യപ്പെട്ടു
അതേസമയം, പുതിയ സ്വകാര്യതാ നയം നടപ്പിലാക്കാന്‍ ഇറങ്ങിയിരിക്കുന്ന വാട്‌സാപ്പിനോട് നയം പുനരവലോകനം ചെയ്യാന്‍ ആവശ്യപ്പെട്ടതായി കേന്ദ്ര ഐടി സഹ മന്ത്രി സഞ്ജയ് ധോത്രെ അറിയിച്ചു. മെയ് 15ന് മുൻപ് പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ട് കളയുമെന്നാണ് വാട്‌സാപ് അറിയിച്ചിരിക്കുന്നത്. പുതിയ നയത്തിനെതിരെ ലോകമെമ്പാടും കടുത്ത പ്രതിഷേധങ്ങളാണ് നടക്കുന്നത്. എന്നാൽ, യൂറോപ്പില്‍ മാത്രം പുതിയ നയം അംഗീകരിക്കാത്തവര്‍ക്കും അക്കൗണ്ട് നിലനിര്‍ത്താമെന്നാണ് അറിയുന്നത്. ഇത് യൂറോപ്യന്‍ യൂണിയന്‍ നേരത്ത ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമാകാമെന്നും റിപ്പോർട്ടുകളുണ്ട്.
∙ എം1 പ്രോസസറുള്ള ഐപാഡ് പ്രോ ആപ്പിള്‍ അവതരിപ്പിച്ചേക്കും
ആപ്പിള്‍ ലാപ്‌ടോപ്പുകള്‍ക്ക് ഇറക്കിയ എം1 പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഐപാഡ് പ്രോ പുറത്തിറക്കിയേക്കാമെന്നു അഭ്യൂഹങ്ങള്‍ പറയുന്നു. അടുത്ത മാസം ഇറക്കിയേക്കുമെന്നു കേള്‍ക്കുന്ന ഐപാഡുകള്‍ ഈ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്നവയായേക്കാം. തണ്ടര്‍ബോള്‍ട്ട് കണക്ടറുകള്‍, മിനി എല്‍ഇഡി ഡിസ്‌പ്ലെ തുടങ്ങിയവയും ഉള്‍പ്പെടുത്തിയേക്കും.
∙ ആദ്യ മിനി-എല്‍ഇഡി മാക്ബുക്ക് എയര്‍ 2022ല്‍
ആപ്പിളിന്റെ കംപ്യൂട്ടിങ് ഉപകരണങ്ങളുടെ ഡിസ്‌പ്ലെ മൈക്രോ എല്‍ഇഡിയിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണെന്നു പറയുന്നു. ഈ വര്‍ഷം ഇറങ്ങാനിരിക്കുന്ന ഐപാഡ് പ്രോ മോഡലിലില്‍ പുതിയ ടെക്‌നോളജി കാണാനാകും. എന്നാല്‍, പുതിയ ടെക്‌നോളജി ഉപയോഗിച്ചുള്ള മാക്ബുക്ക് എയറും അടുത്ത വര്‍ഷം ഇറക്കിയേക്കുമെന്നാണ് പുതിയ അഭ്യൂഹങ്ങള്‍. നിലവിലുള്ള എല്‍സിഡി, ഓലെഡ് സാങ്കേതികവിദ്യകളെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം മിനി എല്‍ഇഡി നടത്തുമെന്നാണ് കരുതുന്നത്. മികച്ച കറുപ്പു നിറവും, മെച്ചപ്പെട്ട കോണ്‍ട്രാസ്റ്റും, ബ്രൈറ്റ്‌നസും നല്‍കുന്നതായിരിക്കും മിനി എന്‍ഇഡി ടെക്‌നോളജി.
∙ ഐഫോണ്‍ ചാര്‍ജിങ്ങിനെ പരിഹസിച്ച് വണ്‍പ്ലസ്
ഒരു സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് മറ്റൊന്നിനെ കളിയാക്കുന്നതില്‍ പുതുമയൊന്നുമില്ല. താരതമ്യേന മികച്ച ഫോണുകള്‍ വില്‍ക്കുന്നുവെന്നു കരുതപ്പെടുന്ന വണ്‍പ്ലസ് ആണ് ഐഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്ന ചാര്‍ജിങ് ടെക്‌നോളജിയെ കളിയാക്കി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. വയര്‍ലെസ് ചാര്‍ജിങ്ങില്‍ തങ്ങള്‍ കൈവരിച്ചിരിക്കുന്ന മികവാണ് വണ്‍പ്ലസ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ട്വീറ്റ് ഇവിടെ കാണാം: https://bit.ly/3bZU8mu
English Summary: Govt seeks EU support to fight US pushback against IT rules