ADVERTISEMENT

ന്യൂഡൽഹി ∙കോവിഡും ലോക്ഡൗണും രാജ്യത്തെ ഡിജിറ്റൽ പശ്ചാത്തലം മാറ്റിയെന്നും കൂടുതൽപേർ ഇന്റർനെറ്റ് സഹായത്തോടെ  വിവിധ മേഖലകളിൽ സജീവമായെന്നും ഗൂഗിൾ. കഴിഞ്ഞ വർഷം ഇന്ത്യക്കാർ ഇന്റർനെറ്റിൽ തിരക്കിയ ചോദ്യങ്ങളിൽ 50 ശതമാനത്തിലേറെയും എന്തുകൊണ്ട്(why) എന്നു തുടങ്ങുന്നത് ആയിരുന്നെന്നും ഗൂഗിളിന്റെ ‘ഇയർ ഇൻ സേർച് 2020’ ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. ശബ്ദം, വിഡിയോ, പ്രാദേശിക ഭാഷ (വോയ്സ്, വിഡിയോ, റീജനൽ ലാംഗ്വേജ്) എന്നിവ ഉപയോഗിക്കുന്നവർ വർധിച്ചു. വോയ്സ് സേർച് കൂടിയെന്നും യുട്യൂബിൽ വിഡിയോ കാണുന്നവർ ഇരട്ടിയായി എന്നും പ്രാദേശിക ഭാഷകളിലെ സാന്നിധ്യം വർധിച്ചെന്നുമാണു റിപ്പോർട്ട്.

ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട തിരച്ചിലുകൾ മുൻപില്ലാത്തവിധം വർധിച്ചു. പ്രാദേശിക വിവരങ്ങൾ, പ്രാദേശിക ഭാഷയിൽ തിരക്കുന്നവരായി കൂടുതൽപേരും. ഗൂഗിൾ ട്രാൻസ്‌ലേറ്റിന്റെ സഹായത്തോടെ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ചെറുനഗരങ്ങളിൽ വർധിച്ചു. ഓവർ ദി ടോപ്(ഒടിടി) പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട തിരച്ചിൽ മെട്രോ നഗരങ്ങളെക്കാൾ 1.5% കൂടുതലായിരുന്നു ചെറുകിട, ഇടത്തരം നഗരങ്ങളിലെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ 90% ഉപയോക്താക്കളും ഇന്ത്യൻ ഭാഷകളിലെ യുട്യൂബ് വിഡിയോകൾ കാണാനാണു താൽപര്യപ്പെട്ടത്. ഇന്ത്യൻ ഭാഷകളിലേക്കു പരിഭാഷപ്പെടുത്താൻ 17 ബില്യൻ(1700 കോടി) തവണയാണു ഗൂഗിൾ ട്രാൻസ്‌ലേറ്റിന്റെ സഹായം ഉപയോഗിച്ചത്. ഗൂഗിൾ അസിസ്റ്റന്റ് സഹായം ഉപയോഗിക്കുന്ന മൂന്നിൽ ഒന്നു പേരും പ്രാദേശിക ഭാഷയാണ് ഉപയോഗിക്കുന്നതെന്നും  റിപ്പോർട്ടിലുണ്ട്.

വിവിധ സേർച്ചുകളിൽ വന്ന വർധന

∙ വീടുകളിൽ ഇരുന്നു ചെയ്യാൻ സാധിക്കുന്ന ജോലി– 160%

∙ ഐപിഎൽ– 100%

∙ ലോക്കൽ ന്യൂസ്– 80%

∙ മൊബൈൽ ആപ്ലിക്കേഷൻ എങ്ങനെ നിർമിക്കാം– 79%

∙ ഓൺലൈൻ ജോലികൾ– 52%

∙ ഓൺലൈൻ ബിസിനസ്– 40%

∙ സെക്കൻ‍ഡ് ഹാൻഡ് കാർ എന്ന കീവേഡിന്റെ തിരച്ചിൽ 30% വർധിച്ചപ്പോൾ

∙ സെക്കൻഡ് ഹാൻഡ് ലാപ്ടോപ്പുകൾക്കു വേണ്ടിയുള്ള അന്വേഷണം വർധിച്ചത് 64%.

∙ ഓൺലൈൻ സ്റ്റോർ എന്ന വാക്കിന്റെ തിരച്ചിൽ 45% വർധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com