ADVERTISEMENT

കൊട്ടിഘോഷിച്ചെത്തിയ ഈ വര്‍ഷത്തെ വണ്‍പ്ലസ് 9 സീരീസിന്റെ പ്രചാരണത്തിനായി ഐഫോണ്‍ ഉപയോഗിച്ചുവെന്നത് വണ്‍പ്ലസിനെ കുറച്ചൊന്നുമല്ല നാണംകെടുത്തിയിരിക്കുന്നത്. വണ്‍പ്ലസ് ഇന്ത്യയാണ് ഇപ്പോള്‍ കമ്പനിയെ നാണംകെടുത്തിയത്. അഭിഷേക് യാദവ് എന്ന വ്യക്തിയാണ് വണ്‍പ്ലസ് ജീവനക്കാരന്റെ മണ്ടത്തരം കൈയ്യോടെ പിടികൂടി പുറത്തറിയിച്ചത്. 

വണ്‍പ്ലസിന്റെ സമൂഹ മാധ്യമ ടീം തെറ്റ് കണ്ടെത്തി അതിവേഗം നീക്കംചെയ്തുവെങ്കിലും അതിനുമുൻപ് അഭിഷേക് എടുത്ത സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഫോണ്‍ പുറത്തിറക്കുന്നതിനു മുൻപ് നല്‍കിയ പരസ്യങ്ങളിലൊന്ന് ആപ്പിളിനെ കളിയാക്കുന്നതായിരുന്നു എന്നതും വണ്‍പ്ലസിന്റെ നാണക്കേട് വര്‍ധിപ്പിക്കും. 

 

oneplus-iphone

വൺപ്ലസ് 9 പ്രോയ്ക്ക് ഐഫോണിനെ തോല്‍പ്പിക്കുന്ന തരത്തിലുള്ള വയര്‍ലെസ് ചാര്‍ജിങ് ശേഷിയുണ്ടെന്നായിരുന്നു പരസ്യത്തില്‍ കമ്പനി വീമ്പിളക്കിയത്. വണ്‍പ്ലസ് വയര്‍ലെസായി 43 മിനിറ്റിനുള്ളില്‍ പുജ്യത്തില്‍ നിന്ന് ഫുള്‍ ചാര്‍ജ് ആയപ്പോള്‍ ലേറ്റ്‌നിങ് കേബിള്‍ ഉപയോഗിച്ചു ചാര്‍ജു ചെയ്ത ഐഫോണ്‍ 72 ശതമാനം എത്തിയൊള്ളു എന്നതായിരുന്നു പരിഹാസം. ഇതെല്ലാം കഴിഞ്ഞാണ് ഒരു ജീവനക്കാരന്‍ വണ്‍പ്ലസ് 9 സീരീസിനുള്ള പരസ്യം തന്റെ ഐഫോണിലെ ട്വിറ്റര്‍ ആപ്പില്‍ നിന്ന് പോസ്റ്റ് ചെയ്തത്.

 

∙ നിര്‍ണായക നീക്കവുമായി ഇന്ത്യ, ഡിസ്‌പ്ലേ നിര്‍മാണം പ്രോത്സാഹിപ്പിക്കും

 

സ്മാര്‍ട് ഫോൺ, ടിവി, മോണിട്ടർ എന്നിവ നിർമിക്കാനുള്ള വസ്തുക്കളുടെ വിലയുടെ 25-50 ശതമാനവും വരുന്നത് അവയുടെ ഡിസ്‌പ്ലേയ്ക്കു വേണ്ടിയാണ്. ഇക്കാര്യം തിരിച്ചറിഞ്ഞ ഇന്ത്യ രാജ്യത്ത് ഡിസ്‌പ്ലേ നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചു. അത്തരം പ്ലാന്റ് സ്ഥാപിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ അറിയിക്കാന്‍ (expressions of interest) അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മുന്നോട്ടു വരുന്ന കമ്പനികള്‍ക്ക് ഇളവുകൾ നല്‍കും. സ്മാര്‍ട് ഫോണുകളുടെ നിര്‍മാണത്തിനു വേണ്ട ഘടകഭാഗങ്ങള്‍ വാങ്ങാന്‍ ചെലവിടുന്ന തുകയുടെ 25 ശതമാനവും എല്‍സിഡി, എല്‍ഇഡി ടിവികളുടെ നിര്‍മാണ സാമഗ്രികളുടെ വിലയുടെ 50 ശതമാനവും ഡിസ്‌പ്ലേകള്‍ക്കാണ് നല്‍കുന്നതെന്ന് മന്ത്രാലയം പറഞ്ഞു. കൂടാതെ ആഗോള ഡിസ്‌പ്ലേ വിപണിയുടെ നിലവിലെ മൂല്യം ഏകദേശം 700 കോടി ഡോളറാണെന്നും ഇത് 2025ല്‍ 1500 കോടി ഡോളറാകുമെന്നും മന്ത്രാലയം പറയുന്നു. ഇന്ത്യയ്ക്ക് വേണ്ട ഡിസ്പ്ലേകൾ ഇപ്പോൾ പരിപൂര്‍ണമായും ഇറക്കുമതി ചെയ്യുകയാണ്.

 

രാജ്യത്തെ ഇലക്ട്രോണിക്‌സ് നിര്‍മാണ മേഖല നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണിത്. എല്‍സിഡി, ഓലെഡ്, അമോലെഡ്, ക്യൂലെഡ് ഡിസ്‌പ്ലെ നിര്‍മാണശാലകള്‍ നിര്‍മിക്കാന്‍ താത്പര്യമുള്ള കമ്പനികള്‍ ഏപ്രില്‍ 30ന് മുൻപായി അപേക്ഷ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏതു സ്ഥലമാണ് താത്പര്യമെന്നതു കൂടാതെ എന്തുമാത്രം വെള്ളം, വൈദ്യുതി എന്നിവ വേണ്ടിവരും എന്നതിനെക്കുറിച്ചും അപേക്ഷയില്‍ കാണിക്കണമെന്ന് മന്ത്രാലയം ഇറക്കിയ കുറിപ്പില്‍ പറയുന്നു. ഒരു മാസം എന്തുമാത്രം പാനലാണ് നിര്‍മിച്ചിറക്കാന്‍ ഉദ്ദേശിക്കുന്നതെന്നതും എത്ര തുകയാണ് പുതിയ പ്ലാന്റിനായി നിക്ഷേപമിറക്കാന്‍ ഉദ്ദേശിക്കുന്നത് തുടങ്ങി വിശദാംശങ്ങളും സമര്‍പ്പിക്കണം.

 

∙ ഫെയ്‌സ്ബുക്കിന്റെ സിലിക്കന്‍ വാലി ഓഫിസുകള്‍ മെയ് മുതല്‍ തുറന്നേക്കും

 

ഫെയ്‌സ്ബുക് തങ്ങളുടെ ബേ ഏരിയയിലുള്ള ഓഫിസ് മെയ് മാസം മുതല്‍ തുറന്നേക്കും. പക്ഷേ,10 ശതമാനം മാത്രമായിരിക്കും ജോലിക്കാര്‍ എത്തുക.

 

∙ ടെസ്‌ലയുടെ ചൈനീസ് എതിരാളി നിയോ കാര്‍ നിര്‍മാണം നിർത്തിവച്ചു

 

ടെസ്‌ലയുടെ ചൈനീസ് എതിരാളിയായ നിയോ തത്കാലത്തേക്ക് ഇലക്ട്രിക് കാര്‍ നിര്‍മാണം നിർത്തിവച്ചു. ചിപ്പുകളുടെ ദൗർലഭ്യമാണ് ഇതിനു കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

∙ ഹോളി തീമിലുള്ള അവതാറുകളുമായി ഫെയ്‌സ്ബുക്

 

മാര്‍ച്ച് 29ന് ഹോളി ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ആവേശംപകരാന്‍ ഫെയ്‌സ്ബുക് ഹോളി തീമുകളിലുള്ള അവതാറുകള്‍ അവതരിപ്പിച്ചു. ഇവ സ്മാര്‍ട് ഫോണ്‍ ആപ്പുകള്‍ വഴി ലഭിക്കും.

 

∙ മുന്‍ ഗൂഗിള്‍ മേധാവി ശാസ്ത്ര ഗവേഷണത്തിന് 150 ദശലക്ഷം ഡോളര്‍ നല്‍കി

 

മുന്‍ ഗൂഗിള്‍ മേധാവി എറിക് സ്മിഡ്റ്റും ഭാര്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും, ബയോളജിയുടെയും മേഖലയില്‍ ഗവേഷണത്തിനായി 150 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്തു. ബയോളജി മേഖലയില്‍ പുതിയ യുഗം തുറക്കട്ടെയെന്ന് അവര്‍ ആശംസിച്ചു. എംഐടിയിലെയും ഹാര്‍വര്‍ഡിലെയും ഗവേഷണ ശാലകള്‍ക്കായിരിക്കും ഇത് ഗുണംചെയ്യുക.

 

∙ ക്ലബ്ഹൗസിനെ എതിരിടാന്‍ ഫെയ്‌സ്ബുക്

 

ഓഡിയോ മാത്രമുള്ള സമൂഹ മാധ്യമ ആപ്പായ ക്ലബ്ഹൗസ് തരംഗമായി മാറിയിരുന്നല്ലോ. ഇതിന്റെ ഫീച്ചറുകള്‍ തന്റെ അധീനതയിലുള്ള ആപ്പുകളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ് ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഈ ഫീച്ചര്‍ ഫെയ്‌സ്ബുക്കിന്റെ മെസഞ്ചര്‍ റൂംസിലായിരിക്കും നല്‍കുക. മെസഞ്ചര്‍ റൂംസിന്റെ ആന്‍ഡ്രോയിഡ് ആപ് കോഡില്‍ വരുത്തിയ മാറ്റമാണ് ഇതിന്റെ മുന്നോടിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

 

∙ യൂറോപ്പില്‍ 5ജി കൊണ്ടുവരാന്‍ 355 ബില്ല്യന്‍ ഡോളര്‍ വേണമെന്ന്

 

യൂറോപ്പിലെ 27 രാജ്യങ്ങളില്‍ അതിവേഗ 5ജി എത്തിക്കാന്‍ 300 ബില്ല്യന്‍ യൂറോ അല്ലെങ്കില്‍ 355 ബില്ല്യന്‍ ഡോളര്‍ വേണ്ടിവരുമെന്ന് കണക്കുകള്‍. ഇയു ടെലികോം സേവനദാതാക്കള്‍ 5ജിക്കായി നിക്ഷേപമിറക്കാന്‍ വലിയ താത്പര്യം കാണിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

English Summary: When OnePlus used an iPhone to promote its latest smartphone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com