ബിറ്റ്‌കോയിന്‍ തട്ടിപ്പുകാരന് 4147.53 കോടി നല്‍കണമെന്ന് യുഎസ് കോടതി, പ്രതി യുകെയില്‍ കാണാമറയത്തും
Mail This Article
ബ്രിട്ടനിലെവിടെയോ ഇരുന്ന് 20,000 ലേറെ ബിറ്റ്‌കോയിനുകൾ തട്ടിയെടുത്തയാൾ 571 ദശലക്ഷം ഡോളര്‍ ( ഏകദേശം 4147.53 കോടി രൂപ) പിഴ നൽകണമെന്ന് അമേരിക്കന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍, തട്ടിപ്പുകാരൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണെന്നാണ് റിപ്പോർട്ട്. ബെഞ്ചമിന്‍ റെണള്‍ഡ്‌സ് എന്ന് സ്വയംവിശേഷിപ്പിക്കുന്ന തട്ടിപ്പുകാരനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 2017 മെയ് മുതൽ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇടപാടുകളെല്ലാം ഓണ്‍ലൈൻ വഴിയായിരുന്നു. ബിറ്റ്‌കോയിന്‍ ഉടമകള്‍ക്ക് കൂടുതല്‍ ലാഭമുണ്ടാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് അവരുടെ കയ്യിലുള്ള ബിറ്റ്‌കോയിന്‍ വാങ്ങി മുങ്ങുകയായിരുന്നു. അമേരിക്കയിലെ മാന്‍ഹട്ടനിലെ ഫെഡറല്‍ കോടതിയാണ് ബെഞ്ചമിന്‍ പിഴയൊടുക്കണമെന്ന ഉത്തരവിറക്കിയത്.
വെര്‍ച്വല്‍ കറന്‍സി വിപണികളില്‍ ബിറ്റ്‌കോയിന്‍ കച്ചവടം നടത്തി കൂടുതൽ ലാഭമുണ്ടാക്കാമെന്നാണ് ഇരകളെ ബെഞ്ചമിൻ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍, ഇയാള്‍ ഒരു കച്ചവടവും നടത്തിയിട്ടില്ലെന്നാണ് കോടതി കണ്ടെത്തിയത്. സംഭവം നടക്കുന്ന 2017ല്‍ ഏകദേശം 143 ദശലക്ഷം ഡോളർ മൂല്യം വരുന്ന ബിറ്റ്‌കോയിനാണ് പ്രതി തട്ടിയെടുത്തത്. ഇപ്പോള്‍ ഇത്രയും കോയിന്‍ വിറ്റാല്‍ കിട്ടുന്നത് 1.22 ബില്ല്യന്‍ ഡോളറുമാണ്! ആഗോളതലത്തില്‍ ആയിരത്തിലേറെ പേരെ ഇയാള്‍ തട്ടിപ്പിനിരയാക്കി. ഇവരില്‍ 170 പേർ അമേരിക്കയില്‍ താമസിക്കുന്നവരാണ്.
കോടതി വിധിയും മറ്റുമെല്ലാം ശരിയാണെങ്കിലും അമേരിക്കന്‍ അധികാരികള്‍ക്ക് ഈ ബെഞ്ചമിന്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല എന്നതാണ് ഏറ്റവും വലിയ തമാശ. വിരുതന്‍ മൊത്തം 22,190.542 ബിറ്റ്‌കോയിന്‍ തട്ടിച്ചെടുത്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടനിലെ റെക്കോഡുകള്‍ പ്രകാരം ഇയാളുടെ ഓഫിസ് കെട്ടിടം മാഞ്ചസ്റ്ററിലാണ് കാണിച്ചിരിക്കുന്നത്. തന്റെ ജനന തിയതി 1983 ആണെന്നും ബെഞ്ചമിന്റെ റെക്കോഡുകളില്‍ ചേര്‍ത്തിരിക്കുന്നു. കമ്പനിയുടെ ഏക ഡയറക്ടറും ബെഞ്ചമിനാണ്. 2017 ഒക്ടോബര്‍ വരെ ബിറ്റ്‌കോയിന്‍ കൈവശംവച്ച ശേഷം ലാഭമടക്കം തിരിച്ചു നല്‍കാമെന്നാണ് ആയിരത്തിലേറെ പേരെ ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചത്. ഇയാളുടെ കമ്പനിയായ കണ്ട്രോള്‍-ഫൈനാന്‍സ് ലിമിറ്റഡ് 2018 ഫെബ്രുവരിയില്‍ നിർത്തിയതായും ബ്രിട്ടനില്‍ നിന്നുള്ള രേഖകള്‍ കാണിക്കുന്നു. എന്തായാലും കോടതി പറഞ്ഞിരിക്കുന്നത് ഉടനടി പണം അടച്ചില്ലെങ്കില്‍ പലിശ വര്‍ധിച്ചുകൊണ്ടിരിക്കുമെന്നാണ്.
∙ സിസ്റ്റം അപ്ഡേറ്റായി ഭാവിച്ച് ആന്‍ഡ്രോയിഡ് ഫോണുകളെ ആക്രമിക്കാന്‍ മാല്‍വെയര്‍
ആന്‍ഡ്രോയിഡ് സിസ്റ്റം അപ്ഡേറ്റായി ഭാവിച്ച് ഫോണുകളെ ആക്രമിക്കാനൊരു മാല്‍വെയര്‍ ഇറങ്ങിയിട്ടുണ്ടെന്ന് സുരക്ഷാ ഗവേഷകര്‍ കണ്ടെത്തി. ആക്രമണം അതിശക്തമായേക്കാനുള്ള കാരണം അത് സിസ്റ്റം അപ്‌ഡേറ്റായി ഭാവിക്കുന്നു എന്നതാണ്. ഇത് ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ ഉപയോക്താവിന്റെ ഫോട്ടോകളും മറ്റും അടക്കമുള്ള ഡേറ്റ എടുക്കും. ഫോണ്‍കോളുകള്‍ റെക്കോഡു ചെയ്യും, വാട്‌സാപ് സന്ദേശങ്ങള്‍, ഇസ്റ്റന്റ് മെസഞ്ചര്‍ സന്ദേശങ്ങള്‍, എസ്എംഎസ് സന്ദേശങ്ങള്‍ ബ്രൗസറിലെ ബുക്ക്മാര്‍ക്കുകള്‍, ജിപിഎസ് ലൊക്കേഷന്‍ എന്നുവേണ്ട എല്ലാത്തരം ഡേറ്റയും കടത്താന്‍ സജ്ജമാണ് ഈ മാല്‍വെയര്‍ എന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍, ഭാഗ്യവശാല്‍ ആപ്പിന് ഇതുവരെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കടന്നുകൂടാന്‍ സാധിച്ചിട്ടില്ല. എന്നുപറഞ്ഞാല്‍, പ്ലേ സ്റ്റോറില്‍ നിന്ന് അല്ലാതെ ആപ്പുകള്‍ ഡൗണ്‍ലോഡു ചെയ്യുന്നവര്‍ മാത്രം ഇപ്പോള്‍ ഇതിനെ പേടിച്ചാല്‍ മതി. അതിനാല്‍ തന്നെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ പ്ലേ സ്റ്റോറില്‍ നിന്നു മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് സുരക്ഷാവിദഗ്ധര്‍ ഓര്‍മപ്പെടുത്തുന്നു.
∙ ഈ വര്‍ഷം കറുത്ത നിറത്തിലുള്ള ഐഫോണും
കറുപ്പു നിറം തോന്നിപ്പിക്കുന്ന ഒരു ഐഫോണ്‍ ഈ വര്‍ഷം ആപ്പിള്‍ പുറത്തെടുത്തേക്കുമെന്നു പറയുന്നു. ഐഫോണ്‍ 13 സീരീസിലായിരിക്കും ഈ മോഡല്‍ ഉണ്ടാകുക.
∙ ഇന്ത്യയില്‍ ഓഡിയോ സ്ട്രീമിങ് താത്പര്യക്കാര്‍ വര്‍ധിക്കുന്നു
സ്ട്രീമിങ്ങിന്റെ രാജാവ് യുട്യൂബ് ആണെങ്കിലും, ഓഡിയോ സ്ട്രീമിങ്ങിനും ഇപ്പോള്‍ കേള്‍വിക്കാര്‍ വര്‍ധിച്ചുവരികയാണ് ഇന്ത്യയിലെന്ന് സര്‍വെ പറയുന്നു. ഓഡിയോ സ്ട്രീമിങ് ആപ്പായ സ്‌പോട്ടിഫൈ ആണ് യുട്യൂബ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന സേവനം. ഗാന ആണ് മൂന്നാം സ്ഥാനത്തെങ്കില്‍ ജിയോ സാവന്‍ നാലാം സ്ഥാനത്തുമുണ്ട്. പോഡ്കാസ്റ്റുകള്‍ക്കും കേള്‍വിക്കാര്‍ കൂടിയിരിക്കുന്നു. ഇതെല്ലാം കൂടുതല്‍ ഓഡിയോ കണ്ടെന്റ് സൃഷ്ടിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുമെന്നു കരുതുന്നു.
∙ ഇന്ത്യയുടെ ഓണ്‍ലൈന്‍ സ്മാര്‍ട് ഫോണ്‍ വിപണിക്ക് കഴിഞ്ഞ വര്‍ഷം 7 ശതമാനം വളര്‍ച്ച
ഇന്ത്യയില്‍ 2020യില്‍ വിറ്റ സ്മാര്‍ട് ഫോണുകളില്‍ 45 ശതമാനവും ഓണ്‍ലൈന്‍ വഴിയായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 7 ശതമാനം വളര്‍ച്ചയാണിത് കാണിക്കുന്നത്. വില്‍പനയില്‍ ഫ്‌ളിപ്കാര്‍ട്ടാണ് മുന്നില്‍- 48 ശതമാനവും അവരാണ് വിറ്റിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ആമസോണ്‍ 44 ശതമാനം ഫോണുകള്‍ വിറ്റിരിക്കുന്നു. ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡ് ഷഓമിയാണ്. വിപണിയുടെ 40 ശതമാനവും അവര്‍ കൈവശപ്പെടുത്തി. സാംസങാണ് രണ്ടാം സ്ഥാനത്ത്. അവര്‍ക്ക് 19 ശതമാനം വില്‍പന നടത്താനാണ് സാധിച്ചത്. റിയല്‍മിയും സാംസങ്ങിന് പിന്നാലെ റിയല്‍മിയുമുണ്ട്.
∙ ടെന്‍സന്റിന് 28 ശതമാനം വരുമാന വളര്‍ച്ച
ഇത് ടെക്‌നോളജി കമ്പനികളുടെ കാലമാണ്. ലോകമെമ്പാടും ടെക്‌നോളജി കമ്പനികള്‍ക്ക് കഴിഞ്ഞ വര്‍ഷം വന്‍ കുതിപ്പു നടത്താൻ സാധിച്ചു. ചൈനയില്‍ സർക്കാർ എതിരായത് ടെക്‌നോളജി കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയായി. ചൈനയിലെ ടെക്‌നോളജി ഭീമന്മാരായ ആലിബാബയ്ക്കും ടെന്‍സന്റിനും അത് ക്ഷതമേല്‍പ്പിച്ചേക്കുമെന്നാണ് കരുതിവന്നത്. എന്നാല്‍, ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന കണക്കു പ്രകാരം ടെന്‍സന്റിന് കഴിഞ്ഞവര്‍ഷം 28 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.
English Summary: U.S. Court orders British man to pay more than $571 million over bitcoin fraud