ADVERTISEMENT

ഭൂമി ഉരുണ്ടതാണെന്ന് പഠിക്കുന്ന സമയത്ത് ചിലര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാകുന്ന ഒരു കുസൃതിച്ചിന്തയുണ്ട് - നാം നില്‍ക്കുന്നിടത്തു നിന്ന് കുഴിച്ചാല്‍ ഭൂമിയുടെ മറുവശത്ത് എത്തിക്കൂടെ എന്ന്? എന്നാല്‍, ഭൂമിയുടെ അന്തര്‍ഭാഗത്തെക്കുറിച്ചു പഠിച്ചു കഴിയുമ്പോള്‍ ആ നീക്കം നടക്കില്ലെന്നു മനസ്സിലാകും. എന്നാല്‍, ചരിത്രത്തിലാദ്യമായി നില്‍ക്കുന്നിടത്തുനിന്ന് അത്തരത്തിലൊരു തുരന്നു പോക്ക് വെർച്വലായി സാധ്യമാക്കിയിരിക്കുകയാണ് ടെക്‌നോളജി ഭീമന്‍ ഗൂഗിള്‍. ഈ എആര്‍, വിആര്‍ പരീക്ഷണത്തിനു ഗൂഗിള്‍ നല്‍കിയിരിക്കുന്ന പേരാണ് ഫ്‌ളൂം. കിളയ്ക്കുകയോ കുഴിക്കുകയോ പോലും വേണ്ടാതെ നില്‍ക്കുന്നതിനു നേരെ എതിര്‍ ഭാഗം കാണിച്ചുതരുന്ന മാജിക്കാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. പക്ഷേ, ഇപ്പോള്‍ ഇതു കാണണമെങ്കില്‍ ചില കാര്യങ്ങള്‍ കൂടിയേ തീരൂ. ആന്‍ഡ്രോയിഡ് ഫോൺ, ഗൂഗിൾ ക്രോം ബ്രൗസർ, ഗൂഗിൾ എർത്ത് ആപ് തുടങ്ങി സംവിധാനങ്ങളെല്ലാം കൈവശമുള്ളവരാണെങ്കിൽ തുടര്‍ന്നു വായിക്കാം.

 

ഇത്രയും ഉണ്ടെങ്കില്‍ ആന്‍ഡ്രോയിഡിലെ ക്രോം ബ്രൗസറില്‍ ഈ വെബ്‌സൈറ്റ് തുറക്കുക- https://floom.withgoogle.com/. (ഇത് ഐഫോണില്‍ പ്രവര്‍ത്തിക്കില്ല. ക്ഷമിക്കുക! കാണണമെങ്കില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ സംഘടിപ്പിക്കണം.) വെബ്‌സൈറ്റ് തുറന്നു കഴിഞ്ഞല്‍ പിന്നെ ഫോണിന്റെ ക്യാമറ ഭൂമിയിലേക്കു പിടിക്കുക. എന്നിട്ട് അതില്‍ കാണിച്ചിരിക്കുന്ന സ്‌പൈറലി ഐക്കണില്‍ ക്ലിക്കു ചെയ്യുക. അപ്പോള്‍ അത് ഭൂമിയുടെ മറുവശത്തേക്കുള്ള വെര്‍ച്വല്‍ കുഴികുത്തല്‍ തുടങ്ങും. സ്‌ക്രീനിന്റെ തലപ്പത്ത് എതിര്‍വശത്തുള്ള സ്ഥലത്തിന്റെ പേരും എഴുതിക്കാണിക്കും. അതില്‍ ക്ലിക്കു ചെയ്യുമ്പോള്‍ ഗൂഗിള്‍ എര്‍ത്ത് ഇന്‍സ്‌റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമെ മറുവശത്തെ സ്ഥലത്തെക്കുറിച്ച് അറിയാന്‍ സാധിക്കൂവെന്നും മനസ്സില്‍വയ്ക്കുക. ഫോണിന്റെ ക്യാമറയ്ക്കും മറ്റും വേണ്ട പെര്‍മിഷന്‍സ് നല്‍കിയിട്ടുണ്ടെന്നും ഉറപ്പുവരുത്തുക. മുറിയിലും മറ്റും വച്ചാണ് ഇതു ചെയ്യുന്നതെങ്കില്‍ ഏതെങ്കിലും ഒഴിഞ്ഞ സ്ഥലത്തേക്ക് ക്യാമറ ലക്ഷ്യംവയ്ക്കണം. ചിലപ്പോള്‍ അല്‍പം മാറി നടന്ന് നോക്കേണ്ടതായും വന്നേക്കാം.

 

കൊറോണാവൈറസ് ബാധിച്ചതോടെ പലര്‍ക്കും യാത്രകള്‍ തന്നെ അസാധ്യമായി തീര്‍ന്നിരിക്കുകയാണല്ലോ. എന്നാല്‍, ഓഗ്‌മെന്റഡ് റിയാലിറ്റി പോര്‍ട്ടലുകള്‍ വഴി യാത്ര സാധ്യമാക്കുകയാണ് ഗൂഗിള്‍ എന്നും പറയാം. ഫോണിന്റെ ക്യാമറ അല്‍പം പൊക്കിയും മറ്റും മറ്റൊരു ദിശയിലേക്കു ചൂണ്ടിയാല്‍ മറ്റൊരു സ്ഥലത്ത് എത്തിക്കുന്നുണ്ട്. അങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നനില്‍പ്പില്‍ കാണാമെന്നത് ഒരദ്ഭുതമായാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. എതിര്‍ വശത്തുള്ള പ്രദേശങ്ങള്‍ കാണിച്ചു തരുന്നത് ഗൂഗില്‍ എര്‍ത്തിലുള്ള മാപ്‌സ് ആണ്. ഗൂഗിള്‍ നിർമിച്ചിരിക്കുന്ന വെബ്എക്‌സ്ആര്‍ (WebXR) പ്ലാറ്റ്‌ഫോമിലാണ് പുതിയ ഫീച്ചറുകള്‍ ഒരുക്കിയിരിക്കുന്നത്.

 

ഫ്‌ളൂമിനെക്കുറിച്ചും മറ്റ് പരീക്ഷണങ്ങളെക്കുറിച്ചും ഗൂഗിള്‍ പങ്കുവച്ചിരിക്കുന്ന വിഡിയോ ഇവിടെ കാണാം: https://youtu.be/ttDyimAk88Y

 

∙ ക്ലബ്ഹൗസ് വാങ്ങാന്‍ ശ്രമിച്ച് ട്വിറ്റര്‍

 

അടുത്ത കാലത്ത് ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റിയ ആപ്പായ ക്ലബ്ഹൗസ് വാങ്ങാന്‍ ട്വിറ്റര്‍ ശ്രമം നടത്തിയെന്ന് റിപ്പോർട്ട്. ഏകദേശം 400 കോടി ഡോളറിനാണ് ക്ലബ്ഹൗസ് സ്വന്തമാക്കാന്‍ സമൂഹ മാധ്യമ വെബ്‌സൈറ്റായ ട്വിറ്റര്‍ ശ്രമിച്ചത്. ഓഡിയോ സന്ദേശങ്ങള്‍ ഷെയർ ചെയ്യുന്ന ആപ്പായ ക്ലബ്ഹൗസിന് അപാര വളര്‍ച്ചാ സാധ്യതയാണ് പലരും കണ്ടത്. എന്നാല്‍, ഫെയ്‌സ്ബുക് അടക്കം പല കമ്പനികളും ക്ലബ്ഹൗസിന്റെ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് സേവനങ്ങള്‍ നല്‍കാനും തുടങ്ങിയിട്ടുണ്ട്. ട്വിറ്റര്‍ നല്‍കിയ ഓഫര്‍ ക്ലബ്ഹൗസ് നിരസിച്ചുവെന്നാണ് പറയുന്നത്.

 

reliance-jio

∙ ചിപ്പ് ദൗര്‍ലഭ്യം മൂലം മാക്ബുക്ക്, ഐപാഡ് നിര്‍മാണം വൈകുന്നു

 

ചിപ്പ് ദൗര്‍ലഭ്യം ടെക്‌നോളജി മേഖലയ്ക്ക് വന്‍ തിരിച്ചടി നല്‍കാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ത്തന്നെ ആ പ്രശ്‌നം ആപ്പിള്‍ നേരിട്ടു തുടങ്ങിയിരിക്കുന്നതായി വാര്‍ത്തകള്‍ പറയുന്നു. വേണ്ടത്ര ചിപ്പുകള്‍ ലഭിക്കാത്തിതിനാല്‍ മാക്ബുക്കുകളുടെയും ഐപാഡിന്റെയും നിര്‍മാണം വൈകുന്നതായാണ് റിപ്പോർട്ട്. ഐപാഡുകള്‍ക്ക് ഡിസിപ്ലെ ലഭിക്കാത്തതും പ്രശ്‌നമാണ്.

 

∙ നോക്കിയ ബ്രാന്‍ഡില്‍ വില കുറഞ്ഞ ആറു ഫോണ്‍ മോഡലുകളുമായി എച്എംഡി ഗ്ലോബല്‍

 

നോക്കിയ ബ്രാന്‍ഡിന്റെ ഇപ്പോഴത്തെ ഉടമസ്ഥരായ എച്എംഡി ഗ്ലോബല്‍ മൂന്നു സീരീസ് ഫോണുകളാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്- എക്‌സ്, ജി, സി സീരീസുകളിലായി ആറു ഹാന്‍ഡ്‌സെറ്റുകളാണ് ഇറക്കിയിരിക്കുന്നത്. ഇന്ത്യയിലെ വില വിവരങ്ങള്‍ അറയിച്ചിട്ടില്ല.

 

∙ ഡിസ്‌നിപ്ലസ്, ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് 10 ജിബി ഡേറ്റാ ഫ്രീ നല്‍കി ജിയോ

 

ഒരു വര്‍ഷത്തെ ഡിസ്‌നിപ്ലസ്, ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് 10 ജിബി ഡേറ്റാ ഫ്രീയായി നല്‍കാന്‍ ജിയോ. പ്രീ പെയ്ഡ് വരിക്കാർക്കാണിത്. ഇതിന് 2,599 രൂപയുടെ വാര്‍ഷിക പാക്ക് റീച്ചാര്‍ജ് ചെയ്യണം. 365 ദിവസത്തെ വാലിഡിറ്റിയും ലഭിക്കുന്നു. ഡിസ്‌നിപ്ലസ്, ഹോട്ട്‌സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷനും കൂടെ മറ്റു ജിയോ സേവനങ്ങളും ലഭിക്കും.

 

∙ സോണി എഫ്എക്‌സ്3 ക്യാമറ ഇന്ത്യയില്‍ വില്‍പനയ്ക്ക്, വില 3,99,990 രൂപ

 

വിഡിയോഗ്രാഫരെ മനസ്സില്‍വച്ച് നിര്‍മിച്ച ക്യാമറയായ സോണി എഫ്എക്‌സ്3 ക്യാമറ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തി. ഇതിന് 3,99,990 രൂപയായിരിക്കും വില. ക്യാമറയ്ക്ക് 10.2 എംപി എക്‌സ്‌മോര്‍ ആര്‍ സിമോസ് ഫുള്‍ഫ്രെയിം സെന്‍സറാണ് നല്‍കിയിരിക്കുന്നത്. 12.1 എംപി സ്റ്റില്‍ ഫോട്ടോകളും പകര്‍ത്താം. വളരെ സ്വാഭാവികമെന്നു തോന്നിപ്പിക്കുന്ന വിഡിയോ പകര്‍ത്താന്‍ ഉപകരിക്കുന്ന എസ്-സിനിടോണ്‍ ലുക്കാണ് ഇതിന്റെ സവശേഷതകളിലൊന്ന്. ക്യാമറയ്ക്ക് 4കെ വിഡിയോ സെക്കന്‍ഡില്‍ 120 ഫ്രെയിം വരെ പകര്‍ത്താനുള്ള ശേഷിയുണ്ട്.

 

English Summary: How To Tunnel Through Earth Using Google's Floom AR Tool

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com