ADVERTISEMENT

ഓണ്‍ലൈന്‍ വില്‍പനയുടെ രാജാവായ ആമസോണില്‍ തൊഴിലാളി യൂണിയന്‍ സ്ഥാപിക്കാനുള്ള തീവ്ര ശ്രമം പരാജയപ്പെട്ടുവെന്ന് സൂചന. അമേരിക്കയിലെ അലബാമയിലായിരുന്നു ആമസോണിലെ ജോലിക്കാർ ഇക്കാര്യത്തിനായി വോട്ടു ചെയ്തത്. ഓണ്‍ലൈനില്‍ ലഭ്യമായ വോട്ടിങ് ഫലം സൂചിപ്പിക്കുന്നത് യൂണിയന്‍ വേണ്ടെന്നു പറഞ്ഞ് വോട്ടു ചെയ്തത് 1,798 പേരാണെന്നും വേണമെന്നു പറഞ്ഞത് 738 പേരാണെന്നുമാണ്. ഇത് യൂണിയന്‍ ഉണ്ടാക്കിയേ അടങ്ങൂ എന്നു ഭാവിച്ചു നടന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആമസോണില്‍ ആദ്യമായാണ് തൊഴിലാളി യൂണിയന്‍ സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നത്. അമേരിക്കയില്‍ മാത്രം 800,000 ലേറെ ജോലിക്കാരാണ് ആമസോണിനുള്ളത്. ഇവര്‍ക്കിടയില്‍ യൂണിയന്‍ സ്ഥാപിക്കാനുള്ള കടുത്ത പരിശ്രമങ്ങളാണ് ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നത്.

ആമസോണിലെ ജോലിക്കാരെ സദാ നിരീക്ഷിക്കുന്നുവെന്നും സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നുമാണ് പരാതി. പലര്‍ക്കും മൂത്രമൊഴിക്കാന്‍ പോലും സമയം നല്‍കാതെ ജോലിയെടുപ്പിക്കുന്നുവെന്നും മറ്റുമുള്ള പ്രചരണങ്ങളാണ് രാഷ്ട്രീയക്കാരും തൊഴിലാളി നേതാക്കളും അഴിച്ചുവിട്ടിരുന്നത്. ജോലി സുരക്ഷയില്ലെന്നും അവര്‍ ആരോപിച്ചിരുന്നു. ഇതു മൂലം ജോലിക്കാര്‍ ഒറ്റക്കെട്ടായി നിന്ന് കമ്പനിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ പിടിച്ചുവാങ്ങണമെന്നാണ് തൊഴിലാളി നേതാക്കൾ ആവശ്യപ്പെട്ടത്. അതേസമയം, ജോലിക്കാര്‍ യൂണിയനില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കരുതെന്നും മണിക്കൂറിന് 15 ഡോളറിലേറെ കുറഞ്ഞ വേതനവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെന്നും ആമസോൺ വ്യക്തമാക്കിയിരുന്നു. ഏതാനും പേര്‍ക്കുണ്ടായ പ്രശ്ങ്ങള്‍ വലുതാക്കി കാണിച്ചാണ് കമ്പനിയില്‍ മൊത്തം പ്രശ്‌നമാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും കമ്പനി ജോലിക്കാരോടു പറഞ്ഞിരുന്നു. യൂണിയനില്‍ ചേര്‍ന്നാല്‍ സ്വന്തം പോക്കറ്റിലെ പൈസ പോകുകയെ ഉള്ളുവെന്നും അവര്‍ ജോലിക്കാരെ ധരിപ്പിച്ചിരുന്നു.

അതേസമയം, യൂണിയന്‍ സ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെട്ടതില്‍ നീരസത്തിലായ ട്രേഡ് യൂണിയന്‍ നേതാക്കള്‍ പുതിയ നീക്കത്തിനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ ജോലിക്കാരെ ഭീഷണിപ്പെടുത്തിയതും അവരെ വ്യക്തമായി ചിന്തിക്കാന്‍ അനുവദിക്കാത്തതുമാണ് വോട്ടിങ് പരാജയപ്പെടാൻ കാരണമെന്ന് ആരോപണമുണ്ട്. ജോലിക്കാരുടെ ഇന്‍-ബോക്‌സില്‍ മുഴുവന്‍ യൂണിയന്‍ വിരുദ്ധ സന്ദേശങ്ങള്‍ കൊണ്ട് ആമസോണ്‍ നിറച്ചിരുന്നുവെന്നും നേതാക്കൾ ആരോപിക്കുന്നു. ജോലിക്കാരെ ഭീഷണിപ്പെടുത്തിയിട്ടു വരെ ഉണ്ടാകാമെന്നാണ് നേതാക്കള്‍ ആരോപിന്നത്. യൂണിയന്‍ വിരുദ്ധത പ്രചരിപ്പിക്കാനായി അവര്‍ ജോലിക്കാര്‍ക്ക് ഒന്നു കഴിഞ്ഞ് മറ്റൊന്ന് എന്ന രീതിയില്‍ തുടര്‍ച്ചയായി ക്ലാസുകളും എടുത്തു.

എന്നാൽ, ആമസോണില്‍ സംഭവിച്ചത് യൂണിയന്‍ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കേറ്റ കനത്ത പ്രഹരമാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇപ്പോള്‍ നടന്ന അങ്കത്തില്‍ ആമസോണ്‍ വിജയിച്ചിട്ടുണ്ടാകാം. എന്നാല്‍, യുദ്ധം കഴിഞ്ഞിട്ടില്ലെന്നാണ് റുട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായ വില്‍ ബ്രുചര്‍ പറഞ്ഞത്. കൂടുതല്‍ ശക്തിയോടെ അടുത്ത ആക്രമണം ഉണ്ടാകാമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. ഭാവിയില്‍ മറ്റൊരു തെരഞ്ഞെടുപ്പും നടത്താന്‍ ശ്രമിച്ചേക്കാം. ആമസോണിനെതിരെ പോലും അവര്‍ വിജയിച്ചേക്കാമെന്ന് ആദ്ദേഹം അഭിപ്രായപ്പെടുന്നു.

∙ ചൈന ഉറച്ചു തന്നെ, മായുടെ കമ്പനിക്ക് 2.75 ബില്ല്യന്‍ പിഴ!

കുത്തക വിരുദ്ധ നിയമങ്ങള്‍ പ്രകാരം അതിസമ്പന്നരിലൊരാളായ ജാക് മാ സ്ഥാപിച്ച കമ്പനിയായ ആലിബാബ ഗ്രൂപ് ഹോള്‍ഡിങ് ലിമിറ്റഡിന് 2.75 ബില്ല്യന്‍ ഡോളര്‍ പിഴയിട്ടിരിക്കുകയാണ് ചൈനീസ് അധികാരികള്‍. ഈ തുക ആലിബാബയുടെ 2019ലെ മൊത്തം വരുമാനത്തിന്റെ 4 ശതമാനമാണെന്നാണ് പറയുന്നത്. ചൈനയില്‍ ഇന്നേവരെ ഇട്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ ആന്റിട്രസ്റ്റ് പിഴയാണിത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈനീസ് കുത്തക കമ്പനികള്‍ക്കെതിരെ കടുത്ത നീക്കങ്ങളാണ് ചൈന നടത്തിവരുന്നത്. ആത്മവിശ്വാസത്തോടെ ടെക്‌നോളജി മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന കമ്പനിയുടെ സ്ഥാപകനായ ജാക് മായെ പുറത്തു കാണുന്നതു തന്നെ വിരളമായിരിക്കുകയാണ്. മായുടെ മറ്റൊരു കമ്പനിയായ ആന്റ് ഗ്രൂപ്പിന്റെ ഓഹരി ഇറക്കലുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് മായെ അപ്രത്യക്ഷമാക്കിയത്. ആന്റ് ഗ്രൂപ്പ് 37 ബില്ല്യന്‍ ഡോളറിനുള്ള ഓഹരികളാണ് ഇറക്കാനിരുന്നിരുന്നത്.

വിപണിയിലെ ആധിപത്യം ആലിബാബ 2015 മുതല്‍ ദുരുപയോഗം ചെയ്തുവെന്നാണ് ചൈനയുടെ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ മാര്‍ക്കറ്റ് റെഗുലേഷന്‍ (എസ്എഎംആര്‍) കണ്ടത്തിയിരിക്കുന്നത്. സ്വതന്ത്രമായ ചരക്കുനീക്കം ഇല്ലാതാക്കി എന്നാണ് ആലിബാബയ്ക്കെതിരെയുള്ള ഒരു ആരോപണം. മറ്റ് വ്യാപാരികളുടെ താത്പര്യങ്ങളെ ഹനിക്കുന്നുവെന്നതും കമ്പനിക്കെതിരെയുള്ള ആരോപണമാണ്. അതേസമയം, ഇത്തരത്തിലൊരു കനത്ത പിഴ പ്രതീക്ഷിച്ചതാണെന്നു നിരീക്ഷകര്‍ പറയുന്നു. എന്നാല്‍, ചൈനയുടെ പുതിയ നീക്കത്തില്‍ വെറുതെ കുത്തക വിരുദ്ധത മാത്രമല്ല പ്രതിഫലിക്കുന്നതെന്നു ശ്രദ്ധിക്കണമെന്നും നിരീക്ഷകര്‍ പറയുന്നുണ്ട്. തങ്ങള്‍ എസ്എഎംആറിന്റെ തീരുമാനം അംഗീകരിക്കുന്നു എന്നു മാത്രമാണ് ആലിബാബ പ്രതികരിച്ചത്. ചൈനയുടെ നിയമങ്ങള്‍ക്ക് ഏറ്റവും യോജിച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാണ് കമ്പനിക്ക് ഉദ്ദേശമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, ഈ പിഴ ചൈനീസ് വ്യാപാര ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്നും പറയുന്നു. വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ സൂചനയുമാണിത്. ചൈനയിലെ ആന്റിട്രസ്റ്റ് നീക്കം പുതിയൊരു തലത്തലേക്കു കടന്നിരിക്കുന്നതായാണ് വിലയിരുത്തുന്നത്.

∙ ക്ലബ്ഹൗസിനു പകരം ഹോട്ട്‌ലൈന്‍ അവതരിപ്പിച്ച് ഫെയ്‌സ്ബുക്

ഓഡിയോ ചാറ്റ് ആപ്പിന്റെ സാധ്യതകള്‍ ലോകത്തിനു മുന്നില്‍ തുറന്നിട്ട ആപ്പായ ക്ലബ്ഹൗസിന് വെല്ലുവിളിയുയര്‍ത്താന്‍ ഫെയ്‌സ്ബുക്കിന്റെ സ്വന്തം ആപ്പിന്റെ ടെസ്റ്റിങ് തുടങ്ങി. ഹോട്ട്‌ലൈന്‍ എന്നു പേരിട്ടിരിക്കുന്ന ആപ്പ് ഇപ്പോള്‍ അമേരിക്കയില്‍ ലഭ്യമാണ്. ഇതാകട്ടെ പബ്ലിക് ബീറ്റാ ടെസ്റ്റിങ് ഘട്ടത്തിലുമാണ്. ട്വിറ്റര്‍ വഴിയാണ് വേരിഫിക്കേഷന്‍ എന്നതുകൊണ്ട് എന്താണ് കമ്പനി ഉദ്ദേശിക്കുന്നത് എന്നറിയില്ല.

∙ ജനുവരിയില്‍ ഏറ്റവുമധികം വിറ്റ ഫോണ്‍ ഐഫോണ്‍ 12

ആഗോള വിപണിയില്‍ 2021 ജനുവരിയില്‍ ലോകത്ത് ഏറ്റവുമധികം വിറ്റ ഫോണ്‍ ഐഫോണ്‍ 12 ആണെന്ന് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നിവയും ആഗോള വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് കൗണ്ടര്‍പോയിന്റ് റിസേര്‍ച്ചിന്റെ പഠനം പറയുന്നു. അമേരിക്കയില്‍ ഏറ്റവുമധികം വിറ്റുപോയിരിക്കുന്ന മോഡല്‍ പ്രോ മാക്‌സ് ആണ്. അതേസമയം, 2020യില്‍ ഏറ്റവമധികം കയറ്റുമതി ചെയ്തിരിക്കുന്ന ആപ്പിളിന്റെ സ്മാര്‍ട് ഫോണ്‍ ഐഫോണ്‍ 11 ആണ്- 64.8 ദശലക്ഷത്തിലേറെ യൂണിറ്റുകൾ വിറ്റു. ആഗോള വിപണിയില്‍ ഐഫോണുകള്‍ക്കു പിന്നിലായി നില്‍ക്കുന്ന ബെസ്റ്റ്-സെല്ലറുകള്‍ ഷഓമി റെഡ്മി 9എ, റെഡ്മി 9 എന്നിവയാണ്. ഷഓമിയുടെ ഫോണ്‍ വില്‍പനയുടെ 25 ശതമാനവും ഇവ വഴിയാണ് നേടിയിരിക്കുന്നതെന്നും പറയുന്നു. സാംസങ് എ21എസ്, എ31 എന്നിവയും മികച്ച പ്രകടനം നടത്തി.

∙ റെഡ് മി നോട്ട് 10 സീരീസിന് സ്‌ക്രീന്‍ വിറയല്‍ പ്രശ്‌നം

ഇന്ത്യന്‍ ഉപയോക്താക്കള്‍ ധാരാളമായി വാങ്ങിക്കൂട്ടുന്ന ഷഓമിയുടെ റെഡ്മി നോട്ട് സീരീസിലെ പുതിയ ഫോണുകളായ നോട്ട് 10 സീരീസിലെ ഫോണുകള്‍ക്ക് സ്‌ക്രീന്‍ ഫ്‌ളിക്കറിങ് പ്രശ്‌നമുണ്ടെന്ന് റിപ്പോര്‍ട്ട്. ഫോണിന്റെ ടച്ച്‌സ്‌ക്രീനിനും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിട്ടുണ്ട്. അതേസമയം, അത്തരമൊരു പ്രശ്‌നമുണ്ടെന്ന് അംഗീകരിച്ച ഷഓമി പറഞ്ഞത് പ്രശ്‌നങ്ങള്‍ വളരെ ചെറിയൊരു വിഭാഗം ഉടമകള്‍ക്കു മാത്രമാണ് ഉണ്ടായിരിക്കുന്നത്. ഈ പ്രശ്‌നം 0.001 ഉപയോക്താക്കള്‍ക്കു മാത്രമാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. അതേസമയം, ഈ പ്രശ്നം പരിഹരിച്ചെന്നും കമ്പനി അറിയിച്ചു. ഷഓമി ആദ്യമായാണ് അമോലെഡ് ഡിസ്‌പ്ലെയുള്ള നോട്ട് സീരീസ് ഫോണുകള്‍ ഇറക്കുന്നത്. റെഡ്മി നോട്ട് 10 പ്രോ, പ്രോ മാക്‌സ് എന്നിവയ്ക്ക് 120ഹെട്‌സ് റിഫ്രഷ് റെയ്റ്റുള്ള അമോലെഡ് ഡിസ്‌പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്. തങ്ങളുടെ ഫോണുകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ഉടമകള്‍ ട്വിറ്ററിലാണ് പ്രതികരിച്ചിരിക്കുന്നത്. ചില സമയത്ത് ഫോണ്‍ തീര്‍ത്തും പ്രതികരിക്കാതെയാകുന്നുവെന്നും പറയുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ഒന്നോ രണ്ടോ മാസമെടുത്തേക്കുമെന്ന് കമ്പനി പറഞ്ഞുവെന്ന് ഒരു ഉപയോക്താവ് പറഞ്ഞു.

chip

∙ ഷഓമിയുടെയും ഒപ്പോയുടെയും 5ജി ചിപ്പുകള്‍ ഈ വര്‍ഷം അവസാനം

ആഗോള വിപണിയില്‍ ചിപ്പ് ദൗര്‍ലഭ്യമുണ്ടാകാന്‍ പോകുകയാണ്. പല പ്രമുഖ ചിപ്പ് നിര്‍മാണ കമ്പനികള്‍ക്കും വേണ്ടത്ര ചിപ്പുകള്‍ നിർമിച്ചു നല്‍കാന്‍ സാധിക്കാത്തതാണ് പ്രശ്‌നം. ഈ ഘട്ടത്തിലാണ് രണ്ട് ചൈനീസ് കമ്പനികളായ ഷഓമിയും ഒപ്പോയും സ്വന്തമായി ചിപ്പുകള്‍ നിര്‍മിച്ചെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 5ജി-ഫോണുകള്‍ക്കുള്ള ചിപ്പുകള്‍ 2021 അവസാനം തന്നെ ഉപയോഗ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ ഇരു കമ്പനികളും ക്വാല്‍കമിനെയും മെഡിയടെക്കിനെയും ആശ്രയിച്ചായിരുന്നു ഫോണ്‍ നിര്‍മാണം നടത്തിയിരുന്നത്.

English Summary: It's A No: Amazon Warehouse Workers Vote Against Unionizing In Historic Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com