ADVERTISEMENT

ആഗോള വിപണിയില്‍ കൂടുതല്‍ പേര്‍ ഐഫോണ്‍ ഉപേക്ഷിച്ച് ആന്‍ഡ്രോയിഡിലേക്കു പോകുന്നുണ്ടെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇങ്ങനെ മാറുന്നവരുടെ അനുപാതം വര്‍ഷാവര്‍ഷം വര്‍ധിക്കുകയും ചെയ്യുന്നു. ഇത്തരക്കാരില്‍ പലരും ചൂണ്ടിക്കാണിക്കുന്നത് ആപ്പിളിന്റെ അടഞ്ഞ ഇക്കോ സിസ്റ്റം മടുപ്പിക്കുന്നു എന്നാണ്. എന്നാല്‍, അമേരിക്കയിലെയും മറ്റും ബഹുഭൂരിപക്ഷം ഐഫോണ്‍ ഉപയോക്താക്കളും ആന്‍ഡ്രോയിഡിലേക്ക് മാറാത്തത് എന്താണെന്ന് പലരും ചോദിക്കുന്നു. ഫെയ്‌സ്ബുക് ഉൾപ്പടെയുള്ള ചില കമ്പനികൾ ആപ്പിളിനകത്ത് നടക്കുന്ന കാര്യങ്ങളെ വിമര്‍ശിക്കുന്നുമുണ്ട്. എന്നാല്‍, അമേരിക്കക്കാരെ ഐഫോണില്‍ തളച്ചിടുന്ന ഫീച്ചര്‍ ആപ്പിളിന്റെ ഐമെസേജ് ആണെന്ന് കണ്ടെത്തിയിരിക്കുന്നു. ഇതില്‍ കഴമ്പുണ്ടാകാനുള്ള സാധ്യത ഏറെയാണ്. കാരണം ലോകത്തെ ഏറ്റവും ജനപ്രിയമായ മെസേജിങ് സംവിധാനമായ വാട്‌സാപ്പിന് അമേരിക്കയില്‍ ഇതുവരെ കാര്യമായ സ്വാധീനമുറപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും കാണാം. ആപ്പിള്‍ 2013ല്‍ ആന്‍ഡ്രോയിഡിലും ഒരു ഐമെസേജ് സൃഷ്ടിച്ചിടാന്‍ നീക്കം നടത്തിയിരുന്നു. എന്നാൽ, ആപ്പിള്‍ അതില്‍ നിന്നു പിന്തിരിയുകയായിരുന്നു.

 

ഐമെസേജ് ആന്‍ഡ്രോയിഡിലും നല്‍കുന്നത് സഹായകമാകുന്നതിനേക്കാളേറെ നഷ്ടംവരുത്തിയേക്കുമെന്നാണ് കമ്പനി ഒരു ഇമെയിലില്‍ പറഞ്ഞിരിക്കുന്നത്. ഐഫോണില്‍ ഉപയോക്താവിനെ തളച്ചിടുന്ന മുഖ്യ കാരണം ഐമെസേജ് ആണ്. ഐമെസേജ് ആണ് ആളുകളെ ഗൗരവമായി തളച്ചിടുന്നത്. വാട്‌സാപ്പിനെതിരെ ഇപ്പോള്‍ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും പലരും അത് ഉപേക്ഷിക്കാന്‍ തയാറാകുന്നില്ല. വാട്‌സാപ് കോണ്ടാക്ടുകളെയും മറ്റും ഉപേക്ഷിക്കാന്‍ അവര്‍ തയാറല്ല. അത് എളുപ്പമല്ല. പക്ഷേ, ആന്‍ഡ്രോയിഡില്‍ ആപ്പിള്‍ ഐമെസേജ് സൃഷ്ടിച്ചിട്ടിരുന്നുവെങ്കില്‍ വാട്‌സാപ്പിന് പണി കിട്ടാന്‍ സാധ്യതയുണ്ടായിരുന്നു എന്നും പറയുന്നു. നിലവില്‍ ഒരു ഐഫോണ്‍ ഉപയോക്താവ് മറ്റൊരു ഐഫോണ്‍ ഉപയോക്താവിന് സന്ദേശങ്ങള്‍ അയയ്ക്കുമ്പോള്‍ അത് വാട്‌സാപ് സന്ദേശം പോലെ ആയിരിക്കും പ്രവര്‍ത്തിക്കുക. അതേസമയം, ഐഫോണ്‍ ഉപയോക്താവ് ആന്‍ഡ്രോയിഡ് ഉപയോക്താവിനാണ് സന്ദേശം അയയ്ക്കുന്നതെങ്കില്‍ അത് എസ്എംഎസ് ആയി പരിവര്‍ത്തനം ചെയ്യപ്പെടും. ഇത് ഒഴിവാക്കാനാണ് പലരും ഐഫോണുകളെ മുറുകെ പിടിച്ചിരിക്കുന്നത്.

 

∙ കോവിഡ് മൂലം ഐഫോണിലേക്ക് തിരിച്ചെത്തുന്ന ഫീച്ചറേത്?

 

മിക്കവാറും ഐഫോണ്‍ 13 സീരീസ് എന്നു തന്നെ വിളിച്ചേക്കാവുന്ന സ്മാര്‍ട് ഫോണ്‍ ലൈന്‍-അപ് ആയിരിക്കും ആപ്പിള്‍ ഈ വര്‍ഷം അവതരിപ്പിക്കുക. എന്നാല്‍, അതില്‍ ആപ്പിളിന്റെ പ്രീമിയം ഫോണുകളില്‍ ഇപ്പോള്‍ ഇല്ലാത്തതും നേരത്തെ ഉപയോഗിച്ചു വരുന്നതുമായ പഴയ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഫീച്ചര്‍ തിരിച്ചെത്തുമെന്നാണ് ഗിസ്‌ചൈനാ (GizChina) എന്ന പ്രസിദ്ധീകരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ്-19 സമയത്ത് ആളുകള്‍ മാസ്‌ക് ഉപയോഗിക്കുന്നതു വര്‍ധിച്ചതോടെ ആപ്പിളിന്റെ കൂടുതല്‍ നൂതന ബയോമെട്രിക് സംവിധാനമായ ഫെയ്‌സ്‌ഐഡിക്ക് പരിമിതികള്‍ വന്നതാണ് ഈ വര്‍ഷം ടച്ച്‌ഐഡി തിരിച്ചുകൊണ്ടുവരാനുള്ള കാരണമെന്നു പറയുന്നു. ആപ്പിള്‍ അതിനുള്ള ഒരു എപിഐ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, ഈ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഫോണിന്റെ സ്‌ക്രീനില്‍ തന്നെ ഉള്‍ക്കൊള്ളിക്കാനായിരിക്കും ഉദ്ദേശമെന്നും പറയുന്നു. ആപ്പിള്‍ ഫോണിന്റെയും മറ്റും പവര്‍ ബട്ടണില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ആഗോള തലത്തില്‍ വില്‍ക്കുന്ന ആറു ഫോണുകളിലൊന്ന് ഐഫോണാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഈ വര്‍ഷത്തെ ഐഫോണില്‍ ദ്വാരങ്ങള്‍ ഒന്നും ഉണ്ടായേക്കില്ലെന്നും പഴയ ചാര്‍ജിങ് ഇന്റര്‍ഫെയ്‌സ് ഉപേക്ഷിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അതേസമയം, ആപ്പിള്‍ ഒരു പുതിയ എപിഐയില്‍ വര്‍ക്കു ചെയ്യുന്നുവെന്നു പറഞ്ഞാല്‍ അത് ഈ വര്‍ഷത്തെ ഫോണില്‍ തന്നെ വരുമെന്നു പറയുന്നതില്‍ അര്‍ഥമില്ലെന്നു വാദിക്കുന്നവരും ഉണ്ട്.

 

amazon-

∙ ആമസോണിലെ യൂണിയന്‍ സ്ഥാപന നീക്കം പരാജയപ്പെടാന്‍ കാരണമെന്ത്?

 

അമേരിക്കയില്‍ മാത്രം 800,000 ജോലിക്കാരുള്ള ആമസോണില്‍ യൂണിയന്‍ സ്ഥാപിക്കാന്‍ നടത്തിയ നീക്കം പാളിയത് എങ്ങനെ എന്ന് പഠിച്ചുവരികയാണ് തൊഴിലാളി നേതാക്കൾ. ഇതു വിജയിച്ചിരുന്നെങ്കില്‍ ആമസോണില്‍ മാത്രമല്ല പല സ്ഥാപനങ്ങളിലും യൂണിയന്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള സാധ്യതയുണ്ടായിരുന്നു. മെയില്‍ വഴി അയച്ച 3,000 വോട്ടുകളില്‍ 1,798 ലഭിച്ചാണ് ആമസോണ്‍ യൂണിയന്റെ കടന്നുവരവ് ചെറുത്തത്. അതേസമയം, യൂണിയന്‍ നേതാക്കള്‍ ഈ വോട്ടെടുപ്പിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുമെന്നും പറയുന്നു. പല നിയമവിരുദ്ധമായ രീതികളും ഉപയോഗിച്ചാണ് കമ്പനി വിജയം കരസ്ഥമാക്കിയതെന്നാണ് അവര്‍ ആരോപിക്കുന്നത്. ആമസോണ്‍ ചില ജോലിക്കാരെ യൂണിയനെതിരെ വോട്ടു ചെയ്യാനായി ഭീഷണിപ്പെടുത്തിയതായി ആരോപണങ്ങളുണ്ട്. വിധി തങ്ങള്‍ക്ക് അനുകൂലമാക്കാനായി വോട്ടുകള്‍ ശേഖരിക്കുന്ന രീതി തന്നെ മാറ്റിയെന്നും പറയുന്നു. ആമസോണ്‍ ജോലിക്കാര്‍ ചുറ്റും നോക്കുമ്പോള്‍ കോവിഡ്-19നെ തുടര്‍ന്ന് ജോലി നഷ്ടപ്പെടുന്നവരെയാണ് കാണുന്നത്. കമ്പനിക്കെതിരെ വോട്ടു ചെയ്ത് ഉള്ള ജോലിയും കളയേണ്ടെന്ന് ജീവനക്കാർ കരുതിയതും ആമസോണിന് അനുകൂലമായി.

 

∙ ഇനിയെന്ത്?

 

ഈ വിജയത്തില്‍ ഊറ്റംകൊള്ളേണ്ടതില്ലെന്ന് ആമസോണിനു തന്നെ അറിയാം. തങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് ആമസോണ്‍ ഒരു ക്രിയാത്മകമായ സമീപനമല്ല നടത്തുന്നതെന്ന വാദത്തിന് ഇപ്പോള്‍ ശക്തിയേറുന്നുമുണ്ട്. പുതിയ സാഹചര്യത്തില്‍ തങ്ങളുടെ ജോലിക്കാരുടെ ആവശ്യങ്ങളെക്കുറിച്ച് കൂടുതല്‍ സഹാനുഭൂതിയോടെ കേള്‍ക്കാന്‍ കമ്പനി തയാറായേക്കുമെന്നു കരുതുന്നു. തങ്ങള്‍ ഇപ്പോള്‍ത്തന്നെ അതും അതിലപ്പുറവും ചെയ്യുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത് എങ്കിലും കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ലെന്ന് പ്രമുഖ രാഷ്ട്രീയക്കാര്‍ക്കും അറിയാം. ജീവനക്കാര്‍ ജോലി സമയത്ത് കുപ്പിയില്‍ മൂത്രമൊഴിക്കേണ്ടിവരുന്നു എന്ന ആരോപണം ഉയര്‍ന്നപ്പോള്‍ കമ്പനി പ്രതികിരച്ചത് അതു ശരിയല്ലെന്നാണ്. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ ഇതു തിരുത്തുകയായിരുന്നു.

 

∙ കൂടുതല്‍ പീഡന ആരോപണങ്ങള്‍

 

യാതൊരു മുന്നറിയിപ്പുമില്ലാതെ ഓവര്‍ടൈം ജോലി ചെയ്യാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കുന്നു എന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. കമ്പനിക്ക് അനുകൂലമായി വോട്ടു ചെയ്തവര്‍ പോലും പറയുന്നത് കമ്പനി തങ്ങളുടെ പരാതികള്‍ കേട്ടേ മതിയാകൂ എന്നാണ്. ആമസോണിലെ കറുത്ത വംശജര്‍ക്ക് അധിക പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന കാര്യവും പരിശോധിക്കും. ഇതിനു കാരണം 2018ല്‍ ഉണ്ടായ തൊഴില്‍ പ്രശ്‌നത്തില്‍ സൊമാലിയയില്‍ നിന്നെത്തിയ കുടിയേറ്റ തൊഴിലാളികളായിരുന്നു ഉള്‍പ്പെട്ടിരുന്നത് എന്നതാണ്. കറുത്തവംശജരോട് വേര്‍തിരിവു കാണിക്കാറുണ്ടെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

 

∙ അലഹബാദ് ഹൈക്കോടതി ഓണ്‍ലൈനാകുന്നു

 

കോവിഡ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അലഹബാദ് ഹൈക്കോടതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനാക്കാനാണ് ശ്രമിക്കുന്നത്. ഇത്തരത്തില്‍ 25 കോടതികള്‍ പ്രവര്‍ത്തിക്കും. വെര്‍ച്വല്‍ ഹിയറിങ് അടക്കമുള്ള കാര്യങ്ങളായിരിക്കും നടക്കുക. കേസ് ഫയലുകള്‍ മാത്രം നിര്‍ബന്ധമാണെങ്കില്‍ ജഡ്ജികള്‍ക്കു സമര്‍പ്പിക്കും. അഭിഭാഷകരെ സഹായിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനും തുറന്നിട്ടുണ്ട്.

 

∙ 13 ലക്ഷം ക്ലബ്ഹൗസ് ഉപയോക്താക്കളുടെ ഡേറ്റ പുറത്തായതായി റിപ്പോര്‍ട്ട്

 

പുതിയ വൈറല്‍ ഓഡിയോ ആപ്പായ ക്ലബ്ഹൗസിലെ 13 ലക്ഷം ഉപയോക്താക്കളുടെ ഡേറ്റ പുറത്തായതായി റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയ പ്രൊഫൈല്‍, യൂസര്‍ ഐഡി, ഫോട്ടോ യുആര്‍എല്‍, ട്വിറ്റര്‍ ഹാന്‍ഡില്‍, തുടങ്ങി പല വിശദാംശങ്ങളും പുറത്തായവയില്‍ പെടും. ഇതും സൈബര്‍ ക്രിമിനലുകളുടെ കൈയ്യില്‍  ആയുധമായേക്കാമെന്നാണ് പറയുന്നത്.

 

∙ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സുരക്ഷയ്ക്ക് ചെലവിടുന്നത് 2.3 കോടി ഡോളര്‍

 

മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സുരക്ഷയ്ക്കായി ഫെയ്‌സ്ബുക് കഴിഞ്ഞ വര്‍ഷം ചെലവിട്ടത് 2.3 കോടിയിലേറെ ഡോളറാണെന്ന് വാര്‍ത്തകള്‍. സുരക്ഷയ്ക്കായി അദ്ദേഹം കമ്പനിയില്‍ നിന്ന് എഴുതിയെടുത്തിരിക്കുന്ന തുകയാണിത്. തന്റെ വാസസ്ഥലങ്ങളിലെ സുരക്ഷയ്ക്കായി 1.34 കോടി ഡോളറാണ് സക്കര്‍ബര്‍ഗ് കൈപ്പറ്റിയിരിക്കുന്നതെങ്കില്‍, യാത്രാ സമയത്തെ സുരക്ഷയ്ക്കായി 1.04 കോടി ഡോളറും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സക്കര്‍ബര്‍ഗ് എഴുതിയെടുത്തിട്ടുണ്ട്.

 

English Summary:  iMessage locks users into iOS, and putting it on Android would hurt Apple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com