ADVERTISEMENT

ഇന്ത്യയിലെ ഐടി മേഖലയെ ഒന്നടങ്കം ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം ബാങ്ക് ഓഫ് അമേരിക്ക പുറത്തുവിട്ടത്. 2022 ൽ ഐടി മേഖലയ്ക്ക് 30 ലക്ഷം തൊഴിൽ നഷ്ടം നേരിടേണ്ടിവരുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഇന്ത്യൻ ഐടി-ബിപിഎം മേഖലയിൽ വിദഗ്ധരുടെ റിക്രൂട്ടിങ് തുടരുകയാണെന്ന് ഐടി വ്യവസായ സംഘടന നാസ്കോം വ്യക്തമാക്കി. ബാങ്ക് ഓഫ് അമേരിക്കയുടെ റിപ്പോർട്ട് തെറ്റാണെന്നും ഇന്ത്യയിലെ ഐടി മേഖല അതിവേഗം കുതിക്കുകയാണെന്നും നാസ്കോം അറിയിച്ചു.

 

റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ കാരണം 2022 ഓടെ ഇന്ത്യൻ ഐടി മേഖലയിലെ വിവിധ കമ്പനികളിൽ നിന്നായി 30 ലക്ഷം ജോലിക്കാരെ പിരിച്ചുവിടേണ്ടിവരുമെന്നായിരുന്നു ബാങ്ക് ഓഫ് അമേരിക്ക (ബോഫ) സെക്യൂരിറ്റീസ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നത്. ഓട്ടോമേഷൻ വന്നാൽ ഐടി മേഖലയിലെ 30 ശതമാനം തൊഴിൽ നഷ്ടമാകുമെന്നാണ് റിപ്പോർട്ടിലുള്ളത്.

 

ഇതിനു മറുപടിയായാണ് നാസ്കോം രംഗത്തെത്തിയത്. സാങ്കേതികവിദ്യയുടെ വികാസവും വർധിച്ചുവരുന്ന ഓട്ടോമേഷനും ഉപയോഗിച്ച് തന്നെ പരമ്പരാഗത ഐടി ജോലികളുടെയും മറ്റു പ്രവർത്തികളുടെയും സ്വഭാവം മൊത്തത്തിൽ വികസിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. ഈ മേഖലയിലേക്കായി നടപ്പു സാമ്പത്തിക വർഷം 138,000 പേരെ റിക്രൂട്ടിങ് നടത്തിയതായും നാസ്കോം അറിയിച്ചു.

 

രാജ്യത്തെ ഐടി-ബിപിഎം മേഖല 2.5 ലക്ഷം ജീവനക്കാർക്ക് ഡിജിറ്റൽ വൈദഗ്ധ്യം നൽകി ഉയർന്ന സ്ഥാനങ്ങൾ നൽകിയെന്നും 40,000 പുതിയ ജോലിക്കാരെ നിയമിച്ചിട്ടുണ്ടെന്നും നാസ്കോം ഏജൻസി അറിയിച്ചു. രാജ്യത്തെ ഐടി മേഖല 2025 ഓടെ 30,000-35,000 കോടി ഡോളർ മൂല്യമുള്ള വ്യവസായമായി മാറുമെന്നും പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ ഐടി-ബിപിഎം മേഖലയുടെ വരുമാനം ഏകദേശം 19,400 കോടി ഡോളറാണ്.

 

കൂടാതെ, കഴിഞ്ഞ മൂന്നു വർഷമായി ഓട്ടോമേഷനും ആർ‌പി‌എയും വിന്യസിക്കുന്നത് തുടരുന്നുണ്ടെന്നും ഇത് ബിപി‌എം മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചതായും നാസ്കോം പറഞ്ഞു. കോവിഡ് കാലത്ത് ഏറ്റവും വലിയ നേട്ടമുണ്ടൊക്കിയ മേഖലയാണ് ഇന്ത്യൻ ഐടി വ്യവസായം. മഹാമാരി സമയത്ത് ഐടി സ്ഥാപനങ്ങൾ റെക്കോർഡ് നേട്ടം കൈവരിച്ചു. ഉദാഹരണത്തിന്, ടി‌സി‌എസിന് കഴിഞ്ഞ നാലാം പാദത്തിൽ 920 കോടി ഡോളർ നേട്ടം രേഖപ്പെടുത്താനായി. ടി‌സി‌എസിന്റെ ഒരു പാദത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കാണിത്. ഇൻഫോസിസ് നാലാം പാദത്തിൽ മൊത്തം 1400 കോടി ഡോളർ നേടി. വിപ്രോയും വൻ നേട്ടമാണ് കൈവരിച്ചത്.

 

English Summary: Report on 3 million jobs losses incorrect, IT sector hired 1.38 lakh in FY21: NASSCOM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com