നേരം പുലരുവോളം മൊബൈൽ ഗെയിം, മക്കളെ നഷ്ടപ്പെടാതിരിക്കാൻ ‘മിഡ്‌നൈറ്റ് പട്രോൾ’, പൂട്ടിടാൻ ടെൻസെന്റ്
Mail This Article
വിഡിയോ ഗെയിം കളിക്കുന്ന കുട്ടികളുടെ എണ്ണം ദിവസവും കൂടിവരികയാണ്. മിക്ക രാജ്യങ്ങളിലും കുട്ടികളുടെ അമിതമായ വിഡിയോ ഗെയിം ആസക്തി വലിയ തലവേദനയായിട്ടുണ്ട്. ഇതിനൊരു നിയന്ത്രണം കൊണ്ടുവരാനായി ചൈനീസ് ഗെയിം നിർമാണ കമ്പനിയായ ടെൻസെന്റ് തന്നെ പുതിയ ടെക്നോളജി അവതരിപ്പിച്ചു. മുഖം തിരിച്ചറിയൽ സംവിധാനം ഉപയോഗിച്ചാണ് പ്രായപൂർത്തിയാകാത്തവരുടെ ഗെയിം ആസക്തിയെ ചൈനീസ് കമ്പനി നിയന്ത്രിക്കുക.
പബ്ജി മൊബൈൽ, ഫ്രീഫയർ തുടങ്ങി ജനപ്രിയ വിഡിയോ ഗെയിമുകൾ രാത്രി ഏറെ വൈകിയും കളിക്കുന്ന കുട്ടികളെയാണ് നിയന്ത്രിക്കുക. ടെൻസെന്റിന്റെ സംവിധാനം ഉപയോഗിച്ച് കുട്ടികൾ രാത്രി 10 മുതൽ രാവിലെ 8 വരെ ഗെയിം കളിച്ചാൽ ബ്ലോക്ക് ചെയ്യും. കുട്ടികൾ അമിതമായി ഗെയിം കളിക്കുന്നത് തടയാൻ ചൈന 2019 ൽ തന്നെ പ്രത്യേകം നിയമം നടപ്പിലാക്കിയിരുന്നു. കുട്ടികളെ ഒരു ദിവസം 90 മിനിറ്റിലധികം കളിക്കാൻ അനുവദിക്കരുതെന്നും ഗെയിമുമായി ബന്ധപ്പെട്ടുള്ള ഇടപാടുകൾക്കായി 57 ഡോളറിൽ കൂടുതൽ ചെലവഴിക്കാൻ അവരെ അനുവദിക്കരുതെന്നും ചൈനീസ് നിയമം അനുശാസിക്കുന്നു.
ഈ വർഷം ജൂണിൽ തന്നെ ചൈനീസ് ദേശീയ ഐഡന്റിറ്റി അടിസ്ഥാനമാക്കി പ്രായപൂർത്തിയാകാത്ത കളിക്കാരെ തടയുന്ന ഒരു പരിശോധന സംവിധാനം ഓരോ ഗെയിമിനും ചൈനീസ് സർക്കാർ നിർബന്ധമാക്കിയിരുന്നു. എന്നാൽ, ഇതൊഴിവാക്കിയും കളിക്കാൻ നിരവധി വഴികളുണ്ടെന്ന് കുട്ടികൾ കണ്ടെത്തിയതോടെ പദ്ധതി പൂർണമായും വിജയിച്ചില്ല. ഇതിനൊരു പരിഹാരമാണ് ടെൻസെന്റ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഫോണിലെ ‘മിഡ്‌നൈറ്റ് പട്രോൾ’ എന്ന പുതിയ ഫേഷ്യൽ റെക്കഗ്‌നിഷൻ സിസ്റ്റം കളിക്കാരുടെ പ്രവർത്തനവും അവർ കളിച്ച മണിക്കൂറുകളുടെ എണ്ണവും സജീവമായി ട്രാക്കുചെയ്യുന്നു. ഗെയിമിനായി ചെലവിടുന്ന പണത്തിന്റെ കണക്കുകളും നിരീക്ഷിക്കും. ഓരോ ഗെയിം കളിക്കാരന്റെയും മുഖം പരിശോധിച്ചാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുക. മുഖം തിരിച്ചറിയൽ സംവിധാനം വ്യക്തികളുടെ മറ്റു ഡേറ്റയൊന്നും സൂക്ഷിക്കുന്നില്ലെന്നും എന്നാൽ വ്യക്തികളെ ക്രോസ്-ചെക്ക് ചെയ്യുന്നതിനായി ഫേഷ്യൽ സ്കാനുകളുടെ ഒരു വലിയ ഡേറ്റാബേസ് സ്ഥാപിച്ചിട്ടുണ്ടെന്നും ടെൻസെന്റ് അറിയിച്ചു.
രാജ്യത്ത് വളര്‍ന്നുവരുന്ന ഓണ്‍ലൈന്‍ ഗെയിം ഭ്രമത്തിനെതിരെ കര്‍ശന നടപടികളാണ് ചൈനീസ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഭാവി തലമുറയെ വഴിതെറ്റിക്കുന്നുവെന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. അര്‍ധരാത്രിക്ക് ശേഷം 18 വയസിന് താഴെയുള്ളവര്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിമുകളെ അത്യാസക്തിയോടെ കാണുന്നവര്‍ക്കായി ഡിഅഡിക്ഷന്‍ സെന്ററുകളും തുടങ്ങി.
ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുള്ള രാജ്യമാണ് ചൈന. 75 കോടി ചൈനക്കാരാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഇതില്‍ 10നും 39നും ഇടക്കുള്ള ഭാവി തലമുറയാണ് ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 74 ശതമാനവും. ഇതില്‍ തന്നെ 10നും 19നും ഇടക്ക് പ്രായമുള്ള കൗമാരക്കാര്‍ 20 ശതമാനം വരും. വളരെയേറെ സമയം ചൈനീസ് കൗമാരക്കാരും യുവാക്കളും ഓണ്‍ലൈനിലും ഗെയിമുകളിലുമായി ചെലവിടുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി ശക്തമാക്കിയത്.
രാജ്യത്ത് അങ്ങോളമിങ്ങോളം അതിവേഗത്തില്‍ ഉയര്‍ന്നുവരുന്ന ഓണ്‍ലൈന്‍ ഗെയിമിങ് കേന്ദ്രങ്ങളും അവയിലെ തിരക്കും പ്രശ്‌നത്തിന്റെ രൂക്ഷത വെളിവാക്കുന്നതാണ്. ഈ വിഷയത്തില്‍ പൊതുജനാഭിപ്രായവും ചൈനീസ് സര്‍ക്കാര്‍ തേടിയിരുന്നു. നേരത്തെയും ചൈന സമാനമായ രീതിയില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ കംപ്യൂട്ടര്‍ ഗെയിം കളിക്കാന്‍ കൗമാരക്കാരെ അനുവദിക്കരുതെന്നായിരുന്നു 2007ല്‍ ഗെയിം ഓപറേറ്റര്‍മാര്‍ക്ക് ചൈനീസ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം.
English Summary: Tencent is curbing game addiction in China using facial recognition