ADVERTISEMENT

ഗൂഗിള്‍ വികസിപ്പിച്ചെടുത്ത പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്നോളജി ചിപ്പ് നിർമാണത്തിൽ വൻ മുന്നേറ്റം നടത്തുമെന്ന് റിപ്പോർട്ട്. ഗവേഷകര്‍ മാസങ്ങളെടുത്തു ഡിസൈന്‍ ചെയ്തിരുന്ന സവിശേഷ ചിപ്പുകള്‍ പോലും ആറു മണിക്കൂറിനുള്ളിലാണ് ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡിസൈന്‍ ചെയ്ത് ലോകത്തെ ഞെട്ടിച്ചത്. ഇത്തരം ചിപ്പുകള്‍ എഐക്കു വേണ്ടിത്തന്നെയാണ് ഉപയോഗിക്കുന്നത്. ഗൂഗിളിന്റെ എൻജിനീയര്‍മാര്‍ ചിപ്പ് വികസിപ്പിക്കാനുള്ള 10,000 അടിസ്ഥാന ഫ്‌ളോര്‍പ്ലാനുകളാണ് പുതിയ സോഫ്റ്റ്‌വെയറിലേക്ക് വിശകലനത്തിനായി ഫീഡു ചെയ്തത്. സോഫ്റ്റ്‌വെയര്‍ അതു വിശകലനം ചെയ്ത്, മനുഷ്യര്‍ ഡിസൈന്‍ ചെയ്ത ചിപ്പുകളേക്കാള്‍ അധികം ഇടമോ, വയറുകളോ, വിദ്യുച്ഛക്തിയോ വേണ്ടാത്ത ചിപ്പുകള്‍ക്കുള്ള ഫ്‌ളോര്‍പ്ലാനുകളാണ് എഐ മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തെടുത്തത്. ഫ്‌ളോര്‍പ്ലാനിലാണ് സിപിയു, ജിപിയു, മെമ്മറി എന്നിവ ഘടിപ്പിക്കുന്നത്. ടെനര്‍ പ്രോസസിങ് യൂണിറ്റിനു വേണ്ടിയുളള ചിപ്പുകളാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇവ എഐക്കു വേണ്ടിയുള്ളവയാണ്. 

∙ പ്രോസസര്‍ നിര്‍മാണ രംഗത്തെ പ്രശ്‌നത്തിന് പരിഹാരമാകുമോ?

പ്രോസസര്‍ നിര്‍മാണം സാങ്കേതികമായി ഒരു അന്ത്യ സ്ഥാനത്തെക്ക് (dead end) എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പുതിയ രീതി പ്രോസസര്‍ നിര്‍മാണ മേഖലയ്ക്ക് പുത്തനുണര്‍വു പകര്‍ന്നേക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ടെക്‌നോളജി ലോകം. എഐ ഡിസൈന്‍ ചെയ്തു എന്നതു കൂടാതെ, പുതിയ ചിപ്പുകളിലെ റീഇന്‍ഫോഴ്‌സ്‌മെന്റ് ലേണിങ് (ആര്‍എല്‍) അല്‍ഗോറിതത്തിന് കൂടുതല്‍ സങ്കീര്‍ണമായ നിർമിത ബുദ്ധി സൃഷ്ടിക്കാനുള്ള കഴിവുമുണ്ടെന്നു പറയുന്നു. ഫ്‌ളോര്‍പ്ലാനിങ് ഒപ്ടിമൈസേഷനില്‍ ആര്‍എല്‍ ഏജന്റ് കൂടുതല്‍ മികവുറ്റതും വേഗമാര്‍ന്നതുമായിരിക്കുന്നു. തങ്ങളുടെ എഐ രീതി ഉപയോഗിച്ചാല്‍ വിദഗ്ധര്‍ മാസങ്ങളിരുന്നു ജോലിയെടുത്താല്‍ ഉണ്ടാക്കാൻ കഴിയുന്നതോ, അതിനേക്കാൾ മികച്ചതോ ആയ ചിപ്പുകള്‍ ആറു മണിക്കൂറിനുള്ളില്‍ രൂപകല്‍പന ചെയ്‌തെടുക്കാമെന്നാണ് ഗൂഗിൾ ഗവേഷകര്‍ അവകാശപ്പെടുന്നത്.

 

ഗൂഗിളിന്റെ പുതിയ ടിപിയു ചിപ്പ് ഇത്തരത്തില്‍ രൂപകല്‍പന ചെയ്തതാണെന്ന് ഗവേഷകരില്‍ ഒരാളായ അന്ന ഗോള്‍ഡി പറഞ്ഞു. പുതിയ എഐ ടെക്നോളജി സെമികണ്‍ഡക്ടര്‍ വ്യവസായത്തില്‍ വലിയ മാറ്റംകൊണ്ടുന്നേക്കുമെന്നും പറയുന്നു. കംപ്യൂട്ടിങ് ലോകം ചിപ്പ് ഡിസൈനുകളുടെ വികസിപ്പിക്കലില്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇതിനാല്‍ തന്നെ ഗൂഗിളിന്റെ ഗവേഷകരുടെ കണ്ടെത്തലുകള്‍ ഈ രംഗത്തുള്ള എല്ലാവരുമായി പങ്കുവയ്ക്കുന്നത് ഉത്തമമായിരിക്കുമെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഇങ്ങനെ വികസിപ്പിച്ചെടുത്ത ടെനര്‍ പ്രോസസിങ് യൂണിറ്റ് ചിപ്പുകള്‍ വാണിജ്യപരമായി പ്രയോജനപ്പെടുത്തി തുടങ്ങിയെന്നും ഗൂഗിൾ അറിയിച്ചു.

 

chip

∙ മറികടന്നത് ഇതുവരെ പിന്തുടർന്നു വന്ന രീതിയെ

 

chip

ഒരു സിലിക്കണില്‍ സിപിയു, ജിപിയു, മെമ്മറി എന്നിവ എങ്ങനെ ഘടിപ്പിക്കണം എന്നതിനെക്കുറിച്ച് മൂന്നു രീതികളാണ് 1960കള്‍ മുതല്‍ അനുവര്‍ത്തിച്ചുവന്നത്. പാര്‍ട്ടീഷണിങ് കേന്ദ്രീകൃത രീതി, സ്റ്റൊകാസ്റ്റിക് അഥവാ ഹില്‍ ക്ലൈംബിങ് രീതി, അനലറ്റിക് സോള്‍വറുകള്‍ എന്നിവയാണത്. ഇവയ്‌ക്കൊന്നും മനുഷ്യര്‍ക്കൊപ്പമുള്ള (human level) പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ പുതിയ ആര്‍എല്‍ സിസ്റ്റത്തിന് അത്ര വിഷമമില്ലാതെ തന്നെ കാര്യങ്ങൾ ചെയ്യാനാകുന്നുണ്ടെന്നും പറയുന്നു. ചിപ്പുകളുടെ ഫ്‌ളോര്‍പ്ലാനിങ്ങില്‍ പെട്ടെന്നു വരുത്തിയേക്കാവുന്ന പരിവര്‍ത്തനം കൂടാതെ, അത്യന്തം മികവാര്‍ന്ന ചിപ്പുകള്‍ അതിവേഗം ഉണ്ടാക്കിയെടുക്കാമെന്നതും ഗൗരവമുള്ള മാറ്റങ്ങള്‍ക്കു വഴിവച്ചേക്കാമെന്ന് ഗവേഷര്‍ പറയുന്നു. വന്‍തോതിലുള്ള രൂപകല്‍പനാ സൂക്ഷ്മാന്വേഷണം (architectural explorations) മുൻപ് സാധ്യമായിരുന്നില്ല. കാരണം രൂപകല്‍പനാപരമായ ഒരു മാറ്റംകൊണ്ടുവരണമെങ്കില്‍ മാസങ്ങളിരുന്ന് മനുഷ്യര്‍ ജോലിയെടുക്കേണ്ടിയിരുന്നു.

 

∙ പുതിയ നേട്ടത്തെ വാഴ്ത്തി ഗവേഷകര്‍

 

പുതിയ നേട്ടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുവെ സന്തോഷത്തോടെയാണ് ലോകമെമ്പാടുമുള്ള എഐ ഗവേഷകര്‍ ശ്രവിച്ചത്. ഫെയ്‌സ്ബുക്കിന്റെ എഐ ഗവേഷണ ടീമിലെ യാന്‍ ലെകണ്‍ (Yann LeCun) പുതിയ നേട്ടത്തെ പുകഴ്ത്തിയെത്തിയവരില്‍ ഒരാളാണ്. സുപ്രധാന ശാസ്ത്ര പ്രസിദ്ധീകരണമായ 'നേച്ചര്‍' പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നത് ഗൂഗിള്‍ ഗവേഷകര്‍ കൈവരിച്ചത് സുപ്രധാനമായ നേട്ടമാണെന്നാണ്. എന്നാല്‍, ഇങ്ങനെ സമയം കളയാതെ ചെയ്‌തെടുക്കാവുന്ന രീതികള്‍ മനുഷ്യരുടെ കഴിവുകളുടെ വികസനത്തിന് തടസമാകരുതെന്നും അവര്‍ പറയുന്നു. അതേസമയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരുടെ തൊഴിലുകള്‍ ഇല്ലാതാക്കുമെന്ന വാദത്തിലേക്കാണ് മറ്റുചില ചർച്ചകൾ പോകുന്നത്.

 

∙ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരെ അടക്കി വാഴുമോ?

 

ഇന്ന് ടെക്‌നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്ന പല പ്രധാനികളുടെയും ഉറക്കംകെടുത്തുന്ന ചിന്തകളിലൊന്നാണ് സമീപ ഭാവിയില്‍ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരുടെ മേല്‍ അധിപത്യം സ്ഥാപിച്ചേക്കാമെന്നത്. ബില്‍ ഗേറ്റ്സ് മുതല്‍ ഇലോണ്‍ മസ്‌ക് വരെയുള്ളവര്‍ ഇത്തരത്തിലുള്ളവരാണ്. ഇലോണ്‍ മസ്‌ക് എഐ വികസനത്തെ വിശേഷിപ്പിച്ചത് 'പിശാചിനെ വിളിച്ചുവരുത്തല്‍' എന്നാണ്. ബുദ്ധിയുള്ള യന്ത്രങ്ങള്‍ മനുഷ്യരെ 'ഓമന മൃഗങ്ങളെ' പോലെ ഉപയോഗിക്കുമെന്നാണ്. കൂടുതല്‍ ആളുകള്‍ യന്ത്രങ്ങള്‍ മനുഷ്യര്‍ക്ക് ഭീഷണിയാകുമെന്ന വാദത്തില്‍ വിശ്വസിക്കുന്നു. തങ്ങളുടെ ജോലികള്‍ യന്ത്രങ്ങള്‍ ഏറ്റെടക്കുമെന്നു കരുതുന്നവരും ഏറെയാണ്. ചലര്‍ കരുതുന്നത് എഐ ശാസ്ത്രജ്ഞര്‍ക്കു മനസിലാക്കാന്‍ പറ്റാത്തത്ര സങ്കീര്‍ണ്ണമായ പ്രോഗ്രാമുകള്‍ സ്വയമെഴുതുമെന്നാണ്. ചലര്‍ കരുതുന്നത് ഇങ്ങനെ ബുദ്ധി കൂടിക്കൂടി വരുന്ന യന്ത്രങ്ങള്‍ മനുഷ്യരെ തന്നെ ഇല്ലാതാക്കുമെന്നാണ്.

 

English Summary: Google's AI revolutionizes computer chips design

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com