നിരോധിച്ച ചൈനീസ് ആപ്പുകള്‍ ഇന്ത്യക്കാർ ഇപ്പോഴും ഉപയോഗിക്കുന്നു, സഹായത്തിന് വിപിഎൻ
Mail This Article
ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ വര്‍ഷം പബ്ജി, ടിക്‌ടോക്ക് ഉള്‍പ്പടെ ഇരുന്നൂറോളം ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. ഡേറ്റാ ട്രാക്കിങ് വഴി രാജ്യത്തെ കാര്യങ്ങള്‍ ചൈനയ്ക്ക് നിരീക്ഷിക്കാനായേക്കും എന്ന വാദമുയര്‍ത്തിയായിരുന്നു ആപ്പുകള്‍ നിരോധിച്ചത്. ഇത്തരം ആപ്പുകള്‍ ഉപയോഗിച്ചിരുന്നവരിൽ മിക്കവരും പകരം ലഭ്യമായ ആപ്പുകളിലേക്കു മാറിയെങ്കിലും ടെക്‌നോളജി അവബോധമുള്ള ചിലരെങ്കിലും വിപിഎന്‍ ഉപയോഗിച്ച് ചൈനീസ് ആപ്പുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. അതേസമയം, ചൈനയില്‍ പഠിക്കുന്ന 23,000ത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആപ്പ് നിരോധനം തിരിച്ചടിയായെന്നും വാര്‍ത്തകളുണ്ട്. ( ഇവരില്‍ 20,000 ത്തോളം പേര്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്.) ചൈനീസ് സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വിചാറ്റ് ആപ്പു വഴി നടത്താന്‍ തീരുമാനിച്ചതാണ് കുട്ടികള്‍ക്ക് വിനയായത്. വിചാറ്റ് ഇന്ത്യയില്‍ നിരോധിച്ച ആപ്പാണ്. അവരും വിപിഎന്‍ ഉപയോഗിച്ച് നിരോധിച്ച ആപ്പുകൾ ഉപയോഗിക്കാൻ നിര്‍ബന്ധിതരായെന്ന് ഇന്ത്യാ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
∙ എന്താണ് വിപിഎന്‍?
വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് എന്നതിന്റെ ചുരുക്കപ്പേരാണ് വിപിഎന്‍. ഇന്ത്യയിലെ ഇന്റര്‍നെറ്റ് പ്രൊവൈഡര്‍ വഴി ഓൺലൈനിൽ പ്രവേശിക്കുമ്പോള്‍ നിരോധിച്ച ആപ്പുകള്‍ സന്ദര്‍ശിക്കാന്‍ കഴിയില്ല. അതേസമയം, ഒരു വിപിഎന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ശ്രമിച്ചാല്‍ നിരോധിച്ച ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം. ഇന്റര്‍നെറ്റ് കണക്ഷന്‍ പ്രോക്‌സി സെര്‍വര്‍ വഴിയായിരിക്കും ഇത് സാധ്യമാക്കുക. ഉദാഹരണത്തിന് മുംബൈയില്‍ ഇരിക്കുന്ന വ്യക്തിക്ക് തന്റെ ലൊക്കേഷന്‍ യുകെയിലെ ഒരു സ്ഥലമായി മാറ്റാം എന്നതാണ് വിപിഎന്‍ കൊണ്ടു സാധിക്കുന്നത്. എന്നാല്‍, മൊബൈല്‍ ഡേറ്റ ഉപയോഗിക്കുന്നവര്‍ക്ക് നല്ല വേഗം ലഭ്യമല്ലെങ്കില്‍ വിപിഎന്‍ ഉപയോഗിച്ചാല്‍ കണക്ഷന്റെ സ്പീഡ് വീണ്ടും കുറയുമെന്നും കാണാം.
∙ വിപിഎന്‍ ഉപയോഗം: ചൈനീസ് ആപ്പുകളില്‍ മുഖ്യം പബ്ജി
ആപ്പ് നിരോധനം ഏറ്റവുമധികം തിരിച്ചടി നേരിട്ടവരുടെ പട്ടികയിലാണ് പബ്ജി ഗെയിം കളിക്കാർ. അവരില്‍ പലരും തങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ പബ്ജി സൈഡ്‌ലോഡ് ചെയ്ത് വിപിഎന്‍ ഉപയോഗിച്ച് കളി തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്റര്‍നെറ്റ് വേഗം കുറഞ്ഞെങ്കിലും പബ്ജി ആരാധകർ കളി തുടരുന്നുണ്ട്. എന്നാല്‍, ടിക്‌ടോക്കുകാര്‍ക്കും പബ്ജിക്കാര്‍ക്കും മാത്രമല്ല ആപ്പ് നിരോധനത്തിന്റെ ആഘാതമേറ്റത് എന്നതിന്റെ തെളിവാണ് വിദ്യാര്‍ഥികളുടെ കാര്യം. വിദ്യാര്‍ഥികളില്‍ ചിലര്‍ ചൈനയിലെ സൂചോ ( Soochow) യൂണിവേഴ്‌സിറ്റിയിലാണ് പഠിക്കുന്നത്.
∙ വിദ്യാര്‍ഥികളുടെ പ്രശ്‌നം സർക്കാരുമായി സംസാരിക്കും
യൂണിവേഴ്‌സിറ്റി ഓണ്‍ലൈൻ ക്ലാസുകള്‍ തുടങ്ങിയത് വിചാറ്റിലായിരുന്നു. അത് നിരോധിക്കപ്പെട്ടതോടെ അവര്‍ മറ്റൊരു ചൈനീസ് ആപ്പായ ഡിങ്‌ടോക്കിലേക്കു മാറി. താമസിയാതെ അതും നിരോധിക്കപ്പെട്ടു. അപ്പോഴാണ് വിദ്യാര്‍ഥികള്‍ വിപിഎന്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായത്. എന്നാല്‍, ഇന്റര്‍നെറ്റിന്റെ വേഗക്കുറവു മൂലം വിപിഎന്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കുട്ടികളുടെ പഠനം തടസപ്പെടുകയാണ്. ക്ലാസുകള്‍ വഴി പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പോലും കുട്ടികള്‍ക്ക് വ്യക്തമാകാതെ പോകുന്നു എന്നാണ് ആരോപണം. ഏകദേശം മൂന്നു മുതല്‍ നാലു ലക്ഷം രൂപ വരെയാണ് ഓരോ വിദ്യാര്‍ഥിയും ഫീസായി നല്‍കിയിരിക്കുന്നത്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ തുടര്‍ പഠനം ഇവര്‍ക്ക് പ്രശ്‌നമായിരിക്കുകയാണ്. ഇക്കാര്യം സർക്കാർ അധികാരികളെ ധരിപ്പിക്കാനുള്ള ശ്രമത്തിലാണ് വിവിധ സംഘടനകള്‍. സതേണ്‍ ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്‌സിലെ അംഗമായ മനീഷ് കപാഡിയ പറയുന്നത് ഗുജറാത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ഭാവിക്കായി താനും മറ്റു ചിലരും താമിസായാതെ കേന്ദ്ര മന്ത്രിമാരുമായി സംസാരിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ്.
∙ പെഗസസ്: ആപ്പിളും ഗൂഗിളും കുറ്റക്കാരെന്ന് ടെലഗ്രാം മേധാവി
ഇന്ത്യയടക്കം ലോകത്തെ പല രാജ്യങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച പെഗസസ് നിരീക്ഷണ ആരോപണത്തില്‍ ഗൂഗിളും ആപ്പിളും കൂടി കുറ്റക്കാരാണെന്ന് സമൂഹ മാധ്യമ ആപ്പായ ടെലഗ്രാമിന്റെ മേധാവി പാവല്‍ ഡ്യൂറോവ് ആരോപിച്ചു. ഇരു ടെക്‌നോളജി ഭീമന്മാരും തങ്ങളുടെ സോഫ്റ്റ്‌വെയറിന്റ (ആന്‍ഡ്രോയിഡ്, ഐഒഎസ്) പിന്‍വാതിലുകള്‍ (ബാക്‌ഡോര്‍) തുറന്നിട്ടിരിക്കുന്നതിനാലാണ് ഇത്തരം ആക്രമണങ്ങള്‍ സാധ്യമാകുന്നത് എന്നാണ് പാവല്‍ ആരോപിക്കുന്നത്. വിസില്‍ബ്ലോവറായ (നിയമവിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്ന് അറിയിക്കുന്നയാള്‍) എഡ്വേഡ് സ്‌നോഡന്‍ 2013ല്‍ ആരോപിച്ച കാര്യം എടുത്തു പറഞ്ഞുകൊണ്ടാണ് പാവല്‍ തന്റെ വാദത്തിന് ബലം നല്‍കുന്നത്. ആപ്പിള്‍, ഗൂഗിള്‍ കമ്പനികള്‍ ആഗോള നിരീക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവയാണ് എന്നാണ് സ്‌നോഡന്‍ ആരോപിച്ചിരുന്നത്. ഇതിനാല്‍ തന്നെ ഇവയ്ക്ക് തങ്ങളുടെ സോഫ്റ്റ്‌വെയറില്‍ പിന്‍വാതിലുകള്‍ തുറന്നിടേണ്ടി വരുന്നുവെന്നും അതുകൊണ്ടാണ് പെഗസസ് പോലെയുള്ള പ്രോഗ്രാമുകള്‍ക്ക് ഫോണുകളിലും മറ്റും കയറിക്കൂടാന്‍ സാധിക്കുന്നത് എന്നുമാണ് പാവല്‍ ആരോപിക്കുന്നത്. ഈ പിന്‍വാതിലുകളെ ബഗുകള്‍ എന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഏതുസമയത്തും ഇവയിലൂടെ പ്രവേശിക്കാം.
എന്നാല്‍, പ്രശ്‌നം അവിടെയല്ല. ഈ പഴുതുകള്‍ മറ്റു കമ്പനികള്‍ക്കും ഉപയോഗിക്കാം. അതാണ് എന്‍എസ്ഒ പെഗസസ് ഉപയോഗിച്ചു ചെയ്യുന്നത്. താന്‍ കുറച്ചുകാലമായി വിവിധ സർക്കാരുകളോട് ആപ്പിളിനും ഗൂഗിളിനും എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നത് അതിനാലാണെന്നും പാവല്‍ പറഞ്ഞു. ആപ്പിളിനെതിരെ ഇതാദ്യമായല്ല പാവല്‍ രംഗത്തു വരുന്നത്. ആപ്പിളിനെ ചൈനയുമായാണ് അദ്ദേഹം താരതമ്യം ചെയ്യുന്നത്. ചൈനയെ പോലെ സമഗ്രാധിപത്യ പ്രവണതയുള്ള കമ്പനിയാണ് ആപ്പിള്‍ എന്നാണ് അദ്ദേഹം പറയുന്നത്. ആപ്പ് സ്റ്റോറിലെ ആപ്പുകള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും ഡേറ്റാ ക്ലൗഡില്‍ ശേഖരിക്കാന്‍, ഐക്ലൗഡ് ഉപയോഗിക്കണം എന്നുമൊക്കെ പറയുക വഴി ആപ്പിള്‍ ഉപയോക്താക്കളെ തങ്ങളുടെ ഡിജിറ്റല്‍ അടിമകളാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, പാവലിനെയും പെഗസസ് ഉപയോഗിച്ചു നിരീക്ഷിച്ചുവെന്നും വാര്‍ത്തകളുണ്ട്.
∙ അധികം താമസിയാതെ ഫെയ്‌സ്‌ഐഡി മാക്കിലും എത്തിയേക്കും
ഐഫോണുകളിലും മറ്റും ലഭ്യമായ ഫെയ്‌സ്‌ഐഡി ഫീച്ചര്‍ അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ മാക്കിലും ലഭ്യമാക്കിയേക്കുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടര്‍ മാര്‍ക് ഗുര്‍മന്‍ പറയുന്നു. തന്റെ പുതിയ ന്യൂസ് ലെറ്ററിലാണ് ഗുര്‍മന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വില കുറഞ്ഞ ഐഫോണുകളായി എസ്ഇ അടക്കം തങ്ങളുടെ മിക്ക ഉപരണങ്ങളെയും ഫെയ്‌സ്‌ഐഡിയിലേക്കു മാറ്റാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ മിക്ക ആപ്പിള്‍ ഉപകരണങ്ങള്‍ക്കും ഫെയ്‌സ്‌ഐഡി ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.
∙ ടാറ്റാ സ്‌കൈ ബിഞ്ജില്‍ ഇനി ആമസോണ്‍ പ്രൈം വിഡിയോകളും
ടാറ്റാ സ്‌കൈ ബിഞ്ജ് (Tata Sky Binge) ഒടിടി പ്ലാറ്റ്‌ഫോം ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. അവര്‍ക്ക് ഇനി ആമസോണ്‍ പ്രൈമിലുള്ള സിനിമകളും വിഡിയോകളും ടാറ്റാ സ്‌കൈ അക്കൗണ്ട് വഴി കാണാം. പ്രതിമാസം 129 രൂപ അധികമായി നല്‍കണമെന്നു മാത്രം. ആന്‍ഡ്രോയിഡ് സെറ്റ്‌ടോപ്ബോക്‌സ് ഉപയോഗിക്കുന്നവര്‍ക്ക് സേര്‍ച്ച് ചെയ്യുമ്പോള്‍ പ്രൈം വിഡിയോകളും കടന്നു വരും. ആമസോണ്‍ ഒറിജിനല്‍സ് അടക്കമുള്ള ഉള്ളടക്കം ലഭ്യമാകും.
∙ എച്ച്പി വിക്ടസ് സീരീസ് ലാപ്‌ടോപ്പുകള്‍ ഇന്ത്യയില്‍
പ്രമുഖ ലാപ്‌ടോപ്പ് നിര്‍മാതാക്കളായ എച്ച്പിയുടെ പുതിയ വിക്ടസ് സീരീസില്‍ ഡി, ഇ വിഭാഗങ്ങളിലുള്ള ലാട്‌പോപ്പുകള്‍ വിപണിയിലെത്തി. വിക്ടസ് ഇ സീരീസിനു ശക്തി പകരുന്നത് എഎംഡി റൈസണ്‍ പ്രോസസറുകളാണെങ്കില്‍ ഡി സീരീസിന്റെ ശക്തികേന്ദ്രം ഇന്റലിന്റെ 11-ാം തലമുറ പ്രോസസറുകളാണ്. ഇരു സീരീസിലും എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 30 ഗ്രാഫിക്‌സ് പ്രോസസറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ ഡിസ്‌പ്ലെയ്ക്ക് 16-ഇഞ്ചാണ് വലുപ്പം. 144 ഹെട്‌സ് റിഫ്രഷ് റേറ്റും 300 നിറ്റ്‌സ് ബ്രൈറ്റ്‌നസും ഉണ്ട്. ഇവ വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുന്നു, പക്ഷേ വിന്‍ഡോസ് 11ലേക്ക് സുഗമമായി അപ്‌ഗ്രേഡു ചെയ്യാം. 16 ജിബി വരെ റാം ഉണ്ടായിരിക്കും. ഇ സീരീസിന്റെ തുടക്ക വില 64,999 രൂപയാണെങ്കില്‍ ഡി സീരീസിന് 74,999 രൂപ നല്‍കണം.
കടപ്പാട്: എച്പി, ബ്ലൂംബര്‍ഗ്, എംഎസ്എന്‍, ഇന്ത്യാടൈംസ്
English Summary: Thousands Of Indians Still Use Chinese Apps With VPN, Despite Govt Ban