ഡിസൈന്‍ ഗ്രാഫിക്സ് മാത്രമല്ല, ഒരു സഹാനുഭൂതിയാണ്; സാമൂഹിക പ്രശ്‌നങ്ങള്‍ക്കും പരിഹാര വഴി
Mail This Article
എന്താണ് ഒരു ഡിസൈന്‍? സാധാരണ നമ്മുടെയൊക്കെ മനസില്‍ കടന്ന് വരുന്നത് വര്‍ണങ്ങളും ചിത്രങ്ങളുമൊക്കെയാണ്. എന്നാല്‍ ലോകം ഇന്ന് ഡിസൈൻ എന്നതിനെ പ്രശ്‌ന പരിഹാര മാര്‍ഗമായിട്ടാണ് കാണുന്നത്. ഡിസൈന്‍ ഒരു സഹാനുഭൂതിയാണ്(Empathy). ഓരോ ഡിസൈനു പിന്നിലും എച്ച്സിഡി (Humman Centered Design) / യുസിഡി (User Centered Design) തുടങ്ങിയ രീതികളാണ് ഉപയോഗിക്കുന്നത്. ഡിജിറ്റല്‍ മേഖലയില്‍ മാത്രമല്ല സാമൂഹിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങളും ഇതേ വഴികളിലൂടെ നമുക്ക് കണ്ടെത്താനാകും.
∙ പ്രശ്‌നം അറിഞ്ഞ് പരിഹാരം
എതൊരു പ്രൊജക്ടിലും അതിന്റെ ആവശ്യകതയും അതിന്റെ ഉപഭോക്താക്കളേയും അവരുടെ പ്രശ്‌നങ്ങളും നന്നായി പഠിക്കുക എന്നതാണ് ഒരു ഡിസൈനറുടെ പ്രാഥമിക ഉത്തരവാദിത്വം. ഉദാഹരണം ഒരു വിദ്യാര്‍ത്ഥിക്ക് ക്ലാസ്സില്‍ പതിവായി മാര്‍ക്ക് കുറഞ്ഞാല്‍ അവരെ മടിയനായും, കഴിവില്ലാത്തവനായും ഒക്കെ ചിത്രീകരിക്കുകയാണ് രീതി. ഇതിനുള്ള പരിഹാരമായി പല ശിക്ഷാ നടപടികളിലേക്കും കടന്നുവെന്നും വരാം. എന്നാല്‍ ഒരു ഡിസൈനറുടെ മുന്നില്‍ ഈ പ്രശ്‌നം എത്തിയാല്‍ ആ വിദ്യാര്‍ഥിയെ പഠനത്തില്‍ പുറകോട്ടു നയിക്കുന്നതിന്റെ മൂല കാരണങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനുമുള്ള ശ്രമങ്ങളാണുണ്ടാവുക.
റൂട്ട് കോസ് അനാലിസിസ് പോലെ ഉള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ഒരു ഡിസൈനര്‍ അവരുടെ ഉപഭോക്താക്കളുടെ പ്രധാന പ്രശ്‌നത്തെ കണ്ടുപിടിക്കുന്നത്. ഉപഭോക്താക്കളുടെ പൊതു സ്വഭാവം, ജീവിതരീതികള്‍, ഇഷ്ടാനിഷ്ടങ്ങള്‍, അവര്‍ നേരിടുന്ന മറ്റു പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം മനസിലാക്കിയതിനു ശേഷം ആണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍വചിക്കുന്നത്.
∙ ഫെയ്സ്ബുക് തന്ത്രം
ഇന്ന് ഡിജിറ്റല്‍ ലോകത്ത് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള (യുസിഡി) രീതിക്ക് വളരെ പ്രധാന്യമുണ്ട്. UX/UI ഡിസൈനേഴ്‌സ് ആണ് ഈ ജോലി ചെയ്യുന്നത്. എങ്ങനെ ഒരു ഉപയോക്താവിനെ മൊബൈല്‍ ആപ്പിലേക്ക് ആകര്‍ഷിക്കാം, എങ്ങനെ അവരെ കൂടുതല്‍ നേരം ആപ്പില്‍ നിര്‍ത്താം, അതുവഴി എങ്ങനെ കൂടുതല്‍ ബിസിനസ് നേടാം എന്നിവക്ക് വേണ്ട നിര്‍ദേശങ്ങള്‍ ഒരു UX ഡിസൈനറാണ് നല്‍കുന്നത്.
നമ്മള്‍ ഫെയ്സ്ബുക് ഫീഡ്‌സ് കണ്ട് മടുത്തു പുറത്തേക്ക് പോകാന്‍ ശ്രമിക്കുമ്പോള്‍ അത് റിഫ്രഷ് ആയി പുതിയ ഫീഡ്‌സ് നമ്മളെ വീണ്ടും കാണിക്കുകയും ചെയ്യും. അതുവഴി നമ്മള്‍ വീണ്ടും ഫെയ്സ്ബുക്കില്‍ തന്നെ തുടരാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. അങ്ങനെ കൂടുതല്‍ സമയം നമ്മള്‍ ആപ് ഉപയോഗിക്കുകയും അത് വഴി ബിസിനസ് കൂടുകയും ചെയ്യും.
∙ ഉപഭോക്താക്കളെ അടുത്തറിയാം
ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിശദമായ ഇ.സി.ജി റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുകയാണ് കൊച്ചി ആസ്ഥാനമായ വെബ്കാർഡിയോ (webcardio) എന്ന മെഡിക്കല്‍ സ്റ്റാര്‍ട്ട് അപ് ചെയ്യുന്നത്. നിലവില്‍ ഉള്ള വലുതും ചിലവേറിയതുമായ ഉത്പന്നത്തിന് പകരം ഒരു ചെറിയ പാച്ച് രോഗികളുടെ നെഞ്ചിന്റെ ഭാഗത്തു ഒട്ടിക്കുകയാണ് പതിവ്. ഈ ചെറു ഉപകരണം മൊബൈല്‍ ആപ് വഴി ബന്ധിപ്പിച്ച് വിവരങ്ങള്‍ ഡോക്ടര്‍ക്കും രോഗികള്‍ക്ക് അയച്ചു കൊടുക്കും. അങ്ങനെ ഡോക്ടര്‍ക്ക് മൂന്ന് മുതല്‍ ഏഴ് ദിവസത്തെ വരെ ഹൃദയത്തിന്റെ പ്രവര്‍ത്തനം മനസിലാക്കാനാകും. ഇത് ഉപയോഗിക്കുന്നവരില്‍ കൂടുതലും 50 വയസ്സിനു മുകളില്‍ ഉള്ളവരാണ്. ഇവര്‍ക്കൊപ്പം സമയം ചിലവഴിച്ചാണ് ഈ പാച്ച് ഉപയോഗിക്കുമ്പോഴുള്ള രോഗികളുടെ മാനസികാവസ്ഥയും അവരുടെ വികാരങ്ങളേയും കുറിച്ച് മനസിലാക്കിയെടുക്കുന്നത്. ഉപഭോക്താക്കളില്‍ നിന്നും നേരിട്ട് പ്രശ്‌നങ്ങള്‍ മനസിലാക്കിയുള്ള പരിഹാരമാര്‍ഗമാണ് ഏറ്റവും മികച്ച ഫലം നല്‍കുക. ഡിസൈന്‍ തിങ്കിങ് രീതിയിലൂടെയാണ് ഓരോ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നത്.
∙ വലിയ സാധ്യതകള്‍
ഒരു UX അഥവാ യൂസര്‍ എക്‌സ്പീരിയന്‍സ് ഡിസൈനര്‍ ആണ് ഒരു പ്രൊഡക്ടില്‍ എന്ത് കാണിക്കണം, എങ്ങനെ എത്ര പ്രാധാന്യത്തോടെ കാണിക്കണം എന്നൊക്കെ നിര്‍വചിക്കുന്നത്. ആകര്‍ഷണീയവും ഉയര്‍ന്ന വരുമാനമുള്ളതുമായ മേഖലയാണിത്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ഫെയ്സ്ബുക്ക്, ഗൂഗിള്‍ പോലുള്ള വന്‍കിട കമ്പനികള്‍ മുതല്‍ പുതിയ സ്റ്റാര്‍ട്ട്അപ്പുകള്‍ വരെ UX/UI ഡിസൈനേഴ്‌സിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
പലര്‍ക്കും ഈയൊരു പ്രൊഫഷനെ കുറിച്ച് അധികം പരിചയമില്ല. ഇപ്പോഴും ഡിസൈന്‍ എന്ന് പറയുമ്പോള്‍ ഗ്രാഫിക് ഡിസൈനും ഫാഷന്‍ ഡിസൈനുമൊക്കെയാണ് സങ്കല്‍പം. അതിനു മാറ്റം വരുത്തുവാന്‍ കേരളത്തിനു അകത്തും പുറത്തുമായി വിവിധ കോളേജുകളില്‍ വര്‍ക്ക്‌ഷോപ്പുകളും, സെമിനാറുകളും നടത്തി വരും തലമുറയെ ഈയൊരു മേഖലയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുണ്ട്.
∙ എങ്ങനെ UX ഡിസൈനറാവാം?
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയുള്ള എതൊരാള്‍ക്കും ഈ ജോലി തിരഞ്ഞെടുക്കാം. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് NID, NIFT പോലെ ഉള്ള കോളേജുകളില്‍ ചേര്‍ന്ന് ഇതുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ പഠിക്കാന്‍ സാധിക്കും. പല സ്വകാര്യ കോളേജുകളിലും ഡിസൈന്‍ ബിരുദ കോഴ്‌സുണ്ട്. ബിരുദം കഴിഞ്ഞവര്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഉപയോഗപ്പെടുത്താം. കോഴ്‌സ് ചെയ്ത് സര്‍ട്ടിഫിക്കറ്റ് നേടുന്നതിനേക്കാള്‍ ഉപരിയായി ഇതുമായി ബന്ധപ്പെട്ട കഴിവുകള്‍ വികസിപ്പിച്ചെടുക്കുകയാണ് വേണ്ടത്. മികച്ച പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കി നമ്മുടെ കഴിവ് പ്രദര്‍ശിപ്പിക്കാനും സാധിക്കണം.
വിവരങ്ങൾക്ക് കടപ്പാട്: ചെറിയാൻ മണലേൽ (കൊച്ചി ആസ്ഥാനമായ വെബ്കാർഡിയോ (webcardio) എന്ന മെഡിക്കല്‍ സ്റ്റാര്‍ട്ട് അപ്പില്‍ ലീഡ് UX ഡിസൈനര്‍)
English Summary: UX is important because it tries to fulfill the user's needs