ADVERTISEMENT

ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ കുറച്ചുകൂടി കാത്തിരിക്കുന്നതാണ് നല്ലത്. വലിയ വിലകൊടുത്ത് സെക്കന്‍ഡ്ഹാന്‍ഡ് വാങ്ങുന്നതും ബുദ്ധിയായിരിക്കില്ല. വൈകാതെ തന്നെ ആപ്പിളിന്റെ അടുത്ത തലമുറയിലെ ഐഫോണുകള്‍ അവതരിപ്പിച്ചേക്കും. ഉദാഹരണത്തിന് ഐഫോണ്‍ 12 സീരീസിലെ ഏതെങ്കിലും ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതേ വിലയ്ക്ക് കൂടുതല്‍ കരുത്തുറ്റ പ്രോസസറും ഫീച്ചറുകളുമുള്ള ഐഫോണ്‍ 13 സീരീസിലെ ഫോണുകള്‍ സെപ്റ്റംബറില്‍ തന്നെ സ്വന്തമാക്കാന്‍ സാധിച്ചേക്കും! ഓണ്‍ലൈനില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ ഫോണുകളുടെ വില തന്നെയായിരിക്കും പുതിയ ഐഫോണുകള്‍ക്കും ഇടുക. ഇനി അതല്ല ഐഫോണ്‍ 12 സീരീസ് മതിയെന്നാണെങ്കില്‍ അവയുടെ വില കുറയ്ക്കുകയും ചെയ്യും.

 

ഐഫോണ്‍ 13 സീരീസ് എത്തുക ആപ്പിളിന്റെ ഏറ്റവും കരുത്തുറ്റ പ്രോസസറായ എ15 ചിപ്പുമായിട്ടായിരിക്കും. ഇതിന് 5ജി സങ്കേതികവിദ്യയിലും 12 സീരീസിനെ അപേക്ഷിച്ച് മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്നു. ഡിസൈന്റെ കാര്യത്തില്‍ ഐഫോണ്‍ 12, ഐഫോണ്‍ 13 സീരീസുകള്‍ തമ്മില്‍ മാറ്റമുണ്ടാവില്ലെന്നും അഭ്യൂഹങ്ങള്‍ പറയുന്നു. ഐഫോണ്‍ 13 പ്രോ സീരീസിന്, അല്ലെങ്കില്‍ ഐഫോണ്‍ 12 പ്രോ മാക്‌സിന് മാത്രമായി എങ്കിലും 120 ഹെട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലെയും പ്രതീക്ഷിക്കുന്നു. ഇവയ്‌ക്കൊന്നും ഐഫോണ്‍ 12 സീരീസിനേക്കാള്‍ അധികവില നല്‍കേണ്ടിവന്നേക്കില്ല. ഐഫോണ്‍ എസ്ഇ (2020) മുതല്‍ ഐഫോണ്‍ 12 സീരീസ് വരരെയാണ് ആപ്പിള്‍ ഇപ്പോള്‍ വില്‍ക്കുന്നത്. ഐഫോണ്‍ എക്‌സ്ആര്‍ ഇപ്പോള്‍ വില്‍ക്കുന്നത് 42,999 രൂപ മുതലാണ്. ചിലപ്പോള്‍ ഈ ശ്രേണിയുടെ വില്‍പന ആപ്പിള്‍ നിർത്തിയേക്കും. എന്നാല്‍, അതിന്റെ സ്ഥാനത്തേക്ക് ഐഫോണ്‍ 11 എത്തിയേക്കും. ഈ മോഡലുകളുടെ സെക്കന്‍ഡ്ഹാന്‍ഡ് ഹാൻഡ്സെറ്റുകൾ വാങ്ങാന്‍ ആഗ്രഹിക്കുന്നവരും കുറച്ചു ദിവസങ്ങള്‍ കൂടി കാത്തിരിക്കുന്നതായിരിക്കും ഉചിതം.

 

തുടക്ക ഐപാഡ് മോഡല്‍, ആപ്പിള്‍ വാച്ച്, എയര്‍പോഡ്‌സ്, മാക്ബുക്കുകള്‍ തുടങ്ങിയവയുടെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. പുതിയ മാക്ബുക്ക് പ്രോ മോഡലുകല്‍ (14, 16 ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ളവ) കൂടുതല്‍ കരുത്താര്‍ന്ന എം1എക്‌സ് പ്രോസസറുമായി എത്തുമെന്നു കരുതുന്നു. ഇവയിൽ 10-കോറുള്ള സിപിയു, മാഗ്‌സെയ്ഫ് വയര്‍ലെസ് ചാര്‍ജിങ്, നൂതന ഡിസൈന്‍, കുടുതല്‍ പോര്‍ട്ടുകള്‍ തുടങ്ങി ഉപകാരപ്രദമായ കൂടുതൽ ഫീച്ചറുകൾ ഉള്‍പ്പെടുത്തിയേക്കും. മാക് മിനിയുടെ കാര്യത്തിലും ഇത് ശരിയായിരിക്കുമത്രെ. ഇവ ഗ്രാഫിക്‌സ് ഡിസൈനര്‍മാരെ ഉദ്ദേശിച്ചായിരിക്കും ഇറക്കുക. ആപ്പിള്‍ ഇനി ഇറക്കാന്‍ പോകുന്ന ഐപാഡ് മിനിക്കും പുതിയ ഡിസൈനും കൂടുതല്‍ വലുപ്പമുള്ള സ്‌ക്രീനും ഉണ്ടാകുമെന്നു കരുതുന്നു. പുതിയ സീരീസിന് 8.5-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 30,000 രൂപ വില പ്രതീക്ഷിക്കുന്ന തുടക്ക ഐപാഡ് മോഡലിന്, ഐപാഡ് എയറിന്റേതു പോലെയുള്ള ഡിസൈനും നിലവിലുള്ളതിനേക്കാള്‍ കരുത്തുറ്റ പ്രോസസറുകളും പ്രതീക്ഷിക്കുന്നു. ഫിസിക്കല്‍ ഹോം ബട്ടണ്‍ എടുത്തു കളഞ്ഞേക്കും. ആദ്യ എയര്‍പോഡ്സ് സീരീസുകള്‍ക്കില്ലാത്ത ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയായിരിക്കും ഇനി ഇറങ്ങാന്‍ പോകുന്ന സീരീസ് ഇറക്കുക. ഇതിനാല്‍ തന്നെ പഴയ മോഡലുകള്‍ ഇപ്പോൾ വാങ്ങാതിരിക്കുന്നതാണ് നല്ലത്.

 

∙ അവതരണം എന്ന്?

 

ഐഫോണ്‍ 13 (ചിലപ്പോള്‍ പേര് അതായിരിക്കണമെന്നില്ല) സീരീസ് സെപ്റ്റംബര്‍ 14ന് അവതരിപ്പിച്ചേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഇത് സെപ്റ്റംബര്‍ 17ന് തന്നെ വില്‍പനയ്ക്ക് എത്തുമെന്നും വാര്‍ത്തകളുണ്ട്. പുതിയ ആപ്പിള്‍ വാച്ചും തുടക്ക ഐപാഡ് മോഡലും ഒരു പക്ഷേ ഇതേ വേദിയില്‍ അവതരിപ്പിച്ചേക്കാം. അതേസമയം, മാക്ക് സീരീസ് അവതരിപ്പിക്കുമോ എന്ന് ഉറപ്പില്ല. പക്ഷേ, എന്തായാലും അവയും വരുന്ന മാസങ്ങളില്‍ അവതരിപ്പിച്ചേക്കും.

 

∙ ആപ്പിള്‍ വാച്ച് സീരീസ് 7ന്റെ വ്യാജ പതിപ്പുകള്‍ ചൈനയില്‍

jiophone-next

 

ആപ്പിള്‍ വാച്ച് സീരീസ് 7 സെപ്റ്റംബറില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ഇതിന്റെ ക്ലോണ്‍ വില്‍പന ചൈനയില്‍ തുടങ്ങി. ഇത്തവണ സ്റ്റെയ്‌ലെസ് സ്റ്റീല്‍ മോഡല്‍ അടക്കം ആഘോഷമായാണ് വ്യാജ ആപ്പിള്‍ വാച്ചുകള്‍ വിൽക്കുന്നതെന്ന് മജിന്‍ ബു എന്ന ട്വിറ്റര്‍ ഉപയോക്താവ് പറയുന്നു. https://bit.ly/3Bqgurw അതേസമയം, ആപ്പിള്‍ വാച്ച് സീരീസ് 7ന് ഇതിനേക്കാൾ മികച്ച നിര്‍മിതിയാണ് പ്രതീക്ഷിക്കുന്നത്.

 

∙ ജിയോഫോണ്‍ നെക്‌സ്റ്റിന്റെ പ്രീ ഓര്‍ഡര്‍ ഈ ആഴ്ച മുതല്‍?

 

റിലയന്‍സ് ജിയോഫോണ്‍ നെക്‌സ്റ്റ് ഈ ആഴ്ച മുതല്‍ പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ സാധിച്ചേക്കുമെന്ന് എംഎസ്എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വിലയെക്കുറിച്ച് ഇപ്പോള്‍ വ്യക്തതയില്ലെങ്കിലും സെപ്റ്റംബര്‍ 10ന് അടുത്ത് അതും അറിയന്‍ സാധിച്ചേക്കും. ആദ്യ അഭ്യൂഹങ്ങള്‍ പ്രകാരം 3,500 രൂപ ആണ് വില. അതേസമയം, പിന്നീട് വന്ന വാര്‍ത്തകളില്‍ വില 75 ഡോളര്‍ ആയിരിക്കുമെന്നും പറഞ്ഞു കേട്ടിരുന്നു. 

 

ജിയോഫോണ്‍ നെക്‌സ്റ്റിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍: 5.5-ഇഞ്ച് എച്ഡി ഡിസ്‌പ്ലെ, 4ജി വോള്‍ട്ടി ഇരട്ട സിം, 2/3 ജിബി റാം, 16/32 സംഭരണശേഷി, ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ ക്യുഎം215, ആന്‍ഡ്രോയിഡ് 11 (ഗോ), പിന്‍ ക്യാമറ 13 എംപി, മുന്‍ ക്യാമറ 8എംപി, 2500 എംഎഎച് ബാറ്ററി, സ്മാര്‍ട് ക്യാമറ, ഓഗ്‌മെന്റഡ് റിയാലിറ്റി ഫില്‍റ്ററുകള്‍.

 

ഹാര്‍ഡ്‌വെയര്‍ കരുത്തു കുറവായിരിക്കുമെങ്കിലും മറ്റു ചില ഫീച്ചറുകള്‍ ഗൂഗിളിന്റെയും റിലയന്‍സിന്റെയും എൻജിനീയര്‍മാര്‍ സംയുക്തമായി വികസിപ്പിച്ചെടുത്തതാണ്. ഗൂഗിള്‍ അസിസ്റ്റന്റിന്റെ സേവനം അവയില്‍ പ്രധാനമാണ്. സ്‌ക്രീനിലുള്ള ടെക്സ്റ്റ് ഓട്ടോമാറ്റിക്കായി വായിച്ചു കേള്‍പ്പിക്കാനുള്ള ശേഷി ഉണ്ടായിരിക്കും. ഒരു ഭാഷയില്‍ നിന്ന് മറ്റൊന്നിലേക്ക് തര്‍ജമ ചെയ്യാനുള്ള ശേഷിയും പ്രതീക്ഷിക്കുന്നു. ഫോണിന്റെ ഭാഷ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്നു തന്നെ മാറ്റിയെടുക്കാം. പ്രതീക്ഷിക്കുന്ന മറ്റൊരു മുഖ്യ ഫീച്ചര്‍ സ്മാര്‍ട് ക്യാമറാ സിസ്റ്റമാണ്. ഒറ്റ പിന്‍ ക്യാമറയെ ഉള്ളൂവെങ്കിലും അതിന് എച്ഡിആര്‍ മോഡും, ഓഗ്‌മെന്റഡ് റിയാലിറ്റി ഫില്‍റ്ററുകളും ഉണ്ടായേക്കും. സ്‌നാപ്ചാറ്റിലേതു പോലെ സ്മാര്‍ട് ഫില്‍റ്ററുകള്‍ ഉപയോഗിക്കാനുള്ള കഴിവും പ്രതീക്ഷിക്കുന്നു. അതേസമയം, ഫോണ്‍ അവതരിപ്പിച്ചു കഴിഞ്ഞ ഉടനെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കു മാറാനാകുമെന്നൊരു ശ്രുതിയുമുണ്ട്. ആന്‍ഡ്രോയിഡ് 10 ഒഎസില്‍ തുടങ്ങി 11ലേക്കു മാറാമെന്നാണോ, അതോ ആന്‍ഡ്രോയിഡ് 11ല്‍ നിന്ന് 12ലേക്കു മാറാമെന്നാണോ എന്ന് വ്യക്തമല്ല. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ടായിരിക്കുമെന്നും കരുതുന്നു.

 

∙ അല്‍ഗോറിതങ്ങളെ നിയന്ത്രിക്കാന്‍ ചൈന

 

സ്വകാര്യ ടെക്‌നോളജി കമ്പനികള്‍ ആളുകളുടെ ഇഷ്ടം അറിഞ്ഞ് പരസ്യവും ഉള്ളടക്കവും കാണിക്കാനാണെന്നു പറഞ്ഞ് ഉപയോഗിക്കുന്ന അല്‍ഗോറിതങ്ങള്‍ വ്യക്തികളുടെ സ്വകാര്യതയ്ക്ക് കടുത്ത ഭീഷണിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇതിനെതിരെ പുതിയ നിയമം കൊണ്ടുവരികയാണ് സൈബര്‍സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന. അല്‍ഗോറിതം റെക്കമെന്‍ഡേഷന്‍ മാനേജ്‌മെന്റ് റെഗുലേഷന്‍സ് എന്ന പേരിലാണ് പുതിയ നിയമാവലി എത്തുന്നത്. ടെക്‌നോളജി മേഖലയെ സർക്കാരിന്റെ നിയന്ത്രണത്തിലേക്ക് കൂടുതലായി എത്തിക്കുന്നതിന്റെ ഭാഗമായിരിക്കും ഇത്.

 

∙ ചൈനീസ് സർക്കാർ ടിക്‌ടോക്കിന്റെ ബോര്‍ഡില്‍

 

ടിക്‌ടോക്കിന്റെ ഉടമയായ ബൈറ്റ്ഡാന്‍സ് കമ്പനിയുടെ നിയന്ത്രണത്തില്‍ ചൈനീസ് സർക്കാർ നേരിട്ടു പങ്കാളിയാകുന്നതായി വാര്‍ത്തകള്‍. ദി ഇന്‍ഫര്‍മേഷനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ദി വാഷിങ്ടണ്‍ പോസ്റ്റും ഇതു പിന്നീട് ശരിവച്ചതിനെതുടര്‍ന്ന് അമേരിക്കന്‍ സെനറ്റര്‍മാര്‍ ടിക്‌ടോക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു രംഗത്തെത്തുകയുണ്ടായി.

 

∙ ഐപിഒ ഇറക്കാന്‍ ടിക്‌ടോക്ക്

 

ചൈനീസ് സർക്കാരിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ ഹോങ്കോങ് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ഐപിഒ ഇറക്കാന്‍ ഒരുങ്ങുകയാണ് ടിക്‌ടോക്ക് എന്നു റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ കമ്പനികളിലൊന്നായ ആലിബാബ ഐപിഒ ഇറക്കാൻ ശ്രമിച്ചത് വലിയ വിവാദമായിരുന്നു.

 

English Summary: Apple iPhone 13 series may come at cheaper price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com