ADVERTISEMENT

ശതകോടീശ്വരന്‍ റിച്ചഡ് ബ്രാന്‍സന്റെ കമ്പനിയായ വെര്‍ജിന്‍ ഗലാക്റ്റിക് സൗജന്യ ബഹിരാകാശ യാത്രയ്ക്ക് അവസരമൊരുക്കുന്നു. ഗലാക്റ്റിക്കിന്റെ പുതിയ ഓഫര്‍ പ്രകാരം രണ്ടു പേര്‍ക്ക് 'ഫ്രീ' ആയി ബഹിരാകാശ യാത്ര നടത്താനുള്ള അവസരമാണ് ഒരുങ്ങുന്നത്. എന്നാല്‍, ഇത് പൂര്‍ണമായും സൗജന്യമല്ല. ലോട്ടറി എടുക്കുന്നതു പോലെയാണ് ഇത്. 'സ്‌പേസ് ഫോര്‍ ഹ്യൂമന്‍ ചാരിറ്റി' എന്ന സേവനത്തിലേക്ക് സംഭാവന ചെയ്യുന്നവരില്‍ നിന്ന് നറുക്കിട്ടാണ് സൗജന്യ സീറ്റിനുള്ള ആളെ തിരഞ്ഞെടുക്കുക. രണ്ടു സൗജന്യ സീറ്റുകളാണ് ബഹിരാകാശ വാഹനമായ വിഎസ്എസ് യൂണിറ്റിയില്‍ ഒഴിച്ചിട്ടിരിക്കുന്നത്. സീറ്റുകള്‍ ലഭിക്കാന്‍ സംഭാവന ചെയ്യേണ്ട കുറഞ്ഞ തുക 10 ഡോളറാണ്. അവര്‍ക്ക് ലോട്ടറിയില്‍ 100 എന്‍ട്രികള്‍ ലഭിക്കും. അതേസമയം, 25 ഡോളര്‍ സംഭാവന ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സാധ്യതയുണ്ടെന്നും പറയുന്നു. അവര്‍ക്ക് 250 എന്‍ട്രികള്‍ ലഭിക്കും.

 

വിജയികളെ സെപ്റ്റംബര്‍ 29ന് പ്രഖ്യാപിക്കും. വിജയികളില്‍ ഒരാളാകാന്‍ സാധിച്ചാല്‍ സമുദ്ര നിരപ്പിൽ നിന്ന് 250,000 അടി മുകളില്‍ വരെ യൂണിറ്റിയില്‍ ഉയരാന്‍ അവസരം ലഭിക്കും. ഏതാനും മിനിറ്റു നേരത്തേക്ക് ഭൂമിയുടെ ചെരിവു കാണാനും ഗുരുത്വാകര്‍ഷണം ഇല്ലാത്ത അവസ്ഥ അനുഭവിക്കാനും സാധിക്കും. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനാണ് ബഹിരാകാശ ടൂറിസത്തിലേക്ക് ഇറങ്ങിയിരിക്കുന്ന രണ്ടാമത്ത കമ്പനി. ബ്ലൂ ഒറിജിനും ഇത്തരത്തിലുള്ള ഓഫറുകള്‍ അവതരിപ്പിച്ചേക്കാമെന്ന് സൂചനയുണ്ട്.

 

∙ 18 വയസില്‍ താഴെയുള്ളവര്‍ ഓണ്‍ലൈന്‍ ഗെയിം ആഴ്ചയില്‍ 3 മണിക്കൂര്‍ കളിച്ചാല്‍ മതിയെന്ന് ചൈന

 

കുട്ടികളില്‍ പടരുന്ന ഓണ്‍ലൈന്‍ ഗെയിം ഭ്രമത്തിനെതിരെ കടുത്ത നടപടികളുമായി ചൈന. ചൈനയില്‍ 18 വയസില്‍ താഴെയുള്ളവര്‍ ആഴ്ചയില്‍ മൂന്നു മണിക്കൂര്‍ മാത്രം കളിച്ചാല്‍ മതിയെന്നാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന പുതിയ നിയമം പറയുന്നത്. നാഷണല്‍ പ്രസ് ആന്‍ഡ് പബ്ലിക്കേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയ നയമങ്ങള്‍ പ്രകാരം കുട്ടികള്‍ വെള്ളിയാഴ്ച, ആഴ്ചയുടെ അവസാനം, അവധി ദിവസങ്ങള്‍ എന്നീ മൂന്നു ദിവസങ്ങളില്‍ പ്രാദേശിക സമയം രാത്രി 8 നും 9 മണിക്കുമിടയില്‍ മാത്രമേ ഗെയിം കളിക്കാവൂ എന്നാണ് നിർദേശിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമിങ് സേവനങ്ങള്‍ നല്‍കിവരുന്ന കമ്പനികളോട് ഈ പ്രത്യേക സമയങ്ങളില്‍ മാത്രമേ കുട്ടികളെ ഗെയിം കളിക്കാന്‍ അനുവദിക്കാവൂ എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

 

∙ ടെക് കമ്പനികളെ കൂടുതല്‍ വെട്ടിലാക്കി

 

കളിക്കുന്ന ആളിന്റെ യഥാര്‍ഥ പേരു വേരിഫൈ ചെയ്യാനുള്ള സിസ്റ്റങ്ങള്‍ സ്ഥാപിക്കാനും കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. നിലവിലുണ്ടായിരുന്ന നിയമം പ്രകാരം കുട്ടികള്‍ക്ക് സാധാരണ ദിവസങ്ങളില്‍ 1.5 മണിക്കൂറും, അവധി ദിവസങ്ങളില്‍ 3 മണിക്കൂറുമാണ് ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ അനുവദിച്ചിരുന്നത്. ആലിബാബ, ടെന്‍സന്റ് തുടങ്ങിയ ടെക്‌നോളജി കമ്പനികളെ നിലയ്ക്കു നിർത്താനായി തുടങ്ങിയ നീക്കങ്ങളുടെ ഭാഗം തന്നെയാണ് കുട്ടികളുടെ ഗെയിമിങ് സമയത്തില്‍ വരുത്തിയിരിക്കുന്ന കുറവും. ആന്റി-അഡിക്ഷന്‍ സിസ്റ്റങ്ങള്‍ കൊണ്ടുവരണമെന്നും കമ്പനികളോട് ചൈന ആവശ്യപ്പെട്ടു കഴിഞ്ഞു. അതേസമയം, ചൈനീസ് ടെക്‌നോളജി കമ്പനികളുടെ ഭാവി അനിശ്ചിതത്വത്തിലായി. ഒരു വര്‍ഷത്തിലേറെയായി നടന്നിട്ടുള്ള സർക്കാർ ഇടപെടലുകളാണ് ഇതിന് കാരണമെന്നും സിഎന്‍ബിസി റിപ്പോര്‍ട്ടു ചെയ്യുന്നു. നിയമംതെറ്റിക്കുന്നവർക്കെതിരെ കനത്ത പിഴകളും ചുമത്തുന്നുണ്ട്. രാജ്യത്തെ പുതിയ ഡേറ്റാ പരിപാലന നിയമങ്ങളും അമേരിക്കയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങള്‍ പല ചൈനീസ് ടെക്‌നോളജി കമ്പനികളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തിയതും അവയുടെ ഓഹരി വിപണിയിലെ മൂല്യം ഇടിയാന്‍ ഇടവരുത്തിയെന്നും പറയുന്നു.

data-center

 

∙ ഗഗന്‍യാന്‍ ദൗത്യത്തിനു പോകാനുള്ളവര്‍ തിരിച്ച് റഷ്യയിലേക്ക്

 

റഷ്യയിലെ പരിശീലനത്തിനു ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ഗഗന്‍യാന്‍ ദൗത്യത്തിനു പോകാനുള്ള നാല് ബഹിരാകാശ സഞ്ചാരികള്‍ വീണ്ടും റഷ്യയിലേക്കു തിരിക്കുകയാണ്. ഇത്തവണ അവരുടെ ബഹിരാകാശ സൂട്ടിനുള്ള അളവെടുക്കാനാണ് പോകുന്നത്. ഇവര്‍ക്കുള്ള സ്‌പേസ് സൂട്ടുകള്‍ റഷ്യയിലായിരിക്കും നിർമിക്കുക. നാല് ഐഎഎഫ് വൈമാനികരാണ് ഈ ദൗത്യത്തിനു തിരഞ്ഞെടുക്കപ്പെട്ടവര്‍.

 

∙ മുംബൈയില്‍ ഡേറ്റാ സെന്ററുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം പുനരവലോകനം ചെയ്യണമെന്ന് മൈക്രോസോഫ്റ്റ്

 

രാജ്യത്തെ ഡേറ്റാ സെന്ററുകള്‍ മുംബൈയില്‍ കേന്ദ്രീകരിക്കുന്നതിനെതിരെ മൈക്രോസോഫ്റ്റ് മുന്നറിയിപ്പു നല്‍കി. ആംസ്റ്റര്‍ഡാം, സിംഗപ്പൂര്‍ തുടങ്ങിയ നഗരങ്ങള്‍ ഇത്തരത്തിലുള്ള ഒരു നീക്കത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് കമ്പനിയുടെ ഇന്ത്യയിലെ ഡേറ്റാ സെന്ററുകളുടെ ഡയറക്ടര്‍ രാഹുല്‍ ധാര്‍ (Dhar) പറഞ്ഞു. ഇത്തരം ഡേറ്റാ സെന്ററുകളെ നിലനിര്‍ത്തണമെങ്കില്‍ വന്‍തോതില്‍ വൈദ്യുതി വേണമെന്ന കാര്യമാണ് മൈക്രോസോഫ്റ്റ് ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായി അറിയപ്പെടുന്ന മുംബൈയില്‍ മാത്രമായി ഇതു സ്ഥാപിച്ചാലുള്ള ഭവിഷ്യത്തുകളെക്കുറിച്ചാണ് കമ്പനി മുന്നറിയിപ്പു നല്‍കിയത്.

 

മുംബൈ, ചെന്നൈ, ഡല്‍ഹി തുടങ്ങി ഏതെങ്കിലും ഒരു നഗരത്തെ കേന്ദ്രീകരിച്ച് ഡേറ്റാ സെന്ററുകള്‍ സ്ഥാപിക്കരുത്. മറിച്ച് പല സ്ഥലങ്ങളിലായി വേണം ഡേറ്റാ സെന്ററുകള്‍ സ്ഥാപിക്കാനെന്നാണ് മുന്നറിയിപ്പ്. ഒരു നഗരത്തിനു വേണ്ട വൈദ്യുതി മുഴുവൻ പോലും വലിച്ചെടുക്കാന്‍ സാധ്യതയുള്ളവയാണ് അനുദിനം വളരാന്‍ പോകുന്ന ഡേറ്റാ സെന്ററുകൾ. നവി മുംബൈയിലെ തലോജ (Taloja) യിൽ ഏറ്റെടുത്ത 900 ഏക്കറില്‍ ഏകദേശം 250 ഏക്കറിലായിരിക്കും തുടക്കത്തില്‍ ഡേറ്റാ സെന്ററുകള്‍ സ്ഥാപിക്കുക. താമസിയാതെ 200 ഏക്കര്‍ കൂടി ഇതിനായി പ്രയോജനപ്പെടുത്തുമെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

 

∙ സെപ്റ്റംബറില്‍ മികച്ച സ്മാര്‍ട് ഫോണ്‍ കിരീടം തട്ടിയെടുക്കാന്‍ ഗൂഗിള്‍

 

സെപ്റ്റംബറിൽ ലോകത്തെ ഏറ്റവും മികച്ച ചില സ്മാര്‍ട് ഫോണുകള്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആപ്പിളിന്റെ ഐഫോണ്‍ 13 സീരീസും, ഗൂഗിള്‍ പിക്‌സല്‍ 6 സീരീസും ഇതില്‍ പെടും. ഐഫോണ്‍ സെപ്റ്റംബര്‍ 14ന് അവതരിപ്പിക്കുമെങ്കില്‍ സെപ്റ്റംബര്‍ 13ന് പിക്‌സല്‍ ഫോണ്‍ പുറത്തിറക്കാനാണ് ഗൂഗിളിന്റെ ഉദ്ദേശമെന്നു പറയുന്നു. സമീപ കാലത്തൊന്നും കമ്പനി നല്‍കാത്ത രീതിയിലുള്ള സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയായിരിക്കും പിക്‌സല്‍ 6 സീരീസ് ഗൂഗിള്‍ അവതരിപ്പിക്കുക. ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട് ഫോണ്‍ ക്യാമറ അവതരിപ്പിക്കാനുള്ള ശ്രമവും ഇതില്‍ പെടും. ടൈറ്റന്‍ എം2 ചിപ്പിലൂടെ നല്‍കുന്ന സുരക്ഷയും മികച്ച രൂപകല്‍പനയും അടക്കം ഉള്‍പ്പെടുത്തി ഇത്തവണ സ്മാര്‍ട് ഫോണ്‍ പ്രേമികളെ പിക്‌സല്‍ മോഡലുകളിലേക്ക് ആകര്‍ഷിക്കാനാകുമെന്ന് ഗൂഗിള്‍ പ്രതീക്ഷിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട് ഫോണ്‍ കിരീടം അണിയാന്‍ ഗൂഗിളിനു സാധിക്കുമോ എന്നറിയാന്‍ ഏതാനും ആഴ്ചകള്‍ കൂടി കാത്തിരിക്കേണ്ടി വരും. 

 

∙ 5 ഫോണുകളുടെ വില 1,500 രൂപ വീതം വര്‍ധിപ്പിച്ച് റിയല്‍മി

 

റിയല്‍മി സി11, സി21, റിയല്‍മി 8, റിയല്‍മി സി 25എസ്, റിയല്‍മി 8 5ജി എന്നീ മോഡലുകളുടെ വില 1,500 രൂപ വീതം വര്‍ധിപ്പിച്ചിരിക്കുകയാണ് കമ്പനി. കൂടുതല്‍ കമ്പനികള്‍ സ്മാര്‍ട് ഫോണുകളുടെ വില വര്‍ധിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.

 

∙ റിയല്‍മി പാഡ് ഉടന്‍ അവതരിപ്പിച്ചേക്കും

 

ഈ മാസം ഏതാനും മികച്ച ലാപ്‌ടോപ്പുകള്‍ അവതരിപ്പിച്ച റിയല്‍മി അടുത്തതായി പുതിയ ടാബ്‌ലറ്റ് കംപ്യൂട്ടറുകള്‍ ഇറക്കാനൊരുങ്ങുകയാണ്. റിയല്‍മി പാഡ് എന്നു പേരിട്ടേക്കാവുന്ന ഇവയ്ക്ക് മിഡിയടെക് പ്രോസസര്‍ ആയിരിക്കും ഉണ്ടാകുക. 4ജിബി ആയിരിക്കും റാം. പ്രതീക്ഷിക്കുന്ന സ്‌ക്രീന്‍ സൈസ് 10.4-ഇഞ്ച് ആണ്.

 

English Summary: Richard Branson’s Virgin Galactic is giving you a chance for a free space trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com