ചൈനീസ് കമ്പനികള്‍ക്ക് കനത്ത തിരിച്ചടി; 600 ബ്രാന്‍ഡുകളെ ആമസോണ്‍ പുറത്താക്കി
Mail This Article
ലോകത്തെ ഏറ്റവും വലിയ ഇ–കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ചൈനയിൽ നിന്നുള്ള 600 ബ്രാൻഡുകളെ എന്നേക്കുമായി പുറത്താക്കി. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആമസോണിന്റെ എല്ലാ വെബ്‌സൈറ്റുകളില്‍ നിന്നും ചൈനീസ് ബ്രാൻഡുകളെ നിരോധിച്ചെന്നാണ് ദി വേര്‍ജ് റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 3000 ലേറെ അക്കൗണ്ടുകള്‍ വഴിയാണ് ഈ ബ്രാൻഡുകൾ വില്‍പന നടത്തിയിരുന്നത്. കംപ്യൂട്ടര്‍ ആക്‌സസറികള്‍ അടക്കം പല ഉപകരണങ്ങളും 'വിജയകരമായി' വിറ്റുവന്ന ബ്രാന്‍ഡുകളെയാണ് ആമസോണ്‍ പുറത്താക്കിയത്. കമ്പനി അഞ്ചു മാസം കൊണ്ടാണ് ശുദ്ധികലശം പൂര്‍ത്തിയാക്കിയത്. ബോധപൂര്‍വ്വവും ആവര്‍ത്തിച്ചും ആമസോണിന്റെ നയങ്ങളെ ലംഘിച്ചതോടെയാണ് ബ്രാന്‍ഡുകളെ പുറത്താക്കിയത്. ആവര്‍ത്തിച്ചു ലംഘിച്ചുവന്ന നയങ്ങളില്‍ പ്രധാനം വ്യാജ റിവ്യൂകളാണ്.
∙ കൂടെ കിട്ടിയത് 35 ഡോളറിന്റെ ഗിഫ്റ്റ് കാര്‍ഡ്
ആമസോണ്‍ ഏഷ്യ വൈസ് പ്രസിഡന്റിനെ ഉദ്ധരിച്ച് ദി സൗത്ത് ചൈന മോണിങ് പോസ്റ്റും ഇക്കാര്യം നേരത്തെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതിനെല്ലാം തുടക്കമിട്ടത് ദി വാള്‍ സ്ട്രീറ്റ് ജേണലാണ്. റവ്പവര്‍ (RavPower) എന്ന ചൈനീസ് ആക്‌സസറി നിര്‍മാണ കമ്പനി തങ്ങളുടെ പ്രോഡക്ടുകള്‍ക്ക് ആമസോണിൽ മികച്ച റിവ്യൂ എഴുതിയാല്‍ ഗിഫ്റ്റ് കാര്‍ഡ് നല്‍കുന്നുവെന്ന് ജേണൽ വാര്‍ത്ത നല്‍കിയിരുന്നു. റവ്പവര്‍ 35 ഡോളറിന്റെ ഗിഫ്റ്റ് കാര്‍ഡാണ് നൽകിയിരുന്നത് എന്നാണ് നിക്കോള്‍ ന്ഗ്യൂയെന്‍ (Nicole Ngyuen) നൽകിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മികച്ച റിവ്യൂ എഴുതാന്‍ പ്രേരിപ്പിക്കുന്ന ഗിഫ്റ്റ് കാര്‍ഡുകള്‍ തനിക്കും ലഭിച്ചെന്നാണ് ദി വേര്‍ജ് റിപ്പോര്‍ട്ടര്‍ സീന്‍ ഹോളിസ്റ്ററും പറഞ്ഞിരിക്കുന്നത്. https://bit.ly/3hMj7fM
∙ വ്യാജ റിവ്യൂവിലെ കളികള്‍
ഇങ്ങനെ ഉപയോക്താവിനെ പ്രേരിപ്പിച്ച് മികച്ച റിവ്യൂ എഴുതി വാങ്ങുന്ന രീതി 2016ല്‍ ആമസോണ്‍ നിരോധിച്ചതാണ്. എന്നാല്‍, വ്യാജ റിവ്യൂകള്‍ എഴുതി വാങ്ങുന്നവര്‍ അധിക വാറന്റി നല്‍കാമെന്നും, വിഐപി ടെസ്റ്റിങ് പ്രോഗ്രാമിന്റെ ഭാഗമാണെന്നും എല്ലാം പറഞ്ഞ് വളഞ്ഞ വഴിയില്‍ തുടര്‍ന്നും ഉപഭോക്താക്കളെ വഞ്ചിക്കുകയായിരുന്നു. മറ്റു കമ്പനികളും ഇതുപോലുള്ള തന്ത്രങ്ങള്‍ പയറ്റാറുണ്ട്. നിങ്ങള്‍ ഒരു മോശം റിവ്യൂ എഴുതിയിട്ടാല്‍ അത് നീക്കം ചെയ്യാനായി പുതിയ പ്രോഡ്ക്ട് എത്തിച്ചു നല്‍കുമെന്നതാണ് അതിലൊന്ന്. എന്നാല്‍, റിവ്യൂ പൂര്‍ണമായി നീക്കം ചെയ്താലെ പുതിയ പ്രോഡക്ട് തരൂ എന്നായിരിക്കും നിലപാട്. ആമസോണിന്റെ പുതിയ ശുദ്ധികലശത്തില്‍ പുറത്തുപോയിരിക്കുന്നതും പോകാനിരിക്കുന്നതും ഏതെല്ലാം ബ്രാന്‍ഡുകളാണ് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
∙ 20 ദശലക്ഷം ഡോളറിനുള്ള വസ്തുവകകള്‍ ആമസോണ്‍ കണ്ടുകെട്ടി
അതേസമയം, നിരോധിക്കപ്പെട്ടുവെന്നു പറയപ്പെടുന്ന കമ്പനികളുടെ സബ് ബ്രാന്‍ഡുകള്‍ ഇപ്പോഴും ആമസോണ്‍ വഴി ഇയര്‍ ബഡ്‌സ് അടക്കമുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ആമസോണിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ദി വേര്‍ജ് പറയുന്നു. ഈ വര്‍ഷം ജൂലൈയില്‍ ദി സൗത്ത് ചൈന മോണിങ് പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ആമസോണിലെ ഏറ്റവും വലിയ ചൈനീസ് റീട്ടെയില്‍ വ്യാപാരി എന്നറിയപ്പെടുന്ന വൈകെഎസിന്റെ കീഴിലുള്ള 340 സ്റ്റോറുകള്‍ പൂട്ടിയെന്നും കമ്പനിയുടെ 20 ദശലക്ഷം ഡോളറിനുള്ള വസ്തുവകകള്‍ കണ്ടുകെട്ടിയെന്നും പറഞ്ഞിരുന്നു.
∙ വ്യാജ റിവ്യൂകള്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കും
വ്യാജ റിവ്യൂകള്‍ വായിച്ച്, അവ ശരിയാണെന്നു ധരിച്ച് വാങ്ങുന്ന പ്രോഡക്ടുകള്‍ വിലയേറിയ ഉപകരണങ്ങളെ നശിപ്പിച്ചേക്കാം. പലപ്പോഴും ചൈനീസ് ഉല്‍പന്നങ്ങള്‍ പടിഞ്ഞാറന്‍ കമ്പനികള്‍ ഉണ്ടാക്കുന്ന ഉപകരണങ്ങളുടെ അനുകരണങ്ങളാണ്. എന്നാല്‍, അവയില്‍ വേണ്ട മികവുകള്‍ ഉള്‍ക്കൊള്ളിക്കണമെന്നുമില്ല. അടുത്തിടെ ഉണ്ടായ ഒരു വിവാദത്തില്‍ ആപ്പിളിന്റെ പുതിയ എം1 പ്രോസസറുളള മാക്ബുക്കുകള്‍ കേടാകുന്നു എന്ന പാരാതി ഉയര്‍ന്നിരുന്നു. ഇവയുടെ ഉടമകളില്‍ പലരും ചൈനീസ് കമ്പനികള്‍ നിർമിച്ചിരുന്ന യുഎസ്ബി-സി ഹബുകള്‍ ഉപയോഗിച്ചിരുന്നു. മിക്ക ഹബുകളുടെയും പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത് അവയ്ക്ക് യുഎസ്ബി-സി കണക്ടറുകള്‍ വഴി മാക്ബുക്കുകൾ ചാര്‍ജ് ചെയ്യാൻ സാധിക്കുമെന്നായിരുന്നു. ഇത് വിശ്വസിച്ച് ഉപയോഗിച്ചവരുടെ മാക്ബുക്കുകളാണ് പൊതുവെ കേടായത്. വിവിധ പേരുകളില്‍ നിർമിച്ച് വില്‍പന നടത്തിയിരുന്ന ഇത്തരം ഹബുകളുടെ ബോര്‍ഡുകള്‍ ഒരു കമ്പനി നിര്‍മിച്ചവ ആയേക്കാമെന്നും ആരോപണങ്ങളുണ്ട്.
∙ ആമസോണിന്‍ ഐഫോണ്‍ 12 ഇപ്പോള്‍ 63,999 രൂപയ്ക്ക്
കഴിഞ്ഞ വര്‍ഷം 79,900 രൂപയ്ക്ക് വില്‍പന തുടങ്ങിയ ഐഫോണ്‍ 12, 64ജിബി മോഡല്‍ ഇപ്പോള്‍ 63,999 രൂപയ്ക്ക് ആമസോണില്‍ വില്‍ക്കുന്നു.
∙ ഇന്ത്യയില്‍ ഐടി മേഖലയില്‍ ശമ്പളം കുത്തനെ വര്‍ധിച്ചേക്കും
രാജ്യത്തെ മികച്ച ഐടി കമ്പനികളായ ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ തുടങ്ങിയവ ഈ വര്‍ഷം വന്‍ ശമ്പളം നല്‍കി ജോലിക്കാരെ എടുക്കുകയോ നിലനിര്‍ത്തുകയോ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മേഖലയില്‍ വന്നിരിക്കുന്ന സാധ്യതകള്‍ മുതലാക്കാനാണ് വിദഗ്ധരായ ജോലിക്കാര്‍ക്ക് മികച്ച ശമ്പളം നല്‍കുന്നത്.
∙ ഓണ്‍ലൈന്‍ ഗെയിമിങ് നിരോധിക്കാനുള്ള ബില്‍ കര്‍ണാടക നിയമസഭയില്‍
കര്‍ണാടക പൊലീസ് (അമെന്‍ഡ്‌മെന്റ്) ബില്‍, 2021 എന്ന പേരിലുള്ള പുതിയ ബില്‍ ആ സംസ്ഥാനത്തിന്റെ അസംബ്ലിയില്‍ എത്തി. ഓണ്‍ലൈന്‍ ഗെയിമിങ്, ബെറ്റിങ് നിരോധിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്. നിയമം ലംഘിക്കുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയുമായിരിക്കും ലഭിക്കുക.
∙ ഗൂഗിള്‍ മേല്‍ക്കോയ്മ ദുരുപയോഗം ചെയ്തുവെന്ന് ഇന്ത്യ
അമേരിക്കന്‍ ടെക്‌നോളിജി ഭീമന്‍ ഗൂഗിളിനെതിരെ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ നടത്തിവന്ന അന്വേഷണത്തില്‍ കമ്പനി തങ്ങളുടെ മേല്‍ക്കോയ്മ ദുരുപയോഗം ചെയ്തുവെന്നു കണ്ടെത്തി. എന്നാല്‍, കോംപറ്റീഷന്‍ കമ്മിഷനുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണെന്നും തങ്ങളുടെ കീഴിലുള്ള ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം കമ്പനികള്‍ തമ്മിലുള്ള മത്സരം വര്‍ധിപ്പിച്ചിരിക്കുകയാണെന്നും, ഇത് കൂടുതല്‍ നൂതന ടെക്‌നോളജികള്‍ക്ക് വഴിവച്ചിട്ടുണ്ടെന്നും ഗൂഗിള്‍ പ്രതികരിച്ചു.
∙ സ്മാര്‍ട് ഫോണ്‍ സൗഖ്യം തകര്‍ക്കുന്നതായി രണ്ടിലൊന്ന് ദക്ഷിണേഷ്യക്കാരും കരുതുന്നു– റിപ്പോര്‍ട്ട്
അമിതമായ സ്മാര്‍ട് ഫോണ്‍ ഉപയോഗം ജീവിത സൗഖ്യം നശിപ്പിക്കുന്നതായി രണ്ടില്‍ ഒരു ദക്ഷിണേഷ്യക്കാരും കരുതുന്നുവെന്ന് റിപ്പോർട്ട്. സൗദി അറേബ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സ്ഥാപനമായ ഇത്ര നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മഹാമാരിയെ തുടര്‍ന്ന് ഇന്റര്‍നെറ്റും സ്മാര്‍ട് ഫോണും കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയെന്നും അത് തങ്ങളുടെ ക്ഷേമത്തെ ബാധിച്ചിരിക്കുന്നു എന്നുമാണ് സര്‍വേയില്‍ പ്രതികരിച്ച 56 ശതമാനം പേരും പറഞ്ഞതെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
∙ സ്‌ക്രീന്‍ വലുപ്പം കുറഞ്ഞ സാംസങ് ഗ്യാലക്‌സി എസ്22 പുറത്തിറക്കിയേക്കും
അടുത്ത വര്‍ഷം ആദ്യം ഇറക്കുമെന്നു കരുതുന്ന സാംസങ്ങിന്റെ ഏറ്റവും മികച്ച ഫോണുകള്‍ ഉള്‍പ്പെടുന്ന എസ്22 സീരീസില്‍ 6.06-ഇഞ്ച് വലുപ്പമുള്ള മോഡലും ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഐഫോണിന് 6.1-ഇഞ്ച് വലുപ്പമുള്ള മോഡലുകള്‍ ഉണ്ട് എന്നതാണ് സാംസങിനെക്കൊണ്ട് ഈ വഴിക്കു ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
English Summary: Amazon has banned over 600 Chinese brands as part of review fraud crackdown