ആപ്പിൾ സ്റ്റോറിൽ വൻ ഓഫർ, ഐഫോൺ 12 വാങ്ങുമ്പോൾ 14,900 രൂപയുടെ എയർപോഡ്സ് ഫ്രീ
Mail This Article
ഇന്ത്യയിലെ ഉൽസവ സീസണിനോടനുബന്ധിച്ച് ആപ്പിൾ സ്റ്റോറും വൻ ഓഫറുകൾ പ്രഖ്യാപിച്ചു. ആപ്പിളിന്റെ ഉൽസവ ഓഫർ വിൽപന തുടങ്ങി. ഐഫോണുകൾക്കും മറ്റു ഉൽപന്നങ്ങൾക്കും വൻ ഓഫറുകളാണ് നൽകുന്നത്. ഐഫോൺ 12 അല്ലെങ്കിൽ ഐഫോൺ 12 മിനി വാങ്ങുമ്പോൾ സൗജന്യ എയർപോഡുകളും ലഭിക്കും. ഐഫോണിനു കൂടെ എയർപോഡുകളും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓഫറാണിത്. സൗജന്യമായി ലഭിക്കുന്ന എയർപോഡുകൾക്ക് ആറ് മാസത്തേക്ക് ആപ്പിൾ മ്യൂസിക്കിന്റെ സൗജന്യ സബ്സ്ക്രിപ്ഷനും ലഭ്യമാണ്.
ഉത്സവ ഓഫർ ആപ്പിൾ സ്റ്റോറിൽ മാത്രമാണ് ലഭിക്കുക. തിരഞ്ഞെടുത്ത പ്രദേശങ്ങളിലാണ് ആപ്പിളിന്റെ ഡെലിവറിയുള്ളത്. മിക്ക പിൻ കോഡുകളിലും ആപ്പിൾ ഉൽപന്നങ്ങളുടെ ഡെലിവറിയുള്ളതാണ്. അതേസമയം, സീസണിലെ തിരക്ക്, ഹാൻഡ്സെറ്റുകളുടെ കുറവ് കാരണം ഡെലിവറിയിൽ കാലതാമസം നേരിടാമെന്ന് ആപ്പിൾ സൂചിപ്പിച്ചിട്ടുണ്ട്. പരിമിതമായ സ്റ്റോക്ക് മാത്രമേ ഉള്ളൂ ഇതിനാൽ പെട്ടെന്ന് തന്നെ ഓഫർ അവസാനിച്ചേക്കുമെന്നും ആപ്പിൾ അറിയിച്ചിട്ടുണ്ട്.
ഐഫോൺ 12, ഐഫോൺ 12 മിനി വാങ്ങുമ്പോൾ വയർലെസ് ചാർജിങ് കെയ്സ് ഇല്ലാതെയാണ് നൽകുന്നത്. എയർപോഡ്സ് മോഡലിന് 14,900 രൂപയാണ് വില. അതേസമയം, എയർപോഡ്സിനു പകരം വയർലെസ് ചാർജിങ് കേസ് അല്ലെങ്കിൽ എയർപോഡ്സ് പ്രോ വാങ്ങാനും അവസരമുണ്ട്. ഇതിന്റെ വില യഥാക്രമം 18,900 രൂപ, 24,900 രൂപ എന്നിങ്ങനെയാണ്. ഈ സാഹചര്യത്തിൽ ഇതിൽ ഏതെങ്കിലും വാങ്ങുമ്പോൾ എയർപോഡുകളുടെ വിലയായ 14,900 രൂപ കിഴിവ് നൽകും. ബാക്കി തുക നൽകേണ്ടിവരും. വയർലെസ് ചാർജിങ് കെയ്സിന് 4,000 രൂപയും എയർപോഡ്സ് പ്രോയ്ക്ക് 10,000 രൂപയും അധികം നൽകേണ്ടി വരും.
എന്നാൽ, ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയ്ക്ക് വലിയ ഡിസ്കൗണ്ടുകൾ നൽകുന്നില്ല. ഐഫോൺ 12 ഹാൻഡ്സെറ്റ് 65,900 രൂപയ്ക്കും ഐഫോൺ 12 മിനി 59,900 രൂപയ്ക്കുമാണ് വിൽക്കുന്നത്. അതേസമയം, ഫ്ലിപ്കാർട്ടിൽ ഇതിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഐഫോൺ 12 വിൽക്കുന്നത്. ഫ്ലിപ്കാർട്ടിൽ ഓഫർ വിൽപന തുടങ്ങിയപ്പോൾ 49,999 രൂപയ്ക്ക് ലഭ്യമായിരുന്ന ഐഫോൺ 12ന്റെ ഇപ്പോഴത്തെ വില 52,999 രൂപയാണ്. അതായത് ഫ്ലിപ്കാർട്ടിലെ വിലയേക്കാൾ കൂടുതലാണ് ആപ്പിൾ സ്റ്റോർ ഈടാക്കുന്നത്.
English Summary: Apple festive offer now live, get free AirPods and Apple Music subscription when you buy an iPhone 12