ADVERTISEMENT

ഒരിക്കൽ ബഹിരാകാശം മനുഷ്യരാശിയുടെ വീട് ആകുമെന്നും ഭൂമിയിലേക്ക് മനുഷ്യര്‍ വെക്കേഷന്‍ ചെലവിടാന്‍ എത്തുമെന്നും ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് പ്രവചിക്കുന്നു. വരുന്ന നൂറ്റാണ്ടുകളില്‍ മനുഷ്യര്‍ ബഹിരാകാശത്തു ജനിക്കും, അവിടെ ഒഴുകുന്ന ഭീമാകാരമായ സിലിണ്ടറുകളില്‍ വസിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലൊന്നില്‍ 10 ലക്ഷം പേര്‍ക്കു വരെ വസിക്കാനാകും, അവയില്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണവും പരിസ്ഥിതിയും അടക്കം പുനഃസൃഷ്ടിക്കുമെന്നും അദ്ദേഹം പറയുന്നു. ഈ സിലിണ്ടറുകളില്‍ നദികളും വനങ്ങളും വന്യജീവികളും ഭൂമിയിലെ (Terran) കാലാവസ്ഥയും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞുവെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 

നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ നിരവധി പേർ ബഹിരാകാശത്തു ജനിക്കും. അതായിരിക്കും അവരുടെ ആദ്യ വീട് എന്നാണ് 2021ലെ ഇഗ്നേഷ്യസ് ഫോറത്തില്‍ പങ്കെടുത്തു സംസാരിക്കവെ ബെസോസ് പറഞ്ഞത്. ഹാര്‍വഡ് ബിസിനസ് റിവ്യൂവിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ അഡി ഇഗ്നേഷ്യസ് ആണ് ഷോയ്ക്ക് ആതിഥേയത്വം വഹിച്ചത്. മനുഷ്യര്‍ അത്തരം കോളനികളില്‍ ജനിക്കുകയും ജീവിക്കുകയും ചെയ്യുമെന്നും പിന്നെ അവര്‍ ഇന്ന് ആളുകള്‍ യെലോ സ്‌റ്റോണ്‍ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്നതു പോലെ ഭൂമിയിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ഭൂമി മനുഷ്യരാശി ഉണ്ടായ സ്ഥലമാണ് എന്നാണ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ പേര് നല്‍കുന്ന സന്ദേശം. എന്നാല്‍, മനുഷ്യരാശിയുടെ അന്തിമ വിധി ഭൂമിയില്‍ വസിക്കാന്‍ മാത്രമായിരിക്കില്ലെന്നും അദ്ദേഹം പറയുന്നു.

∙ മനുഷ്യര്‍ക്കു പറന്നു നടക്കാം

ബെസോസ് 2019ല്‍ നടത്തിയ ബ്ലൂ ഒറിജിന്‍ പ്രസന്റേഷനില്‍ മൂന്നു മൈല്‍ നീളമുള്ള സിലിണ്ടറുകള്‍ നിര്‍മിക്കുന്ന കാര്യം പറഞ്ഞിരുന്നു. ഇവയില്‍ അതിവേഗ സഞ്ചാര രീതികളും കൃഷിയിടങ്ങളും ഉണ്ടാകുമെന്നും സൂചിപ്പിച്ചിരുന്നു എന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. തന്റെ സിലിണ്ടറില്‍ ചിലയിടങ്ങളില്‍ ഗുരുത്വാകര്‍ഷണം ഇല്ലാത്ത ഇടങ്ങള്‍ ഉണ്ടായിരിക്കുമെന്നും അവിടെയെത്തി ജനങ്ങൾക്ക് പറന്നു നടക്കാമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. മറ്റിടങ്ങളില്‍ ഭൂമിയിലെ വന്‍ നഗരങ്ങളെ അനുസ്മരിപ്പിക്കുന്ന സ്ഥലങ്ങളും ഉണ്ടായിരിക്കും. ഇത്തരം സിലിണ്ടറുകളില്‍ മഴയോ, ഭൂചലനങ്ങളോ ഉണ്ടാവില്ല. അവിടെ ജീവിക്കാന്‍ ആളുകള്‍ക്ക് ഇഷ്ടമായിരിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

 

∙ ബെസോസും മസ്‌കും

 

ലോകത്തെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌കും രണ്ടാമത്തെ ധനികനായ ബെസോസും ബഹിരാകാശത്തേക്ക് മനുഷ്യരാശിയെ എത്തിക്കുന്ന കാര്യം സ്വപ്‌നം കാണുന്നവരാണ്. പക്ഷേ ഇരുവരുടെയും സ്വപ്‌നങ്ങള്‍ക്ക് കാതലായ ഒരു വ്യത്യാസമുണ്ട്. മസ്‌ക് പറയുന്നത് അന്യഗ്രഹങ്ങളില്‍ പോയി വസിക്കാനാകും എന്നാണ്. അതേസമയം, ബെസോസ് വിശ്വസിക്കുന്നത് മറ്റു ഗ്രഹങ്ങളില്‍ മനുഷ്യര്‍ക്ക് വസക്കാനായേക്കില്ല എന്നാണ്. ഫിസിസിറ്റ് ആയ ജെറാഡ് ഒനീലിന്റെ ആശയമായിരുന്നു ഇത്. ഇക്കാര്യം അദ്ദേഹം ഇപ്പോള്‍ നടത്തിയ സംഭാഷണത്തിലും ആവര്‍ത്തിക്കുകയും ചെയ്തു. ചൊവ്വയെയോ മറ്റേതെങ്കിലും ഗ്രഹത്തെയോ നാടകീയമായി മാറ്റിയെടുക്കാനായാല്‍ പോലും അത് വന്‍ വെല്ലുവിളിയാണ്, അത് മറ്റൊരു ഭൂമിയേ ആകൂവെന്നും അദ്ദേഹം പറയുന്നു. ബ്ലൂ ഒറിജിനില്‍ നടത്തിയ കന്നിപ്പറക്കലും തന്റെ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശത്തു നിന്ന് ഭൂമിയെ താന്‍ വളരെ ശക്തവും വൈകാരികവുമായ മറ്റൊരു വീക്ഷണകോണില്‍ കണ്ടു, ഭൂമി വളരെ ദുര്‍ബലമാമെന്നും എല്ലാവരും ആ കാഴ്ച കണ്ടിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

 

∙ യുഎസ്ബി പോര്‍ട്ടുകളില്ലാതെ ചില ടെസ്‌ല കാറുകള്‍ വിറ്റെന്ന്

 

ഇലോണ്‍ മസ്‌കിന്റെ വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ല കഴിഞ്ഞ ഏതാനും ദിവസത്തിനിടെ വിറ്റ ചില കാറുകള്‍ക്ക് യുഎസ്ബി പോര്‍ട്ടുകള്‍ ഉണ്ടായിരുന്നില്ലെന്ന് എലക്ട്രെക് വെബ്‌സൈറ്റിനെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ആഗോള തലത്തിലുള്ള ചിപ്പ് ക്ഷാമമാണ് പോര്‍ട്ടുകള്‍ ഇല്ലാതെ കാര്‍ വില്‍ക്കേണ്ടിവന്നത് എന്നാണ് കമ്പനിയുടെ പ്രതികരണം. പലര്‍ക്കും സെന്റര്‍ കണ്‍സോളിലുള്ള യുഎസ്ബി-സി പോര്‍ട്ടുകളാണ് ഇല്ലാത്തത്.

 

ചിലര്‍ക്ക് കിട്ടിയ വാഹനങ്ങളില്‍ പിന്‍സീറ്റിലുള്ള യുഎസ്ബി പോര്‍ട്ട് ഇല്ലെന്നും പറയുന്നു. സെന്റര്‍ കണ്‍സോളിലെ യുഎസ്ബി പോര്‍ട്ടുകള്‍ ഇല്ലാത്ത കാറുകള്‍ ലഭിച്ച ഉപഭോക്താക്കളുടെ വാഹനങ്ങളുടെ വയര്‍ലെസ് ചാര്‍ജിങ് പോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നില്ലെന്ന് പറയുന്നു. അതേസമയം, അടുത്തിടെ ടെസ്‌ല കാറുകള്‍ വാങ്ങിയ ചില ഉപഭോക്താക്കൾ പ്രതികരിച്ചിരിക്കുന്നത് തങ്ങള്‍ക്ക് യുഎസ്ബികളൊക്കെ ഉള്ള വാഹനങ്ങളാണ് ലഭിച്ചിരിക്കുന്നത് എന്നാണ്. ടെസ്‌ല അടക്കം ചില കാര്‍ നിര്‍മാതാക്കള്‍ ചില ഭാഗങ്ങളില്ലാത്ത കാറുകള്‍ വില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

∙ മസ്‌ക് 6.9 ബില്ല്യന്‍ ഡോളറിനുള്ള ടെസ്‌ല ഓഹരി വിറ്റു

 

realme

അമിത ധനികര്‍ക്ക് അധിക ടാക്‌സ് ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമത്തിനിടയില്‍ ടെസ്‌ല മേധാവി മസ്‌ക് ഇതുവരെ തന്റെ കമ്പനിയുടെ 6.9 ബില്ല്യന്‍ ഡോളറിനുള്ള ഓഹരി വിറ്റു.

 

∙ ആമസോണിലെ ക്ലൗഡ്‌ടെയില്‍ ഇന്ത്യയുടെ വരുമാനം 16,639 കോടിയായി

 

ആമോസോണ്‍ ഇന്ത്യയിലെ ഏറ്റവും വലിയ സെല്ലറായ ക്ലൗഡ്‌ടെയിലിന് ഈ വര്‍ഷം 16,639 കോടി രൂപയുടെ വരുമാനമുണ്ടായെന്ന് കമ്പനി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 45.7 ശതമാനം വളര്‍ച്ചയാണ് കാണിച്ചിരിക്കുന്നത്. ലാഭം 182.70 കോടി രൂപ ആയി. മുന്‍ വര്‍ഷത്തേതിന്റെ ഇരട്ടിയാണിത്. എന്‍ആര്‍ നാരായണ മൂര്‍ത്തിയുടെ കാറ്റമരാന്‍ വെഞ്ച്വേഴ്‌സും ആമസോണും സംയുക്തമായാണ് ക്ലൗഡ്‌ടെയില്‍ നടത്തുന്നത്. ആമസോണിന് 24 ശതമാനം ഓഹരിയാണ് ക്ലൗഡ്‌ടെയിലില്‍ ഉള്ളത്. ഈ സംയുക്ത സംരംഭം 2022 മെയ് മാസം മുതല്‍ നിർത്തുമെന്ന് ഇരുകമ്പനികളും അറിയിച്ചിട്ടുണ്ട്.

 

∙ ക്രിപ്‌റ്റോകറന്‍സികളെ കുറിച്ച് ചര്‍ച്ച നടത്തി പാര്‍ലമെന്ററി പാനല്‍

 

ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ രാജ്യത്ത് വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ അതിന്റെ വരുംവരായ്കകളെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച നടത്തിയിരിക്കുകയാണ് പുതിയ പാര്‍ലമെന്ററി പാനല്‍. ബിജെപി നേതാവ് ജയന്ത് സിന്‍ഹ ആയിരുന്നു പാനല്‍ അധ്യക്ഷന്‍. പാനലിലെ ചില അംഗങ്ങള്‍ ക്രിപ്‌റ്റോകറന്‍സിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതി എന്ന അഭിപ്രായമുള്ളവരാണ്. സമ്പൂര്‍ണമായി നിരോധിക്കേണ്ടെന്ന് അവര്‍ പറയുന്നു. നിലവില്‍ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് ഇന്ത്യയില്‍ നിരോധനമോ, നിയന്ത്രണമോ ഇല്ല.

 

∙ ക്വാണ്ടം ചിപ്പുകള്‍ സാധാരണ ചിപ്പുകള്‍ക്ക് പകരം വന്നേക്കുമെന്ന് ഐബിഎം

 

ഇപ്പോള്‍ നിലവിലുള്ള ക്ലാസിക്കല്‍ കംപ്യൂട്ടിങ് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ക്വാണ്ടം കംപ്യൂട്ടിങ്ങിനു വഴിമാറിയേക്കാമെന്ന് ഐബിഎം. ഈഗിള്‍ കംപ്യൂട്ടിങ് ചിപ്പിന് 127 ക്യുബിറ്റുകള്‍ ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചു. ഇവയ്ക്ക് വിവരങ്ങള്‍ ക്യുബിറ്റുകളായി പ്രതിനിധീകരിക്കാനാകും. സാധാരണ കംപ്യൂട്ടറുകള്‍ ബിറ്റുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 

 

∙ ഹൈ-എന്‍ഡ് ഫോണ്‍ ഇറക്കാന്‍ റിയല്‍മി

 

താരതമ്യേന വില കുറഞ്ഞ സ്മാര്‍ട് ഫോണുകള്‍ ഇറക്കി ശ്രദ്ധ പിടിച്ചുപറ്റിയ റിയല്‍മി ഇനി തങ്ങള്‍ വില കൂടിയ ഫോണുകളും അവതരിപ്പിക്കാൻ പോകുകയാണ് എന്ന് അറിയിച്ചു. കമ്പനി ഇതുവരെ ഇറക്കിയിരിക്കുന്നതിൽ വച്ച് ഏറ്റവും വിലകൂടിയ ഫോണ്‍ റിയല്‍മി ജിടി 5ജിയാണ്. ഇതിന് 37,999 രൂപയാണ് വില. സ്‌നാപ്ഡ്രാഗണ്‍ 888 ആണ് പ്രോസസര്‍. എന്നാല്‍, അടുത്ത വിലകൂടിയ സ്മാര്‍ട് ഫോണിന് 60,000 രൂപ വരെ വില ഇട്ടേക്കാമെന്നാണ് കമ്പനി അറിയിച്ചത്. ഒപ്പോ കമ്പനിയുടെ സബ് ബ്രാന്‍ഡ് ആണ് റിയല്‍മി.

 

English Summary: Jeff Bezos' prediction about Earth and humans will space you out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com