ADVERTISEMENT

ഏതാനും വര്‍ഷങ്ങളായി ഇന്ത്യയുടെ സ്വന്തം മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം എന്ന സ്വപ്‌നത്തെക്കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട്. അമേരിക്കന്‍ കമ്പനികളായ ഗൂഗിളിന്റെ ആന്‍ഡ്രോയിഡും ആപ്പിളിന്റെ ഐഒഎസും ആണ് പ്രധാനമായും ഇപ്പോള്‍ സ്മാര്‍ട് ഫോണുകളില്‍ ലഭിക്കുന്നത്. അവയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ഇന്ത്യയ്ക്കു സ്വന്തമായി, പ്രാദേശികമായി വികസിപ്പിച്ചെടുത്ത ഒരു ഓപ്പറേറ്റിങ് സിസ്റ്റവും ആപ് സംവിധാനവും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പുതിയ നയം പ്രഖ്യാപിക്കാന്‍നുള്ള സാധ്യതകള്‍ ആരായുകയാണ് കേന്ദ്രം. കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

 

∙ മൂന്നാമത് ഒരു ഒഎസ്

 

ആന്‍ഡ്രോയിഡിനും ഐഒഎസിനും പകരംവയ്ക്കാന്‍ മൂന്നാമത് ഒരു ഓപ്പറേറ്റിങ് സിസ്റ്റം ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ തന്നെ സർക്കാരിന് സ്മാര്‍ട് ഫോണുകള്‍ക്കായി പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഇറക്കാന്‍ താത്പര്യമുണ്ട്. ഇതിനായി ഒരു നയം രൂപീകരിക്കുന്ന കാര്യത്തെക്കുറിച്ചും ചിന്തിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ്, അക്കാദമിക പരിസ്ഥിതികള്‍ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. അത്തരം ഒരു സാധ്യത കണ്ടെത്താനായാല്‍ സർക്കാർ ആ മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനെല്ലാം വ്യക്തമായ ലക്ഷ്യങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ എളുപ്പമുള്ള കാര്യമായിരിക്കില്ല. ഇത്തരം ലക്ഷ്യവുമായി ഇറങ്ങിയ ചൈനീസ് കമ്പനികള്‍ക്ക് അത് സാധിച്ചില്ല എന്നതു തന്നെ എടുത്തു കാണിക്കപ്പെടുന്ന ഉദാഹരണമാണ്. എന്നാല്‍, ഏതെങ്കിലും രീതിയില്‍ ഗൂഗിള്‍-ആപ്പിള്‍ കമ്പനികളുടെ കുത്തക പൊളിക്കാന്‍ ഇന്ത്യയ്ക്കാകുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ടെക്‌നോളജി പ്രേമികള്‍.

 

∙ ആഗോള ഐടി സേവന മേഖലയിലെ രണ്ടാമത്തെ വലിയ കമ്പനിയായി ടിസിഎസ്, മൂന്നാമത് ഇന്‍ഫോസിസ്

 

ടാറ്റാ കണ്‍സട്ടന്‍സി സര്‍വീസ് (ടിസിഎസ്) ഐടി സേവന മേഖലയിലെ ലോകത്തെ രണ്ടാമത്തെ വലിയ കമ്പനിയായി. കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തായിരുന്ന ടിസിഎസ് ഈ വര്‍ഷം രണ്ടാം സ്ഥാനത്ത് എത്തുകയായിരുന്നു എന്നാണ് ബ്രാന്‍ഡ്ഫൈനാന്‍സിനെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഐബിഎം കമ്പനി ആയിരുന്നു 2021ല്‍ രണ്ടാം സ്ഥാനത്ത്. പുതിയ റാങ്കിങ് പ്രകാരം മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് മറ്റൊരു ഇന്ത്യന്‍ കമ്പനിയായ ഇന്‍ഫോസിസ് ആണ്. ഒന്നാം സ്ഥാനത്ത് അകെഞ്ച്വര്‍ (Accenture) ആണ്. ബ്രാന്‍ഡ് ഫൈനാന്‍സ് 2022 ഐടി സര്‍വീസസ് റാങ്കിങ് റിപ്പോര്‍ട്ട് പ്രകാരം ടിസിഎസിന്റെ മൂല്യം 1.844 ബില്ല്യന്‍ ഡോളര്‍ ആയി വര്‍ധിച്ചു. ഇതോടെ കമ്പനിയുടെ മൊത്തം മൂല്യം 16.786 ബില്ല്യന്‍ ഡോളറായി.

 

∙ വേഡ്ല്‍ പ്രേമികള്‍ക്ക് ആശ്വാസം; ഉത്തരങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്ന ബോട്ടിനെ പുറത്താക്കി ട്വിറ്റര്‍

 

ഈ വര്‍ഷം വൈറലായ ആദ്യ ഗെയിമുകളിലൊന്നായ വേഡ്ല്‍ (https://bit.ly/3H7lTa7) പ്രേമികള്‍ക്ക് കല്ലുകടിയായി ട്വിറ്ററില്‍ ഒരു ബോട്ട് എത്തിയിരുന്നു. വാക്കുകള്‍ കണ്ടേത്തേണ്ട വേഡ്ല്‍ ഗെയിമിന്റെ ഉത്തരങ്ങള്‍ നേരത്തെ പുറത്തുവിട്ടു വരികയായിരുന്നു ഒരു ട്വിറ്റര്‍ (@wordlinator) അക്കൗണ്ട് വഴി. ഗെയിം കളിക്കാനെത്തുന്നവര്‍ക്ക് രസംകൊല്ലിയായി എത്തിയ ഈ അക്കൗണ്ട് ട്വിറ്റര്‍ നിരോധിച്ചു എന്ന് എപി റിപ്പോര്‍ട്ടു ചെയ്യുന്നു. അടുത്ത ദിവസത്തെ വേഡ്ല്‍ ഗെയിമിന്റെ ഉത്തരങ്ങളാണ് നേരത്തെ പുറത്തുവിട്ട് കളിക്കാരുടെ ഉത്സാഹം കെടുത്തിയിരുന്നത്. അഞ്ചക്ഷരമുള്ള വാക്കേതാണ് എന്നു കണ്ടെത്താന്‍ ആറ് അവസരങ്ങള്‍ നല്‍കുന്ന ഗെയിമാണ് വേഡ്ല്‍. തങ്ങള്‍ നല്‍കുന്ന അക്ഷരങ്ങള്‍ ശരിക്കുള്ള ഉത്തരത്തില്‍ ഉണ്ടെങ്കില്‍ അവ പച്ച നിറത്തില്‍ കാണിക്കും. ഇല്ലെങ്കില്‍ മഞ്ഞ നിറത്തിലും. ഓരോ 24 മണിക്കൂറും ഒരു പുതിയ ഗെയിം എത്തും എന്നതാണ് വേഡ്ല്‍ പ്രേമികിള്‍ക്ക് ഉത്സാഹം പകര്‍ന്നിരുന്നത്. 

 

∙ ടാറ്റാ സ്‌കൈ പോയി, ടാറ്റാ പ്ലേ വന്നു! ഇനി നെറ്റ്ഫ്‌ളിക്‌സ് അടക്കം ഒടിടി പ്ലാറ്റ്‌ഫോമുകളും ലഭിക്കും!

 

ഇന്ത്യന്‍ വാണിജ്യ മേഖലയില്‍ തിരിച്ചുവരവിന് ഒരുങ്ങുന്ന കമ്പനിയായ ടാറ്റയുടെ ഡി2എച് സേവനമായ ടാറ്റാ സ്‌കൈയുടെ പേരു മാറ്റി ടാറ്റാ പ്ലേ എന്നാക്കി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടാറ്റാ സ്‌കൈ എന്ന പേര് കഴിഞ്ഞ 18 വര്‍ഷമായി ഉപയോഗിച്ചു വരുന്നതാണ്. നിലവിലുള്ള ടാറ്റാ സ്‌കൈ ഉപയോക്താക്കളെ പുതിയ പ്ലാറ്റ്‌ഫോമിലേക്കു മാറ്റും. ടാറ്റാ പ്ലേയുടെ പുതുമകളിലൊന്ന് നെറ്റ്ഫ്‌ളിക്‌സ് പോലെയുള്ള സുപ്രധാന ഒടിടി പ്ലാറ്റ്‌ഫോമുകളെയും അതില്‍ ഉള്‍ക്കൊള്ളിക്കും എന്നതാണ്. സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ഇത്തരം പാക്കുകള്‍ അധികമായി വാങ്ങാം. ഇന്നു മുതലാണ് പുതിയ മാറ്റം നിലവില്‍ വരിക. പ്ലേ എന്ന വാക്ക് യുവജനതയ്ക്ക് കൂടുതല്‍ ആവേശം പകരുമെന്നാണ് കമ്പനി കരുതുന്നത് എന്ന് ബിജിആര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

 

മൊത്തം 13 ഒടിടി പ്ലാറ്റ്‌ഫോമുകളെ ഉള്‍ക്കൊള്ളിച്ച് മുന്നോട്ടു പോകാനുള്ള തീരുമാനം കമ്പനിക്ക് ഗുണകരമായേക്കാം. ആമസോണ്‍ പ്രൈം വിഡിയോ, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയവയും ടാറ്റാ പ്ലേയില്‍ ഉണ്ട്. പാക്കുകളുടെ വില തുടങ്ങുന്നത് പ്രതിമാസം 399 രൂപ നിരക്കിലാണ്. കൂടുതല്‍ പാക്കുകള്‍ വേണ്ടവര്‍ക്ക് ഇഷ്ടാനുസരണം അവ വാങ്ങി ഉപയോഗിക്കാം. ടാറ്റാ പ്ലേക്കു പിന്നില്‍ ടാറ്റാ സണ്‍സ് കമ്പനിയും ദി വാള്‍ട്ട് ഡിസ്‌നി കമ്പനിയുമാണ് പ്രവര്‍ത്തിക്കുന്നത്. ഏകദേശം 23 ദശലക്ഷം വീടുകളിലാണ് ഇപ്പോള്‍ ടാറ്റാ സ്‌കൈ സേവനമുള്ളത്. തങ്ങളുടെ ബ്രോഡ്ബാന്‍ഡ് സേവനത്തിന്റെ പേരും ടാറ്റാ സ്‌കൈ ഫൈബര്‍ എന്നാക്കി മാറ്റിയിരിക്കുകയാണ് കമ്പനി.

 

∙ വണ്‍പ്ലസിന്റെ ഏറ്റവും വില കുറഞ്ഞ 5ജി ഫോണ്‍ താമസിയാതെ എത്തും

 

ഇന്ത്യയില്‍ വണ്‍പ്ലസ് വില്‍ക്കുന്നതില്‍ വച്ച് ഏറ്റവും വില കുറഞ്ഞ 5ജി ഫോണ്‍ ആയിരിക്കും താമസിയാതെ ഇറക്കാന്‍ പോകുന്ന നോര്‍ഡ് സിഇ 2 എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന് വണ്‍പ്ലസ് നോര്‍ഡ് ഇവാന്‍ (Ivan) എന്ന പേരും ഉണ്ടാകാമെന്നും ചില വാദങ്ങള്‍ ഉണ്ട്. എന്നാല്‍, ടിപ്സ്റ്റര്‍ മാക്‌സ് ജംബോര്‍ പറയുന്നത് സിഇ2 എന്ന പേരു തന്നെ ആയിരിക്കും ഫോണിനെന്നാണ്. വണ്‍പ്ലസ് നോര്‍ഡ് 2 സിഇ 5ജി ഫോണ്‍ ഫെബ്രുവരി 11ന് അവതരിപ്പിക്കുമെന്നാണ് പ്രവചനം. അതേസമയം, ഇതേക്കുറിച്ച് കമ്പനി നേരിട്ട് ഒന്നും പറഞ്ഞിട്ടില്ലെന്ന കാര്യവും മനസില്‍ വയ്ക്കണം.

 

വണ്‍പ്ലസ് നോര്‍ഡ് സിഇ 2 മോഡലിന് 6.4-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്. മിഡിയാടെക് 900 5ജി പ്രോസസര്‍ ആയിരിക്കും ഫോണിനു കരുത്തു പകരുക എന്നു കരുതുന്നു. 12 ജിബി വരെ റാമുള്ള വേരിയന്റുകള്‍ ഉണ്ടായിരിക്കാം. 256 ജിബി വരെ സ്റ്റോറേജ് ശേഷിയും പ്രതീക്ഷിക്കുന്നു. പിന്നില്‍ 64 എംപി പ്രധാന ക്യാമറ അടക്കം ട്രിപ്പിള്‍ ക്യാമറാ സിസ്റ്റമാണ് പ്രതീക്ഷിക്കുന്നത്. ഇത് ഒംനിവിഷന്‍ ലെന്‍സ് ആയിരിക്കും. കൂടാതെ, 8എംപി അള്‍ട്രാ വൈഡ്, 2എംപി മാക്രോ ലെന്‍സുകളും ഉള്‍പ്പെടുത്തിയേക്കും. സെല്‍ഫിക്കായി 16 എംപി ക്യാമറയും പ്രതീക്ഷിക്കുന്നു. ആന്‍ഡ്രോയിഡ് 12 കേന്ദ്രീകൃതമായി പരുവപ്പെടുത്തിയെടുത്ത ഓക്‌സിജന്‍ ഒഎസ് 12 ആയിരിക്കാം ഓപ്പറേറ്റിങ് സിസ്റ്റം. ഇതിന് 4500എംഎഎച് ബാറ്ററിയും 65w ഫാസ്റ്റ് ചാര്‍ജിങും ഉണ്ടായിരിക്കുമെന്നും പറയുന്നു. തുടക്ക വേരിയന്റിന്റെ വില 22,999 രൂപയായിരിക്കാം.

 

വണ്‍പ്ലസ് വിലക്കുറവുള്ള മോഡലുകള്‍ ആദ്യമായി അവതരിപ്പിക്കുന്നത് 2020ല്‍ ആണ്. വണ്‍പ്ലസ് നോര്‍ഡ് ശ്രേണി ആദ്യമായി അവതരിപ്പിച്ചത് 2020 ജൂലൈയില്‍ ആയിരുന്നു. തുടക്ക വേരിയന്റിന് 24,999 രൂപയായിരുന്നു വില. നോര്‍ഡ് ഇന്ത്യന്‍ വിപണിയില്‍ തരക്കേടില്ലാത്ത പ്രകടനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ എന്ന മോഡല്‍ ഇറക്കിയത്. 2021 ജൂണില്‍ ഇറക്കിയ ഈ മോഡലിന്റെ തുടക്ക വേരിയന്റിന് 22,999 രൂപയായിരുന്നു വില.

 

English Summary: India eyes home-grown OS to compete with Android, iOS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com