കാന്തിക കൊടുങ്കാറ്റിൽ നശിച്ചത് 40 ഉപഗ്രഹങ്ങൾ, മസ്കിന് കോടികളുടെ നഷ്ടം
Mail This Article
ഫെബ്രുവരി മൂന്നിന് ഇലോൺ മസ്‌കിന്റെ ഉടമസ്ഥതതയിലുള്ള സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് കമ്പനി ബഹിരാകാശത്തേക്ക് അയച്ച 49 ഉപഗ്രഹങ്ങളിൽ 40 എണ്ണം ഭൗമകാന്തിക കൊടുങ്കാറ്റിൽപെട്ട് തകർന്നിരിക്കാമെന്ന് അഭ്യൂഹം. സൗരവാതം മൂലം സംഭവിച്ച ഭൗമകാന്തിക കൊടുങ്കാറ്റിലാണ് ഇതു സംഭവിച്ചതെന്നാണു കരുതപ്പെടുന്നത്.
മസ്‌കിന്റെ തന്നെ പ്രശസ്ത ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്‌പേസ് എക്‌സാണ് ഉപഗ്രഹങ്ങൾ ഫാൽക്കൺ റോക്കറ്റുകളിലേറ്റി വിക്ഷേപിച്ചത്. എന്നാൽ, ഭൗമകാന്തിക കൊടുങ്കാറ്റു മൂലം ഉടലെടുത്ത ശക്തമായ വായു പതർച്ച മൂലം 40 ഉപഗ്രഹങ്ങൾ ഉദ്ദേശിച്ചിരുന്ന ഭ്രമണപഥങ്ങളിൽ എത്തിയില്ല. ഇതു വരുംദിവസങ്ങളിൽ എരിഞ്ഞടങ്ങി നശിക്കും. ഉപഗ്രഹ അവശിഷ്ടങ്ങൾ ബഹിരാകാശ മാലിന്യമായി ഭൂമിയിൽ എത്തുകയോ, അല്ലെങ്കിൽ ബഹിരാകാശത്തുള്ള മറ്റ് ഉപഗ്രഹങ്ങളെ ബാധിക്കുകയോ ചെയ്യില്ലെന്ന് സ്റ്റാർലിങ്ക് വ്യക്തമായക്കിയിട്ടുണ്ട്. ഇതിനുള്ള പ്രതിരോധ നടപടികൾ വിക്ഷേപണത്തിനു മുൻപ് തന്നെ സ്‌പേസ് എക്‌സ് കൈക്കൊണ്ടിരുന്നു.
ഇതുവരെ രണ്ടായിരത്തോളം സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ സ്‌പേസ് എക്‌സ് ബഹിരാകാശത്ത് എത്തിച്ചിട്ടുണ്ട്. ആകെ മൊത്തം 12,000 ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കാനാണു കമ്പനിയുടെ പദ്ധതി. ഓരോ സ്റ്റാർലിങ്ക് ഉപഗ്രഹത്തിനും രണ്ടരലക്ഷം യുഎസ് ഡോളർ (ഏകദേശം 1.8 കോടി രൂപ) ചെലവു വരും. ഫാൽക്കൺ 9 റോക്കറ്റിലേറിയുള്ള റോക്കറ്റ് വിക്ഷേപണത്തിന് 5 കോടി ഡോളറും (374 കോടി രൂപ) ചെലവാകും. കണക്കുകൂട്ടുമ്പോൾ 446 കോടി രൂപയോളം നഷ്ടമാണു ഭൗമകാന്തിക കൊടുങ്കാറ്റ് മൂലം ഇലോൺ മസ്‌കിനും സ്റ്റാർലിങ്ക് കമ്പനിക്കും ഒറ്റദിനത്തിൽ സംഭവിച്ചത്.
സൂര്യകളങ്കങ്ങളിൽ നിന്നുടലെടുക്കുന്ന വമ്പൻ സൗരവാത പ്രവാഹങ്ങൾ ഭൂമിയുടെ കാന്തികമണ്ഡലവുമായി പ്രവർത്തനം നടത്തുകയും ഭൗമകാന്തിക കൊടുങ്കാറ്റിന് വഴിയൊരുക്കുകയും ചെയ്യും. ഇതുമൂലം ബഹിരാകാശ പേടകങ്ങൾ, ഉപഗ്രഹങ്ങൾ തുടങ്ങിയവയ്ക്ക് പ്രതിസന്ധി നേരിടാം. ഭൂമിയിലെ ആശയവിനിമയരംഗത്തെ ഇതു ചിലപ്പോഴൊക്കെ ബാധിക്കുകയും ചെയ്യാം. സൂര്യനിലെ എആർ2936 എന്ന മേഖലയിലെ സൂര്യകളങ്കത്തിൽ സൗരവാതം ഉടലെടുത്തതായി ഒരാഴ്ച മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഭൂമിയോളം വലുപ്പമുള്ള ഈ മേഖലയിൽ നിന്നു മുൻപും സൗരവാതങ്ങൾ ധാരാളമായി ഉടലെടുത്തിട്ടുണ്ട്. മണിക്കൂറിൽ 23 ലക്ഷം കിലോമീറ്റർ വേഗത്തിലാണു സൗരവാതം പുറപ്പെട്ടത്. ഇതു സംബന്ധിച്ചു നാസയുൾപ്പെടെ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരുന്നുജനുവരി 30നു സൂര്യനിൽ സംഭവിച്ച നാലുമണിക്കൂറോളം നീണ്ടു നിന്ന സൗരദീപ്തിയാണ് (സോളർ ഫ്ളെയർ) സൗരവാതത്തിനു വഴിവച്ചത്.
ശതകോടിക്കണക്കിനു പദാർഥകണികകൾ ഉൾപ്പെട്ടതാണു സൗരവാതം. എആർ 2929 എന്ന മേഖലയിൽ നിന്ന് ഒരു സൗരവാതം ഉദ്ഭവിച്ച് ആഴ്ചകൾക്കു ശേഷമാണ് ഈ പുതിയ സൗരവാതം ഭൂമിയെത്തേടി എത്തുന്നത്.
English Summary: A geomagnetic storm may have effectively destroyed 40 SpaceX Starlink satellites