കൊച്ചിയിലെ സ്റ്റാർട്ടപ്പ് അഗ്രിമ ഇൻഫോടെക്കിനെ ബിഗ്ബാസ്ക്കറ്റ് ഏറ്റെടുത്തു
Mail This Article
ന്യൂഡൽഹി∙ കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പായ അഗ്രിമ ഇൻഫോടെക്കിനെ രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഗ്രോസറി സൂപ്പർമാർക്കറ്റ് ആയ ബിഗ്ബാസ്ക്കറ്റ് ഏറ്റെടുത്തു. ബിഗ്ബാസ്ക്കറ്റ് നിലവിൽ ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്.
അഗ്രിമ ടെക് വികസിപ്പിച്ച ശ്രദ്ധേയമായ പാചക ആപ്പായ ‘റെസിപി ബുക്കിനു’ പിന്നിലുള്ള സാങ്കേതികവിദ്യയായ സൈറ്റ് (Psyight) ബിഗ്ബാസ്റ്റക്കറ്റ് അവരുടെ ഓഫ്‍ലൈൻ സ്റ്റോറുകളായ 'ഫ്രെഷോ'യിൽ നടപ്പാക്കിത്തുടങ്ങി. സൂപ്പർമാർക്കറ്റിൽ അതിവേഗം ബില്ലിങ് സാധ്യമാക്കാനാണ് 'സൈറ്റ്' ഉപയോഗിക്കുന്നത്. റെസിപ്പി ബുക്ക് മുൻപ് ഗൂഗിൾ ലോഞ്ച്പാഡ് ആക്സിലറേറ്റർ പ്രോഗ്രാമിൽ ഇടം നേടിയിരുന്നു. അനൂപ് ബാലകൃഷ്ണൻ, നിഖിൽ ധർമൻ, അരുൺ രവി എന്നിവരുടെ കൂട്ടായ്മയാണ് അഗ്രിമ ഇൻഫോടെക് സ്ഥാപിച്ചത്. ഏറ്റെടുക്കൽ ബിഗ്ബാസ്ക്കറ്റിന് വലിയതോതിൽ ഗുണം ചെയ്യുമെന്ന് ബിഗ്ബാസ്ക്കറ്റ് സിഇഒ ഹരി മേനോൻ പറഞ്ഞു.
∙ എന്താണ് 'സൈറ്റ്' ?
സൂപ്പർമാർക്കറ്റിൽ നിന്ന് പഴവും പച്ചക്കറിയുമൊക്കെ വാങ്ങുമ്പോൾ ആദ്യമേ തൂക്കം നോക്കി ബാർകോഡ് സ്റ്റിക്കർ ഒട്ടിച്ചാണ് കൗണ്ടറിൽ ബില്ലിങ്ങിനായി കൊണ്ടുപോകാറുള്ളത്. എന്നാൽ 'സൈറ്റ്' സംവിധാനമുള്ള മാർട്ടിൽ ഇതാവശ്യമില്ല. ഉദാഹരണത്തിന്, ആവശ്യമുള്ള അളവിൽ കാബേജ് എടുത്ത് കൗണ്ടറിലെ വെയിങ് മെഷീനിൽ വച്ചാൽ മുകളിലുള്ള പ്രത്യേക വിഷൻ ടെക്നോളജി സംവിധാനം ഉപയോഗിച്ച് അത് കാബേജ് ആണെന്നും തൂക്കം എത്രയാണെന്നും തെളിയും. പാൽ, മുട്ട, നെയ്യ് പോലെയുള്ള ഉൽപ്പന്നങ്ങളും സമാനമായി രീതിയിൽ എടുക്കാം. പ്രത്യേക ക്യാമറയുടെ സഹായത്തോടെ ഇമേജ് റെകഗ്നീഷൻ സംവിധാനമാണ് ഇതിൽ ഉപയോഗിക്കുന്നത്. ബിഗ്ബാസ്ക്കറ്റിന്റെ 4 സൂപ്പർമാർക്കറ്റുകളിലും 'സൈറ്റ്' ഉപയോഗിച്ചാണ് ബില്ലിങ്.
English Summary: BigBasket Acquires Kerala Startup