ADVERTISEMENT

സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗം സമൂഹത്തിൽ വൻ കുറ്റകൃത്യങ്ങൾക്കും കാരണമാകുന്നുണ്ട്. ടിക്ടോക് മുതൽ ടിൻഡർ വരെ ഉപയോഗിക്കുന്നവർ കുറ്റകൃത്യങ്ങൾക്ക് പിന്നാലെ പോകുന്നതും വർധിച്ചിരിക്കുന്നു. ഇക്കാലത്ത് സമൂഹ മാധ്യമങ്ങള്‍ വഴി ആര്‍ക്കും എളുപ്പത്തില്‍ പണമുണ്ടാക്കാം. കുട്ടികള്‍ക്കു പോലും. പക്ഷേ ചില അവസരങ്ങളിലെങ്കിലും ഇതെല്ലാം വന്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കാറുണ്ടെന്ന് ഓര്‍മപ്പെടുത്തുകയാണ് അവ മജുറി എന്ന ഫ്‌ളോറിഡയിലെ 15-കാരി ടിക്‌ടോക് താരത്തിനുണ്ടായ അനുഭവം.

അവ മജുറിയ്ക്ക് ടിക്‌ടോക്കില്‍ പത്ത് ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഉള്ളത്. 2020ല്‍ ലോക്ഡൗണ്‍ തുടങ്ങിയ ശേഷമാണ് അവ ടിക്‌ടോക്കില്‍ ചേര്‍ന്നത്. അന്ന് അവയ്ക്ക് 13 വയസായിരുന്നു. പാട്ടിനൊത്ത് ചുണ്ടനക്കുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയും കുസൃതികളുടെയുമൊക്കെ വിഡിയോകളായിരുന്നു പങ്കുവച്ചിരുന്നത്. ഉല്‍പന്നങ്ങള്‍ പ്രൊമോട്ടു ചെയ്യുകയാണെങ്കില്‍ അവയ്ക്ക് ഇപ്പോള്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് 150,000 ഡോളര്‍ വരെ ലഭിക്കുമായിരുന്നു എന്നും പറയുന്നു.

∙ 'അവ'യില്‍ ആകൃഷ്ടനായി 18കാരന്‍

2021 ജൂലൈയിൽ ഒരു ദിവസം പുലർച്ചെ 4.30ന് നേരിട്ട പ്രശ്‌നത്തെക്കുറിച്ച് അവയുടെ കുടംബം ദി ന്യൂ യോര്‍ക് ടൈംസിന് വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്. എൻവൈറ്റി റിപ്പോർട്ടിൽ അന്ന് എന്താണ് സംഭവിച്ചത് എന്ന കാര്യത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. മേരിലാൻഡില്‍ താമസിച്ചിരുന്ന എറിക് രോഹന്‍ ജസ്റ്റിന്‍ എന്ന 18കാരനാണ് ടിക്‌ടോക് താരത്തോട് അഭിനിവേശം തോന്നിയത്. എറിക്ജസ്റ്റിന്‍11 എന്ന ഓണ്‍ലൈന്‍ നാമധാരിയായ യുവാവ് അവയെ സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം തുടങ്ങി സമൂഹ മാധ്യമ ആപ്പുകള്‍ വഴി സമീപിക്കുകയായിരുന്നു. അവയും സഹോദരന്മാരുമൊത്ത് എറിക് ഓണ്‍ലൈന്‍ വിഡിയോ ഗെയിം കളിക്കുകയും ചെയ്തിട്ടുണ്ട്. അവയുടെ പിതാവ് റോബ് മജുറി പൊലീസില്‍ നിന്നു വിരമിച്ച ശേഷം കുടുംബം ന്യൂ ജേഴ്‌സിയിലേക്കു താമസം മാറ്റിയിരുന്നു. ഇക്കാര്യം എറിക് മനസ്സിലാക്കിയ ശേഷം അവയുടെ മുന്‍ സുഹൃത്തുക്കളെ കണ്ടെത്തി കുട്ടിയുടെ ഫോണ്‍ നമ്പര്‍ സ്വന്തമാക്കുകയായിരുന്നു. കൂട്ടുകാരുടെ കൈവശമുണ്ടായിരുന്ന അവയുടെ ചിത്രങ്ങള്‍ പണം കൊടുത്തു വാങ്ങിയ ശേഷമാണ് ഫോണ്‍ നമ്പര്‍ വാങ്ങിയതെന്നു പറയുന്നു. മറ്റൊരു കുട്ടിക്ക് കണക്കു വിഷയത്തിലുള്ള ഹോംവര്‍ക്ക് ചെയ്തു നല്‍കിയാണ് അവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സ്വന്തമാക്കിയതെന്നും പറയുന്നു.

∙ ആദ്യം ചോദിച്ചത് സെല്‍ഫി, പിന്നെ...

ടിക്‌ടോക് താരത്തോട് തനിക്ക് രണ്ട് സെല്‍ഫികള്‍ തരണമെന്നാണ് എറിക് ആദ്യം ആവശ്യപ്പെട്ടത്. വെറുതെയല്ല രണ്ടെണ്ണത്തിനും കൂടി 300 ഡോളറും നല്‍കാമെന്ന് പറഞ്ഞു. കുട്ടി മാതാപിതാക്കളോട് ഇതേക്കുറിച്ച് അഭിപ്രായം ചോദിച്ചു. സെല്‍ഫി കൊടുക്കുന്നതില്‍ തെറ്റില്ലെന്ന് മാതാപിതാക്കളും പറഞ്ഞു. കാരണം അവയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ യഥേഷ്ടം ലഭ്യമാണ്. ചിത്രങ്ങള്‍ ലഭിച്ചതോടെ കൂടുതല്‍ 'തുറന്ന' ചിത്രങ്ങള്‍ വേണമെന്നായി എറിക്കിന്റെ ആവശ്യം. സ്വകാര്യ ഭാഗങ്ങളുടെ നഗ്ന ചിത്രങ്ങളും കാലിന്റെ ഫോട്ടോയും വേണമെന്ന് പറഞ്ഞതോടെ അവ എറിക്കിനെ സമൂഹ മാധ്യമങ്ങളില്‍ ബ്ലോക്കു ചെയ്തു. ഉടനെ തുരുതുരാ ക്ഷമാപണം നടത്തിയുള്ള കത്തുകളും വന്നു തുടങ്ങി. ഒന്നിലാകട്ടെ, 500 ഡോളര്‍ കറൻസിയും വച്ചിരുന്നു. ഇതിനെല്ലാം എന്നോട് ക്ഷമിക്കണം. ഞാന്‍ തകര്‍ന്നിരിക്കുന്നു എന്ന കുറിപ്പും അയച്ചിരുന്നു.

∙ തന്റെ മകള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പിതാവ്

കാര്യങ്ങൾ വേറൊരു തലത്തിലേക്ക് നീങ്ങിയതോടെ അവയുടെ പിതാവ് റോബ് ഇടപെട്ടു. എറിക്കിന് അയച്ച ടെക്‌സ്റ്റ് സന്ദേശത്തില്‍ തന്റെ മകള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കി. അതേസമയം, പിതാവ് വീട്ടില്‍ പറഞ്ഞത് അവനൊരു കീബോഡ് കൗബോയി ആണ് പേടിക്കേണ്ട കാര്യമില്ല എന്നായിരുന്നു. എന്നാല്‍, പിതാവിന്റെ ഇടപെടലോടെ കൂടുതല്‍ നൈരാശ്യം ബാധിച്ച എറിക് ഒരു ഷോട്ട്ഗണ്‍ സംഘടിപ്പിച്ചു.

∙ വാള്‍മാര്‍ട്ട് ജോലിക്കാരന്റെ വേഷത്തില്‍ എറിക് അവയുടെ വീട്ടില്‍

ആയുധ ധാരിയായ എറിക് വെളുപ്പിന് അവയുടെ കുടുംബം താമസിച്ചിരുന്ന ഒറ്റ നിലയുള്ള വീട്ടിലെത്തി. എറിക് സുരക്ഷാ കണ്ണടകളും വാള്‍മാര്‍ട്ട് ജോലിക്കാര്‍ ഉപയോഗിക്കുന്ന ഓറഞ്ച് നിറത്തിലുള്ള യൂണിഫോമും ധരിച്ചിരുന്നു. മുന്‍ വാതിലില്‍ വലിയൊരു തുളയുണ്ടാക്കിയാണ് എറിക് വീടിനുള്ളില്‍ കടന്നത്. ഡ്രില്ലിങ് ശബ്ദം ചെവിക്ക് കുഴപ്പമുണ്ടാക്കാതിരിക്കാനായി ഇയര്‍പ്ലഗും ഉപയോഗിച്ചിരുന്നു. തന്റെ മുറിയിലേക്കു ദ്വാരം നിര്‍മിച്ചിരിക്കുന്നതായി കണ്ടു ഞെട്ടിയെന്ന് അവ പറയുന്നു. ഇത് കണ്ട കുട്ടി ബാത്‌റൂം വഴി സഹോദരന്റെ മുറിയിലേക്ക് ഓടി. ബഹളം കേട്ടെത്തിയ പിതാവ് റോബ് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കി. മാതാവ് കിം 911 നമ്പറില്‍ വിളിച്ചു. റോബ് എറിക്കിനെ വീട്ടില്‍ നിന്നു പുറത്താക്കാന്‍ ശ്രമിച്ചു. പൊലീസ് എത്താനായി കുടുംബാംഗങ്ങള്‍ കാത്തിരുന്ന സമയത്ത് എറിക് വീടിനു പുറത്തേക്ക് പോയെങ്കിലും വീണ്ടും തിരിച്ചെത്തി. എറിക്കിന്റെ കയ്യിലെ ആയുധം താഴെ വയ്ക്കാന്‍ റോബ് ആവശ്യപ്പെട്ടെങ്കിലും അയാള്‍ വകവച്ചില്ല. തുടര്‍ന്ന് റോബ് എറിക്കിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇത് ഫ്‌ളോറിഡയുടെ സ്റ്റാന്‍ഡ് യുവര്‍ ഗ്രൗണ്ട് നിയമപ്രകാരം കുറ്റകരമല്ല.

∙ എറിക് ഇന്ത്യന്‍ വംശജനോ?

പൊലീസെത്തി എറിക്കിന്റെ ശരീരം പരിശോധിച്ചപ്പോള്‍ രണ്ടു ഫോണുകളാണ് ലഭിച്ചത്. രണ്ടിലും അവയുടെ ചിത്രങ്ങളും വിഡിയോയും ധാരാളമായി ശേഖരിച്ചു വച്ചിരിക്കുന്നതായി കണ്ടെത്തി. അതേസമയം, എറിക്ക് ആരാണ് എന്നതിനെക്കുറിച്ച് അധികം വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. എറിക് രോഹന്‍ ജസ്റ്റിന്‍ അമേരിക്കന്‍ പൗരനായിരുന്നു എന്ന് വ്യക്തമാണ്. എറിക്കിന്റെ പിതാവ് ജസ്റ്റിന്‍ ഡോമിനിക് ഇന്ത്യയിലേക്ക് താമസം മാറി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനാലാണ് എറിക് ഇന്ത്യന്‍ വംശജനായിരിക്കാം എന്ന സംശയത്തിനു വഴിവച്ചിരിക്കുന്നത്. ജസ്റ്റിനും ഭാര്യയുമായി പിരിഞ്ഞു എന്നും ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ മകന്‍ നല്ല കുട്ടിയായിരുന്നു എന്നാണ് ജസ്റ്റിന്‍ പറഞ്ഞത്. നടന്ന കാര്യങ്ങളെക്കുറിച്ചു വിവരിക്കാന്‍ തനിക്കു വാക്കുകള്‍ കിട്ടുന്നില്ലെന്നും മകന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അവന്റെ തീരുമാനം തെറ്റായിരുന്നു എന്നും പിതാവ് പ്രതികരിച്ചു.

∙ അവയുടെ വിദ്യാഭ്യാസം വീട്ടിലേക്ക് മാറ്റി

അവ ടിക്‌ടോക്കില്‍ ഇപ്പോഴും ഉണ്ട്. എന്നാല്‍, കുട്ടിക്ക് എറിക്കില്‍ നിന്നുണ്ടായതിനേക്കാള്‍ കൂടുതല്‍ മോശപ്പെട്ട അനുഭവങ്ങളാണ് ഓണ്‍ലൈന്‍ ഫോളോവേഴ്സിൽ നിന്നുണ്ടായത്. ഇതേത്തുടര്‍ന്ന് അവയ്ക്ക് വീട്ടില്‍ നിന്നു തന്നെ വിദ്യാഭ്യാസം നല്‍കാൻ തീരുമാനിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴി കുട്ടികള്‍ക്കു പോലും വേണ്ടുവോളം പണം സമ്പാദിക്കാമെങ്കിലും അത് നിരവധി പ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്താമെന്നതിന്റെ ഉത്തമോദാഹരണമാണ് അവയുടെ കഥ എന്നു പറയുന്നു.

∙ നോട്ടിഫിക്കേഷന്‍ ശല്യം ഇല്ലാതാക്കാന്‍ നിലേക്കാനിയുടെ മന്ത്ര

ഡിജിറ്റല്‍ ഉപകരണങ്ങളും നോട്ടിഫിക്കേഷനുകളും ഒരോ നിമിഷവുമെന്നവണ്ണം നമ്മുടെ ജീവിതത്തിലേക്ക് വന്നുക്കൊണ്ടിരിക്കുകയാണ്. പലര്‍ക്കും ഇതില്‍ നിന്ന് മോചനം നേടണമെന്നുണ്ട്. പക്ഷേ, എങ്ങനെയാണെന്ന് അറിയില്ല. ലാപ്‌ടോപ്പും ടാബും ഫോണും ഉള്ളവര്‍ക്ക് പരീക്ഷിച്ചു നോക്കാവുന്ന ഒരു സമവാക്യമാണ് ഇന്‍ഫോസിസിന്റെ സഹസ്ഥാപകനും യുഐഡിഎഐയുടെ മേധാവിയും കേന്ദ്ര സർക്കാരിന്റെ ടെക്‌നോളജി കമ്മിറ്റിയിലെ അംഗവുമായിരുന്ന നന്ദന്‍ നിലേക്കാനി മുന്നോട്ടുവയ്ക്കുന്നത്. നിങ്ങള്‍ ലൈബ്രറിയില്‍ ചെല്ലുമ്പോള്‍ അവിടെ നിശബ്ദമായി ഇരുന്നു വായിക്കാനോ ജോലിയെടുക്കാനോ ആഗ്രഹിക്കുന്നു, പാര്‍ക്കില്‍ ഓടാന്‍ പോകുമ്പോള്‍ അവിടെ ശുദ്ധവായു ശ്വസിക്കാന്‍ ആഗ്രഹിക്കുന്നു, ബാറില്‍ പോകുമ്പോള്‍ മദ്യം കഴിക്കാനും കൂട്ടുകാരുമായി ഇടപഴകാനും ആഗ്രഹിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

∙ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നില്ല

അതുപോലെ താന്‍ ജോലിയെടുക്കാനായി ലാപ്‌ടോപ് ഉപയോഗിക്കുന്നു, വായിക്കാനും വിഡിയോ കാണാനുമായി ടാബ്‌ലറ്റ് ഉപയോഗിക്കുന്നു, സംവാദിക്കാനായി ഫോണ്‍ ഉപയോഗിക്കുന്നു. അതും വോയിസ് കോളുകളും എസ്എംഎസുകളും മാത്രമാണ് ഫോണില്‍ നടത്തുക. ഒരു സമൂഹ മാധ്യമവും ഉപയോഗിക്കുന്നില്ല. ട്വിറ്ററില്‍ സാന്നിധ്യമുണ്ടെങ്കിലും അത് ബ്രോഡ്കാസ്റ്റ് മോഡില്‍ മാത്രമാണ്, അവിടെയും സംവാദങ്ങളില്‍ ഏര്‍പ്പെടുന്നില്ല. ഇതിനാല്‍ തന്നെ തനിക്ക് നോട്ടിഫിക്കേഷനുകളുടെ ശല്യം ഇല്ലെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Donald-Trump-and-Truth-Social-logo

∙ ട്രംപിന്റെ സമൂഹ മാധ്യമ ആപ് തിങ്കളാഴ്ച അവതരിപ്പിച്ചേക്കുമെന്ന് പുതിയ വാര്‍ത്ത

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കമ്പനി പുറത്തിറക്കുമെന്നു പറയുന്ന 'ട്രൂത്ത് സോഷ്യല്‍' സമൂഹ മാധ്യമ ആപ്പിനെക്കുറിച്ച് വൈരുധ്യം നിറഞ്ഞ വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ആപ്പിന്റെ അവതരണം മാര്‍ച്ചിലേക്കു മാറ്റിവച്ചു എന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞയാഴ്ച കേട്ടത്. എന്നാല്‍, എന്‍ഗ്യാജറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ആപ് ഫെബ്രുവരി 21ന് അവതരിപ്പിച്ചേക്കും. ഈ തീയതി ഇക്കഴിഞ്ഞ ജനുവരിയില്‍ ആപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പുറത്തുവിട്ടതായിരുന്നു. എന്നാല്‍, കഴിഞ്ഞ ആഴ്ചകളില്‍ പുറത്തുവന്ന സൂചനകള്‍ പ്രകാരം ആപ് മാര്‍ച്ചില്‍ തുടങ്ങുമെന്നായിരുന്നു പറഞ്ഞുവന്നത്. അതേസമയം, ആപ് തിങ്കളാഴ്ച തന്നെ പുറത്തിറക്കിയേക്കും എന്നറിയിച്ച് സ്‌ക്രീന്‍ ഷോട്ടുകളും മറ്റും പുറത്തുവിട്ടിരിക്കുകയാണ് ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പിന്റെ മേധാവിയും അമേരിക്കയിലെ മുന്‍ റിപ്പബ്ലിക്കന്‍ പ്രതിനിധിയുമായ ഡെവിന്‍ ന്യൂണ്‍സ്. ഇത് ആപ് തിങ്കളാഴ്ച തന്നെ പുറത്തിറക്കിയേക്കാം എന്നതിന്റെ സൂചനയാകാണെന്ന് റോയിട്ടേഴ്‌സും പറയുന്നു.

English Summary: Who is Ava Majury? 15-year-old TikTok star recalls encounter with stalker who arrived at her door with a shotgun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com