ADVERTISEMENT

ഇന്ത്യയിലെ രണ്ടിലൊന്ന് പൗരന്മാര്‍ക്കും, അവരുടെ ഫോണ്‍വിളികള്‍ക്ക് അനുസരിച്ച് പരസ്യങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുവെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിന്റെ കാരണങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹ മാധ്യമമായ ലോക്കല്‍സര്‍ക്ക്ള്‍സ് (LocalCircles) നടത്തിയ പഠനമാണ് പുതിയ റിപ്പോര്‍ട്ടിന് ആധാരം. സ്വകാര്യ ഫോണ്‍ കോളുകളിലെ ഉള്ളടക്കം അനുസരിച്ച് 51 ശതമാനം ഇന്ത്യക്കാര്‍ക്ക് പരസ്യങ്ങള്‍ ലഭിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ 307 ജില്ലകളില്‍ നിന്നായി 38,000 പേരില്‍നിന്നു ശേഖരിച്ച ഡേറ്റാ പ്രകാരമാണിത്. ഈ സാഹചര്യത്തില്‍, ഫോണ്‍ കോള്‍ ചോരുന്ന വഴി അറിഞ്ഞിരിക്കണം.

പഠനം

ഇന്ത്യയിലെ പൗരന്മാരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നു എന്നതിനെക്കുറിച്ച് കഴിഞ്ഞ 12 മാസത്തിനിടയില്‍ ആയിരക്കണക്കിനു പോസ്റ്റുകളും കമന്റുകളും കണ്ടതിനു ശേഷമായിരുന്നു പഠനമെന്ന് ലോക്കല്‍സര്‍ക്ക്ള്‍സ് പറയുന്നു. വോയിസ് കോളുകളില്‍ സംസാരിക്കുന്ന വിവരങ്ങള്‍ അനുസരിച്ചുള്ള പരസ്യങ്ങള്‍ ലഭിക്കുന്നു എന്നായിരുന്നു പരാതികളിലേറെയും. സര്‍വെയില്‍ പങ്കെടുത്തവരില്‍ 62 ശതമാനം പേർ പുരുഷന്മാരും 38 ശതമാനം സ്ത്രീകളുമായിരുന്നു. പ്രതികരിച്ചവരില്‍ 48 ശതമാനം പേര്‍ ടയര്‍-1 (tier-1) നഗരങ്ങളില്‍ നിന്നുള്ളവരും 27 ശതമാനം ടയര്‍-2 നഗരങ്ങളില്‍ നിന്നുള്ളവരും 25 ശതമാനം ടയര്‍-3, 4 (ഗ്രാമീണ) മേഖലകളില്‍ നിന്നുള്ളവരും ആയിരുന്നു. ഈ പുതിയ പ്രശ്‌നത്തിന്റെ വ്യാപ്തി അമ്പരപ്പിക്കുന്നതാണ്. പക്ഷേ അല്‍പം ശ്രദ്ധിച്ചാല്‍ അതിനു തടയിടാനാകും.

Representational image
Representational image

നിങ്ങളുടെ ഫോണ്‍ കോള്‍ ചോര്‍ത്തിയോ?

തങ്ങള്‍ അല്‍പം മുമ്പു വായിച്ച ലേഖനത്തെ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്നത് പലര്‍ക്കും പരിചിതമായ അനുഭവമാണ്. കാരണം, ഓണ്‍ലൈനിലെ പ്രവൃത്തികള്‍ക്കൊന്നും ഒരു സ്വകാര്യതയുമില്ല. ഇത് വര്‍ഷങ്ങളായി നടന്നുവരുന്നതാണ്. ഇപ്പോഴത്തെ പ്രശ്നം അതല്ല. നിങ്ങള്‍ ഫോണ്‍ കോളില്‍ ഒരു ഉല്‍പന്നത്തെക്കുറിച്ചോ സേവനത്തെക്കുറിച്ചോ സംസാരിക്കുകയും പിന്നീട് ഒരു വെബ്സൈറ്റോ ആപ്പോ സന്ദർശിക്കുമ്പോൾ അതേ ഉൽപന്നത്തിന്റെയോ സേവനത്തിന്റെയോ പരസ്യം കാണുകയും ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങളുടെ കോളും പരസ്യം നല്‍കി കാശുണ്ടാക്കുന്നവര്‍ ചോര്‍ത്തിയിട്ടുണ്ടാകും. സര്‍വെയില്‍ പങ്കെടുത്ത 28 ശതാമാനം പേര്‍ക്കും ഈ പ്രശ്‌നം നേരിടേണ്ടതായി വരുന്നു. കൂടാതെ 19 ശതമാനം പേര്‍ക്ക് ഇതു പല തവണ സംഭവിച്ചു കഴിഞ്ഞു.

ഇതെങ്ങനെ സംഭവിക്കുന്നു?

ടെലകോം ഓപ്പറേറ്റര്‍മാര്‍ വഴിയല്ല നിങ്ങളുടെ വിളികളും കോണ്ടാക്ട് വിവരങ്ങളും ചോരുന്നത്. ചോദിക്കുന്ന ആപ്പുകള്‍ക്കെല്ലാം ഫോണിന്റെ മൈക്രോഫോണും കോണ്ടാക്ട്‌സും തുറന്നിട്ടു നല്‍കുന്നതാണ് പ്രശ്‌നമെന്നാണ് പഠനം പറയുന്നത്. സര്‍വെയില്‍ പങ്കെടുത്ത 84 ശതമാനം പേരും വാട്‌സാപിന് തങ്ങളുടെ കോണ്ടാക്ട് ലിസ്റ്റ് മുഴുവന്‍ തുറന്നിട്ടു കൊടുത്തിരിക്കുന്നു. കൂടാതെ, 51 ശതമാനം പേര്‍ ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും കോണ്ടാകട്‌സ് അക്‌സസ് നല്‍കിയിരിക്കുന്നു. ഇതിനു പുറമെ 41 ശതമാനം പേര്‍ ട്രൂകോളര്‍ തുടങ്ങിയ ആപ്പുകള്‍ക്ക് കോണ്ടാക്ട് ലിസ്റ്റ് തുറന്നു കൊടുത്തിരിക്കുന്നു.  

157619625

സാമ്പത്തിക തട്ടിപ്പിനു പോലും ഇരയാകാം

ഫോണില്‍ സംസാരിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അതില്‍നിന്നു ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഭാവിയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ പോലും നടന്നേക്കാമെന്നു പറയുന്നു. (ഫെയ്‌സ്ബുക്കും വാട്‌സാപ്പും ഡേറ്റ ശേഖരിക്കുന്നുണ്ടെങ്കില്‍ അവര്‍ അത്തരം പണികള്‍ക്ക് മുതിര്‍ന്നേക്കില്ല. പരസ്യം കാണിക്കല്‍ മാത്രമാകും ലക്ഷ്യം. പക്ഷേ അവരില്‍നിന്ന് ഡേറ്റാ ആര്‍ക്കെങ്കിലും കിട്ടുന്നുണ്ടെങ്കില്‍ തട്ടിപ്പു സംഭവിക്കാം). ആപ്പുകള്‍ക്ക് സദാസമയവും മൈക്രോഫോണ്‍ അക്‌സസ് നല്‍കുന്നതാണ് പ്രധാന പ്രശ്‌നം എന്നും പറയുന്നു. ഇന്ന് മിക്ക ഫോണുകളിലും സെറ്റിങ്‌സിലെത്തി ഏതെല്ലാം ആപ്പുകള്‍ക്കാണ് മൈക്രോഫോണ്‍ അക്‌സസ് നല്‍കിയിരിക്കുന്നത് എന്നു പരിശോധിക്കാം.

സദാ മൈക്രോഫോണ്‍ അക്‌സസ് നല്‍കിയിരിക്കുന്നു

മിക്കവരും മൈക്രോഫോണ്‍ സദാ സമയം തുറന്നിട്ടിരിക്കുകയാണ്. ആവശ്യമുള്ളപ്പോള്‍ മാത്രം ആപ്പുകൾക്ക് മൈക്രോഫോണ്‍ അക്‌സസ് നല്‍കുകയും ഉടനെ പിന്‍വലിക്കുകയും വേണം. പലര്‍ക്കും ഇതില്‍ താത്പര്യമുണ്ടാവില്ല. വിവിധ ആപ്പുകളിലൂടെ നടത്തുന്ന സംഭാഷണങ്ങള്‍ക്കു പുറമേ, ഫോണ്‍ കോളുകളും ചോര്‍ത്തുന്നുണ്ടാകാമെന്നാണ് പുതിയ പഠനം പറയുന്നത്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

സ്വകാര്യത പ്രധാനമാണെങ്കില്‍ മൈക്രോഫോണ്‍, ക്യാമറ തുടങ്ങിയ അതീവ പ്രാധാന്യമുള്ള സജ്ജീകരണങ്ങള്‍ക്ക് ആവശ്യാനുസരണം അനുമതി കൊടുത്ത ശേഷം അതു പിന്‍വലിക്കുന്നതു ശീലമാക്കുന്നതായിരിക്കും ഉത്തമം. ഇന്ത്യ പാസാക്കാനിരിക്കുന്ന ‘പഴ്‌സനല്‍ ഡേറ്റാ പ്രൊട്ടക്‌ഷന്‍ ബില്‍ 2019’ ഡേറ്റാ ചോര്‍ത്തല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കൊണ്ടുവന്നേക്കും എന്നു കരുതുന്നവരുണ്ട്. അതേസമയം, തങ്ങളുടെ കണ്ടെത്തലുകളെല്ലാം കേന്ദ്ര ഐടി മന്ത്രാലയത്തിന് കൈമാറുമെന്നും അവർ ഉചിതമായ നടപടി സ്വീകരിക്കട്ടെയെന്നും ലോക്കല്‍സര്‍ക്ക്ള്‍സ് പറയുന്നു.

കൂര്‍ക്കം വലി അറിയാനുള്ള ഫീച്ചറുമായി ഗൂഗിള്‍

ഉറക്കത്തില്‍ ചുമയ്ക്കുന്നുണ്ടോ, കൂര്‍ക്കം വലിക്കുന്നുണ്ടോ എന്നൊക്കെ അറിയാനുളള ഫീച്ചറുകള്‍ ആന്‍ഡ്രോയിഡ് ഒഎസില്‍ ഒരുക്കുകയാണ് ഗൂഗിളെന്നു വാർത്ത. ആദ്യം ഗൂഗിളിന്റെ സ്വന്തം പിക്‌സല്‍ ഫോണുകളിലായിരിക്കാം ഇവ എത്തുക. തുടര്‍ന്ന് വിവിധ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ എത്തിയേക്കും. ഹെല്‍ത് സ്റ്റഡീസ് ആപ്പിന്റെ രൂപത്തിലായിരിക്കും ഇവ എത്തുക എന്നാണ് 9ടു5ഗൂഗിളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ലീപ് ഓഡിയോ കലക്‌ഷന്‍ എന്നൊരു പഠനം ഇപ്പോള്‍ ഗൂഗിള്‍ ജോലിക്കാര്‍ക്കു മാത്രം ലഭ്യമാണെന്നും പറയുന്നു.

മെറ്റാവേഴ്‌സിനായി സാങ്കേതികവിദ്യ കോപ്പിയടിച്ചെന്ന് ഫെയ്‌സ്ബുക്കിനെതിരെ ആരോപണം

ലഭ്യമായതില്‍വച്ച് ഏറ്റവും മികച്ച വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് നിര്‍മിച്ചു വില്‍ക്കുന്നത് മെറ്റാ (ഫെയ്‌സ്ബുക്ക്) പ്ലാറ്റ്‌ഫോമാണ്. എന്നാല്‍, തങ്ങള്‍ പേറ്റന്റ് കരസ്ഥമാക്കിയ ടെക്‌നോളജിയാണ് ഇതിനായി മെറ്റാ ഉപയോഗിക്കുന്നതെന്ന് ആരോപണവുമായി എത്തിയിരിക്കുകയാണ് ഇമേര്‍ഷന്‍ കോര്‍പ് (Immersion Corp.) മെറ്റാ ക്വെസ്റ്റ് 2 എന്ന ഹെഡ്‌സെറ്റ്, സ്പര്‍ശത്തിന്റെ കാര്യത്തിലടക്കം തങ്ങള്‍ക്ക് പേറ്റന്റ് ലഭിച്ച ആറു സാങ്കേതികവിദ്യകൾ മെറ്റാ ഉപയോഗിക്കുന്നു എന്നാണ് ആരോപണം എന്ന് റോയിട്ടേഴ്‌സ് പറയുന്നു. ടെക്‌സസ് കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്.

റജിസ്‌റ്റേർഡ് ബിസിനസുകാര്‍ക്ക് പുതിയ ഡേറ്റാ പ്ലാനുകളുമായി ജിയോ

റജിസ്‌റ്റേർഡ് ബിസിനസ് ഉപയോക്താക്കള്‍ക്കായി മൂന്നു പുതിയ പോസ്റ്റ് പെയ്ഡ് ഡേറ്റാ പ്ലാനുകള്‍ രാജ്യത്തെ ഏറ്റവും വലിയ ടെലകോം സേവനദാതാവായ ജിയോ അവതരിപ്പിച്ചു. ജിയോഫൈ 4ജി വയര്‍ലെസ് ഹോട്ട്‌സ്‌പോട്ട് വാങ്ങുന്നവര്‍ക്കാണ് പുതിയ പ്ലാനുകള്‍. ഇവ യഥാക്രമം 249 രൂപ, 299 രൂപ, 349 രൂപ എന്നിങ്ങനെയാണ്. ഇതില്‍ 249 രൂപ പ്ലാനില്‍ പ്രതിമാസം 30 ജിബി അതിവേഗ ഡേറ്റയാണ് ലഭിക്കുക. കോള്‍, എസ്എംഎസ് എന്നിവ സാധ്യമല്ല. ഡോങ്ഗിള്‍ 18 മാസത്തേക്ക് ലോക്ക് ചെയ്തിരിക്കും.

299 റീച്ചാര്‍ജ്

പ്രതിമാസം 40 ജിബി ഡേറ്റ ലഭിക്കും. കോള്‍, എസ്എംഎസ് ഇവ സാധ്യമല്ല. ഉപകരണം 18 മാസത്തേക്ക് ലോക്ക് ചെയ്തിരിക്കും.

349 പ്ലാന്‍

പ്രതിമാസം 50 ജിബി ഡേറ്റ. മുകളില്‍ പറഞ്ഞ മറ്റു കാര്യങ്ങള്‍ ഇതിലും ബാധകം. എല്ലാ പ്ലാനുകളും അണ്‍ലിമിറ്റഡ് ആണ്. അതിവേഗ ഡേറ്റ ഉപയോഗിച്ചു തീര്‍ന്നാല്‍ തുടര്‍ന്ന് 64കെബിപിഎസ് വച്ച് ഡേറ്റ ലഭിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com