അസാൻജിനെ അമേരിക്കയ്ക്ക് വിട്ടുനല്‍കാന്‍ ബ്രിട്ടൻ; അദ്ദേഹം ജയിലിൽ കിടന്ന് മരിക്കുമെന്ന് ഭാര്യ
Mail This Article
സർക്കാരുകളെ കുറിച്ചടക്കം പ്രാധാന്യമുള്ള രഹസ്യ വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്ന വെബ്‌സൈറ്റായ വിക്കിലീക്‌സിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാൻജിനെ (50) അമേരിക്കയ്ക്ക് കൈമാറാമെന്ന് ബ്രിട്ടിഷ് സർക്കാർ നിലപാടു സ്വീകരിച്ചു. പെന്റഗന്റെ കംപ്യൂട്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചു എന്നതടക്കം 17 കേസുകളിലാണ് (18 എന്ന് ചില റിപ്പോര്‍ട്ടുകള്‍ ) ചാരവൃത്തി നിയമം പ്രകാരം അദ്ദേഹത്തിന് അമേരിക്കയില്‍ വിചാരണ നേരിടേണ്ടി വരിക. കേസുകളില്‍ പ്രതികൂല വിധിയുണ്ടായാല്‍ 175 വര്‍ഷം വരെ ജിയില്‍ ശിക്ഷ ലഭിച്ചേക്കാമെന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ടുചെയ്യുന്നു. എന്നാല്‍, അത്ര കാലമൊന്നും ജയില്‍ ശിക്ഷ വിധിച്ചേക്കില്ലെന്ന് അമേരിക്കന്‍ അധികാരികള്‍ പറഞ്ഞു. അതേസമയം, അസാൻജിനെ അമേരിക്കയ്ക്ക് കൈമാറിയാല്‍ അദ്ദേഹം ജയിലില്‍ കിടന്ന് മരിക്കുമെന്ന കാര്യം ഉറപ്പാണെന്ന് ഭാര്യ സ്റ്റെല മോറിസ് ദി ഇന്‍ഡിപെന്‍ഡന്റിനോട് പ്രതികരിച്ചു.
∙ ആരാണ് അസാൻജ് ? എന്താണ് വിക്കിലീക്‌സ് ?
ഓസ്‌ട്രേലിയന്‍ എഡിറ്ററും പ്രസാധകനും ആക്ടിവിസ്റ്റുമായ അസാൻജ് 2006ല്‍ വിക്കീലീക്‌സ് വെബ്‌സൈറ്റ് സ്ഥാപിക്കുന്നതോടെയാണ് പ്രശസ്തനാകുന്നത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ പ്രസിദ്ധീകരണം വിവിധ സ്രോതസുകളില്‍ നിന്നു ലഭിക്കുന്ന തന്ത്രപ്രധാനമായ വിവരങ്ങള്‍ വരെ പുറത്തുവിട്ടിട്ടുണ്ട്. ഐസ്‌ലൻഡിലാണ് വെബ്‌സൈറ്റ് സ്ഥാപിച്ചത്. ആദ്യ 10 വര്‍ഷം ഏകദേശം 10 ദശലക്ഷം രേഖകളാണ് പുറത്തുവിട്ടതെന്നു പറയുന്നു. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകര്‍ക്കും, ആക്ടിവിസ്റ്റുകള്‍ക്കും, സ്റ്റാര്‍ട്ട്-അപ് കമ്പനികളുടെ ടെക്‌നോളജിസ്റ്റുകള്‍ക്കും ഒക്കെ ധാരാളം വിവരങ്ങള്‍ കൈമാറുന്ന ഇടനിലക്കാരന്റെ റോളാണ് വിക്കീലീക്‌സിന്റേത്.
∙ അസാൻജിന് അടിതെറ്റുന്നത് എപ്പോള്‍ ?
അമേരിക്കയുടെ മുന്‍ സൈനിക ഇന്റലിജന്‍സ് വിശകലന വിദഗ്ധ ചെല്‍സി മാനിങ്ങിനെ 2010ല്‍ രാജ്യത്തിന്റെ ആയിരക്കണക്കിന് രഹസ്യസ്വഭാവമുള്ള നയതന്ത്രപരമായ കേബിളുകളും (ടെലഗ്രാം), മിലിറ്ററി രേഖകളും മോഷ്ടിക്കാന്‍ സഹായിച്ചു എന്ന ആരോപണം വന്നതോടെയാണ് അമേരിക്കയും അസാൻജും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഗൗരവമുള്ളതാകുന്നത്. ഈ രേഖകള്‍, അതേവര്‍ഷം വിക്കിലീക്‌സില്‍ ആര്‍ക്കും കാണാവുന്ന രീതിയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അമേരിക്കയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പലരുടെയും ജീവിതം വരെ ഇതുവഴി അപകടത്തിലാക്കിയെന്ന് അധികാരികള്‍ ആരോപിക്കുന്നു.
ഇറാക്കിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ യുദ്ധങ്ങളെക്കുറിച്ചുള്ള പല വിവരങ്ങളും അസാൻജ് വെളിപ്പെടുത്തി. അഫ്ഗാനിസ്ഥാനില്‍ നൂറുകണക്കിന് സാധാരണക്കാരെ അമേരിക്ക കൊന്നുവെന്നും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലില്‍ ഉണ്ടായിരുന്നു. ഇവ നേരത്തേ പുറത്തുവന്ന കാര്യങ്ങളല്ലായിരുന്നു. അതിനു പുറമെ ഇറാക്കില്‍ 66,000 സാധാരണക്കാരെ ഇറാക്ക് സൈനികര്‍ കൊന്നുവെന്നും ഇവരില്‍ പലര്‍ക്കും ജയിലില്‍ വച്ച് പീഡനം ഏല്‍ക്കേണ്ടി വന്നു എന്നും രേഖകളില്‍ ഉണ്ടായിരുന്നു.
∙ മാനിങ്ങിന് ലഭിച്ചത് 35 വര്‍ഷം തടവ്, ഇളവു നല്‍കി ഒബാമ
അമേരിക്ക കണ്ടതില്‍ വച്ച് ഏറ്റവും വലിയ വാര്‍ത്ത ചോര്‍ച്ച നടത്തിയ മാനിങ്ങിന് 2013ല്‍ 35 വര്‍ഷം ജയില്‍വാസമാണ് കോടതി വിധിച്ചത്. എന്നാല്‍, 2017ല്‍ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ, ജയിലില്‍ കിടന്നിടത്തോളം സമയമാക്കി അവരുടെ വിധി ഇളവു ചെയ്യുകയും കാന്‍സാസ് ജയിലില്‍നിന്ന് പുറത്തുവിടുകയും ചെയ്തു.
∙ 2010ല്‍ പീഡനാരോപണം, അസാൻജ് കേസിലെ ചില നാള്‍വഴികള്‍
അസാൻജിനെതിരെ സ്വീഡനില്‍ ഒരു ലൈംഗിക പീഡന കേസ് വന്നു. അദ്ദേഹം അതു നിഷേധിച്ചു. അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറഞ്ഞത് ഇത് അദ്ദേഹത്തെ എങ്ങനെയെങ്കിലും അമേരിക്കയില്‍ എത്തിക്കാനുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നായിരുന്നു. അതേവര്‍ഷം ഡിസംബറില്‍ അദ്ദേഹം ബ്രിട്ടനില്‍ അറസ്റ്റിലാകുകയും ചെയ്തു. കോടതി അദ്ദേഹത്തെ സ്വീഡനു കൈമാറാന്‍ ഉത്തരവിട്ടു. കേസ് 2012ല്‍ വീണ്ടും പരിഗണനയ്ക്കു വരികയും കോടതി അസാൻജിന്റെ അപ്പീല്‍ തള്ളുകയും ചെയ്തു. അഞ്ചു ദിവസത്തിനു ശേഷം അദ്ദേഹം ഇക്വഡോറിന്റെ എംബസിയില്‍ അഭയം തേടി തനിക്ക് രാഷ്ട്രീയാഭയം നല്‍കണമെന്ന് അഭ്യര്‍ഥിച്ചു. ജാമ്യക്കരാര്‍ ലംഘിച്ചായിരുന്നു അദ്ദേഹം എംബസിയില്‍ എത്തിയത്. അത് അംഗീകരിക്കപ്പെട്ടു.
അദ്ദേഹം 2019 വരെ എംബസിയില്‍ കഴിഞ്ഞു. എന്നാല്‍, ആ വര്‍ഷം ഇക്വഡോര്‍ അഭയം പിന്‍വലിച്ചു. ബ്രിട്ടിഷ് പൊലിസ് എംബസിയില്‍ കടന്ന് ഉറക്കെ കരയുന്ന അസാൻജുമായി പുറത്തെത്തുന്ന കാഴ്ചയാണ് പിന്നെ ലോകം കണ്ടത്. ജാമ്യക്കരാര്‍ ലംഘിച്ചതിന് 50 ആഴ്ചയാണ് ബ്രിട്ടിഷ് കോടതി അദ്ദേഹത്തിന് വിധിച്ചത്. എന്നാല്‍, താന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണെന്നും തന്നെ അമേരിക്കയ്ക്ക് കൈമാറരുതെന്നും അദ്ദേഹം 2019ല്‍ കോടതിയോട് അഭ്യര്‍ഥിച്ചു. താന്‍ ചെയ്ത നല്ല കാര്യങ്ങള്‍ നിരവധി ആളുകള്‍ക്ക് ഗുണകരമായി എന്ന് അദ്ദേഹം കോടതിയോട് പറഞ്ഞു. അതേവര്‍ഷം അമേരിക്ക അദ്ദേഹത്തെ തങ്ങൾക്ക് വിട്ടുതരണമെന്ന് ബ്രിട്ടനോട് ഔദ്യോഗികമായി അഭ്യര്‍ഥിച്ചു.
തുടര്‍ന്ന് കേസ് 2021ല്‍ പരിഗണിച്ചപ്പോള്‍ ബ്രിട്ടിഷ് കോടതി പറഞ്ഞത് അദ്ദേഹത്തെ വിട്ടുനല്‍കാനാവില്ല എന്നായിരുന്നു. അദ്ദേഹത്തിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അദ്ദേഹം ആത്മഹത്യ ചെയ്‌തേക്കാമെന്നും കോടതി പറഞ്ഞു. ഇതിനെതിരെ അമേരിക്ക അപ്പീല്‍ നല്‍കുകയും അതു വിജയിക്കുകയും ചെയ്തു. ഇതിനെതിരെ ഹൈക്കോടതിയില്‍ അസാൻജിന് അപ്പീല്‍ പോകാന്‍ പറ്റില്ലെന്ന് ബ്രിട്ടിഷ് സുപ്രീം കോടതി വിധിച്ചു. അദ്ദേഹത്തെ വിട്ടുനല്‍കാനുള്ള അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ബ്രിട്ടന്റെ ഹോം സെക്രട്ടറി പ്രീതി പട്ടേലിനായിരുന്നു അവകാശം. പ്രീതിയാണ് ഇപ്പോള്‍ അസാൻജിനെ വിട്ടുനല്‍കാമെന്ന തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ 14 ദിവസമാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.
∙ വിധി ക്രൂരമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍
മനുഷ്യാവകാശ സംഘടനകളായ ആംനെസ്റ്റി ഇന്റര്‍നാഷണലും ഫ്രീഡം ഫ്രം ടോര്‍ചറും അസാൻജിനെതിരെയുള്ള വിധിയെ അപലപിച്ചു. ഇത് ക്രൂരവും പേടിപ്പെടുത്തുന്നതുമാണെന്ന് വിവിധ സംഘടനകള്‍ പ്രതികരിച്ചു. അദ്ദേഹത്തെ ജയിലില്‍ ഒറ്റയ്ക്കിടില്ലെന്നും പീഡിപ്പിക്കില്ലെന്നും ഒക്കെയുളള വാഗ്ദാനങ്ങളാണ് അമേരിക്ക ബ്രിട്ടിനിലെ കോടതിയില്‍ നല്‍കിയത്. എന്നാല്‍, തങ്ങളുടെ വ്യവസ്ഥകള്‍ ഏതുസമയത്തും മാറ്റിയേക്കാമെന്നും അമേരിക്ക പറഞ്ഞിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.
മാധ്യമ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോഡേഴ്‌സ് (ആര്‍എസ്എഫ്) തുടങ്ങിയ സംഘടനകളും വിധിക്കെതിരെ പ്രതികരിച്ചു. അസാൻജ് പ്രവര്‍ത്തിച്ചത് പൊതുജന താത്പര്യപ്രകാരമാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തെ വിട്ടുകൊടുക്കാനുള്ള തീരുമാനം ലജ്ജാവഹമാണെന്നാണ് ആര്‍എസ്എഫ് ഡയറക്ടര്‍ റബെക്കാ വിന്‍സന്റ് ടൈമിനോട് പ്രതികരിച്ചത്. വാഷിങ്ടനെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് ബ്രിട്ടൻ നടത്തുന്നതെന്നും അവര്‍ ആരോപിച്ചു. രേഖകള്‍ ചോര്‍ത്തുക എന്നത് ആധുനിക ജേണലിസത്തില്‍ അംഗീകരിക്കപ്പെട്ട കാര്യങ്ങളാണെന്ന് അവർ ഓര്‍മപ്പെടുത്തി. അതേസമയം, അസാൻജ് ജയിലില്‍ വളരെ ദുര്‍ബലനായി കാണപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണെന്നും ഭാര്യ സ്റ്റെല പ്രതികരിച്ചു.
English Summary: UK approves US extradition of WikiLeaks founder Julian Assange