വീടിനടുത്ത് ആണവ റിയാക്ടര്‍ വരുമോ? ഊര്‍ജ പ്രതിസന്ധി മറികടക്കാൻ ആണവ സാങ്കേതികവിദ്യ?
Mail This Article
കാറ്റും കല്‍ക്കരിയും പെട്രോളും ഡീസലും പ്രകൃതി വാതകവും മുതല്‍ സൗരോര്‍ജം വരെയുള്ള ഇന്ധന സ്രോതസുകള്‍ക്കപ്പുറം ഇനി എന്താണുള്ളത്? ഇന്ധന ദൗര്‍ലഭ്യം വലയ്ക്കാതിരിക്കാനായി ലോക രാഷ്ട്രങ്ങള്‍ ആണവോര്‍ജത്തിന്റെ സാധ്യത തന്നെ തേടിയേക്കാമെന്നു ബ്ലൂംബര്‍ഗ് പറയുന്നു. ഇന്ത്യയിലും ചൈനയിലും പോലും ആണവോര്‍ജം പരമ്പരാഗത ഊര്‍ജ സ്രോതസായ കല്‍ക്കരിയേക്കാള്‍ കുറഞ്ഞ ചെലവില്‍ സൃഷ്ടിക്കാമെന്നു തെളിയിക്കപ്പെട്ടു എന്നും ബ്ലൂംബര്‍ഗ് റിപ്പോർട്ടിൽ പറയുന്നു. ലോകത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ അനുദിനമെന്നോണം വർധിക്കുകയാണ്. ഊർജം ഇടതടവില്ലാതെ നല്‍കിക്കൊണ്ടിരിക്കാന്‍ പരമ്പരാഗത സ്രോതസുകള്‍ അപര്യാപ്തമാകുകയാണ്. അതോടെ ആണവോർജ നിര്‍മാണ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന കാര്യം പല രാജ്യങ്ങളും ഗൗരവത്തിലെടുത്തിരിക്കുകയാണ്. പക്ഷേ, അതുമായി മുന്നോട്ടുപോകുന്നതിന് ഒരു വലിയ തടസ്സമുണ്ട്. ജനങ്ങളുടെ മനസ്സിലെ പേടി.
ആണവ റിയാക്ടറുകള്‍ കൂടുതല്‍ മികവോടെ
ലോകരാഷ്ട്രങ്ങളുടെ പുതിയ ആധികളിലൊന്ന് വേണ്ടത്ര ഊർജം എവിടെനിന്നു സംഘടിപ്പിക്കാമെന്നതാണ്. വന്‍തോതില്‍ ഊർജം ഉത്പാദിപ്പിക്കാവുന്ന രീതികള്‍ പല രാജ്യങ്ങളിലും ഇല്ല. ഈ സന്ദര്‍ഭത്തിലാണ് ആണവോർജം ശ്രദ്ധിക്കപ്പെടുന്നത്. പുതിയ തലമുറയിലെ ചെറിയ ആണവ റിയാക്ടറുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരം ഒരെണ്ണം സ്ഥാപിച്ചാല്‍ ഏകദേശം 60,000 വീടുകള്‍ക്ക് ഊർജം നല്‍കാനാകും. പക്ഷേ തങ്ങളുടെ വീടിനടുത്ത് ആണവോർജ നിര്‍മാണം വേണ്ടെന്ന അഭിപ്രായക്കാരാണ് ഭൂരിഭാഗം ആളുകളും എന്നതു പ്രശ്നമാണ്.
ആണവോർജ ഉപയോഗം കൂടും
ഊർജത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയും അത് ഉദ്പാദിപ്പിക്കാനുള്ള ചെലവും പരിഗണിച്ചാല്‍ പല രാജ്യങ്ങളും ആണവോർജത്തിലേക്കു തിരിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വകാര്യ കമ്പനികളും ഈ സാധ്യതയാണ് പരിഗണിക്കുന്നതത്രേ. ആണവോർജം പരിസ്ഥിതിമലിനീകരണം കുറയ്ക്കും, ഇന്ധന ഉത്പാദന ചെലവു കുറയും, കാലാവസ്ഥാ വ്യതിയാനം എന്ന വിപത്തിനെതിരെയുള്ള നീക്കത്തിന് ഗുണകരവും ആകും. പക്ഷേ, ത്രീ മൈല്‍ ഐലന്‍ഡ്‌സ് (1979), ചെര്‍ണോബില്‍ (1986), ഫുകുഷിമ ഡയിചി (2011) എന്നീ ആണവ ദുരന്തങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ മായാതെ കിടക്കുന്നു. അതേസമയം, ഇന്നേവരെ ഊർജോത്പാദനവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന മരണങ്ങളുടെ മൊത്തം കണക്കു പരിഗണിച്ചാല്‍, ഏറ്റവും കുറവ് ആണവോർജത്തിന്റെ കാര്യത്തിലാണെന്നും പറയുന്നു. (ഉത്പാദിപ്പിച്ചിരിക്കുന്ന വൈദ്യുതി യൂണിറ്റിന്റെ അളവിന് അനുസരിച്ച്, ഏറ്റവുമധികം മരണം കല്‍ക്കരി ഖനനത്തിലാണ് ഉണ്ടായിരിക്കുന്നത്.)
ആണവോർജ ഉത്പാദനം വര്‍ധിച്ചേക്കാം
ഊർജ പ്രതിസന്ധി മറികടക്കാനായി ലോകം ആണവോർജത്തിലേക്കു തന്നെ തിരിയാനുള്ള സാധ്യതയാണ് ഇപ്പോള്‍ ടെക്‌നോളജി വിദഗ്ധര്‍ പ്രവചിക്കുന്നത്. വന്‍ ഊർജ പ്രതിസന്ധി ഒരു രാജ്യത്തിനും ഇനി താങ്ങാനാവില്ല. കാറ്റ്, സൂര്യപ്രകാശം തുടങ്ങിയവയില്‍നിന്ന് ഇന്ധനം ഉത്പാദിപ്പിക്കുന്നതിന്റെ ചെറിയൊരംശം ചെലവേ വരൂ ആണവോർജത്തിന് എന്നതും വിവിധ രാജ്യങ്ങളെ ഈ വഴിക്കു ചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കും. തങ്ങളുടെ ഊർജാവശ്യങ്ങള്‍ക്കായി ആണവോർജം മതിയെന്നാണ് ജപ്പാനിലെ 80 ശതമാനം കമ്പനികളും പറയുന്നതെന്ന് അടുത്തിടെ നടത്തിയ സര്‍വെ പറയുന്നു.
ഇന്ത്യയിലും ചൈനയിലും കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ഊർജോത്പാദനം എന്ന സമവാക്യത്തിന് സ്വീകാര്യത ലഭിച്ചേക്കും. ദക്ഷിണ കൊറിയയില്‍ ഇപ്പോള്‍ ഏകദേശം 27 ശതമാനം ഊർജം ഉത്പാദിപ്പിക്കുന്നത് ആണവോർജ സാങ്കേതികവിദ്യ വഴിയാണ്. രാജ്യമെമ്പാടും മലിനീകരണമില്ലാത്ത ഊർജം എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കയിലെ ബൈഡന്‍ ഭരണകൂടം 6 ബില്യന്‍ ഡോളറിന്റെ ന്യൂക്ലിയര്‍ ക്രെഡിറ്റ് പദ്ധതിക്ക് ഈ വര്‍ഷം തുടക്കംകുറിച്ചു. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജി കഴിഞ്ഞയാഴ്ച 74 ന്യൂക്ലിയര്‍ പദ്ധതികള്‍ക്കായി 60 ദശലക്ഷം ഡോളര്‍സഹായധനം നല്‍കി. ബ്രിട്ടണില്‍ ചെറിയ, ചിലവുകുറഞ്ഞ ന്യൂക്ലിയര്‍ റിയാക്ടറുകള്‍ നിര്‍മിക്കാനുള്ള ശ്രമം കഴിഞ്ഞ വര്‍ഷം തന്നെ തുടങ്ങി.
പേടി
അതേസമയം, ജനങ്ങളുടെ ഭീതി കുറയ്ക്കാതെ ആണവ റിയാക്ടറുകള്‍ എങ്ങനെ സ്ഥാപിക്കും എന്ന ചോദ്യവും ഉയരുന്നു. പുതിയ തലമുറയിലെ ആണവോർജ നിര്‍മാണ പ്ലാന്റുകള്‍ താരതമ്യേന അപകടസാധ്യത കുറഞ്ഞവയാണ് എന്നാണ് അവകാശവാദം. എന്തൊക്കെയാണെങ്കിലും, വരും വര്‍ഷങ്ങളില്‍ കൂടുതല്‍ആണവ പ്ലാന്റുകള്‍ സ്ഥാപിക്കപ്പെടും എന്നു തന്നെ കരുതപ്പെടുന്നു. സ്വീഡന്റെ സീബോര്‍ഗ് ടെക്‌നോളജീസും സാംസങ് ഹെവി ഇന്‍ഡസ്ട്രീസ് കമ്പനിയും ഈ മേഖലയില്‍ സംയുക്തമായി നീങ്ങും. ബില്‍ ഗേറ്റ്സ് അടക്കമുള്ള വ്യവസായ പ്രമുഖരും ആണവോർജ ഉത്പാദന മേഖലയിലേക്ക് കടക്കുന്നു. എല്ലാ രാജ്യങ്ങളിലും വരും വര്‍ഷങ്ങളില്‍ ആണവോർജ പ്ലാന്റുകള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂടിയേക്കും.
ചന്ദ്രനില്‍ ആണവോർജ പ്ലാന്റിന് നാസ
അതേസമയം, ന്യൂക്ലിയര്‍ ഫിഷന്‍ ടെക്‌നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആണവോർജ നിര്‍മാണ പ്ലാന്റുകള്‍ ചന്ദ്രനില്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നാസ മൂന്നു കമ്പനികളില്‍നിന്ന് ഡിസൈന്‍ സ്വീകരിച്ചു. ലോക്ഹീഡ് മാര്‍ട്ടിന്‍, വെസ്റ്റിങ്ഹൗസ്, IX എന്നീ കമ്പനികളാണ് മാതൃകകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
സമ്പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള ആദ്യ റോബട്ടിനെ പുറത്തിറക്കി ആമസോണ്‍
സമ്പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള ആദ്യ മൊബൈല്‍ (fully autonomous mobile) റോബട്ടിനെ പുറത്തിറക്കിയിരിക്കുകയാണ് ആമസോണ്‍ എന്ന് റോയിട്ടേഴ്‌സ്. പ്രൊട്ടിയൂസ് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. വസ്തുക്കള്‍ക്കും ആളുകള്‍ക്കും ഇടയിലൂടെ സ്വതന്ത്രമായി നീങ്ങാനുള്ള കഴിവ് ഇതിനുണ്ടെന്നു പറയുന്നു.
വികാരങ്ങള്‍ തിരിച്ചറിയുന്ന എഐ തിരിച്ചുവിളിച്ച് മൈക്രോസോഫ്റ്റ്
ഒരാളുടെ മുഖത്തെ വികാരം, പ്രായം, ലിംഗം, തലമുടി തുടങ്ങിയ കാര്യങ്ങള്‍ തിരിച്ചറിയാന്‍ കെല്‍പ്പുള്ള തങ്ങളുടെ അല്‍ഗോരിതത്തിന്റെ പ്രവര്‍ത്തനം നിർത്തിവയ്ക്കുന്നതായി മൈക്രോസോഫ്റ്റ് അറിയിക്കുന്നു. ഈ സോഫ്റ്റ്‌വെയര്‍ ധാരാളം ഡേറ്റ ശേഖരിക്കുന്നു എന്ന വിമര്‍ശനത്തെ തുടര്‍ന്നാണിത്. പുതിയ ഉപയോക്താക്കള്‍ക്ക് ഇത് ഇനി ലഭിക്കില്ല. അതേസമയം നിലവിലുള്ള ഉപയോക്താക്കള്‍ക്ക് അത് 2023, ജൂണ്‍ 30 വരെ നല്‍കും. മൈക്രോസോഫ്റ്റിനു പുറമെ ഐബിഎം കമ്പനിയും തങ്ങളുടെ ഇത്തരത്തിലുള്ള എഐ സാങ്കേതികവിദ്യ വികസിപ്പിക്കല്‍ തത്കാലത്തേക്ക് നിറുത്തി.
ഗൂഗിളിന്റെ ടെന്‍സര്‍ 2 ചിപ്പില്‍ വന്‍ മാറ്റങ്ങള്‍ കണ്ടേക്കില്ലെന്ന്
അടുത്തതായി ഇറങ്ങാന്‍ പോകുന്ന പിക്‌സല്‍ 7 ഫോണുകള്‍ക്ക് ശക്തി പകരുന്നത് ഗൂഗിളിന്റെ സ്വന്തം പ്രൊസസറായ ടെന്‍സറിന്റെ രണ്ടാം തലമുറയാണ്. പിക്‌സല്‍ ഫോണുകളുടെ ആരാധകര്‍ക്ക് പുതിയ ഫോണില്‍ എത്തുന്ന ഫീച്ചറുകളെക്കുറിച്ച് ആകാംക്ഷയുണ്ട്. എന്നാല്‍, ടെന്‍സര്‍ 2 പ്രൊസസറില്‍ ആദ്യ ചിപ്പിലുള്ളതിനേക്കാള്‍ വളരെയധികം മികവുകള്‍ ഇല്ലെന്നാണ് സൂചന. കോര്‍ട്ടക്‌സ്-എക്‌സ്1 പ്രൈം കോര്‍ ചിപ്പായിരിക്കാം ടെന്‍സര്‍ 2 ചിപ്പില്‍ ഉപയോഗിച്ചിരിക്കുന്നതെന്നു പറയുന്നു. കോര്‍ട്ടക്‌സ്-എക്‌സ്2 വരുമെന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. എന്തായാലും മുഴുവന്‍ വിവരങ്ങള്‍ അറിയാന്‍ അല്‍പ്പം കൂടി കാത്തിരിക്കണം.
വാവേയ്ക്ക് സ്വീഡനിലും തിരിച്ചടി
ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ സ്വീകാര്യത കുറഞ്ഞ ചൈനീസ് കമ്പനിയായ വാവെയ്ക്ക് വീണ്ടും തിരിച്ചടി. കമ്പനിയില്‍ നിന്ന് 5ജി സാങ്കേതികവിദ്യയ്ക്കുള്ള ഉപകരണങ്ങള്‍ വാങ്ങേണ്ടന്ന് സ്വീഡിഷ് കോടതിയും വിധിച്ചതാണ് കമ്പനിക്ക് തിരിച്ചടി ആയിരിക്കുന്നത്.