ADVERTISEMENT

ടെർമിനേറ്റർ സിനിമ ഓർമയുണ്ടോ? അർനോൾഡ് ഷ്വാർസിനിഗർ തകർത്താടിയ ജയിംസ് കാമറൺ ചിത്രം ആശയം കൊണ്ടും നിർമാണം കൊണ്ടും ലോകജനതയെ വിസ്മയിപ്പിക്കുന്നതായിരുന്നു. പുറത്തേക്ക് മനുഷ്യരൂപവും ഉള്ളിൽ റോബട്ട് ശരീരവുമുള്ള സൈബോർഗായി ഷ്വാർസിനിഗർ അനേകം ആരാധകരുടെ മനം കവർന്നു. അതിലെ പ്രശസ്തമായ ഒരു സീനാണ് തന്റെ കൈയ്യെ ആവരണം ചെയ്തു നിൽക്കുന്ന ചർമം ഷ്വാർസിനിഗർ കത്തികൊണ്ട് മുറിച്ച ശേഷം നീക്കം ചെയ്യുന്നത്.

ഏകദേശം ഇതിനെ അനുസ്മരിപ്പിക്കുന്ന ഒരു കൃത്രിമചർമം റോബട്ടിക് വിരലുകൾക്കു ചുറ്റും സൃഷ്ടിച്ചിരിക്കുകയാണ് ടോക്കിയോ സർവകലാശാലയിലെ ശാസ്ത്രജ്ഞർ. ഭാവിയിൽ മനുഷ്യരെ അനുസ്മരിപ്പിക്കുന്ന രൂപമുള്ള റോബട്ടുകളുടെ നിർമാണത്തിനു സഹായകമാകുന്ന ഒരു സാങ്കേതികവിദ്യയായാണ് ഈ കണ്ടെത്തൽ പരിഗണിക്കപ്പെടുന്നത്.

ടോക്കിയോ സർവകലാശാലയിലെ ബയോഹൈബ്രിഡ് എൻജിനീയറായ ഷോജി ടകൂചിയും സഹപ്രവർത്തകരുമാണ് കണ്ടെത്തലിനു പിന്നിൽ. മാറ്റർ എന്ന ശാസ്ത്രജേണലിൽ ഈ കണ്ടെത്തലിന്റെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു. റോബട്ടിക് വിരലിനെ കൊളാജൻ, ഡെർമൽ ഫിബ്രോബ്ലാസ്റ്റ് എന്നിവയുടെ മിശ്രിതത്തിൽ മുക്കിയാണ് ഗവേഷണം നടത്തിയത്. ഇതുവഴി വിരലിനെ പൊതിഞ്ഞ് ഒരു ആവരണം ഉടലെടുത്തു. തുടർന്ന് കെരാറ്റിനോസൈറ്റ് കോശങ്ങൾ അടങ്ങിയ ദ്രാവകം യന്ത്രവിരലിലേക്ക് ഒഴിച്ചു. ഇതോടെ മനുഷ്യരുടെ സാധാരണ ചർമം പോലെ മില്ലിമീറ്റർ തലത്തിൽ കട്ടിയുള്ള ചർമം വിരലിനു ചുറ്റും വളർന്നു.

വിരലിനെ വളച്ചും തിരിച്ചുമൊക്കെ ശാസ്ത്രജ്ഞർ പരീക്ഷണം തുടർന്നു. ഇതിനനുസരിച്ച് തൊലിയും വലിഞ്ഞെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഈ തൊലിയിൽ ഒരു മുറിവുണ്ടാക്കി ബാൻഡേജൊട്ടിച്ച് കുറേനേരം വച്ചപ്പോൾ അതു കൂടിച്ചേരുകയും സാധാരണ മുറിവുകൾ സുഖപ്പെടുന്നതു പോലെ ഇതു സുഖപ്പെടുകയും ചെയ്തു. ജൈവവസ്തുക്കൾക്ക് പരിതസ്ഥിതിയെ അറിയാനും അതിനനുസരിച്ച് മാറാനുള്ള കഴിവുള്ളതിനാൽ റോബട്ടിക്സിലും മറ്റും ഇവ വലിയതോതിൽ ഉപയോഗപ്രദമായിരിക്കുമെന്ന് ഗവേഷണത്തിൽ ഭാഗഭാക്കായ എംഐടി എൻജിനീയർ റിതു രാമൻ പറഞ്ഞു.

English Summary: Robot Finger With Living Skin Points To A New Future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com