ADVERTISEMENT

ഓരോ ഇന്‍കാന്‍ഡസന്റ് (ചൂടുകൊണ്ടു പഴുത്തു കത്തുന്ന) ബള്‍ബും അദ്ദേഹത്തെ ഓര്‍മപ്പെടുത്തുന്നു. ഓരോ പവര്‍ഹൗസും (വൈദ്യുതി ഉത്പാദനകേന്ദ്രം) അദ്ദേഹത്തിന്റെ സ്മാരകമാണ്. എവിടെയെല്ലാം ഒരു സ്വനഗ്രാഹി യന്ത്രമോ റേഡിയോയും ഉണ്ടോ, ശബ്ദമുളളതോ ഇല്ലാത്തതോ ആയ സിനിമ കളിക്കുന്നുവോ അവിടെയെല്ലാം എഡിസൻ ജീവിച്ചിരിക്കുന്നു എന്നാണ് തോമസ് എഡിസന്റെ (Thomas Edison) മരണശേഷം ദ് ന്യൂയോര്‍ക് ടൈംസ് എഴുതിയത്. എന്നാല്‍, പലര്‍ക്കും എഡിസൻ എന്ന പേര് ലൈറ്റ് ബള്‍ബുമായി മാത്രം ബന്ധപ്പെട്ടതാണ്. പക്ഷേ, ബള്‍ബ് കണ്ടുപിടിച്ചത് എഡിസനാണോ? എഡിസനെ ബള്‍ബിന്റെ നിര്‍മാണവുമായി മാത്രം ബന്ധിപ്പിച്ചാല്‍ മതിയോ? വിവിധ തരം പരീക്ഷണങ്ങള്‍ നടത്താന്‍ കൗമാരം മുതല്‍ തൽപരനായിരുന്നു എഡിസൻ; ശാസ്ത്ര, സാങ്കേതിക ലോകത്ത് സംഭവബഹുലമായ ജീവിതം നയിച്ച വ്യക്തി.

∙ മെന്‍ലോ പാര്‍ക്കിലെ മാന്ത്രികന് സ്വന്തമായി 1,093 പേറ്റന്റുകള്‍

സാങ്കേതികവിദ്യയുടെ വിവിധ മേഖലകളില്‍ കൈവച്ച അദ്ദേഹം അറിയപ്പെടുന്നത് മെന്‍ലോ പാര്‍ക്കിലെ മാന്ത്രികന്‍ എന്നാണ്. ചലന ചിത്രങ്ങള്‍, ഫ്‌ളൂറോസ്‌കോപി, ബാറ്ററി അങ്ങനെ സാങ്കേതികവിദ്യാപരമായ കണ്ടെത്തലുകളില്‍ അദ്ദേഹത്തിന്റെ സ്പര്‍ശമേല്‍ക്കാത്ത മേഖലകള്‍ ഇല്ലെന്നു തന്നെ പറയാം. എന്തിനേറെ തിരയണം, തന്റെ ജീവിതകാലത്ത് അമേരിക്കയില്‍ മാത്രം അദ്ദേഹത്തിന് 1,093 പേറ്റന്റുകള്‍ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. എങ്കിലും പുതിയ കണ്ടെത്തലുകള്‍ നടത്താന്‍ അദ്ദേഹം നടത്തുന്ന പല നീക്കങ്ങളും വിമര്‍ശിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റേത് അശ്രദ്ധമായ നീക്കങ്ങളാണ് എന്നാണ് ശാസ്ത്രലോകം പറഞ്ഞിരുന്നത്. അതൊക്കെ എന്തായാലും അദ്ദേഹത്തിന് പുതിയ കണ്ടെത്തലുകള്‍ക്കു പിന്നാലെ പോകാന്‍ അടങ്ങാത്ത ഊര്‍ജമുണ്ടായിരുന്നു. ഒരുതരം പരീക്ഷണമേ നടത്തൂ എന്നു നിര്‍ബന്ധമില്ലായിരുന്നു. എന്തു പരീക്ഷണവും നടത്താന്‍ തയാറായിരുന്ന അദ്ദേഹത്തെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തികളിൽ ഒരാളായാണ് കാണുന്നതെന്ന് നാഷനല്‍ ജ്യോഗ്രഫിക് പറയുന്നു. ആദ്യം ലൈറ്റ് ബള്‍ബിന്റെ കഥ തന്നെ നോക്കാം:

∙ ലൈറ്റ് ബള്‍ബിന്റെ കഥ

മനുഷ്യരുടെ കണ്ടുപിടുത്തങ്ങളിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നാണ് ലൈറ്റ് ബള്‍ബ്. ‘രാത്രി പകലാക്കാന്‍’ സാധ്യമായിത്തുടങ്ങിയത് ഫിലമെന്റ് ബള്‍ബിന്റെ വരവോടെയാണ്. ഇത് കണ്ടുപടിച്ചത് തോമസ് എഡിസനാണ് എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ അല്ല. അതിന്റെ നിര്‍മാണ പുരോഗതിയില്‍ പങ്കാളികളായ പ്രമുഖരില്‍ ഒരാള്‍ മാത്രമാണ് അദ്ദേഹം. ഇലക്ട്രിക് ലൈറ്റ് ബള്‍ബുകള്‍ 19-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ ആദിമ രൂപങ്ങള്‍ക്ക് ഒരു പ്രശ്‌നമുണ്ടായിരുന്നു.അവയ്ക്കുള്ളില്‍ പ്രകാശിച്ചുനില്‍ക്കുന്ന ഫിലമെന്റുകള്‍ ക്ഷണത്തില്‍ ഫ്യൂസ് ആകും. എന്നാല്‍, എഡിസൻ 1879ല്‍ അവതരിപ്പിച്ച ബള്‍ബ് ഒരു റെക്കോർഡ് ഇടുകയായിരുന്നു. അതിന് 14.5 മണിക്കൂര്‍ കത്തി നില്‍ക്കാന്‍ സാധിച്ചു!

 

വീമ്പുപറയല്‍

 

‘‘അവസാനം എനിക്കൊരു പൂര്‍ണത കൈവരിച്ച ബള്‍ബ് ഉണ്ടാക്കാനായി’’ എന്നാണ് അദ്ദേഹം ഒരു ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടറോട് ആ വര്‍ഷം പറഞ്ഞത്. ഈ ബള്‍ബിനെക്കുറിച്ചു പറഞ്ഞു കേട്ടതോടെ ആളുകള്‍ അതു പ്രദര്‍ശിപ്പിച്ചിരുന്ന മെന്‍ലോ പാര്‍ക്കിലേക്ക് ഒഴുകി. പുതിയ ബള്‍ബിന്റെ പ്രദര്‍ശനം നടത്തിയത് 1879 ഡിസംബര്‍ 31ന് ആയിരുന്നു. ശാസ്ത്ര മേഖലയിലുള്ളവരും അല്ലാത്തവരും ഉൾപ്പെടെ പറഞ്ഞത്, ഭാവിയുടെ ലൈറ്റ് എഡിസൻ കണ്ടെത്തി എന്നായിരുന്നു. എന്നാല്‍, പിന്നീട് ലൂയിസ് ലാറ്റിമര്‍ എന്നു പേരായ ഒരു കറുത്ത വംശജന്‍ എഡിസന്റെ ബള്‍ബിന് പല മാറ്റങ്ങളും വരുത്തി. അതിന്റെ ഫിലമെന്റുകള്‍ കൂടുതല്‍ നാള്‍ ഉപയോഗിക്കാവുന്ന രീതിയിലാക്കി. കൂടാതെ, അത് ഉണ്ടാക്കിയെടുക്കല്‍ എളുപ്പവുമാക്കി. തുടര്‍ന്ന് എഡിസൻ ഒരു ഇലക്ട്രിക് യൂട്ടിലിറ്റി സ്ഥാപിക്കുകയും ഇലക്ട്രിക് ലൈറ്റ് കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന രീതിയിലാക്കുകയും ചെയ്തു. ഇതോടെ എഡിസൻ ആഗോള പ്രശസ്തി നേടി.

 

∙ എസി-ഡിസി കറന്റ് യുദ്ധം

 

ഇലക്ട്രിക്കല്‍ കറന്റിന്റെ കാര്യത്തില്‍ കഴുത്തറപ്പന്‍ മത്സരമായിരുന്നു അക്കാലത്ത് നടന്നിരുന്നത്. എഡിസന്റെ ഇലക്ട്രിക് സിസ്റ്റങ്ങള്‍, ഡിസി (ഡയറക്ട് കറന്റ്) വൈദ്യുതിയാണ് പ്രയോജനപ്പെടുത്തിയിരുന്നത്. കുറെയധികം കെട്ടിടങ്ങള്‍ അടുത്തടുത്തിരുന്നാല്‍ അവിടെയെല്ലാം വൈദ്യുതി എത്തിക്കുന്നത് ഡിസി കറന്റിന് എളുപ്പമായിരുന്നു. എന്നാല്‍, കറന്റ് യുദ്ധത്തില്‍ എഡിസന്റെ എതിരാളികള്‍ ഒട്ടും മോശക്കാരായിരുന്നില്ല. സെര്‍ബിയന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ നിക്കൊളാ ടെസ്‌ല, ബിസിനസുകാരനായ ജോർ‍ജ് വെസ്റ്റിങ്ഹൗസ് തുടങ്ങിയവരായിരുന്നു. ഇവര്‍ ഓള്‍ട്ടര്‍നേറ്റിങ് കറന്റ് (എസി) ആണ് മുന്നോട്ടു കൊണ്ടുവരാന്‍ ശ്രമിച്ചത്. ഇത് ഉത്പാദിപ്പിക്കാന്‍ ചെലവു കുറവാണ് എന്നതു കൂടാതെ കൂടുതല്‍ ദൂരത്തേക്ക് എത്തിച്ചു നല്‍കാന്‍ എളുപ്പവുമായിരുന്നു.

1200-bulb

 

∙ ഇലക്ട്രിക് കസേര എന്ന തമാശ

 

ടെസ്‌ലയ്ക്കും വെസ്റ്റിങ്ഹൗസിനുമെതിരെ അങ്കത്തിനായി മാധ്യമങ്ങളെ ഉപയോഗിക്കുകയായിരുന്നു എഡിസൻ. വൈദ്യുതി മൂലമുണ്ടാകുന്ന മരണങ്ങള്‍ക്കെല്ലാം കാരണം എസി കറന്റാണ് എന്നാണ് അദ്ദേഹം വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്. ഇതിനു പുറമെ ഓള്‍ട്ടര്‍നേറ്റിങ് കറന്റിനെതിരെ പത്രപ്പരസ്യങ്ങളും അദ്ദേഹം കൊടുത്തു. അവ എത്ര മാരകമാകാം എന്നാണ് പരസ്യങ്ങള്‍ വഴി പറഞ്ഞത്. എന്തായാലും മത്സരം മുറുകിയപ്പോള്‍ എസി കറന്റ് ഉപയോഗിച്ച് മൃഗങ്ങളെ കൊല്ലുന്നതു കാണിക്കുന്ന പരീക്ഷണങ്ങള്‍ വരെ പരസ്യമായി കാണിക്കാന്‍ അദ്ദേഹം പണം മുടക്കി. തന്റെ ടെക്‌നോളജിയാണ് എന്നാല്‍ ഇതിന്റെയെല്ലാം പാരമ്യം എന്നു പറയുന്നത് ഇലക്ട്രിക് കസേര ഉണ്ടാക്കലായിരുന്നു. എഡിസനാണ് ഇതിനു രഹസ്യമായി പണം നല്‍കിയത്. ഇത് എസി കറന്റില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും അദ്ദേഹത്തിനു സാധിച്ചു! പക്ഷേ, ഈ അങ്കത്തില്‍ അദ്ദേഹം അമ്പേ പരാജയപ്പെട്ടു. പ്രായോഗികത വിജയിച്ചു. ഡിസി വൈദ്യുതി ഉണ്ടാക്കാന്‍ വേണ്ട അധിക ചെലവ്, താന്‍ നേരത്തേ ഉണ്ടാക്കിവച്ച ഇലക്ട്രിക് യൂട്ടിലിറ്റിയില്‍ എഡിസന്റെ സ്വാധീനം കുറഞ്ഞത് തുടങ്ങിയവയൊക്കെ പരാജയത്തിലേക്ക് നയിച്ചു.

തോമസ് ആൽവ എഡിസൻ : ചിത്രത്തിന് കടപ്പാട്  വിക്കിപീഡിയ
തോമസ് ആൽവ എഡിസൻ : ചിത്രത്തിന് കടപ്പാട് വിക്കിപീഡിയ

 

∙ അടക്കാനാകാത്ത ജിജ്ഞാസയുള്ള ചെറുപ്പക്കാരന്‍

 

ഒഹായോയില്‍ 1847ല്‍ ജനിച്ച എഡിസൻ തന്റെ കുട്ടിക്കാലം മിഷിഗനിലെ പോര്‍ട്ട് ഹ്യുറോണിലാണ് ചെലവിട്ടത്. ഔദ്യോഗികമായി അധികം വിദ്യാഭ്യാസം നേടിയില്ല. മുന്‍ സ്‌കൂള്‍ അധ്യാപിക ആയിരുന്ന എഡിസന്റെ അമ്മ ഏഴാമത്തെ വയസ്സു മുതല്‍ മകന് ക്ലാസുകള്‍ എടുത്തു. എഡിസനാകട്ടെ ധാരാളം വായിക്കുകയും ചെയ്തു. എന്നാല്‍, കുട്ടിക്കാലത്തു തന്നെ എഡിസൻ തന്റെ മാതാപിതാക്കളുടെ വീടിന്റെ നിലവറയിൽ നടത്തിവന്ന സാഹസിക രാസ പരീക്ഷണങ്ങള്‍ വലിയ സ്‌ഫോടനങ്ങളുടെയും വലിയ അത്യാഹിതങ്ങളുടെയും വക്കില്‍ എത്തിച്ചിരുന്നു എന്നാണ് ജീവചരിത്രകാരന്‍ പറയുന്നത്.

 

∙ പത്രക്കച്ചവടത്തില്‍നിന്ന് പത്രം അച്ചടിക്കലിലേക്ക്, അതും തീവണ്ടിയില്‍!

 

ബിസിനസു ചെയ്യാനുള്ള എഡിസന്റെ താത്പര്യം 12-ാം വയസ്സില്‍ പോലും കാണാമായിരുന്നു. തീവണ്ടിയിലെ യാത്രക്കാര്‍ക്ക് പത്രങ്ങളും ലഘുഭക്ഷണവും മറ്റു സാധനങ്ങളും വില്‍ക്കുന്നവരില്‍ ഒരാളായി കുട്ടി എഡിസൻ ജോലി തുടങ്ങി. എന്നാല്‍, പത്രം വില്‍പനയൊന്നും പോരെന്നു തോന്നിയ അദ്ദേഹം സ്വന്തമായി പത്രം പ്രിന്റു ചെയ്യാന്‍ തീരുമാനിച്ചു! ആദ്യമായി ഓടുന്ന തീവണ്ടിയില്‍ പത്രമടിച്ചു പ്രസിദ്ധീകരിക്കുന്നത് എഡിസനാണ്! ഗ്രാന്‍ഡ് ട്രങ്ക് ഹെറള്‍ഡ് എന്നായിരുന്നു അതിന്റെ പേര്. കെമിസ്ട്രി പരീക്ഷണങ്ങളും അദ്ദേഹം തീവണ്ടിയില്‍ തുടര്‍ന്നു. ചെറിയൊരു ലാബ് തന്നെ അദ്ദേഹം തുടങ്ങിയെന്നാണ് പറയുന്നത്. അങ്ങനെ പരീക്ഷണം നടത്തി തീവണ്ടിയുടെ ബോഗിയില്‍ തീ പിടിപ്പിച്ചാല്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടില്ലെങ്കിലല്ലെ അദ്ഭുതമുള്ളു!

 

∙ പേറ്റന്റുകളുടെ എണ്ണത്തോളം തവണ പിരിച്ചുവിടപ്പെട്ടോ?

 

ലഭിക്കുന്ന ജോലികളില്‍നിന്ന് നിരന്തരം പിരിച്ചുവിടപ്പെടാനുള്ള സവിശേഷമായ കഴിവും കുട്ടിക്കാലത്തു 15 വയസ്സിനുള്ളില്‍ തന്നെ അദ്ദേഹം ആര്‍ജിച്ചിരുന്നു. നേടിയ പേറ്റന്റുകളുടെ എണ്ണത്തോളം തവണ അദ്ദേഹത്തെ ജോലികളില്‍നിന്നു പിരിച്ചുവിട്ടിട്ടുണ്ടോ എന്നു പോലും തമാശയായി പറയാറുണ്ട്. ജോലിക്കൊപ്പം പരീക്ഷണങ്ങളും നടത്തുന്നു എന്നതായിരുന്നു അദ്ദേഹത്തിനു ജോലി നല്‍കിയിരുന്നവരെ ചൊടിപ്പിച്ചത്. ഒരു ടെലഗ്രാഫര്‍ ആയി കൂടി ജോലിയെടുത്ത ശേഷം അദ്ദേഹം ന്യൂയോര്‍ക്കിലേക്കു പോയി സ്വന്തം വര്‍ക്‌ഷോപ് തുടങ്ങി. ടെലഗ്രാഫിനോട് അടുത്തിടപഴകാന്‍ പറ്റിയത് അദ്ദേഹത്തിന്റെ പല കണ്ടുപിടുത്തങ്ങള്‍ക്കും ഗുണംചെയ്തു എന്നും കാണാം. അദ്ദേഹം നേടിയ ആദ്യ പേറ്റന്റുകളില്‍ പലതും ഈ മേഖലയുമായി ബന്ധപ്പെട്ടാണ്. തനിക്ക് 27 വയസ്സുള്ളപ്പോഴാണ് (1874ല്‍) അദ്ദേഹം ക്വാഡ്രിപ്ലെസ് ടെലഗ്രാഫ് കണ്ടുപിടിച്ചത്. ഇതിലൂടെ ടെലഗ്രാഫര്‍മാര്‍ക്ക് നാലു സന്ദേശങ്ങള്‍ ഒരേസമയം അയയ്ക്കാന്‍ സാധിച്ചു. ഈ വ്യവസായത്തിന്റെ കാര്യശേഷി നാലുമടങ്ങു വര്‍ധിപ്പിച്ച കണ്ടെത്തലായിരുന്നു ഇത്. കൂടുതല്‍ ടെലഗ്രാഫ് ലൈനുകള്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം ഇതുവഴി ഇല്ലാതാക്കിയത്.

 

∙ വിവിധ ജോലികളിലേര്‍പ്പെട്ടതും ഗുണകരമായി

 

ജോലി നേടലും പിരിച്ചുവിടലും ഇങ്ങനെ തുടരെ നടന്നതും അദ്ദേഹത്തിനു ഗുണം ചെയ്തു എന്നും പറയുന്നു. ഭാവിയില്‍ വിവിധ കണ്ടുപിടുത്തങ്ങള്‍ നടത്താനിരിക്കുന്ന ആള്‍ക്ക് വിവിധ മേഖലകളെക്കുറിച്ചുള്ള അറിവുകള്‍ ലഭിക്കാന്‍ ഇത് വഴിവച്ചു. എഡിസനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പലര്‍ക്കും ഓര്‍മവരുന്നത് അദ്ദേഹത്തിന്റെ ഒരു ഉദ്ധരണിയാണ് - ‘ജീനിയസ് എന്നു പറഞ്ഞാല്‍ 1 ശതമാനം പ്രചോദനവും 99 ശതമാനം വിയര്‍പ്പൊഴുക്കലുമാണ്.’ എന്തായാലും അദ്ദേഹം ലോകത്തെ മാറ്റിമറിച്ച പല ഉപകരണങ്ങളുടെയും നിര്‍മാണം സാധ്യമാക്കിയത് കഠിനാധ്വാനത്തിന്റെയും വൈവിധ്യമാര്‍ന്ന അനുഭവങ്ങളുടെയും കൂടി പശ്ചാത്തലത്തിലായിരിക്കാം. പല കണ്ടുപിടുത്തങ്ങളെയും കൂടുതല്‍ പ്രയോജനപ്രദമാക്കാനും അദ്ദേഹത്തിനു സാധിച്ചു; ലൈറ്റ്ബള്‍ബ് അടക്കം. എക്കാലത്തെയും ഏറ്റവും വലിയ കണ്ടുപിടുത്തക്കാരില്‍ ഒരാളായി അദ്ദേഹം കൊണ്ടാടപ്പെടുന്നത് വെറുതെയല്ല.

 

English Summary: Thomas Edison didn’t invent the light bulb—but here’s what he did do

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com