അജ്ഞാത ഇരട്ടക്കുട്ടികൾ: ബഹിരാകാശത്തോളം എയറിലായി ഇലോൺ മസ്ക്
Mail This Article
വെറുമൊരു ശതകോടീശ്വരനല്ല ഇലോൺ മസ്ക്. ശതകോടീശ്വരൻമാരിലെ ടോപ് സെലിബ്രിറ്റി. ലോകമെമ്പാടും അനേകം ആരാധകരും ഫോളോവേഴ്സുമുള്ള ക്രൗഡ്പുള്ളർ. ലോകം ഇലോൺ മസ്കിനെ ആരാധനയോടെയും അദ്ഭുതത്തോടെയും നോക്കി നിന്നു. അയൺമാൻ, മാർവൽചിത്രങ്ങളിലെ ശതകോടീശ്വരനും സാങ്കേതിക വിദഗ്ധനുമായ കഥാപാത്രമായ ടോണി സ്റ്റാർക്കിനോട് മസ്ക് ഉപമിക്കപ്പെട്ടു. അതിനാൽ തന്നെ മസ്കിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും വൈറൽ ആകുന്നത് സ്വാഭാവികം.
ബഹിരാകാശത്തേക്ക് ഫാൽക്കൺ റോക്കറ്റിനുള്ളിൽ ടെസ്‌ല റോഡ്സ്റ്ററിനെ വിട്ടും ചൊവ്വയിൽ കോളനി ഉറപ്പിക്കാൻ റോക്കറ്റ് നിർമിച്ചുമൊക്കെ വാർത്തകളിൽ നിറഞ്ഞുനിന്ന മസ്ക് അടുത്തകാലത്തായി എപ്പോഴും എയറിലാണ്. പലപ്പോഴും വിവാദങ്ങളിൽ പെടുകയാണ് അദ്ദേഹം.
ഇപ്പോഴിതാ ഞെട്ടിക്കുന്ന ഒരു വാർത്ത പുറത്തറിഞ്ഞിരിക്കുകയാണ്. ന്യൂറലിങ്കിന്റെ പ്രോജക്ട് ഡയറക്ടർ ഷിവോൺ സിലിസിൽ മസ്കിന് ഇരട്ടക്കുട്ടികളുണ്ടായെന്നാണു പുതിയ വാർത്ത. മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ന്യൂറലിങ്ക്. ഷിവോൺ സിലിസ്, തന്റെ ഇരട്ടക്കുട്ടികളുടെ പേരിനൊപ്പം ഇലോൺ മസ്കിന്റെ പേരു കൂടി ചേർക്കാൻ ടെക്സസ് കോടതിയിൽ അപേക്ഷ നൽകി. ഇതിനു കോടതി അനുമതി നൽകിയതോടെയാണ് മസ്ക് ഇരട്ടക്കുട്ടികളുടെ അച്ഛനായ വിവരം ലോകമറിയുന്നത്.
ഇതിനു മുൻപ് ആംബർ ഹെഡ്– ജോണി ഡെപ്പ് കേസിലും ഇലോൺ മസ്കിന്റെ പേര് ഉയർന്നിരുന്നു.ഇലോൺ മസ്കിനൊപ്പം തന്നെ ആംബർ ഹെഡ് വഞ്ചിച്ചെന്ന് ഡെപ്പ് അഭിപ്രായപ്പെട്ടതും വലിയ വിവാദത്തിനിടയാക്കിയിരുന്നു. 18 വയസ്സുകാരിയായ മസ്കിന്റെ മകൾ പേരു മാറ്റിക്കൊണ്ട് പിതാവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ കോടതിയിൽ അപേക്ഷ നൽകിയത് കഴിഞ്ഞ മാസമാണ്. ഡോഗ്കോയിൻ, ബിറ്റ്കോയിൻ, യുഎസ് രാഷ്ട്രീയത്തിൽ മലക്കം മറിഞ്ഞ് പക്ഷം പിടിക്കുന്ന പ്രവണത, തോക്ക് വാങ്ങാനുള്ള അവകാശങ്ങൾക്കുള്ള പിന്തുണ തുടങ്ങിയവ മൂലം ഒട്ടേറെ വിവാദങ്ങളിൽ ഇതിനിടെ മസ്ക് ചെന്നുപെട്ടു.
∙ ആരാണ് ഷിവോൺ സിലിസ്?
കാനഡയിലെ ഒന്റാരിയോയിൽ ജനിച്ച് യുഎസിലെ പ്രശസ്തമായ യേൽ സർവകലാശാലയിൽ നിന്നു ബിരുദം നേടിയിട്ടുള്ള ഷിവോൺ സിലിസ് ടെസ്‌ലയുടെ പ്രോജക്ട് ഡയറക്ടറായിരുന്നു. ചെറുപ്പത്തിൽ ഒന്റാരിയോയിൽ ഐസ് ഹോക്കി ടീമിൽ അംഗമായിരുന്നു ഷിവോൺ. സാൻ ഫ്രാൻസിസ്കോയിൽ വച്ചാണ് മസ്ക്കും ഷിവോണും തമ്മിൽ പരിചയപ്പെടുന്നത്.
പിന്നീട് മസ്കിന്റെ വിവിധ സ്ഥാപനങ്ങളിൽ വിവിധ ഉയർന്ന തസ്തികകളിലേക്ക് അവർ നിയമിതയായി. ട്വിറ്ററിനെ ഏറ്റെടുക്കാൻ മസ്ക് ശ്രമിച്ച വേളയിൽ, ആ ഏറ്റെടുക്കൽ നടന്നാൽ 36 വയസ്സുകാരിയായ ഷിവോൺ ട്വിറ്ററിന്റെ തലപ്പത്തേക്ക് എത്തുമെന്ന് കരുതപ്പെട്ടിരുന്നു.
ഇരട്ടക്കുട്ടികളുടെ ജനനം സ്ഥിരീകരിച്ചതോടെ നിലവിൽ 9 കുട്ടികളുടെ പിതാവാണ് ഇലോൺ മസ്ക്. ആദ്യഭാര്യയായ ജസ്റ്റിൻ വിൽസണിൽ പിറന്നതാണ് 5 കുട്ടികൾ. പിന്നീട് തലൂല റൈലി എന്ന എഴുത്തുകാരിയെ വിവാഹം ചെയ്തെങ്കിലും കുട്ടികളുണ്ടായില്ല. അടുത്തിടെ വേർപിരിഞ്ഞ പങ്കാളിയും പാട്ടുകാരിയുമായ ഗ്രൈംസിലാണ് 2 കുട്ടികൾ മസ്കിനു പിറന്നത്.
English Summary: Elon Musk secretly had twins with Neuralink top executive Shivon Zilis in November 2021