പഴയ കംപ്യൂട്ടറിനെയും ഫോണിനെയും മിന്നല്‍ വേഗത്തിലാക്കും സോഫ്റ്റ്വെയർ; പിന്നിൽ മലയാളി വിദ്യാർഥികൾ
Mail This Article
പ്രൊഫഷണലായി കംപ്യൂട്ടര്‍ ഗെയിം കളിക്കുന്നവരുടേയും ഗെയിം ഡെവലപ്പേഴ്സിന്റേയും തുടങ്ങി കംപ്യൂട്ടറും സ്മാര്‍ട് ഫോണും ഉപയോഗിക്കുന്നവരുടെയെല്ലാം പ്രധാന പ്രശ്നങ്ങളിലൊന്ന് വേഗത്തില്‍ ഹാര്ഡ്വെയര് കാലഹരണപ്പെട്ടു പോകുന്നുവെന്നതാണ്. മാസങ്ങള്‍ക്കകം തന്നെ ഹാര്ഡ്വെയറില് വലിയ മാറ്റങ്ങള്‍ വിപണിയിലുണ്ടാവും. ഈ ഹാര്ഡ്വെയര് പ്രശ്നത്തിന് സോഫ്റ്റ്വെയര് പരിഹാരവുമായി എത്തിയിരിക്കുകയാണ് വിദ്യാര്‍ഥികളും സഹോദരങ്ങളുമായ വിഷ്ണുവും വാസുദേവും. ഇവരുടെ സംരംഭമായ virga.tech വഴി നിങ്ങളുടെ കംപ്യൂട്ടറുകളുടേയും സ്മാര്‍ട് ഫോണുകളുടേയുമെല്ലാം വേഗം പല മടങ്ങ് വര്‍ധിപ്പിക്കാനും സ്പേസ് കൂട്ടാനും സാധിക്കും.
അതിവേഗ കംപ്യൂട്ടറുകള്‍ ആവശ്യമായ ത്രീഡി റെണ്ടറിങ്, ഗെയിം ഡെവലപ്മെന്റ്, അനിമേഷന്‍, ഗെയിമിങ് തുടങ്ങിയവക്കെല്ലാം വിര്‍ഗ ഉപകാരപ്പെടും. സ്മാര്‍ട് ഫോണോ ടാബ്ലറ്റോ ലാപ്ടോപ്പോ ഉപയോഗിച്ച് വിര്‍ഗയുടെ വെബ് സൈറ്റിലേക്കെത്താം. നിങ്ങള്‍ക്ക് ആവശ്യമായ സ്പേസും വേഗവും നല്‍കുന്നതിനൊപ്പം നിങ്ങളുടെ ഉപകരണങ്ങളുടെ കുറഞ്ഞ ബാറ്ററി ഉപയോഗവും വിര്‍ഗ വഴി ഉറപ്പിക്കാം.
വേഗമുള്ള ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില് പത്തുവര്‍ഷം പഴക്കമുള്ള കംപ്യൂട്ടറിന്റെ വേഗംപോലും ഗ്രാഫിക്സ് കാര്‍ഡുള്ള വിന്‍ഡോസ് പിസിക്ക് സമാനമാക്കാനാകുമെന്ന് വിഷ്ണു പറയുന്നു. വിര്‍ഗയുടെ സഹായത്തില്‍ നിങ്ങളുടെ കയ്യിലെ സ്മാര്‍ട് ഫോണിന് പോലും മിന്നല്‍ വേഗം ലഭിക്കും. തടസങ്ങളില്ലാതെ ഗെയിം കളിക്കാനും വിഡിയോ എഡിറ്റു ചെയ്യാനുമൊക്കെ സാദാ സ്മാര്‍ട് ഫോണ്‍ മതിയാകും. സ്റ്റോറേജും റാമും സിപിയുവുമെല്ലാം നമുക്ക് തന്നെ നിയന്ത്രിക്കാനാകും. ഇതൊക്കെ വേണ്ടതുപോലെ കൂട്ടാനും കുറയ്ക്കാനുമാകും.
വെറും മൂന്ന് സ്റ്റെപ്പുകളിലൂടെ നിങ്ങളുടെ സാധാരണ കംപ്യൂട്ടര്‍ ശക്തമായ ഗെയിമിങ്ങ് കംപ്യൂട്ടറാക്കി മാറ്റാം. വിര്‍ഗയില്‍ സൈന്‍ ഇന്‍/ സൈന്‍ അപ്പ് ചെയ്യുകയാണ് അതില്‍ ആദ്യ പടി. ഏത് രീതിയിലുള്ള സേവനമാണ് വേണ്ടതെന്ന് രണ്ടാം ഘട്ടത്തില്‍ പറയാം. എത്ര സമയം നിങ്ങള്‍ക്ക് വിര്‍ഗയുടെ സേവനം വേണമെന്ന് മൂന്നാം ഘട്ടത്തില്‍ അറിയിക്കാം. 3 ജിബിപിഎസ് വേഗം വരെ ആസ്വദിച്ചുകൊണ്ട് ജോലികളും ഗെയിം കളിക്കലും സ്ട്രീമിങ്ങുമെല്ലാം ഇതോടെ സാധിക്കും.
ഇപ്പോള്‍ വിര്‍ഗയുടെ ഫ്രീ ട്രയൽ നടക്കുകയാണ്. ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേര്‍ക്ക് ആണ് ഫ്രീ ട്രയൽ ലഭ്യമാകുന്നത്. വൈകാതെ പൂര്‍ണ സജ്ജമായി പുറത്തിറക്കാനാണ് പദ്ധതി. അപ്പോഴായിരിക്കും എല്ലാവര്ക്കും വിര്‍ഗയുടെ സേവനം ലഭ്യമാവുക.
ലോക്ഡൗണ്‍ സമയത്ത് ബോറടിച്ചിരിക്കുമ്പോള്‍ വീട്ടിലെ കംപ്യൂട്ടറില്‍ ഗെയിം കളിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. സാധാരണ കംപ്യൂട്ടറില്‍ എങ്ങനെ ഇത്തരം ഗെയിമുകളും മറ്റും കളിക്കാനാകുമെന്ന ചിന്തയാണ് വിര്ഗയെന്ന ആശയത്തിലേക്കെത്തിച്ചത്. ഇങ്ങനെയൊരു ആശയത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മുതല്‍ വീട്ടില്‍ നിന്നു നല്ല പിന്തുണയാണ് ലഭിച്ചിട്ടുള്ളതെന്നും വിഷ്ണു പറയുന്നു.
പാലാ സെന്റ് ജോസഫ്സില്‍ ബി.ടെക് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് വിഷ്ണു നായര്‍. കോട്ടയം മരിയന്‍ സീനിയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് വാസുദേവ് നായര്‍.
English Summary: Software can make old computers and phones lightning fast