ബ്രഷും പേസ്റ്റും വേണ്ട, പല്ല് വൃത്തിയാക്കാനും മൈക്രോബോട്ടുകള്‍
Mail This Article
അമ്പരപ്പിക്കുന്ന ജോലികള്‍ ചെയ്യാന്‍ ശേഷിയുള്ളവയാണ് മൈക്രോബോട്ടുകള്‍. ഈ ചെറു റോബോട്ടുകളെ ഉപയോഗിച്ച് നമ്മുടെ പല്ലുകള്‍ വൃത്തിയാക്കുന്ന പണി വരെ എടുപ്പിക്കാമെന്നാണ് പുതിയ കണ്ടെത്തല്‍. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. കിടപ്പു രോഗികള്‍ക്കും ശാരീരിക പരിമിതികള്‍ ഉള്ളവര്‍ക്കുമെല്ലാം ഈ മൈക്രോബോട്ടുകള്‍ അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ.
അയേണ്‍ ഓക്‌സൈഡ് നാനോ പാര്‍ട്ടിക്കിള്‍സ് ഉപയോഗിച്ചാണ് ഈ മൈക്രോബോട്ടുകളെ നിര്‍മിച്ചിരിക്കുന്നത്. കാന്തികശേഷി ഉപയോഗിച്ചാണ് ഇവയുടെ ചലനം നിയന്ത്രിക്കുന്നത്. ടൂത്ത്ബ്രഷിന് സമാനമായ നാരുകളാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്. നീളമുളള ഈ നാരുകളുടെ സഹായത്തില്‍ എളുപ്പത്തില്‍ പല്ലുകള്‍ വൃത്തിയാക്കാനാകുമെന്നാണ് കരുതപ്പെടുന്നത്.
മൈക്രോബോട്ട് ടൂത്ത്ബ്രഷിന്റെ പരീക്ഷണം മനുഷ്യന്റെ പല്ലില്‍ ഗവേഷകര്‍ നടത്തിയിരുന്നു. പല രൂപത്തിലേക്കും മാറുന്ന ഈ മൈക്രോബോട്ടുകള്‍ വഴി പല്ലുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിനെ നീക്കാന്‍ സാധിച്ചു. ആന്റിമൈക്രോബൈല്‍സ് ഉപയോഗിച്ച് അപകടകരമായ ബാക്ടീരിയകളെ കൊല്ലാനുള്ള ശേഷിയും ഈ മൈക്രോബോട്ടുകള്‍ക്കുണ്ട്.
'മൈക്രോബോട്ടുകളിലെ നാനോപാര്‍ട്ടിക്കിള്‍സുകള്‍ക്ക് ആശ്ചര്യകരമാം വിധം രൂപം മാറാനും എളുപ്പം അവയെ നിയന്ത്രിക്കാനും സാധിക്കും. നീളം കൂട്ടാനും ചെറിയ പ്രദേശം വൃത്തിയാക്കാനും ഇത്തരം മൈക്രോബോട്ടുകളെക്കൊണ്ട് സാധിക്കും. അവയുടെ ഈ സവിശേഷതയാണ് പല്ല് വൃത്തിയാക്കാന്‍ ഉപയോഗിക്കാമെന്ന ചിന്തയിലേക്ക് എത്തിച്ചത്. ഒരു റോബോട്ടിക് കൈ വൃത്തിയാക്കുന്നതിന് സമാനമായ രീതിയിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അവയുടെ ചലനങ്ങളെ സ്വയമേവ നിയന്ത്രിക്കാനും സാധിക്കുമെന്ന് മൈക്രോബോട്ടുകള്‍ നിര്‍മിച്ച ഗവേഷകരിലൊരാളായ എഡ്വേഡ് സ്‌റ്റേഗര്‍ പറഞ്ഞു.
പലര്‍ക്കും പല്ലു വൃത്തിയാക്കുക എന്നത് വലിയ ജോലിയാണ്. പ്രത്യേകിച്ച് കിടപ്പു രോഗികളായവര്‍ക്കും ശാരീരിക പരിമിതികള്‍ ഉള്ളവര്‍ക്കുമെല്ലാം. ഇവര്‍ക്ക് ആശ്വാസകരമായിരിക്കും ഈ മൈക്രോബോട്ടുകളെന്നാണ് കണ്ടെത്തലിന്റെ ഭാഗമായ മൈക്കല്‍ കൂ പറഞ്ഞു. സഹസ്രാബ്ദങ്ങളായി നമ്മുടെ പല്ലുകള്‍ ശുചിയാക്കുന്ന ടൂത്ത്ബ്രഷുകളുടെ രൂപത്തില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. മൈക്രോബോട്ടുകളുടെ വരവ് ഇതിലും മാറ്റമുണ്ടാക്കുമെന്നണ് പ്രതീക്ഷ.
English Summary: Shapeshifting Microrobots Can Brush, Floss Teeth With Ease