ADVERTISEMENT

72-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കുനോ ദേശീയ ഉദ്യാനത്തില്‍, ഇന്ത്യയില്‍ എത്തിച്ച ചീറ്റപ്പുലികളുടെ ഫൊട്ടോ എടുക്കുന്ന ദൃശ്യം ദേശീയ മാധ്യമങ്ങളിലടക്കം വന്നിരുന്നു. രാജ്യത്ത് ചീറ്റകള്‍ അന്യംനിന്നു പോയിട്ട് ഏകദേശം 74 വര്‍ഷമായി എന്നാണ് കണക്ക്. അവയെ ഇന്ത്യയില്‍ വീണ്ടും എത്തിക്കുന്നതിന്റെ ഭാഗമായാണ് നമീബിയയില്‍നിന്ന് 8 ചീറ്റപ്പുലികളെ മധ്യപ്രദേശിലെ പ്രത്യേക സങ്കേതത്തിലെത്തിച്ചത്. പുതിയ കാലാവസ്ഥയോട് ഇണങ്ങുന്നതു വരെ അവയെ ഇവിടെയായിരിക്കും സംരക്ഷിക്കുക.

പ്രധാനമന്ത്രി തന്നെയാണ് രണ്ടര മുതല്‍ അഞ്ചു വയസു വരെ പ്രായമുള്ള ചീറ്റപ്പുലികളെ സങ്കേതത്തിലേക്ക് തുറന്നുവിട്ടതും. ഇതോടൊപ്പം പ്രത്യേകം സജ്ജീകരിച്ച വേദിയില്‍നിന്ന് തന്റെ പ്രഫഷനല്‍ ക്യാമറ ഉപയോഗിച്ച് ചീറ്റകളുടെ ചിത്രങ്ങളും പ്രധാനമന്ത്രി പകര്‍ത്തിയെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ വിവാദം

പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോ എടുക്കുന്നതിന്റെ ചിത്രങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു. അത്തരത്തിലൊരു ചിത്രത്തിന് ആരോ മാറ്റം വരുത്തി ഇറക്കിയത് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ട്വിറ്റര്‍ വഴി പങ്കുവച്ചു. ഈ വ്യാജ ചിത്രം കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്തില്ലെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ജവഹര്‍ സിര്‍കര്‍ സ്വന്തം കമന്റോടെ പോസ്റ്റു ചെയ്തു: ‘രാജ്യത്തെ സ്ഥിതിവിവരക്കണക്കുകള്‍ മുഴുവന്‍ മൂടിവയ്ക്കുന്നത് ഒരു കാര്യം, എന്നാല്‍ ക്യാമറയുടെ ലെന്‍സിന്റെ ക്യാപ് വച്ച് ഫോട്ടോ എടുക്കുന്നത് ഗംഭീര ദീര്‍ഘദൃഷ്ടി തന്നെ’ എന്നതായിരുന്നു കമന്റ്.

വ്യാജ ചിത്രത്തിന് വലിയൊരു പ്രശ്‌നമുണ്ട്: പ്രധാനമന്ത്രി ഉപയോഗിക്കുന്ന ക്യാമറ നിക്കോണ്‍ കമ്പനി നിര്‍മിച്ചതാണ്. വ്യാജമായി ചേര്‍ത്ത ലെന്‍സ് ക്യാപ്പില്‍ ക്യാനന്‍ എന്ന് എഴുതിവച്ചിരിക്കുന്നതും കാണാം. ഇതു ചൂണ്ടിക്കാണിച്ചാണ് ബംഗാള്‍ ബിജെപി മേധാവി സുഖന്ദ മജുംദാര്‍ ടിഎംസിക്കെതിരെ രംഗത്തെത്തിയത്. ടിഎംസിയുടെ രാജ്യസഭാ എംപി പോസ്റ്റ് ചെയ്ത എഡിറ്റു ചെയ്ത ചിത്രത്തില്‍ നിക്കോണ്‍ ക്യാമറയ്ക്ക് ക്യാനന്‍ ക്യാപ് ഉപയോഗിച്ചിരിക്കുന്നതായി കാണാം. വ്യാജ പ്രചാരണത്തിനായി നടത്തിയിരിക്കുന്നത് മണ്ടത്തരമാണ്. ഇത്തരം പരിപാടിക്ക് കൂടുതല്‍ സാമാന്യമബുദ്ധിയുള്ള ആരെയെങ്കിലും ജോലിക്കെടുക്കണം എന്നാണ് ട്വീറ്റില്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് ഒറിജിനല്‍ ഫോട്ടോയും വ്യാജ ഫോട്ടോയും പല വെബ്‌സൈറ്റുകളും പ്രസിദ്ധീകരിച്ചിരുന്നു.

∙ ഗൂഗിള്‍ പിക്‌സല്‍ ഉപകരണങ്ങള്‍ സോഫ്റ്റ്‌വെയര്‍ പരീക്ഷണത്തിനു വേണ്ടിയോ?

ഗൂഗിള്‍ കമ്പനി ഫോണുകളും ലാപ്‌ടോപ്പുകളും അടക്കുമുള്ള ഹാര്‍ഡ്‌വെയര്‍ ഇറക്കുന്നത് തങ്ങളുടെ സോഫ്റ്റ്‌വെയര്‍ പരീക്ഷിച്ചു നോക്കാനാണോ? പിക്‌സല്‍ ഫോണുകളും ക്രോംബുക്കുകളും അടക്കമുള്ള പല ഉപകരണങ്ങളും ഗൂഗിള്‍ ഇറക്കുന്നുണ്ട്. എന്നാല്‍, ഇവയെ കമ്പനി അത്ര ഗൗരവത്തിലെടുക്കുന്നതായി ഉപയോക്താക്കള്‍ക്കു തോന്നുന്നുമില്ല. അത്യുജ്വല ക്യാമറകള്‍ അടക്കം ഉള്‍പ്പെടുത്തി ഇറക്കുന്ന പിക്‌സല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ ഡേറ്റ ശേഖരിച്ച് ആന്‍ഡ്രോയിഡ് ഒപ്പറേറ്റിങ് സിസ്റ്റം കൂടുതല്‍ മികവുറ്റതാക്കാനുള്ള ശ്രമമാകാം ഗൂഗിള്‍ നടത്തുന്നതെന്ന വാദമാണ് ആന്‍ഡ്രോയിഡ് സെന്‍ട്രല്‍ ഉയര്‍ത്തുന്നത്.

ആന്‍ഡ്രോയിഡ് ഉപയോഗിച്ച് നിരവധി കമ്പനികള്‍ ഫോണുകള്‍ ഇറക്കുന്നുണ്ട്. ഈ സോഫ്റ്റ്‌വെയറിന്റെ മേന്മയും പരിമിതികളും യൂസര്‍ ഡേറ്റ നേരിട്ട് ശേഖരിച്ച് മെച്ചപ്പെടുത്താനുള്ള ശ്രമം ഗൂഗിള്‍ നടത്തുന്നുണ്ടാകാം. ഇതു തന്നെ ഗൂഗിളിന്റെ ലാപ്‌ടോപ്പുകളുടെയും മറ്റ് ഉപകരണങ്ങളുടെയും കാര്യത്തില്‍ നടക്കുന്നുണ്ടാകാം. സമാനമായ സമീപനമാണ് മൈക്രോസോഫ്റ്റും നടത്തുന്നതെന്ന് കരുതുന്നു. തങ്ങളുടെ സര്‍ഫസ് ശ്രേണി ലാപ്‌ടോപ്പുകള്‍ നിര്‍മിച്ചിറക്കുക വഴി വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ശേഷി എങ്ങനെ പരമാവധി ചൂഷണം ചെയ്യാമെന്ന് മറ്റു ലാപ്‌ടോപ് നിര്‍മാതാക്കള്‍ക്ക് വ്യക്തമായ സൂചനകള്‍ നല്‍കുക കൂടിയാണ് മൈക്രോസോഫ്റ്റ് ചെയ്യുന്നത് എന്നാണ് വാദം.

∙ ഫൊട്ടോസ് ആപ്പില്‍ മാറ്റങ്ങള്‍ അവതരിപ്പിച്ച് ഗൂഗിള്‍

ഫൊട്ടോസ് ആപ്പില്‍ ചില വലിയ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ എന്ന് ജിഎസ്എം അരീന റിപ്പോര്‍ട്ടു ചെയ്യുന്നു. 'മെമ്മറീസിന്' 2020 നു ശേഷം നല്‍കിയിരിക്കുന്ന ഏറ്റവും വലിയ അപ്‌ഡേറ്റ് എന്നാണ് ഗൂഗിള്‍ ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഒരു മാസം 350 കോടി വ്യൂസ് ആണ് മെമ്മറീസിനു കിട്ടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെമ്മറീസില്‍ പോസ്റ്റു ചെയ്യുന്ന വിഡിയോസിനും ഇനി പ്രാധാന്യം ലഭിക്കും. മെമ്മറീസ് ഇനി മറ്റൊരു യൂസറുമായി പങ്കുവയ്ക്കാനും സാധിക്കും. മെമ്മറീസ് വെബ് ലിങ്കായി അയയ്ക്കാനും ഐഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസുമായി ഷെയർ ചെയ്യാനുമുള്ള ഓപ്ഷനും താമസിയാതെ നല്‍കും.

ഇതു ലഭിക്കുന്നവര്‍ക്ക് ചില ഉപയോക്താക്കള്‍ അയയ്ക്കുന്ന ചിത്രങ്ങള്‍ വേണ്ടന്നുവയ്ക്കാനുള്ള അവകാശം ഉണ്ടായിരിക്കുമെന്നും ഗൂഗിള്‍ പറയുന്നു. സിനിമാറ്റിക് ഫോട്ടോസ്, കൊളാഷ് എഡിറ്റര്‍ തുടങ്ങിയവയും മെമ്മറീസില്‍ എത്തുന്നത് പല ഉപയോക്താക്കള്‍ക്കും ഇഷ്ടപ്പെട്ടേക്കുമെന്ന് കരുതുന്നു.

∙ ഐഫോണ്‍ 11, 12 മിനി യൂസര്‍മാര്‍ക്കും ഇനി ബാറ്ററി മീറ്റര്‍

ആപ്പിള്‍ കമ്പനിയുടെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഒഎസ് 16.1ല്‍ ഐഫോണ്‍ 11, 12 മിനി തുടങ്ങി പല പഴയ ഫോണുകള്‍ക്കും ബാറ്ററി മീറ്റര്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ ഫീച്ചര്‍ 6.1 ഇഞ്ച് എങ്കിലും വലുപ്പമുള്ള ഓലെഡ് പാനലുകള്‍ ഉള്ള ഫോണുകള്‍ക്കു മാത്രമാണ് ഇപ്പോള്‍ ഉള്ളത്. എന്നാല്‍, ഐഒഎസ് 16.1ല്‍ ഇത് മറ്റു പല പഴയ മോഡലുകളിലേക്കും എത്തുമെന്നാണ് സൂചന.

∙ സൂമിലേക്ക് ഇനി ഇമെയിലും കലണ്ടറും

കോവിഡ് കാലത്ത് പ്രശസ്തി നേടിയ വിഡിയോ കോളിങ് ആപ്പായ സൂമിന് ചില അതിശക്തരായ എതിരാളികളുണ്ട്. ഗൂഗിള്‍ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ് തുടങ്ങിയവ ഉള്‍പ്പടെയുള്ള എതിരാളികള്‍ സൂമിനെ വെല്ലുവിളിക്കുന്നു. തങ്ങളുടെ എതിരാളികള്‍ക്കെതിരെ ഏതാനും പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി എന്ന് സൂചന. ഒരു കലണ്ടര്‍ സേവനവും ഇമെയിലുമായിരിക്കും അടുത്തതായി സൂമിലെത്തുക.

∙ സെഡ്‌മെയില്‍, സെഡ്കല്‍

സെഡ്‌മെയില്‍ എന്നായിരിക്കും സൂം മെയിലിന്റെ പേര് എന്നു പറയുന്നു. കലണ്ടറിന് സെഡ്കല്‍ (Zcal) എന്നും പേരിട്ടേക്കുമെന്നും കരുതുന്നു. സൂമിന്റെ വാര്‍ഷിക മീറ്റിങ്ങായ സൂംടോപ്പിയയില്‍ ഇവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടേക്കുമെന്നു കരുതുന്നു. നിലവില്‍ ഗൂഗിളിന്റെ ജിമെയില്‍, മൈക്രോസോഫ്റ്റിന്റെ ഔട്ട്‌ലുക്ക് തുടങ്ങിയ ആപ്പുകള്‍ അടക്കിവാഴുന്നിടത്തേക്കാണ് സെഡ്‌മെയില്‍ എത്തുന്നത്.

സൂം ആപ്പ് ലോഗോ (Photo by Olivier DOULIERY / AFP)
സൂം ആപ്പ് ലോഗോ (Photo by Olivier DOULIERY / AFP)

∙ സൂം ടീം ചാറ്റും വന്നേക്കും

മറ്റൊരു പുതിയ ഫീച്ചറും സൂമില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഗൂഗിള്‍ ചാറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, സ്ലാക് തുടങ്ങിയ മെസേജിങ് സംവിധാനങ്ങള്‍ക്കെതിരെ സൂം സ്വന്തമായി ഒരെണ്ണം അവതരിപ്പിച്ചേക്കുമെന്നു കരുതുന്നു. സൂം ടീം ചാറ്റ് എന്നായിരിക്കാം അതിന്റെ പേര് എന്നും കരുതുന്നു. സഹകരിച്ചു ജോലിയെടുക്കുന്നവര്‍ക്കായി ഏതാനും പുതിയ ഫീച്ചറുകളും സൂം താമസിയാതെ അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

English Summary: 'Nikon camera with Canon cover': BJP fact checks Trinamool tweet on PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com