കുട്ടികള്‍ സ്‌കൂളില്‍ നിന്ന് ഇറങ്ങിയോ, എവിടെ പോയി? മാതാപിതാക്കളെ അറിയിക്കാന്‍ ഗൂഗിള്‍; ഫോണ്‍ ഉപയോഗിക്കുന്നതും നിയന്ത്രിക്കാം
Mail This Article
നിങ്ങളുടെ കുട്ടി സ്‌കൂളില്‍ നിന്ന് ഇറങ്ങിയോ, എവിടെ പോയി അല്ലെങ്കില്‍ കളിക്കാൻ പോയ സ്‌റ്റേഡിയത്തില്‍ നിന്ന് ഇറങ്ങിയോ തുടങ്ങി ഓരോ നീക്കവും അറിയാനുള്ള സഹായം ഇനി രക്ഷിതാക്കള്‍ക്കു ലഭിക്കും. മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയ്‌ക്കൊപ്പം ഓഫ് ലൈന്‍ സംരക്ഷണവും നല്‍കാന്‍ മുന്നോട്ടുവന്നിരിക്കുകയാണ് ടെക്‌നോളജി ഭീമന്‍ ഗൂഗിള്‍.
'ഫാമിലി ലിങ്ക് ആപ്പ്' സമ്പൂര്‍ണമായി ഉടച്ചുവാര്‍ത്താണ് പുതിയ ഫീച്ചറുകള്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നതെന്ന് പിസിമാഗ് റിപ്പോർട്ട് ചെയ്യുന്നു. ഫാമിലി ലിങ്ക് മാതാപിതാക്കള്‍ക്ക് മക്കളുടെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഫോണ്‍-ടാബ് ഉപയോഗം തുടങ്ങിയവ നിയന്ത്രിക്കാന്‍ അനുവദിക്കുന്നു. ഒപ്പം ലൊക്കേഷനും അറിയാന്‍ അനുവദിക്കുന്നു.
ഫാമിലി ലിങ്ക് വഴി പരസ്പരം ബന്ധപ്പെടുത്തിയ ഉപകരണങ്ങള്‍ കൈയ്യില്‍ വയ്ക്കുന്ന മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ എപ്പോഴൊക്കെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടോ, ആപ്പുകള്‍ പണംകൊടുത്ത് വാങ്ങാന്‍ ശ്രമിക്കുന്നുണ്ടോ, ബ്ലോക്കുചെയ്ത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കന്‍ ശ്രമിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും അറിയാനാകും. ആപ്പിലെ നോട്ടിഫിക്കേഷന്‍സ് ബെല്‍ ഐക്കണ്‍ വഴിയായിരിക്കും ഇക്കാര്യങ്ങള്‍ ഗൂഗിള്‍ അറിയിക്കുക.
∙ പുതിയ ഡിസൈൻ ലളിതം, പക്ഷേ കാര്യശേഷിയുള്ളത്
ഫാമിലി ലിങ്ക് ആപ്പിന് മൂന്നു ടാബുകളാണ് ഉള്ളത് - ഹൈലൈറ്റ്‌സ്, കണ്ട്രോള്‍സ്, ലൊക്കേഷന്‍ എന്നിങ്ങനെ. ആപ്പ് ആദ്യം അവതരിപ്പിക്കുന്നത് 2017ല്‍ ആയിരുന്നു എങ്കിലും ഇതിനിപ്പോള്‍ നല്‍കിയിരിക്കുന്ന രീതിയിലുള്ള ക്രമീകരണ സാധ്യത ഉണ്ടായിരുന്നില്ല.
∙ ഹൈലൈറ്റ്‌സ്
ഹൈലൈറ്റ്‌സിലാണ് കുട്ടിയുടെ ആപ്പ് ഉപയോഗത്തെക്കുറിച്ച്, എത്ര നേരം ഫോണ്‍ അല്ലെങ്കില്‍ ടാബ് ഉപയോഗിച്ചു എന്നതിനെക്കുറിച്ച്, അടുത്തതായി ഏത് ആപ്പാണ് കുട്ടി സ്വന്തമായി ഫോണില്‍ സ്ഥാപിച്ചതെന്നും മറ്റും വിവരങ്ങള്‍ ഒറ്റ നോട്ടത്തില്‍ നല്‍കുന്നത്. നിങ്ങളുടെ കുട്ടി എങ്ങനെയാണ് ഫോണ്‍ ഉപയോഗിച്ചത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇവിടെ ലഭിക്കുന്നതെന്ന് ഗൂഗിളിന്റെ ഫാമിലി ലിങ്ക് പ്രൊഡക്ട് മാനേജര്‍ വെന്‍ഡി റിയെബ് പറയുന്നു.
ഗൂഗിളുമായി സഹകരിക്കുന്ന കമ്പനികളായ കോമണ്‍സെന്‍സ് മീഡിയ, കണക്ട്‌സെയ്ഫ്റ്റി, ഫാമിലി ഓണ്‍ലൈന്‍ സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ കമ്പനികളുടെ സേവനവും ലഭ്യമാക്കും. ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ച് കൂടുതല്‍ അവബോധം പകരുന്നതായിരിക്കും ഇത്. ഹൈലൈറ്റ്‌സ് ടാബില്‍ മാറ്റങ്ങള്‍ തുടങ്ങുന്നതെയുള്ളു, ധാരാളം സഹായകമായ കാര്യങ്ങള്‍ കൂടി ഇവിടെ എത്തിക്കുമെന്ന് വെന്‍ഡി പറയുന്നു.
∙ കണ്ട്രോള്‍സ്
ഒരു പക്ഷേ പുതിയ ആപ്പിലെ താരം കണ്ട്രോള്‍സ് ടാബ് ആണ്. കുട്ടികള്‍ ഫോണും മറ്റും എത്ര സമയം ഉപയോഗിക്കണമെന്ന കാര്യം ഇതു വഴി നിയന്ത്രിക്കാം. ഏതെല്ലാം തരം കണ്ടെന്റാണ് കുട്ടികള്‍ കാണേണ്ടത് എന്നതും പരിമിതപ്പെടുത്താം. ഡേറ്റ നല്‍കണോ വേണ്ടയോ എന്ന കാര്യവും നിയന്ത്രിക്കാം. പൊതുവെയുള്ള സെറ്റിങ്‌സ് ഒരു ദിവസത്തേക്ക് ക്രമീകരിക്കാനായി 'ടുഡേ ഓണ്‍ലി' ഓപ്ഷനും ഉണ്ട്. മറ്റു സെറ്റിങ്‌സ് ഒന്നിനും മാറ്റം വരുത്താതെ ഇതു ക്രമീകരിക്കാനാകുമെന്നും ഗൂഗിള്‍ പറയുന്നു.
ഒരു ദിവസം (അവധി ദിവസം) കുട്ടി കൂടുതല്‍ നേരം സ്‌ക്രീന്‍ ഉപയോഗിക്കട്ടെ, അല്ലെങ്കില്‍ ഇന്നു കുറച്ചു സമയം മതി (പരീക്ഷാ സമയം) സ്‌ക്രീന്‍ ഉപയോഗം എന്ന തരം സാഹചര്യങ്ങള്‍ വരുമെന്ന കാര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് മനസ്സിലായതിനാലാണ് ഇത് അനുവദിക്കുന്നതെന്ന് ഗൂഗിള്‍ പറയുന്നു. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ഷോ തീരാന്‍ രണ്ടു മിനിറ്റു കൂടി വേണമെങ്കില്‍ അതും അനുവദിക്കാനാകും.
∙ ലൊക്കേഷന്‍ ടാബ്
കുട്ടി എവിടെയാണ് എന്നത് അറിയാനുള്ള ഒന്നാണ് ലൊക്കേഷന്‍ ടാബ്. ഇത് ഉപയോഗിച്ച് ഒന്നിലേറെ കുട്ടികള്‍ ഉണ്ടെങ്കില്‍ പോലും അവര്‍ ഒരോരുത്തരും എവിടെയാണ് എന്ന് അറിയാനാകുമെന്ന് ഗൂഗിള്‍ പറയുന്നു. അവര്‍ എവിടെയാണ് അവരുടെ ഫോണില്‍ എന്തുമാത്രം ബാറ്ററി ബാക്കിയുണ്ട് തുടങ്ങിയ കാര്യങ്ങള്‍ പോലും ട്രാക്കു ചെയ്യാം. ആപ്പില്‍ നിന്നു തന്നെ കുട്ടിയെ വിളിക്കുകയും ചെയ്യാം. കുട്ടി ഒരോ സ്ഥലത്തും എത്തുമ്പോഴും, അവിടെ നിന്ന് ഇറങ്ങുമ്പോഴും അലേര്‍ട്ടുകളും സെറ്റു ചെയ്യാം. എന്നു പറഞ്ഞാല്‍ കുട്ടി സ്‌കൂളില്‍ അല്ലെങ്കില്‍ ആരാധനാലയത്തില്‍ അല്ലെങ്കില്‍ സുഹൃത്തിന്റെ വീട്ടില്‍ എപ്പോള്‍ എത്തിയെന്നും അവിടെ നിന്ന് എപ്പോള്‍ ഇറങ്ങി എന്നുമെല്ലാം അറിയാനാകും.
ഇതിനു പുറമെ വാച്ച് ലിസ്റ്റുകളും സൃഷ്ടിക്കാം. എന്നു പറഞ്ഞാല്‍, കുട്ടി ഒരു പ്രത്യേക സിനിമ കണ്ടാല്‍ നല്ലാതാണെന്നു തോന്നിയാല്‍ അത് വാച്ച് ലിസ്റ്റില്‍ ചേര്‍ക്കാം. ഇനി നിങ്ങള്‍ക്കങ്ങനെ വാച് ലിസ്റ്റ് സൃഷ്ടിക്കാന്‍ തോന്നുന്നില്ലെങ്കില്‍ അല്ലെങ്കില്‍ അതിനുള്ള കഴിവില്ലെങ്കില്‍ സഹായത്തിന് ഗൂഗിളിന്റെ എഡിറ്റര്‍മാര്‍മാര്‍ ഉണ്ട്. ഓരോ പ്രായത്തിലുമുള്ള കുട്ടികള്‍ കാണണമെന്നു മനസ്സിലാക്കി അവര്‍ ഉണ്ടാക്കിയിട്ടിരിക്കുന്ന ലിസ്റ്റും ലഭിക്കും.
∙ എല്ലാം കൊള്ളാം, പക്ഷേ...
ഇത്തരം സേവനങ്ങളൊക്കെ സൗജന്യമായി ലഭിക്കുക എന്നു പറയുന്നത് രണ്ടു കൈയ്യും നീട്ടി സ്വീകരിക്കേണ്ട കാര്യമാണെന്നു തോന്നാമെങ്കിലും ഇതിനും ചില പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതും അറിഞ്ഞു വച്ച ശേഷം മാത്രം ഇതു പ്രയോജനപ്പെടുത്തണോ എന്ന കാര്യം തീരുമാനിക്കുക. നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിലെ ഒരോ നിമിഷത്തെക്കുറിച്ചും ചെയ്തിയെക്കുറിച്ചും ഗൂഗിള്‍ അറിഞ്ഞുകൊണ്ടിരിക്കും. മാതാപിതാക്കളെക്കുറിച്ചും അറിഞ്ഞുകൊണ്ടിരിക്കും. ഭാവിയില്‍ ഇത്തരം ഡേറ്റ എങ്ങനെ ഉപയോഗിക്കപ്പെടുമെന്ന കാര്യത്തില്‍ സന്ദേഹത്തിന് ഇടയുണ്ടാക്കുന്ന കാര്യമാണ്. ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികളുടെ ഡേറ്റാ ശേഖരണം കുപ്രസിദ്ധമാണല്ലോ.
∙ സ്മാര്‍ട് ഫോണ്‍ ഡിമാന്‍ഡ് കുറയുന്നു
ആഗോള തലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വം തുടരുന്നതിനാല്‍ സ്മാര്‍ട് ഫോണ്‍ വിപണിക്ക് മാന്ദ്യം അനുഭവപ്പെട്ടു തുടങ്ങിയെന്ന് ബ്ലൂംബര്‍ഗ് പറയുന്നു. ഇക്കഴിഞ്ഞ പാദമാണ്, 2014നു ശേഷം സ്മാര്‍ട് ഫോണ്‍ ആവശ്യം കുറഞ്ഞ് കടന്നു പോകുന്ന കാലഘട്ടം എന്നാണ് റിപ്പോര്‍ട്ട്. ഫോണ്‍ മാത്രമല്ല, വ്യക്തികള്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തില്‍ മൊത്തത്തില്‍ ഇതു കാണാമെന്നു പറയുന്നു.
∙ ഐഫോണ്‍ 14 പ്ലസിന്റെ നിര്‍മാണം ആപ്പിള്‍ കുറച്ചു
കഴിഞ്ഞ വര്‍ഷം ആപ്പിള്‍ ഇറക്കിയിരുന്ന 5.45 ഇഞ്ച് വലുപ്പമുണ്ടായിരുന്ന ഐഫോണ്‍ 13 മിനി ഫോണ്‍ ഈ വര്‍ഷം പുറത്തിറക്കിയില്ല. ആ സീരീസിലെ മൊത്തം ഐഫോണ്‍ വില്‍പനയുടെ ഏകദേശം 5 ശതമാനം മാത്രമാണ് മിനി മോഡല്‍ വിറ്റത്. സ്‌ക്രീന്‍ വലുപ്പം കുറഞ്ഞ ഫോണുകള്‍ ആര്‍ക്കും താത്പര്യമില്ലാതായി മാറിയിരിക്കുന്നു.
ഇതിനാലാണ് മിനി മോഡലുകള്‍ക്ക് ചെലവില്ലാത്തത് എന്ന കാരണം പറഞ്ഞ് ആപ്പിള്‍ ഇതിന്റെ നിര്‍മാണം നിർത്തിയത്. ബാറ്ററി അധിക നേരത്തേക്ക് ലഭിക്കില്ല എന്നതും മിനി മോഡലിന്റെ ന്യൂനതയായി പറഞ്ഞു കേട്ടിരുന്നു. ഇക്കാര്യമൊക്കെ പരിഹരിച്ചാണ് ഐഫോണ്‍ 14 പ്ലസ് അവതരിപ്പിച്ചത്. സ്‌ക്രീന്‍ സൈസ് 6.7-ഇഞ്ച്.
ഇന്നേവരെ ഇറങ്ങിയിരിക്കുന്ന ഐഫോണുകളില്‍ വച്ച് ഏറ്റവും മികച്ച ബാറ്ററി ലൈഫ് എന്നൊക്കെ അവകാശപ്പെട്ടിരുന്നെങ്കിലും മിനി മോഡലിനെ പോലെ തന്നെ പ്ലസ് മോഡലിനും അധികം ആവശ്യക്കാരില്ല എന്നു കണ്ടെത്തിയതോടെ അതിന്റെയും നിര്‍മാണം കുറയ്ക്കാന്‍ ആപ്പിള്‍ തീരുമാനിച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഐഫോണ്‍ 14 പ്ലസ് വിപണിയിലെത്തി ഏതാനും ആഴ്ചകള്‍ മാത്രം കഴിഞ്ഞപ്പോള്‍ അതിന്റെ നിര്‍മാണം ആപ്പിള്‍ കുറച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിനായി ഈ മോഡല്‍ നിര്‍മിച്ചു വന്നിരുന്ന ഒരു നിര്‍മാണ കമ്പനിയോടെങ്കിലും ഇനി ഒരെണ്ണം പോലും നിര്‍മിക്കണ്ടെന്ന് അവശ്യപ്പെട്ടെന്നും പറയുന്നു.
∙ നതിങ് ഫോണ്‍ (1)ന് ഒഎസ് അപ്‌ഡേറ്റ്
നതിങ് ഫോണ്‍ (1) മോഡലിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന് പുതിയ അപ്‌ഡേറ്റ് പുറത്തിറക്കി. നതിങ് ഒഎസ് 1.1.5 ആണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. ചില പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ക്യാമറയുടെ ക്വാളിറ്റിയില്‍ അല്‍പം മെച്ചപ്പെടുത്താന്‍ ഉതകുന്നതുമാണ് പുതിയ അപ്‌ഡേറ്റ് എന്ന് കമ്പനി പറയുന്നു.
English Summary: Google’s Family Link app now lets parents track footsteps of their kids