ക്യാബ് വൈകി, യാത്രക്കാരിക്ക് ഊബർ 20,000 രൂപ നൽകണമെന്ന് വിധിച്ചു
Mail This Article
യാത്രക്കാരിക്ക് കൃത്യമായി സേവനം നൽകുന്നതിൽ പരാജയപ്പെട്ട ഊബറിന് മുംബൈയിലെ ഉപഭോക്തൃ കോടതി പിഴ ചുമത്തി. ക്യാബ് സർവീസ് വൈകിയതിനെത്തുടർന്ന് വിമാനം നഷ്ടമായ പരാതിക്കാരിക്ക് 20,000 രൂപ നൽകാനാണ് വിധിച്ചത്. മാനസിക സമ്മർദം ഉണ്ടാക്കിയതിന് 10,000 രൂപയും വ്യവഹാരച്ചെലവായി 10,000 രൂപയും യാത്രക്കാരിക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു.
ഡോംബിവ്‌ലിയിൽ നിന്നുള്ള അഭിഭാഷകയായ കവിതാ ശർമ്മ 2018 ജൂൺ 12-ന് വൈകുന്നേരം 05.50 ന് ഷെഡ്യൂൾ ചെയ്ത വിമാനത്തിൽ മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് പോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. വിമാനത്താവളം അവരുടെ വസതിയിൽ നിന്ന് ഏകദേശം 36 കിലോമീറ്റർ അകലെയാണ്. ഇതിനാൽ ഉച്ചകഴിഞ്ഞ് 3.29 ഓടെ മുംബൈയിലെ ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ടിൽ എത്താൻ ശർമ്മ ഊബർ ബുക്ക് ചെയ്തു. ബുക്കിങ്ങിന് ശേഷം നിരവധി കോളുകൾക്ക് ശേഷം, 14 മിനിറ്റിന് ശേഷം ക്യാബ് അവരുടെ പിക്കപ്പ് സ്ഥലത്ത് എത്തി.
ഡ്രൈവർ ഫോൺ കോളിലായിരുന്നതിനാൽ യാത്ര തുടങ്ങാൻ വൈകി. കോൾ അവസാനിപ്പിച്ച് കുറച്ച് മിനിറ്റുകൾക്ക് ശേഷം യാത്ര ആരംഭിച്ചു. ഇത്രയും വൈകിയിട്ടും ഡ്രൈവർ കാറിന് സിഎൻജി വാങ്ങാനും സമയം കണ്ടെത്തി. ഇതോടെ യാത്ര 15 മുതൽ 20 മിനിറ്റ് വരെ വൈകിയെന്നും ശർമ്മ വാദിച്ചു.
ഊബർ ആപ്പിൽ ബുക്കിങ് സമയത്ത് എയർപോർട്ടിൽ എത്തിക്കാൻ കണക്കാക്കിയ സമയം 5 മണി ആയിരുന്നു കാണിച്ചിരുന്നത്. എന്നാൽ യാത്ര വൈകിയതോടെ ക്യാബ് എയർപോർട്ടിൽ എത്തിയപ്പോൾ സമയം 5.23 ആയി. ഇതോടെ ഫ്ലൈറ്റ് യാത്രയും മുടങ്ങി. യാത്രയ്‌ക്കായി ഊബർ 703 രൂപ വാങ്ങുകയും ചെയ്തു. ക്യാബ് ബുക്ക് ചെയ്യുമ്പോൾ കണക്കാക്കിയ നിരക്ക് 563 രൂപ മാത്രമായിരുന്നു.
ഊബർ ഡ്രൈവറുടെ അശ്രദ്ധ കാരണം തനിക്ക് വിമാനം നഷ്ടമായെന്നും തുടർന്ന് അടുത്ത വിമാനത്തിൽ പോകേണ്ടിവന്നെന്നും കവിത ശർമ്മ പരാതിയിൽ ആരോപിച്ചു. എന്നാൽ, സംഭവത്തെക്കുറിച്ച് അവർ ഊബറിനോട് പരാതിപ്പെട്ടപ്പോൾ കമ്പനി 139 രൂപ റീഫണ്ട് നൽകുക മാത്രമാണ് ചെയ്തത്. ശർമ കമ്പനിക്ക് വക്കീൽ നോട്ടീസ് അയച്ചെങ്കിലും മറുപടിയും ലഭിച്ചില്ല.
ഇതോടെയാണ് ഊബർ ഇന്ത്യയ്‌ക്കെതിരെ താനെയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതി നൽകിയത്. സോഫ്‌റ്റ്‌വെയർ വഴി ഉപഭോക്താക്കളെ ഡ്രൈവറുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു സംവിധാനം മാത്രമാണെന്ന ഊബറിന്റെ അവകാശവാദം കോടതി തള്ളി. തുടർന്ന് ഊബർ ഇന്ത്യ കവിതയ്ക്ക് 20,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
English Summary: Uber told to pay rider Rs 20,000 in Mumbai because the cab delayed her and she missed her flight