ADVERTISEMENT

സ്‌പെഷല്‍ എഫക്ടുകള്‍ ഉപയോഗിക്കാതെ നടീനടന്മാരുടെ പ്രായം മാറ്റാന്‍ സാധിക്കുന്ന പുതിയ നിർമിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് സിനിമാ നിര്‍മാണ കമ്പനിയായ വോള്‍ട്ട് ഡിസ്‌നി. ഫെയ്‌സ് റീ-എയ്ജിങ് നെറ്റ്‌വര്‍ക്ക് (ഫ്രാന്‍) എന്നാണ് ഇതിന്റെ വിവരണം. ഇത് ഉപയോഗിച്ച് 20 വയസുള്ള നടീനടന്മാരെ 80 വയസുകാരാക്കാം. അതുപോലെ 80 കാരെ 20 വയസുള്ളവരുമാക്കാമെന്ന് ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

 

∙ ഇതെങ്ങനെ നടക്കും?

 

ഒരാളുടെ കഴുത്തും മുഖവും അടങ്ങുന്ന (ഹെഡ്‌ഷോട്ട്) ഒരു ഫോട്ടോ ഫ്രാനിലേക്ക് അപ്‌ലോഡ് ചെയ്താല്‍ മതി. തുടര്‍ന്ന് മുഖത്തിന്റെ ഏതു ഭാഗങ്ങളിലാണ് മാറ്റം വരുത്തേണ്ടതെന്ന് എഐ കണ്ടെത്തുന്നു. മുഖത്ത് ചുളിവാണ് വേണ്ടതെങ്കില്‍ അത് എഐ തന്നെ ചേര്‍ക്കുന്നു. അതല്ല ചെറുപ്പം കൊണ്ടുവരാന്‍ ത്വക്കിന് മിനുസമാണ് വേണ്ടതെങ്കില്‍ അതും ചേര്‍ക്കുന്നു. സിനിമകളിലും മറ്റും ഇങ്ങനെ ചെയ്യാന്‍ കഴിവുറ്റ ഒരു ആര്‍ട്ടിസ്റ്റ് ഇരുന്ന് ഓരോ ഫ്രെയിമും എടുത്ത് പണിയെടുക്കേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ മുഖത്തു നിന്ന് നടനെ തിരിച്ചറിയുന്ന സവിശേഷതകളില്‍ ചിലത് ചോരുകയും ചെയ്തിരുന്നു. ഇതൊക്കെ എളുപ്പത്തില്‍ ഒഴിവാക്കി ഓട്ടമാറ്റിക്കായി പ്രവര്‍ത്തിപ്പിക്കാവുന്ന ഒന്നാണ് തങ്ങളുടെ ഫ്രാന്‍ എന്നാണ് ഡിസ്‌നി അവകാശപ്പെടുന്നത്. നടന്റെ ഭാവമോ, സിനിമാ സെറ്റുകളിലെയും മറ്റും പ്രകാശ വിന്യാസമോ, ക്യാമറയുടെ വീക്ഷണകോണോ ഒന്നു പോലും ഫ്രാനിന് ഒരു തടസവും ആകുന്നില്ലെന്നും കമ്പനി പറയുന്നു.

 

∙ മുഖത്തിനു മാറ്റം വരുത്തല്‍ തകൃതിയായി നടക്കുന്നു

 

അടുത്ത കാലത്തായി നടീനടന്മാരുടെ മുഖത്തിനു മാറ്റം വരുത്തുക എന്ന കാര്യം സജീവമായി നടക്കുന്നുണ്ട്. പക്ഷേ, ഇതില്‍ പലതും പാളുന്നു. കാഴ്ചക്കാരുടെ അപ്രീതി പിടിച്ചുപറ്റുന്നു. നെറ്റ്ഫ്‌ളിക്‌സ് 2019ല്‍ പുറത്തിറക്കിയ 'ദി ഐറിഷ്മാന്‍' ക്രൈം സിനിമയില്‍ പ്രായം മാറ്റല്‍ നടത്തിയിരുന്നു. എന്നാല്‍, അതുമൂലം വന്ന മാറ്റങ്ങളെ കാഴ്ചക്കാര്‍ വിമര്‍ശിക്കുകയാണ് ഉണ്ടായത്. നടന്റെ പ്രായം മാറ്റാനായി ദശലക്ഷക്കണക്കിന് ഡോളറാണ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കൊര്‍സേസി ചെലവിട്ടത്. ദി ഗാങ്‌സ്റ്റര്‍ സിനിമയുടെ നിര്‍മാണത്തിന് ചെലവിട്ടത് 15.9 കോടി ഡോളറാണ്. ഇതില്‍ ഏറ്റവുമധികം പണം പോയത് 76 കാരനായ നടന്‍ റോബട് ഡി. നിറോയെ ഇരുപതുകളിലുളള കഥാപാത്രമായി അവതരിപ്പിക്കാനുള്ള എഫക്ടുകള്‍ ചേര്‍ക്കാനായിരുന്നു. എന്നാല്‍, ഇങ്ങനെ ചേര്‍ക്കുന്ന എഫക്ടുകള്‍ക്ക് ഫ്രെയിമില്‍ നിന്ന് ഫ്രെയിമിലേക്ക് പോകുമ്പോള്‍ തുടര്‍ച്ചപോലും ഇല്ലെന്നു പലരും വിമര്‍ശിച്ചിരുന്നു.

 

∙ ഫ്രാന്‍ വരുമ്പോള്‍ പണം മാത്രമല്ല സമയവും ലാഭം

 

ഡിസ്‌നിയുടെ പ്രായം മാറ്റുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് പണം മാത്രമല്ല, സമയവും ലാഭിക്കാം. നിലവിലുള്ള സാങ്കേതികവിദ്യകള്‍ പ്രായം മാറ്റലിന് സഹായകമല്ലെന്നു മാത്രമല്ല, പലപ്പോഴും അരോചകവുമാണ്. വിഡിയോ ഫ്രെയിമുകളെ എടുത്ത് മാറ്റം വരുത്തുമ്പോള്‍ റെസലൂഷനും കുറയുന്നു. മറിച്ച് ഫ്രാന്‍ കൃത്രിമമായി സൃഷ്ടിച്ച (സിന്തറ്റിക്) 2000 മുഖങ്ങളുമായാണ് പ്രവര്‍ത്തിക്കുന്നത്. ഇവ 14 വ്യത്യസ്ത പ്രായങ്ങളിലുള്ളവയാണ്. ഇത് 18-85നും ഇടയ്ക്കു വയസുള്ളവരെ പ്രതിനിധീകരിക്കുന്നു. ഇതില്‍ നിന്ന് 196 ജോഡി മുഖഭാവങ്ങള്‍ ലഭിക്കുന്നു. ഇത്രയും എത്തിയ ശേഷം ഫ്രാനിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗവേഷകര്‍ ശേഷി തെളിയിച്ച ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ച് ഈ സിന്തറ്റിക് മുഖങ്ങള്‍ക്ക് മാറ്റം വരുത്തുകയാണ് ചെയ്തിരിക്കുന്നത്. മുഖത്തിന്റെ രൂപരേഖയ്ക്ക് മാറ്റമേശാത്ത രീതിയില്‍ ഇതെല്ലാം ചെയ്യാം. ആക്ടര്‍മാര്‍ സൃഷ്ടിച്ച മുഖഭാവത്തിനും മാറ്റം വരില്ല.

 

∙ ആന്റ്-മാനില്‍ പരീക്ഷിച്ചു കഴിഞ്ഞു

 

ഇത്തരമൊരു സംവിധാനം മുൻപ് ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ സാങ്കേതികവിദ്യ ഡിസ്‌നി എങ്ങനെയാണ് ഉപയോഗിക്കാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ഇപ്പോഴില്ല. അതേസമയം, ഈ സാങ്കേതികവിദ്യ ആന്റ്-മാന്‍ പോലെയുള്ള സിനിമകളില്‍ പ്രയോഗിച്ചു ഫലം കണ്ടു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടു ചെയ്യുന്നു. 

Apple-vr

 

∙ ഹണ്ടര്‍ ബൈഡന്റെ ലാപ്‌ടോപ് വാര്‍ത്ത തടഞ്ഞതിനു പിന്നില്‍?

 

ട്വിറ്റര്‍ ഏറ്റെടുത്ത് അടുത്തിടെ വരെ ഇലോണ്‍ മസ്‌കിന് അത്ര നല്ല സമയമായിരുന്നില്ല. എന്നാല്‍ തന്നെപ്പോലെ ഒരാളുടെ കൈയ്യില്‍ ഒരു സമൂഹ മാധ്യമത്തിന് എന്തു ചെയ്യാനാകുമെന്ന് ലോകത്തിനു മുന്നില്‍ കാണിച്ചു തുടങ്ങിയിരിക്കുകയാണ് മസ്‌ക്. അമേരിക്കയില്‍ 2020ലെ തിരഞ്ഞെടുപ്പിനു മുൻപ് പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ലാപ്‌ടോപ് വിവാദമാണ് മസ്‌ക് ഇപ്പോള്‍ ലോക ശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കുന്നത്.

 

∙ ന്യൂയോര്‍ക് പോസ്റ്റ് വാര്‍ത്ത കൊണ്ടുവന്നു

 

ഹണ്ടറുടെ ലാപ്‌ടോപ്പില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ ട്വിറ്ററില്‍ അക്കാലത്ത് പ്രസിദ്ധീകരിക്കാന്‍ അനുവദിച്ചില്ല. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗമായ റോ ഖന്നയും അറ്റോര്‍ണിയായ വിജയ ഗഡേയുമാണെന്നാണ് പുതിയ വിവരം. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ മുഴുവന്‍ താമസിയാതെ ട്വിറ്റര്‍ വഴി പുറത്തുവിടുമെന്നാണ് ചീഫ് ട്വിറ്റ് മസ്‌ക് പറഞ്ഞിരിക്കുന്നത്. വിവാദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഘട്ടം ഘട്ടമായാണ് മസ്‌ക് പുറത്തുവിടുന്നത്. ന്യൂയോര്‍ക് പോസ്റ്റ് ആയിരുന്നു തിരഞ്ഞെടുപ്പുസമയത്ത് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാര്‍ത്തയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ട്വിറ്റര്‍ വഴി പ്രസിദ്ധീകരിക്കാന്‍ അക്കാലത്ത് അനുവദിച്ചില്ല, ഇതിനുള്ള തെളിവുകളാണ് മസ്‌ക് ഇപ്പോള്‍ ചികഞ്ഞെടുത്തിരിക്കുന്നത്. 

 

∙ വാഷിങ് മെഷീനുകളിലെ ഡിജിറ്റല്‍ ഇന്‍വര്‍ട്ടറുകള്‍ക്ക് 20 വര്‍ഷത്തെ വാറന്റി നല്‍കാന്‍ സാംസങ്

 

വാഷിങ് മെഷീനുകളില്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഇന്‍വര്‍ട്ടറുകളുടെ മോട്ടറുകള്‍ക്കും റെഫ്രിജറേറ്ററുകളില്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഇന്‍വര്‍ട്ടറിന്റെ കംപ്രസറിനും 20 വര്‍ഷത്തെ വാറന്റി നല്‍കാന്‍ സാംസങ് തീരുമാനിച്ചു. തങ്ങളുടെ ഉല്‍പന്നങ്ങളുടെ ഈടുനില്‍പ്പിനെക്കുറിച്ച് ഇത് വ്യക്തമായ ധാരണ നല്‍കുമെന്ന് കമ്പനി പറഞ്ഞു. ഈ രണ്ടു ഭാഗങ്ങളാണ് ഇടയ്ക്കിടയ്ക്ക് മാറ്റവയ്‌ക്കേണ്ടതായി വരുന്നത്. 

 

∙ ആപ്പിളിന്റെ എആര്‍-വിആര്‍ ഹെഡ്‌സെറ്റിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് മാറ്റിയിരിക്കാമെന്ന്

 

ആപ്പിള്‍ പുറത്തിറക്കുന്ന ആദ്യ ഓഗ്‌മെന്റഡ് റിയാലിറ്റി-വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് റിയാലിറ്റിഒഎസ് അല്ലെങ്കില്‍ ആര്‍ഒഎസ് എന്നായിരിക്കും എന്നായിരുന്നു ഇതുവരെ പറഞ്ഞുകേട്ടിരുന്നത്. എന്നാൽ ഇത് എക്‌സ്ആര്‍ഒഎസ് എന്നാക്കി മാറ്റിയെന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ഗ് ഗുര്‍മന്‍ പറയുന്നു. എക്‌സ്ആറിന്റെ വികസിത രൂപം എക്‌സ്റ്റെന്‍ഡഡ് റിയാലിറ്റി (eXtended Reality) എന്നാണെന്നാണ് ഗുര്‍മന്‍ പറയുന്നത്.

 

∙ ഐക്യൂ കണക്ട്-കമ്യൂണിറ്റി ഫോറവുമായി ഐക്യൂ

 

ഉപയോക്താക്കള്‍ക്ക് ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള കമ്യൂണിറ്റി ഫോറം അവതരിപ്പിച്ചിരിക്കുകയാണ് ഐക്യൂ കമ്പനി. ഉപയോക്താക്കള്‍ക്ക് പരസ്പരം സഹകരിക്കാനും, പഠിക്കാനും, പ്രതികരണങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കാനും, കമ്പനിയുമായി എളുപ്പത്തില്‍ ഇടപെടാനുമുള്ള ഒരു വേദിയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

 

English Summary: Disney's FRAN is a neural network that can age or de-age actors in five seconds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com