ലോകത്തിലെ ആദ്യ ഗോൾഡ് എടിഎം ഇന്ത്യയിൽ, എപ്പോഴും സ്വര്ണം വാങ്ങാം, കുറഞ്ഞ നിരക്കിൽ
Mail This Article
ആവശ്യക്കാർക്ക് ഏതു സമയവും പണം ലഭിക്കുന്ന സംവിധാനമാണ് ഓട്ടമേറ്റഡ് ടെല്ലർ മെഷീൻ (എടിഎം). എന്നാൽ, എടിഎമ്മിൽ നിന്ന് ഇപ്പോൾ സ്വർണവും എടുക്കാമെന്നാണ് പുതിയ റിപ്പോർട്ട്. ഗോൾഡ്‌സിക്ക എടിഎം ആണ് ഇന്ത്യയിലെ ആദ്യത്തെ ഗോൾഡ് എടിഎമ്മും ലോകത്തിലെ ആദ്യത്തെ തത്സമയ ഗോൾഡ് എടിഎമ്മും അവതരിപ്പിച്ചത്.
ഉപഭോക്താക്കൾക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഗോൾഡ് എടിഎമ്മിൽ നിന്ന് പണം പോലെ സ്വർണ നാണയങ്ങൾ പിൻവലിക്കാം. ഹൈദരാബാദിലെ ബേഗംപേട്ടിൽ അടുത്തിടെയാണ് ഗോൾഡ് എടിഎം തുടങ്ങിയത്. സ്വർണ വിതരണ കമ്പനിയായ ഗോൾഡ്‌സിക്ക പ്രൈവറ്റ് ലിമിറ്റഡ്, സാങ്കേതിക പിന്തുണയ്‌ക്കായി ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ M/s ഓപ്പൺക്യൂബ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ഡിസംബർ 3 നാണ് ആദ്യത്തെ ഗോൾഡ് എടിഎം സ്ഥാപിച്ചത്. ജ്വല്ലറിയിൽ പോകാതെ തന്നെ സ്വർണം വാങ്ങാൻ സഹായിക്കുന്ന ഗോൾഡ് എടിഎം വൈകാതെ കൂടുതൽ നഗരങ്ങളിൽ വരുമെന്നാണ് റിപ്പോർട്ട്.
ഗോൾഡ് എടിഎം മുഴുവൻ സമയവും പ്രവർത്തിക്കും. വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാൻ കഴിയും. ഈ എടിഎമ്മിന് 5 കിലോഗ്രാം സ്വർണം വരെ സൂക്ഷിക്കാനുള്ള ശേഷിയുണ്ട്. കൂടാതെ 0.5 ഗ്രാം മുതൽ 100 ഗ്രാം വരെ അളവിൽ എട്ട് ഓപ്ഷനുകളിലായി സ്വർണം വാങ്ങാം. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ കൂടാതെ സ്വർണം വാങ്ങാൻ ഉപയോഗിക്കാവുന്ന പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് സ്മാർട് കാർഡുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഗോൾഡ് എടിഎമ്മുകളിൽ നിന്ന് ലഭിക്കുന്ന എല്ലാ സ്വർണ കറൻസികളും 24 കാരറ്റ് സ്വർണമാണ്. ഇത് ഏറ്റവും ശുദ്ധമായ സ്വർണമായി കണക്കാക്കപ്പെടുന്നു. കൂടാതെ, വിപണിയിലെ മാറ്റങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നതിന് നിലവിലെ സ്വർണ വിലയും എടിഎമ്മിൽ പ്രദർശിപ്പിക്കുന്നു. സ്വർണ നാണയങ്ങൾ 0.5 ഗ്രാം മുതൽ 100 ഗ്രാം വരെ തൂക്കങ്ങളിൽ ലഭ്യമാണ്. എന്നാൽ 0.5 ഗ്രാമിൽ താഴെയോ 100 ഗ്രാമിൽ കൂടുതലോ ആർക്കും വാങ്ങാൻ കഴിയില്ലെന്നും കമ്പനി വക്താവ് പറഞ്ഞു.
English Summary: World's first real-time gold ATM launched in Hyderabad, here is how it works